മുതിര - പോഷകസമ്പുഷ്ടമായ ഈ കുഞ്ഞന്‍പയര്‍ നമ്മുടെ ആഹാരക്രമത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ്. മുതിര കൊണ്ടുള്ള തോരനും കറിയും ചാറുകറിയുമെല്ലാം അതീവ രുചികരമാണ്.

To advertise here,

കൊങ്കണികളുടെ മുതിര പ്രേമം അവകൊണ്ടുള്ള രുചിവൈവിധ്യങ്ങളില്‍ വ്യക്തമായി കാണാം.  'കുളിതു 'എന്നാണ് മുതിരയ്ക്ക് കൊങ്കണിയില്‍ പേര്. വേവിച്ച മുതിര കടുകും വറ്റല്‍ മുളകും കായവും ചേര്‍ത്ത് ' ഉപ്കരി'യായി മാറുമ്പോള്‍, വേവിച്ച ചാറ് നന്നായി തിളപ്പിച്ച് വെളുത്തുള്ളിയും വറ്റല്‍മുളകും താളിച്ചു ചേര്‍ത്ത് ' സാറു ' എന്ന ഒഴിച്ചുകറിയായി മാറുന്നു. അതീവ രുചികരമായ സംയോജനം തന്നെയാണിത്.

പണ്ടുകാലത്ത് കന്നുകാലികള്‍ക്കായി മുതിര വേവിച്ചു കൊടുക്കാമായിരുന്നുവത്രേ. സ്വാഭാവികമായും ഇവ നല്ല കൂടിയഅളവില്‍ തന്നെ പാകം ചെയ്യേണ്ടതായി വരും. വിറകടുപ്പില്‍ വെന്തുവരുന്ന മുതിര മാറ്റിയാല്‍ ഇവയുടെ നല്ല കൊഴുത്ത പോഷകം നിറഞ്ഞ ചാറുകൊണ്ട് ' ഖടി ' എന്ന കറിയുണ്ടാക്കും. വെള്ളരിക്കയും സവാള കഷ്ണങ്ങളും ഈ ചാറില്‍ വേവിയ്ക്കും. മല്ലിയും മുളകും അരച്ച അരപ്പ് ചേര്‍ത്ത് തിളച്ചു വരുമ്പോള്‍ ഇതിലേക്ക് വെളുത്തുള്ളി മൂപ്പിച്ച് ചേര്‍ക്കും. എന്തു രുചിയാണെന്നോ ഈ ഖടി.

മുതിര മുളപ്പിച്ചും കറികളും ഉപ്പേരിയും ഉണ്ടാക്കും. 'കുളിതാ അമ്പട്ട് ' എന്നാ ഈ കറിക്ക് ആരാധകര്‍ ഏറെയാണ്. മുതിര വറുത്ത് പൊടിച്ച് തേങ്ങാ ചേര്‍ത്ത് അരച്ചെടുക്കുന്ന തമിഴരുടെ 'തുകയല്‍ ' ഏറെ രുചികരമാണ്.

ഇത്രയും പോഷകം നിറഞ്ഞ മുതിര പ്രാതലില്‍ ഒഴിവാക്കാന്‍ പറ്റുമോ? കൊങ്കണികളുടെ മറ്റൊരു പ്രധാന രുചികൂട്ടാണ് മുതിര കൊണ്ടുള്ള ഇഡ്ഡലി. ഇളം ബ്രൗണ്‍ നിറത്തിലുള്ള ഈ ഇഡ്ഡലിക്ക് രുചിയും ഗുണവും ഏറെ. ഇതേ മാവുകൊണ്ട് കട്ടിയായി ദോശയും ഉണ്ടാക്കും.

മുതിര വിഭവങ്ങളുടെ വൈവിധ്യം പോലെത്തന്നെയാണ് മുതിര വിശേഷങ്ങളും. പറഞ്ഞാലും എഴുതിയാലും തീരില്ല. ഇന്ന് പരിചയപ്പെടുത്തുന്നതു മുതിര കൊണ്ടുള്ള കൊങ്കണികളുടെ പ്രധാന വിഭവമായ ' കൊദ്ദല്‍ '. കൊജ്ജല്‍ എന്നും ചിലര്‍ വിളിക്കും. ചോറിനൊപ്പം ഒഴിച്ച് കറിയായാണ് ഇത് വിളമ്പുക. കൂട്ടിനു ചക്കക്കുരുവോ മുരിങ്ങയ്ക്കയോ വാഴപ്പിണ്ടിയോ ചേനകഷ്ണങ്ങളോ മറ്റോ ചേര്‍ക്കാം. മറ്റ് പച്ചക്കറികള്‍ ഇല്ലാതെ മുതിര മാത്രമായും ഈ കറി ഉണ്ടാക്കാം. മുരിങ്ങയ്ക്കയാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. ഇനി  'കൊദ്ദല്‍ ' രുചിക്കൂട്ടിലേക്ക് 

ചേരുവകള്‍

1.മുതിര-      1 കപ്പ് 
2.മുരിങ്ങയ്ക്ക-  3 ഇടത്തരം 
3.തേങ്ങ-     1 കപ്പ് 
4.വറ്റല്‍മുളക്-  10-12 എണ്ണം 
5.വാളന്‍ പുളി-    ഒരു ചെറിയ കഷ്ണം 
6.വെളുത്തുള്ളി-    10-12 അല്ലികള്‍ 
7.വെളിച്ചെണ്ണ-      2-3 ടീസ്പൂണ്‍ 
8. ഉപ്പ്-    ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മുതിര കഴുകി കുക്കറില്‍ വേവിയ്ക്കുക.വെന്ത മുതിരയിലേക്ക് ഉപ്പ് ചേര്‍ത്ത് മുരിങ്ങയ്ക്ക കഷ്ണങ്ങള്‍ ചേര്‍ത്ത് കുക്കറില്‍ ഒരു വിസില്‍ വരുന്നത് വരെ വേവിയ്ക്കുക.വറ്റല്‍മുളക് അല്പം എണ്ണയില്‍ ചുവക്കെ വറുക്കുക.തേങ്ങയും വറ്റല്‍മുളകും പുളിയും നന്നായി അരച്ചെടുക്കാം.

മുതിര കൂട്ടില്‍ അരപ്പ് ചേര്‍ത്ത് ആവശ്യത്തിന് വെള്ളമൊഴിച്ചു തിളപ്പിക്കുക. ചാറ് ആവശ്യത്തിന് വെന്തു കുറുകി പാകമാകുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റാം.
ഇനി തൊലി നീക്കിയ വെളുത്തുള്ളി അല്ലികള്‍ മുഴുവനോടെ എണ്ണയില്‍ ചുവക്കെ മൂപ്പിച്ചു കറിക്കു താളിച്ചു ചേര്‍ക്കാം.

ശ്രദ്ധിക്കുക :

പുളിക്ക് പകരം പച്ചമാങ്ങയോ ഇലുമ്പന്‍പുളിയോ അമ്പഴങ്ങയോ ചേര്‍ക്കാവുന്നതാണ്.