അമ്പഴങ്ങ പോലെ ഇത്രയേറെ രുചിയും ഗുണവുമുള്ള പഴം നമ്മള്‍ ഇനിയുംം നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടിയിരിക്കുന്നു. അമ്പഴങ്ങ പൊതുവേ രണ്ട് തരത്തിലുണ്ട്. ഒന്ന് അച്ചാറിടാനും ഉപ്പിലിടാനും മറ്റുമെടുക്കുന്ന പുളിയന്‍ അമ്പഴങ്ങ. അടുത്തത് ശകലം കൂടെ വലുപ്പത്തില്‍ വിളഞ്ഞു പഴുത്തു വരുന്ന മധുര അമ്പഴങ്ങ. രണ്ട് അമ്പഴങ്ങ കൊണ്ടും വിവിധ വിഭവങ്ങളുണ്ട് കൊങ്കണി ഭക്ഷണശാഖയില്‍.
'അമ്പാടേ ' എന്നാണ് കൊങ്കണിയില്‍ അമ്പഴങ്ങയെ പറയുക. മധുര അമ്പഴങ്ങയെ,' ഗോടു അമ്പാടെ ' എന്നും വിളിക്കും.പുളിയന്‍ അമ്പഴങ്ങ അച്ചാറിടും. അല്ലാതെ മറ്റു കറികളില്‍ വാളന്‍പുളിക്ക് പകരമായി ഒന്നോ രണ്ടോ അമ്പഴങ്ങ ചതച്ചിടും.
Also Read
പൊടിയായി അരിഞ്ഞ ഇളം മുളങ്കൂമ്പും അമ്പഴങ്ങയും ഒരുമിച്ചു ചേര്‍ത്തുള്ള അച്ചാര്‍ കൊങ്കണികളുടെ അച്ചാര്‍ ഹിറ്റ്‌ലിസ്റ്റില്‍ ആദ്യ പത്തില്‍ സ്ഥാനം ഉറപ്പിക്കും എന്ന് സംശയഭേദമന്യേ പറയാം. പാവയ്ക്കയും അമ്പഴങ്ങയും ചേര്‍ത്ത് തേങ്ങ അരച്ച ' ഘശി ' എന്ന കറിയാണേല്‍ അതീവ രുചികരവും. താളില കൊണ്ടുള്ള' തളാസിനി'യിലും ' ഭുത്തി' എന്ന കറികളിലുമൊക്കെ അമ്പഴങ്ങ ചതച്ചു ചേര്‍ത്താല്‍ രുചി ഒരു പടി കൂടെ ഉയര്‍ന്നു നില്‍ക്കും.
എന്നാല്‍ ഇവിടുത്തെ താരം, ഗോടു അമ്പാടെ അല്ലെങ്കില്‍ മധുര അമ്പഴങ്ങയാണ്. നല്ല വിളഞ്ഞ പഴുത്ത അമ്പഴങ്ങ വെറുതെ തിന്നാനും സ്വാദിഷ്ടമാണെങ്കിലും ഇവ കൊണ്ടുള്ള കറികള്‍ക്ക് ആരാധകര്‍ ഏറെയാണ്. മുളകും ഉഴുന്നും വറുത്ത് തേങ്ങാ ചേര്‍ത്ത് അരച്ചുണ്ടാക്കുന്ന മധുര അമ്പഴങ്ങ കറിയായ സുക്കെ ഒന്നാംതരം രുചിയുള്ള കറിയാണ്.
ഇന്‍സ്റ്റന്റ് അച്ചാറു പോലെ ദോശയ്‌ക്കൊപ്പം ഒക്കെ വിളമ്പാവുന്ന തരത്തിലും മധുര അമ്പഴങ്ങ കൊണ്ട് കറിയുണ്ടാക്കും.വിളഞ്ഞ മധുര അമ്പഴങ്ങയുടെ തൊലിയ്ക്ക് മീതെ കറുത്ത പാട പോലെ കാണും. ഇവ ചുരണ്ടി കളയേണ്ടതാണ്. തൊലി നീക്കം ചെയ്യേണ്ടതില്ല. ഏത് കറി ആണെങ്കിലും അമ്പഴങ്ങ ചെറുതായി ഇടികല്ല് കൊണ്ടോ മറ്റോ രണ്ടായി ചതച്ചു ചേര്‍ക്കും. പൊടിഞ്ഞു പോവാതെ സൂക്ഷിക്കണം.
മധുര അമ്പഴങ്ങ കൊണ്ടുള്ള മധുരക്കറി ആണിന്ന് പരിചയപ്പെടുത്തുന്നത്. 'ഗോഡ് അമ്പാടെ ഹുമ്മണ്‍ ' എന്നാണിതിനെ കൊങ്കണിയില്‍ പറയുക. എരിവും മധുരവും ഒരല്പം സ്വാഭാവികമായ പുളിയും ചേര്‍ന്ന ഒന്നാംതരം കറിയാണിത്.
ചേരുവകള്‍
1. മധുര അമ്പഴങ്ങ - 8-10 എണ്ണം
2. ശര്‍ക്കര - 1/2 കപ്പ്
3. വറ്റല്‍ മുളക് - 5 - 8 എണ്ണം.
4. ഉഴുന്ന് - 1 ടീസ്പൂണ്‍
5. കടുക് - 1 ടീസ്പൂണ്‍
6. ഉലുവ -1/2 ടീസ്പൂണ്‍
7.വെളിച്ചെണ്ണ -2 ടീസ്പൂണ്‍
8. റവ - ഒന്നര ടീസ്പൂണ്‍
9.ഉപ്പ് - ആവശ്യത്തിന്
പാചകരീതിയിലേക്ക്
അമ്പഴങ്ങയ്ക്ക് മീതെ കാണുന്ന കറുത്ത പാട ചുരണ്ടി കളഞ്ഞ ശേഷം നന്നായി കഴുകി എടുക്കുക. തൊലി നീക്കം ചെയ്യേണ്ടതില്ല.ശേഷം ഒരു ഇടിക്കല്ല് കൊണ്ട് അമ്പഴങ്ങ ചതച്ചു രണ്ടായി പിളര്‍ത്തുക.

കറുത്ത പാട ചുരണ്ടിക്കളഞ്ഞ് വൃത്തിയാക്കിയ അമ്പഴങ്ങ
ഇവ ഒരല്പം ഉപ്പും, ശര്‍ക്കരയും,ഒരു കപ്പ് വെള്ളവും ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ തുടര്‍ച്ചയായി ഒന്നോ രണ്ടോ വിസില്‍ വരുന്ന വരേ വേവിയ്ക്കുക. വെന്ത കൂട്ട് നന്നായി തിളപ്പിക്കുക. ചാറു കുറുകാനായി ഇതിലേക്ക് റവ തൂവിയിടുക. മിനിറ്റുകള്‍ക്കുള്ളില്‍ റവ വെന്തു ചാറ് കുറുകി വരും. അന്നേരം കറി അടുപ്പില്‍ നിന്നും മാറ്റുക.

ഇനി ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കടുകും ഉഴുന്നും ഉലുവയും വറ്റല്‍ മുളകും ചേര്‍ത്ത് നന്നായി മൂപ്പിക്കുക. ഈ കൂട്ട് അമ്പഴങ്ങകറിയില്‍ താളിച്ചു ചേര്‍ക്കാം. ഗോഡ് അമ്പടേ ഹുമ്മണ്‍ തയ്യാര്‍. ചോറിനൊപ്പം മധുര കറിയായി ഇത് വിളമ്പാവുന്നതാണ്.
Content Highlights: godd Ambade Human recipe,konkani recipe,recipe, Konkani Style ,konkani food,food
Published: 29 Dec 2023, 09:48 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented