പ്രാതല്‍ വിഭവങ്ങളില്‍ വ്യത്യസ്തത ആഗ്രഹിക്കുന്നുണ്ടോ? വ്യത്യസ്തത തേടി പോവുമ്പോള്‍ അതിനു കൊതിപ്പിക്കുന്ന രുചി കൂടെ വേണമെന്നത് മറ്റൊരു കാര്യം. അത്തരത്തില്‍ ഒരു മാറ്റം ആഗ്രഹിക്കുന്നവര്‍ ഈ സ്‌പെഷ്യല്‍ വിഭവം പരിചയപ്പെട്ടാലും.

To advertise here,

ഇത് കൊങ്കണികളുടെ ഒരു പരമ്പരാഗത വിഭവമായ ' മച്ച്ക്കട്ട് '. ചില പ്രദേശങ്ങളില്‍ ഇതിനെ കൊങ്കണിയില്‍ 'ദൊഡ്ഢക്ക് ' എന്നും വിളിക്കും. അടിവശം നല്ല കനത്തിലുള്ള ഇരുമ്പ് ചീനച്ചട്ടിയിലാണ് പരമ്പരാഗത ശൈലിയില്‍ ഇതുണ്ടാക്കുക. ഫ്രിഡ്ജ് ഒന്നുമില്ലാതിരുന്ന ആ പഴയ കാലത്ത് ബാക്കി വന്ന ഇഡ്ഡലിമാവ് കൊണ്ടും ഇതുണ്ടാക്കുമായിരുന്നു.

ദൊഡ്ഢക്ക് എന്ന് കേള്‍ക്കുമ്പോള്‍ പലപ്പോഴും നമ്മള്‍ തമാശയായി ഉപയോഗിക്കുന്ന ദൊഡ്ഡലി എന്നാ വാക്കിനോട് സാമ്യം തോന്നിയാലും അത്ഭുതമില്ല. കാരണം കാഴ്ച്ചയില്‍ ഏതാണ്ട് അതുപോലൊക്കെ തന്നെയാണല്ലോ. എങ്കിലും ഇതിനെ രുചികരമാക്കുന്നത് ഇതിന്റെ ചെറുതീയില്‍ വെളിച്ചെണ്ണയില്‍ മൊരിച്ചെടുക്കുന്ന ആ പരുവം തന്നെയാണ്. അതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് വൈകിട്ടത്തെ പലഹാരമായും ഇത് വിളമ്പാവുന്നതാണ്.

ചേരുവകള്‍ 

1. ഉഴുന്ന്        - 1 കപ്പ്
2. പച്ചരി        - 2 കപ്പ്
3. ഉപ്പ്          - ആവശ്യത്തിന്
4. കടുക്, വെളിച്ചെണ്ണ - ആവശ്യത്തിന്.

പാചകരീതിയിലേക്ക് 

ഉഴുന്നും പച്ചരിയും കഴുകി വെവ്വേറെ കുതിര്‍ക്കുക. ഏകദേശം 4 മണിക്കൂര്‍ വരെയെങ്കിലും കുതിര്‍ക്കുക. ശേഷം സാധാരണ ഇഡ്ഡലിമാവിന് അരയ്ക്കും പോലെ ഉഴുന്ന് നന്നായി ആട്ടി അരച്ചെടുക്കുക.

പച്ചരി പ്രത്യേകം അരയ്ക്കുക. പച്ചരി അരയ്ക്കുമ്പോള്‍ അരി കൂടുതല്‍ അരഞ്ഞു പോകാതിരിക്കാന്‍ ശ്രദ്ധിക്കുക. തൊട്ട് നോക്കുമ്പോള്‍ റവ പോലെ തരുത്തരുപ്പായി തോന്നണം. ആ ഒരു പരുവത്തില്‍ മാത്രമേ പച്ചരി അരയാന്‍ പാടുള്ളൂ.

ഇഡ്ഡലിമാവിന്റെ അയവ് പോലെ നല്ല കട്ടിയുള്ള മാവായിരിക്കണം മച്ച്ക്കട്ടിന്റെയും.ഇനി മാവ് 6 മുതല്‍ 8 മണിക്കൂര്‍ വരേ പുളിപ്പിക്കാന്‍ വെയ്ക്കുക.പുളിച്ച മാവിലേക്ക് ആവശ്യത്തിന് ഉപ്പ് ചേര്‍ത്താല്‍ മച്ച്ക്കട്ട്‌നുള്ള മാവ് തയ്യാര്‍.

ഇനി ഒരു ഇരുമ്പ് ചീനച്ചട്ടി ചൂടാക്കി ഒന്നോ രണ്ടോ ടീസ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ത്ത് ചൂടാക്കുക.ഇതിലേക്ക് കാല്‍ ടീസ്പൂണ്‍ കടുക് ഇട്ടു താളിക്കുക.കടുക് പൊട്ടിയ ഉടനെ ഇതിലേക്ക് രണ്ട് തവിയെങ്കിലും മാവ് ഒഴിക്കുക. ഉടനെ തന്നേ ഒരു അടപ്പ് വെച്ച് മൂടി, തീ കുറച്ച്, ചെറുതീയില്‍ പാകം ചെയ്യുക.

നാലോ അഞ്ചോ മിനിറ്റുകള്‍ കഴിഞ്ഞു തുറന്ന് നോക്കുമ്പോള്‍ മേല്‍ ഭാഗം വെന്തു വന്നിട്ടുണ്ടെങ്കില്‍ അടിഭാഗം നന്നായി മൊരിഞ്ഞും വന്നിട്ടുണ്ടാകും. അന്നേരം ഇതിനെ ഇളക്കി മറുവശം തിരിച്ചിടുക.ഇരുഭാഗവും മൊരിഞ്ഞു വരുമ്പോള്‍ ചൂടോടെ ചമ്മന്തിയ്‌ക്കൊപ്പമോ സാമ്പാറിനോപ്പമോ വിളമ്പാവുന്നതാണ് . പഞ്ചസാര ചേര്‍ത്ത് കഴിക്കുന്നവരുമുണ്ട്. ഇതൊന്നുമില്ലെങ്കിലും വെറുതെ തിന്നാലും ഇത് അതീവ രുചികരം തന്നെയാണ്.