ഏതു വിഭവങ്ങളുടെയും രുചി നിശ്ചയിക്കുന്നത് അതിലേ ചേരുവകളും അവയുടെ ഏറ്റക്കുറച്ചിലും അവ പകര്‍ന്നു തരുന്ന മണവും ഒക്കെയാണ്. പാകം ചെയ്യാനെടുക്കുന്ന സമയവും ഏറെ പ്രധാനമാണ്. എന്നാല്‍ വളരെ കുറഞ്ഞ നേരം കൊണ്ട് ഉണ്ടാക്കാന്‍ പറ്റുന്ന ചില വിഭവങ്ങള്‍ക്ക് അസാധ്യ രുചി ആയിരിക്കും.
അത്തരത്തിലെ ഒരു കൊങ്കണി സ്പെഷ്യല്‍ രുചിക്കൂട്ടാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. കറിക്കായ, പേയന്‍ കായ, മൊന്തന്‍ കായ എന്നൊക്കെ വിളിക്കുന്ന പച്ചക്കായയാണ് പ്രധാന താരം. നമ്മള് ബജ്ജിയൊക്കെയുണ്ടാക്കാന് എടുക്കുന്ന അതേ കായ. 'ബംഗ്ബാളെ കേളേ ' എന്നാണ് ഈ പച്ചക്കായയ്ക്ക് കൊങ്കണിയിലെ വിളിപ്പേര്. ഏറ്റവും എളുപ്പത്തില്‍ വെന്തു കിട്ടും എന്നത് തന്നെയാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. അതീവരുചികരവുമാണിത്.
Also Read
പേയന്‍ കായ കൊണ്ട്, കടലമാവിന്റെ കൂട്ടില്‍ തയ്യാറാക്കുന്ന ബജ്ജിക്കു പുറമെ മുളകുപൊടിയും ഉപ്പും കായവും അരിപ്പൊടിയും ചേര്‍ത്തുണ്ടാക്കുന്ന കൂട്ട് ഉപയോഗിച്ചുള്ള ഫ്രൈ കൊങ്കണികളുടെ ഇഷ്ട രുചിയാണ്. പല വിശേഷവസരങ്ങളിലെ സദ്യകളില്‍ ഇവര്‍ക്ക് പ്രധാന സ്ഥാനമാണ്. കൂടാതെ ഉഴുന്നും മുളകും വറുത്ത് തേങ്ങാ ചേര്‍ത്തരച്ചുണ്ടാക്കുന്ന പേയന്‍ കായ ഘശിയും ഏറെ ഇഷ്ടം. സാധാരണ മെഴുക്കുപുരട്ടിക്കും തോരനുമൊക്കെയാണ് മറ്റ് രുചികള്‍.
ഇവിടെ പരിചയപ്പെടുത്തുന്നത് പേയങ്കായ കൊണ്ടുള്ള 'പേജുപ്കരി ' യാണ്. പേര് ശകലം സങ്കീര്‍ണമാണെങ്കിലും പാചകം അതിലും എളുപ്പമാണ്. ഒരല്പം ചാറോടു കൂടെ പാകം ചെയ്തെടുക്കുന്ന ഉപ്പേരികള്‍ക്കാണ് പേജുപ്കരി എന്ന് കൊങ്കണിയില്‍ വിളിക്കുന്നത്. തേങ്ങാ അരപ്പ് ഒന്നും കാണില്ല. എളുപ്പത്തില്‍ വേവുന്ന പച്ചക്കറികള്‍ ആണിതിനു സാധാരണ എടുക്കുക. ചേമ്പ്, കാച്ചില്,ഉരുളക്കിഴങ്ങ് കൊണ്ടൊക്കെ ഇതുണ്ടാക്കാറുണ്ട്.
ചേരുവകള്‍
1.പച്ചക്കായ - 3 എണ്ണം
2. വെളുത്തുള്ളി - 8-10 അല്ലികള്‍
3. കുരുമുളക്- 1 ടീസ്പൂണ്‍
4. തേങ്ങാ-കാല് കപ്പ്
5. കടുക് - 1 ടീസ്പൂണ്‍
6. വറ്റല്‍ മുളക് - 5 - 6 എണ്ണം
7. ഉപ്പ് - ആവശ്യത്തിന്
8. വെളിച്ചെണ്ണ- 2 ടീസ്പൂണ്‍
പാചകരീതിയിലേക്ക്
പച്ചക്കായ തൊലി ചീന്തിക്കളഞ്ഞതിനു ശേഷം കഴുകി,വീതി കുറച്ചു അല്പം വലിയ കഷ്ണങ്ങളാക്കുക.ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകും വറ്റല്‍ മുളകും കൂടെ മൂപ്പിക്കുക.ഇതിലേക്ക് ചതച്ച വെളുത്തുള്ളി അല്ലികള്‍ ചേര്‍ത്ത് ചുവക്കെ വറുക്കുക. ഇനി കായ കഷ്ണങ്ങള്‍ ചേര്‍ത്ത് ഉപ്പും ചേര്‍ത്ത് അല്പം വഴറ്റി, ഏകദേശം രണ്ട് കപ്പ് വെള്ളവും ചേര്‍ത്ത് അടച്ചു വെച്ച് പാകം ചെയ്യുക.
പച്ചക്കായ വളരെ പെട്ടെന്ന് തന്നേ വെന്തു വരുന്നതാണ്. ഇനി ഇതിലേക്ക് കുരുമുളക് ചതച്ചതും തേങ്ങയും ചേര്‍ക്കുക.നന്നായി ഇളക്കി യോജിപ്പിച്ചു തിള വന്നു തുടങ്ങുമ്പോള്‍ അല്പം ചാറോടു കൂടെ തന്നേ വാങ്ങി വെയ്ക്കാം.പേയന്‍ കായ 'പേജുപ്കരി' തയ്യാര്‍. ചോറിനും കഞ്ഞിക്കുമൊപ്പം ഈ കറി വിളമ്പാവുന്നതാണ്.
Content Highlights: banana upkari recipe, upkari recipe,konkani food,konkani food video
Published: 01 Feb 2024, 09:26 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented