ചോറിലൊഴിക്കാന്‍ ഒരൊഴിച്ചു കറി, പിന്നെ കൂട്ടായി അരികത്ത് ഒരു തോരനോ മെഴുക്കുപുരട്ടിയോ ഉണ്ടെങ്കില്‍ അത്യാവശ്യം രുചിയോടെ നമുക്ക് ഊണ് ആസ്വദിക്കാം. ഇത്തിരി ആഡംബരം ആയിട്ട്  രണ്ട് പപ്പടോം കൂട്ടിനുണ്ടേല്‍ പിന്നെ ബലെ ഭേഷ് !

To advertise here,

കൊങ്കണികള്‍ക്ക് ഉപ്പേരികള്‍ക്ക് പുറമെ ഇത്തരം കൂട്ടുകറികളില്‍ കൂടുതലായി ഇഷ്ടം 'സുക്കെ ', 'സഘ്‌ളെ ', 'ഭുത്തി ', ' ഘശി ' പോലുള്ള പല തരം കറികളോടാണ്. ഇവയില്‍ സുക്കെയും സഘ്‌ളെയും ഭുത്തിയും ഒക്കെ നല്ല കുറുകിയുള്ള പരുവത്തിലുള്ള കറികളാണ്. ഘശി ആണെങ്കില്‍ ഒരല്പം അയവ് കൂടുതല്‍ കാണും. ഇതിലേതെങ്കിലും ഒന്ന് വിശേഷ ദിവസങ്ങളില്‍ ഊണിന്റൊപ്പം കാണുമെന്നു ഉറപ്പ്.
 
ഇവിടെ പരിചയപെടുത്തുന്ന കറി ആണ് ' സുക്കെ '. കൊങ്കണിയില്‍ ആ വാക്കിന്റെ അര്‍ത്ഥം തന്നേ ചാറ് വറ്റിച്ചെടുത്ത എന്നതാണ്. അതായത് നല്ല കുറുകിയ പരുവത്തിലുള്ള കറി. മല്ലിയും ഉഴുന്നും മുളകും വറുത്തെടുത്തു തേങ്ങായ്ക്കൊപ്പം അരച്ചെടുക്കുന്നതാണ് പ്രധാനം. ഇതില്‍ ഉഴുന്ന് ഒഴിവാക്കി, മല്ലിയും മുളകും മാത്രം വറുത്തരച്ച് എടുക്കുന്നതാണെങ്കില്‍ അത് 'സഘ്‌ളെ ' ആയും മാറും. ഉഴുന്ന് മാത്രമാണ് ഒഴിവാക്കുന്നത് എങ്കിലും രുചിയില്‍ രണ്ടും തമ്മില്‍ പാടെ വ്യത്യാസമാണ് താനും.

കാബേജ്, അച്ചിങ്ങ പയര്‍, ബീന്‍സ്, മുരിങ്ങപ്പൂവ്, ഉരുളക്കിഴങ്ങ്, ഉലുവയില അഗത്തിപ്പൂവ് പോലെ ഏതു പച്ചക്കറികളിലും നമുക്ക് സുക്കെ ഉണ്ടാക്കാം. തുവര, കടല പോലുള്ള പയര്‍വര്‍ഗങ്ങള്‍ കൊണ്ടും സുക്കെ ഉണ്ടാക്കും. എന്തിനേറെ, ചെമ്മീന്‍ കൊണ്ടും സുക്കെ ഉണ്ടാക്കും.

സൂക്കേകളിലെ ഏറ്റവും പ്രിയപ്പെട്ടതാണ് 'കാബേജ് സുക്കെ '. മറ്റ് സൂക്കേകളില്‍ നിന്നും വ്യത്യസ്തമായി ഇതില്‍ ഒരല്പം വേവിച്ച തുവര പരിപ്പ് കൂടെ ചേര്‍ക്കും. അതുകൊണ്ട് തന്നേ മിക്കവാറും കാബേജ് സുക്കെയ്ക്ക് കൂട്ടായി പരിപ്പ് കറിയോ രസമോ മറ്റോ ആണുണ്ടാക്കുക. പരിപ്പ് കറിയില്‍ നിന്നും ഒരല്പം മാറ്റി ഇതിലേക്ക് ചേര്‍ക്കും. ഇനി രസമാണെങ്കില്‍ പരിപ്പ് കാബേജിന്റെ ഒപ്പവും പരിപ്പ് വെന്ത ചാറില്‍ രസവും ഉണ്ടാക്കും.
    

ചേരുവകള്‍ 

1.കാബേജ്    - 200 ഗ്രാം
2.ഉരുളക്കിഴങ്ങ് - 2 എണ്ണം 
3.സവാള    - 2 ഇടത്തരം 
4.തുവരപ്പരിപ്പ് - 2 ടേബിള്‍ സ്പൂണ്‍ 
5.തേങ്ങാ   - 1/2 കപ്പ് 
6.വറ്റല്‍മുളക്   - 10- 12 എണ്ണം                   
7.മല്ലി     - 2 ടീസ്പൂണ്‍
8.ഉഴുന്ന്   - ഒന്നര ടീസ്പൂണ്‍
9.വാളന്‍ പുളി  -  ഒരു ചെറുനെല്ലിക്ക വലുപ്പത്തില്‍.
10.കടുക്  - 1 ടീസ്പൂണ്‍ 
11.വെളിച്ചെണ്ണ - 3 ടീസ്പൂണ്‍
12.ഉപ്പ് -   ആവശ്യത്തിന്.

പാചകരീതി

കാബേജ് തീരെ നേര്‍ത്തു പോവാതെ അരിഞ്ഞെടുക്കുക. തോരനു വേണ്ടി അരിയുന്നതിലും വലുപ്പത്തില്‍ വേണം അറിഞ്ഞെടുക്കാന്‍.ഉരുളക്കിഴങ്ങ് ചെറു ചതുര കഷണങ്ങള്‍ ആക്കുക.
സവാളയും തീരെ നേര്‍ത്തു പോവാതെ നീളത്തില്‍ അരിഞ്ഞു വെയ്ക്കുക.

മല്ലി, ഉഴുന്ന്, വറ്റല്‍ മുളക് എന്നിവ ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി ചെറുതീയില്‍ ചുവക്കെ വറുക്കുക.അതിന് ശേഷം തേങ്ങായും പുളിയും ചേര്‍ത്ത് അല്പം തരുതരുപ്പായി അരച്ചെടുക്കുക.
തുവരപരിപ്പ് കുക്കറില്‍ വെന്തുടഞ്ഞു പോവാതെ എന്നാല്‍ മൃദുവായി വരത്തക്ക രീതിയില്‍ വേവിച്ചെടുക്കുക.

പാനില്‍ എണ്ണ ചൂടാക്കി കടുകും  കറിവേപ്പില യും മൂപ്പിച്ചു സവാള വഴറ്റുക.വാടി വരുമ്പോള്‍ കാബേജ് , ഉരുളക്കിഴങ്ങ് ചേര്‍ക്കാം.ഉപ്പും ചേര്‍ത്ത് വഴറ്റി അരക്കപ് വെള്ളവും ചേര്‍ത്ത് ചെറുതീയില്‍ പാകം ചെയ്യുക.പച്ചക്കറികള്‍ ഏകദേശം വെന്തു വരുമ്പോള്‍ വേവിച്ച തുവരപ്പരിപ്പ് ചേര്‍ക്കുക.
 
തിള വന്നു തുടങ്ങുമ്പോള്‍ ഉടനെ അരപ്പ് ചേര്‍ത്തിളക്കി ചെറുതീയില്‍ പാകം ചെയ്യുക.വെള്ളം വറ്റി കൂട്ട് നന്നായി കുറുകി വരുമ്പോള്‍  കാബേജ് സുക്കെ തയ്യാര്‍.