സാധാരണയായി ഒരു റസ്റ്റോറന്റിൽ കയറിയാൽ നമ്മുടെ കൈകളിലേക്ക് ആദ്യം എത്തുന്നത് അവിടുത്തെ വിഭവങ്ങളുടെ നിര വ്യക്തമാക്കുന്ന മെനു കാർഡ് ആണ്. എന്നാൽ, കൈയിൽ മെനു കാർഡില്ലാതെ, മുന്നിലെത്തുന്ന തട്ടിൽ എന്തുതരം ഭക്ഷണമായിരിക്കും വിളമ്പുക എന്നറിയാതെ ഒരു റസ്റ്റോറന്റിൽ ഇരുന്നിട്ടുണ്ടോ? ബോളിവുഡ് നടിയും പ്രശസ്ത യാത്രാ വ്‌ലോഗറുമായ ഷെഹ്നാസ് ട്രഷറി ബെംഗളൂരുവിൽ അനുഭവിച്ചറിഞ്ഞത് അത്തരമൊരു വേറിട്ട ഭക്ഷണാനുഭവമാണ്.

To advertise here,

ചുവന്ന ഉറുമ്പുകൾ മുതൽ മനുഷ്യന് കഴിക്കാൻ പാകത്തിൽ തയ്യാറാക്കിയ 'എഡിബിൾ പ്ലാസ്റ്റിക്' വരെ ഉൾപ്പെടുന്ന വിചിത്രവും എന്നാൽ പ്രകൃതിയോട് ചേർന്നുനിൽക്കുന്നതുമായ വിഭവങ്ങളാണ് ഇവിടെ ഷെഹ്നാസിനായി ഒരുക്കിയത്. ബെംഗളൂരുവിലെ പ്രശസ്തമായ 'ഫാംലോർ' എന്ന റസ്റ്റോറന്റിലാണ് പ്രകൃതിയുടെ അത്ഭുതങ്ങളും ബോധവൽക്കരണവും സമന്വയിപ്പിച്ച ഈ രുചിയനുഭവം അരങ്ങേറിയത്.

മെനുവില്ലാത്ത റസ്റ്റോറന്റും 40 ഏക്കറിലെ കൃഷിയിടവും

കൗശിക് രാജു, ഷെഫ് ജോൺസൺ എബനേസർ എന്നിവർ ചേർന്ന് തുടക്കമിട്ടതാണ് ബെംഗളൂരുവിലെ ഫാംലോർ. 40 ഏക്കറിലധികം പരന്നുകിടക്കുന്ന സ്വന്തം കൃഷിയിടത്തിൽ വിളയുന്ന ശുദ്ധമായ കാർഷിക ഉൽപ്പന്നങ്ങളാണ് ഇവിടുത്തെ അടുക്കളയിലേക്ക് നേരിട്ടെത്തുന്നത്. പ്രകൃതിയുടെ സ്വാഭാവിക താളത്തിനനുസരിച്ചാണ് ഇവിടുത്തെ പാചകം. കാലാവസ്ഥയ്ക്കും കൃഷിയിടത്തിലെ വിളവെടുപ്പിനും അനുസരിച്ച് ഓരോ മാസവും ഇവിടുത്തെ വിഭവങ്ങൾ മാറിമറിയും.

പാചകവാതകമോ എൽ.പി.ജിയോ ഉപയോഗിക്കാതെ തടിയടുപ്പുകളിലെ വിറകുമതിലിലാണ് ഇവിടെ ഭക്ഷണം തയ്യാറാക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. പ്രകൃതിക്ക് ദോഷം വരുത്താതെയും പരമ്പരാഗതമായ രുചി നിലനിർത്തിയുമുള്ള ഈ രീതി തന്നെയാണ് ഫാംലോറിനെ ഏഷ്യ-പസഫിക് മേഖലയിലെ മികച്ച 100 റസ്റ്റോറന്റുകളുടെ പട്ടികയിലും ഇന്ത്യയിലെ മികച്ച 20 റസ്റ്റോറന്റുകളുടെ പട്ടികയിലും എത്തിച്ചത്.

പാൽക്കുപ്പിയും ചുവന്ന ഉറുമ്പും

റസ്റ്റോറന്റിലെത്തിയ ഷെഹ്നാസിനെ കാത്തിരുന്നത് തികച്ചും അപ്രതീക്ഷിതമായ അനുഭവങ്ങളായിരുന്നു. മേശപ്പുറത്തേക്ക് ആദ്യം എത്തിയത് ഒരു പാൽക്കുപ്പിയായിരുന്നു. അതിൽ നിന്ന് കുടിക്കാൻ നിർദേശിച്ചപ്പോൾ കിട്ടിയത് സോയയും മുരിങ്ങയിലയും ചേർത്തുണ്ടാക്കിയ അതീവ രുചികരമായ ജ്യൂസായിരുന്നുവെന്ന് ഷെഹ്നാസ് വ്യക്തമാക്കുന്നു.

തുടർന്നാണ് ചുവന്ന ഉറുമ്പുകൾ ഉൾപ്പെടുന്ന വിഭവം വിളമ്പിയത്. ഒപ്പം, വായിലിട്ടാൽ പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന ജാമും തിന്നാൻ സാധിക്കുന്ന സൂര്യകാന്തിപ്പൂക്കളും മേശയിലെത്തി. കടൽ മലിനീകരണത്തിനെതിരെ സന്ദേശം നൽകാനായി ഓയിൽ സ്പിൽ എന്ന ആശയം മുൻനിർത്തി സമുദ്ര പരിസ്ഥിതി നാശത്തെ സൂചിപ്പിക്കുന്ന രീതിയിലുള്ള വിഭവവും, കഴിക്കാൻ പാകത്തിലുള്ള 'എഡിബിൾ പ്ലാസ്റ്റിക്കും' ഷെഹ്നാസിന് മുന്നിൽ വിളമ്പി. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഭക്ഷണത്തിലൂടെ പങ്കുവെക്കാനാണ് ഷെഫുമാർ ഇത്തരമൊരു രീതി തെരഞ്ഞെടുത്തത്.ഭക്ഷണത്തിന്റെ ഒടുവിൽ മധുരപലഹാരമായി എത്തിയത് വിസ്‌കിയും ചോക്ലേറ്റും ശർക്കരയും നിറച്ച മരച്ചീനി വിഭവമായിരുന്നു.

സീസണുകൾ തീരുമാനിക്കുന്ന രുചികൾ

'ഞങ്ങളുടെ ഫാമിൽ അഞ്ച് വ്യത്യസ്ത തരം മാമ്പഴങ്ങൾ കൃഷി ചെയ്യുന്നുണ്ട്. കൂടാതെ കോളിഫ്‌ലവർ, കാരറ്റ്, വെളുത്തുള്ളി എന്നിവ വളർത്താൻ വെർട്ടിക്കൽ ഫാമിംഗ് സൗകര്യവുമുണ്ട്. കൃത്രിമമായി ഒന്നും വളർത്താൻ ഞങ്ങൾ ശ്രമിക്കാറില്ല. ഈ മണ്ണിന്റെയും കാലാവസ്ഥയുടെയും മാറ്റങ്ങൾക്ക് അനുസരിച്ചാണ് ഞങ്ങൾ ഇവിടെ ഭക്ഷണങ്ങൾ തയാറാക്കുന്നത്.'ഫാംലോറിന്റെ പ്രവർത്തന രീതിയെക്കുറിച്ച് ഷെഫ് ജോൺസൺ എബനേസർ പറയുന്നു.

സോഷ്യൽ മീഡിയയിൽ തനിക്ക് ലഭിച്ച വ്യത്യസ്തമായ ഈ അനുഭവത്തിന്റെ ദൃശ്യങ്ങൾ ഷെഹ്നാസ് പങ്കുവെച്ചതോടെ വലിയ പ്രതികരണമാണ് ഭക്ഷണപ്രേമികളിൽ നിന്നും ഉയർന്നുവരുന്നത്. നാടൻ രുചികളും ആധുനിക പാചകരീതികളും പ്രകൃതി സംരക്ഷണ സന്ദേശങ്ങളും സമന്വയിപ്പിച്ച ബെംഗളൂരുവിലെ ഈ 'മെനുവില്ലാത്ത റസ്റ്റോറന്റ്' അങ്ങനെ പുതിയൊരു ഭക്ഷണ സംസ്കാരത്തിന് തുടക്കമിടുയാണ്.