കൊച്ചി: ചെറിയൊരു ഡേറ്റാ സെന്റർ പോലും ഏകദേശം 10,000 വീടുകൾക്ക് ആവശ്യമായ വൈദ്യുതിയാണ് ഉപയോഗിക്കുന്നതെന്നും നിർമിതബുദ്ധിയുടെ അമിത ആശ്രയത്വം മൂലമുണ്ടാകുന്ന ഭീമമായ ഊർജനഷ്ടം ആശങ്കപ്പെടുത്തുന്നതാണെന്നും മാതൃഭൂമി ഡയറക്ടർ- ഓപ്പറേഷൻസ് എം.എസ്. ദേവിക. കേരള സ്റ്റാർട്ടപ്പ് മിഷൻ (കെ.എസ്.യു.എം.) കളമശ്ശേരി ഡിജിറ്റൽ ഹബ്ബിൽ സംഘടിപ്പിച്ച ‘ബിയോണ്ട് ടുമാറോ’ സമ്മേളനത്തിൽ ‘എ.ഐ.യുടെ കാലത്തെ പബ്ലിഷിങ്ങും കലയും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ.

To advertise here,

എ.ഐ. തെറ്റായ വിവരങ്ങൾ കൈമാറുന്നതിനെക്കുറിച്ചും പകർപ്പവകാശത്തിന്റെ സീമകൾ ലംഘിക്കുന്നതിനെക്കുറിച്ചുമെല്ലാം നമ്മൾ ചർച്ചകൾ ചെയ്യാറുണ്ട്. എന്നാൽ എ.ഐ. മൂലമുണ്ടാകുന്ന പാരിസ്ഥിതികാഘാതത്തെക്കുറിച്ചുള്ള ചർച്ചകൾ എവിടേയും ഉണ്ടാകുന്നില്ല. ചെറിയൊരു ഡേറ്റാ സെന്റർ പോലും ഏകദേശം 10,000 വീടുകൾക്ക് ആവശ്യമായ വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. ജല ഉപഭോഗത്തിന്റെ കാര്യമാണെങ്കിൽ, ഒരു ഡേറ്റാ സെന്ററിന് പ്രതിദിനം ഏകദേശം 50 ലക്ഷം ഗാലൻ വെള്ളം ആവശ്യമായി വരുന്നുണ്ട്. അത് ചെറിയൊരു അളവല്ല. കൂടാതെ സെർവറുകളിലെ ഹാർഡ്‌വേറുകൾ അപ്‌ഗ്രേഡ് ചെയ്യും തോറും ഇവ വീണ്ടും ഇ-വേസ്റ്റ് ആയി പരിസ്ഥിതിയിലേക്ക് തന്നെ തിരികെയെത്തുന്നു. നമുക്ക് ചെയ്യാൻ കഴിയുന്ന ചെറിയ കാര്യങ്ങൾക്ക് പോലും എ.ഐ ഉപയോഗിക്കുന്നതിന് പകരം ആവശ്യമുള്ളയിടത്ത് ഉത്തരവാദിത്വത്തോടെ മാത്രം എ.ഐ. ഉപയോഗിക്കാൻ ശ്രമിക്കണം- എം.എസ്. ദേവിക അഭിപ്രായപ്പെട്ടു.

മലയാള മനോരമ എക്‌സിക്യുട്ടീവ് എഡിറ്ററും ഡയറക്ടറുമായ ജയന്ത് മാത്യു, കേരള ലളിതകലാ അക്കാദമി മുൻ ചെയർപേഴ്‌സൺ മുരളി ചീരോത്ത്, എ.ഐ. വിദഗ്ധൻ സ്ലീബ പോൾ, കെ.എസ്.യു.എം. സീനിയർ ഫെലോ ഡോ. താന്യ എബ്രഹാം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

സർഗാത്മകത എന്ന ആശയത്തിന് പകരംവയ്ക്കാൻ എ.ഐ.യ്ക്ക് സാധിക്കില്ലെന്ന് ഉദ്ഘാടന സമ്മേളനത്തിൽ ഫിക്കി ടൂറിസം ആൻഡ് കൾച്ചർ കമ്മിറ്റി കോ-ചെയർ സഞ്ജോയ് റോയ് ചൂണ്ടിക്കാട്ടി. യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും എ.ഐ. നൽകുന്ന വെല്ലുവിളികളെ മറികടക്കുന്നതിനും സർഗാത്മകത അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ വി.എം. ജയകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.യു.എം. സി.ഒ.ഒ. ടോം തോമസ്, ഇ.ഇ.എം.എ. സെക്രട്ടറി ഹരീഷ് ബാബു, ക്രിസിൽ ഇന്റലിജൻസ് അർബൻ ഇൻഫ്രാസ്ട്രക്ചർ ആൻഡ് പബ്ലിക് ഫിനാൻസ് പ്രാക്ടീസ് ലീഡർ സൂരജ് അയ്യങ്കാർ, ഫിലിം ക്രിട്ടിക്കും ഡോക്യുമെന്ററി ഫിലിം മേക്കറുമായ ഡോ. സി.എസ്. വെങ്കിടേശ്വരൻ, ചലച്ചിത്രതാരം രവീന്ദ്രൻ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ നടന്ന ചർച്ചകളിൽ പങ്കെടുത്തു.