രുചിയോര്‍മകളിലേക്ക് കൂപ്പു കുത്തുമ്പോള്‍ ചില കൊതിപ്പിക്കുന്ന മണങ്ങള്‍ കിട്ടും. അവയ്‌ക്കൊപ്പം ചേര്‍ത്ത് വെയ്ക്കാന്‍ കുറെ നല്ല നിമിഷങ്ങളും കാണും. കുട്ടിക്കാലത്തെ  ചില ഓര്‍മകള്‍ക്ക് അത്രയേറെ മിഴിവ് തോന്നിക്കുന്നതും ഇത്തരം രുചികള്‍ രുചിച്ച നിമിഷങ്ങള്‍ കൂടെയുള്ളത് കൊണ്ട് തന്നെയാണ്. അത്തരമൊരു മധുരവും മണവും നിറഞ്ഞ രുചിയോര്‍മയാണ് ഇവിടെ പങ്കുവെക്കുന്നത്. കൊങ്കണി വിഭവമായ ' തവ്‌ശേ ഇഡ്ഡലി തയ്യാറാക്കാം.

To advertise here,

തവ്‌ശേ എന്നാല്‍ കക്കിരിക്ക എന്നും സലാഡ് വെള്ളരി എന്നും അറിയപ്പെടുന്ന പച്ചക്കറി. ഇത് പൊതുവെ പച്ചയ്ക്ക് അരിഞ്ഞു തിന്നാറാണ് പതിവെങ്കിലും കൊങ്കണികള്‍ ഇത് പാകം ചെയ്തും കഴിക്കും. തവ്‌ശേ പച്ചടി ആണിതില്‍ പ്രധാനി. സാധാരണ പച്ചടി കൂട്ടില്‍ തൈരും ചേര്‍ത്ത് എടുക്കുന്ന അതേ വിഭവം തന്നെയാണിത്.

ഇതിനോടൊപ്പം തന്നെ കക്കിരിക്ക ചീകി ചേര്‍ത്ത അരിയും തേങ്ങയും അരച്ച മാവ് കൊണ്ടുണ്ടാക്കുന്ന' തൗസളി' എന്നാ ദോശയും അതീവ രുചികരമാണ്. ഇതിന്റെ രണ്ട് വകഭേദമുണ്ട് . പച്ചമുളക് കൂടെ അരിഞ്ഞു ചേര്‍ത്ത സാദാ തൗസളി യും, ശര്‍ക്കര ചേര്‍ത്ത മധുര തൗസളിയും. രണ്ടിലും പ്രധാനി ആ കക്കിരിക്ക വെന്തു വരുന്ന മണം തന്നേ.

ഇതേ കൂട്ടത്തില്‍ പെടുത്താവുന്ന മറ്റൊരു ത്രസിപ്പിക്കുന്ന രുചിയനുഭവമാണ് ഇന്നത്തെ വിഭവമായ ' തവ്ശാ ഇഡ്ഡലി 'യും. പേരു പോലെ ഇഡ്ഡലി തട്ടില്‍ ആവിയ്ക്ക് വേവിച്ചെടുക്കുന്ന ഈ രുചിക്ക് മാറ്റ് കൂട്ടാന്‍ കക്കിരിക്കയ്ക്ക് പുറമെ മറ്റൊരു ഘടകം കൂടെയുണ്ട് മഞ്ഞളില.

മഞ്ഞളില വെന്തു വരുമ്പോ ഇതിലേക്ക് പകര്‍ന്നു കൊടുക്കുന്ന ഒരു മണമുണ്ട് . ഇത് കൂടെ ചേരുമ്പോള്‍ രുചി കൂടും. ശര്‍ക്കരയുടെ മധുരം നിറഞ്ഞ ഈ മധുര ഇഡ്ഡലിയെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ ഇഷ്ടമാണ്. നെയ്യില്‍ മുക്കിയാണ് തവ്‌ശേ ഇഡ്ഡലി കഴിക്കുക.

ചേരുവകള്‍ 
1. പച്ചരി   -      1 കപ്പ്
2. തേങ്ങാ   -   1/2 കപ്പ്
3. കക്കിരിക്ക/സലാഡ് വെള്ളരി  -     1 ഇടത്തരം       
4. ശര്‍ക്കര   -  1 കപ്പ്
4.ഏലയ്ക്ക  - 3 -4 എണ്ണം 
5. മഞ്ഞളില  -   1 ചെറുത്7.  
6.ഉപ്പ്  -        ഒരു നുള്ള്
7. നെയ്യ്     -  അല്പം


പാചകരീതിയിലേക്ക് 

പച്ചരി കഴുകി 3-4 മണിക്കൂര്‍ കുതിര്‍ക്കുക. ശര്‍ക്കര ഇടിച്ചു പൊടിച്ച് ഇതിലേക്ക് അരക്കപ്പ് വെള്ളമൊഴിച്ചു നന്നായി ഇളക്കി യോജിപ്പിക്കുക. (ശ്രദ്ധിക്കുക, ചൂടാക്കേണ്ടതില്ല )ഇത് അരിച്ചു കരട് നീക്കം ചെയ്യാം. ശേഷംതേങ്ങാ, ശര്‍ക്കര വെള്ളം, ഏലയ്ക്ക എന്നിവ നന്നായി അരയ്ക്കുക.ഇതിലേക്കു പച്ചരി ചേര്‍ത്ത് ഇത്തിരി തരുതരുപ്പായി അരച്ചെടുക്കുക. (റവ പോലെ ).

ഇനി കക്കിരിക്ക ഗ്രേറ്റ് ചെയ്ത് അരച്ച മാവിലേക്ക് ചേര്‍ത്തിളക്കുക.മാവിന്റെ അയവ് നല്ല കട്ടി ആയി തന്നെ വേണം.ഒരു നുള്ള് ഉപ്പും കൂടെ ചേര്‍ത്തിളക്കുക.നെയ്മയം പുരട്ടിയ ഇഡ്ഡലി തട്ടില്‍ മഞ്ഞളിലയുടെ കുഞ്ഞ് കുഞ്ഞ് കഷ്ണങ്ങള്‍ നിരത്തി മേലെ മാവൊഴിച്ചു സാധാരണ ഇഡ്ഡലി ഉണ്ടാക്കും പോലെ ആവിയില്‍ വേവിയ്ക്കുക.15 -20 മിനിറ്റുകള്‍ വേവിച്ചാല്‍ മതിയാകും.വെണ്ണയോ നെയ്യോ ചേര്‍ത്ത് കഴിക്കാം.

ശ്രദ്ധിക്കുക 

1.മഞ്ഞളിലയുടെ ആ പ്രത്യേക മണം ഇഷ്ടമില്ലാത്തവര്‍ക്ക്, മഞ്ഞളില ഒഴിവാക്കാം.

2.ഇതിന്റെ എരിവുള്ള  വകഭേദവും ഉണ്ടാക്കും. അന്നേരം ശര്‍ക്കര ഒഴിവാക്കി നിറയെ പച്ചമുളകും , ഇഞ്ചിയും അരിഞ്ഞു ചേര്‍ക്കുക.നെയ്യ് ഒഴിവാക്കി തട്ടില്‍ വെളിച്ചെണ്ണ പുരട്ടിയാല്‍ മതി ചമ്മന്തി ചേര്‍ത്ത് കഴിക്കാം. മഞ്ഞളില അന്നേരവും വേണമെങ്കില്‍ ഉപയോഗിച്ചാല്‍ മതി.