2023 ഒക്ടോബറില്‍, ഓസ്ട്രേലിയയിലെ വിക്ടോറിയയിലെ പോര്‍ട്ട്ലാന്‍ഡിന് സമീപം 4.7 മീറ്റര്‍ നീളമുള്ള ഗ്രേറ്റ് വൈറ്റ് ഷാര്‍ക്കിന്റെ മൃതദേഹം കരയ്ക്കടിഞ്ഞു. സ്രാവിന്റെ മൃതദേഹത്തില്‍ നിന്ന് അതിന്റെ കരള്‍, കുടലടക്കമുള്ള ഭാഗങ്ങള്‍, പ്രത്യുത്പാദന അവയവം എന്നിവ നഷ്ടപ്പെട്ടിരുന്നു. എന്തുകൊണ്ടാണ് ഇത്തരം ഭാഗങ്ങള്‍ മാത്രം നഷ്ടപ്പെടുന്ന തരത്തിലുള്ള മുറിവുകള്‍ സാവിന്റെ മൃതശരീരത്തില്‍ കണ്ടതെന്നത് അന്നേ ശാസ്ത്രജ്ഞരെ കുഴക്കിയിരുന്നു. ദി ഗാര്‍ഡിയനില്‍ ആ ഇടയ്ക്ക് വന്ന ഒരു റിപ്പോര്‍ട്ടില്‍ ശാസ്ത്രജ്ഞര്‍ അടുത്തിടെ ആ പ്രദേശത്ത് ഒരുകൂട്ടം കൊലയാളി തിമിംഗലങ്ങളെ (ഓര്‍ക്കകള്‍) കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അക്കൂട്ടത്തില്‍ ബെന്റ് ടിപ്പ് എന്നും റിപ്പിള്‍ എന്നും പേരായ രണ്ട് അറിയപ്പെടുന്ന ഓര്‍ക്കകളും ഉണ്ടായിരുന്നു. അവയുടെ സാന്നിധ്യം കാരണം സ്രാവിന്റെ മരണത്തിന് കാരണമായത് ഓര്‍ക്കകളുടെ ആക്രമണമാണെന്ന് ഗവേഷകര്‍ സംശയിച്ചു.
ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി ഗവേഷകര്‍ സ്രാവിന്റെ ശരീരത്തിലെ കടിയേറ്റ ഭാഗങ്ങളില്‍ നിന്നുള്ള ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ചു. ഇക്കോളജി ആന്‍ഡ് എവല്യൂഷനില്‍ പ്രസിദ്ധീകരിച്ച ഇതിന്റെ ഫലമനുസരിച്ച് ആ ഗ്രേറ്റ് വൈറ്റ് സ്രാവിനെ ഓര്‍ക്കകള്‍ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് തെളിഞ്ഞു. സ്രാവിന്റെ ശരീരത്തില്‍ കണ്ടെത്തിയ ഏറ്റവും വലിയ മുറിവായ പെക്റ്ററല്‍ ഫിനിനടുത്തുള്ള 50 സെന്റീമീറ്റര്‍ വീതിയില്‍ കടിയേറ്റ ഭാഗത്ത് ഓര്‍ക്കകളുടെ ഡി.എന്‍.എ ഉണ്ടായിരുന്നു.
ഓസ്‌ട്രേലിയന്‍ ജലാശയങ്ങളില്‍ ഓര്‍ക്കകള്‍, ഗ്രേറ്റ് വൈറ്റ് ഷാര്‍ക്കുകളെ ഇരയാക്കുന്നുവെന്ന് ഡി.എന്‍.എ തെളിവുകളോടെ സ്ഥിരീകരിച്ച ആദ്യ കേസുകൂടിയായിരുന്നു ഇത്. അതിനാല്‍ തന്നെ ആ കണ്ടെത്തല്‍ ഏറെ പ്രധാനപ്പെട്ട ഒന്നായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു കേസില്‍, ഒരു ഓര്‍ക്ക ഗ്രേറ്റ് വൈറ്റ് ഷാര്‍ക്കിനെ ആക്രമിച്ച് രണ്ട് മിനിറ്റിനുള്ളില്‍ അതിന്റെ കരള്‍ ഭക്ഷിച്ച കാര്യവും പറയുന്നുണ്ട്.
ഈ കണ്ടെത്തലുകളുടെയെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ച ഫ്‌ലിന്‍ഡേഴ്സ് യൂണിവേഴ്സിറ്റി ഗവേഷകയായ ഇസബെല്ല റീവ്‌സ് പറയുന്നത് ഓര്‍ക്കകളും ഗ്രേറ്റ് വൈറ്റ് ഷാര്‍ക്കുകളും വലിയ വേട്ടക്കാരാണ് എന്നാണ്. ''വിക്ടോറിയയില്‍ കണ്ടെത്തിയ ഗ്രേറ്റ് വൈറ്റ് ഷാര്‍ക്കിന്റെ ശവശരീരത്തില്‍ നാല് വ്യത്യസ്ത കടിയേറ്റ മുറിവുകളുണ്ടായിരുന്നു, അതില്‍ ഒന്ന് ഓര്‍ക്കകള്‍ മനഃപൂര്‍വ്വം അതിന്റെ കരള്‍ കീറിമുറിച്ചതായി കാണിച്ചു,'' - ഗാര്‍ഡിയനില്‍ പങ്കുവെച്ച റിപ്പോര്‍ട്ടില്‍ റീവ്‌സ് പറയുന്നു. ഓര്‍ക്കകള്‍ സ്രാവുകളെ വേട്ടയാടുന്നതിന്റെ വ്യാപ്തി മനസിലാക്കാന്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും റീവ്‌സ് കൂട്ടിച്ചേര്‍ത്തു.
വിവിധ പഠനങ്ങളനുസരിച്ച് ഡോള്‍ഫിന്‍ കുടുംബത്തിലെ ഏറ്റവും വലിയ അംഗങ്ങളായ കൊലയാളി തിമിംഗലങ്ങള്‍ക്ക് (ഓര്‍ക്ക) സമുദ്ര സസ്തനികള്‍, മത്സ്യം, സ്രാവുകള്‍ എന്നിവ ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന ഭക്ഷണക്രമമുണ്ട്. ഇതോടൊപ്പം ഇവ തിമിംഗലങ്ങളുടെ നാക്കും സ്രാവുകളുടെ കരളും ഇഷ്ടപ്പെടുന്നതായും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
പ്രോജക്ട് ഓര്‍ക്കയിലെയും കര്‍ട്ടിന്‍ സര്‍വകലാശാലയിലെയും സമുദ്ര ശാസ്ത്രജ്ഞയായ ഡോ. റെബേക്ക വെല്ലാര്‍ഡ് പറയുന്നതനുസരിച്ച് ഓര്‍ക്കകള്‍ സമുദ്ര ഭക്ഷ്യ ശൃംഖലയുടെ ഏറ്റവും മുകളിലുള്ള ശ്രദ്ധേയമായ വേട്ടക്കാരാണ്. അസാധാരണമായ ബുദ്ധിശക്തിയും ശക്തമായ കുടുംബ, സാമൂഹിക ബന്ധങ്ങളും അതുവഴി ഒന്നിച്ച് പ്രവര്‍ത്തിക്കാനുള്ള കഴിവുമാണ് ഓര്‍ക്കകള്‍ക്ക് വേട്ടയില്‍ വലിയ നേട്ടം ലഭിക്കുന്നതിന് പിന്നില്‍. ഇത് ഇവയെ ഏറ്റവും വലിയ ജീവിയായ നീലത്തിമിംഗലങ്ങള്‍ ഉള്‍പ്പെടെയുള്ള വലിയ ഇരകളെ പോലും വേട്ടയാടാന്‍ സഹായിക്കുന്നു.
ഗ്രിഫിത്ത് സര്‍വകലാശാലയിലെ സമുദ്ര പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ. ഒലാഫ് മെയ്നെക്കെയും ഓര്‍ക്കകള്‍ പലപ്പോഴും തിമിംഗലങ്ങളുടെ നാക്ക്, സ്രാവിന്റെ കരള്‍ തുടങ്ങിയ പ്രത്യേക ശരീരഭാഗങ്ങളോട് പ്രത്യേക താത്പര്യം കാണിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
Content Highlights: DNA evidence confirms killer whales in Australia are preying on great white sharks
Published: 07 Feb 2025, 09:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented