
മുംബൈ: രാജ്യത്ത് ഡേറ്റാ സെന്ററുകൾക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. മുംബൈയ്ക്കടുത്ത താനെയിലും ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുമാണ് പ്രതിഷേധം കനത്തത്.
താനെയിൽ ‘വേക്ക് അപ്പ് താനെക്കർ’ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സമരം. ബാൽകും പ്രദേശത്ത് 53.8 ഏക്കറിൽ ഏകദേശം 47,000 കോടി മുതൽ മുടക്കിലുള്ള ആമസോണിന്റെ നിർദിഷ്ട 422 മെഗാവാട്ട് ഡേറ്റാ സെന്ററിനെതിരേ ജനം മനുഷ്യച്ചങ്ങല തീർത്തു.
ബാൽകും, കോൾഷേറ്റ്, ഡൊക്കാലി എന്നിവിടങ്ങളിൽ നിന്നുള്ളവർ ബാൽകും-ഭിവൺഡി -ആഗ്ര റോഡിലെ കളർകെം കമ്പനിക്കു സമീപം പ്ലക്കാർഡുകൾ ഉയർത്തിയും പരമ്പരാഗത ബറൂദ് (നാടോടി) ഗാനങ്ങൾ അവതരിപ്പിച്ചും പ്രതിഷേധത്തിലാണ്. 53 ഏക്കർ വിസ്തൃതിയുള്ള ഈ സ്ഥാപനത്തിന്റെ ഭൂമിയാണ് സംഘർഷത്തിന്റെ കേന്ദ്രബിന്ദു.
വിശാഖപട്ടണത്ത് ഗൂഗിളിന്റെ പിന്തുണയോടെ അദാനി ഗ്രൂപ്പ് ആരംഭിക്കുന്ന എ.ഐ. ഡേറ്റാ സെന്ററിനെതിരേയും പ്രതിഷേധം ശക്തമായിട്ടുണ്ട്. 1.2 ലക്ഷം കോടിയുടെ പദ്ധതിക്ക് ആന്ധ്രപ്രദേശ് സർക്കാർ 2025 ഒക്‌ടോബറിൽ അനുമതി നൽകിയിരുന്നു. തർലുവാഡ, അദവിവാരം-മുഡസർലോവ, റാംബിള്ളി എന്നീ സ്ഥലങ്ങളിലായി 500 ഏക്കറിലാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. വിശാഖപട്ടണത്തെയും താനെയിലെയും ജനങ്ങൾ പദ്ധതിയുടെ ജലത്തിന്റെയും വൈദ്യുതിയുടെയും ഉപഭോഗത്തെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തുന്നു
സ്കൂളുകൾക്കും ആശുപത്രികൾക്കും സമീപം ഡേറ്റാ സെന്റർ വരുന്നത് രൂക്ഷമായ പരിസ്ഥിതി പ്രശ്‌നങ്ങൾക്കിടയാക്കുമെന്നാണ് ജനത്തിന്റെ ആശങ്ക. ഡേറ്റാ സെന്റർ തണുപ്പിക്കുന്നതിനായി പ്രതിദിനം 1.2 കോടി ലിറ്റർ ജലം വേണം.
കൂടാതെ, 90 ഡെസിബെൽ ശബ്ദവുമുണ്ടാകും. 80,000 എയർകണ്ടീഷനറുകൾ പുറന്തള്ളുന്ന ചൂട് നിമിത്തംഇവിടെ ജനങ്ങൾക്ക് താമസിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്നും അവർ ഭയക്കുന്നു.
താനെയിൽ ഡേറ്റാ സെന്റർ വരുന്നത് എട്ട് പ്രധാന റെസിഡൻഷ്യൽ കോംപ്ലക്‌സുകൾ, അഞ്ച് സ്‌കൂളുകൾ, മൂന്ന് ആശുപത്രികൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു കിലോമീറ്റർ ചുറ്റളവിലാണ്. ഡേറ്റാ സെന്ററിലെ എയർകണ്ടീഷനിങ് യൂണിറ്റുകൾകാരണം രണ്ടുമുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരും. ഉയർന്ന വൈദ്യുതി ഉപയോഗം പ്രദേശത്ത് ലോഡ് ഷെഡിങ്ങിനിടയാക്കുമെന്നും ജനം ഭയക്കുന്നു. സ്‌കൂളുകൾക്കും ആശുപത്രികൾക്കും സമീപം ശബ്ദപരിധി 90 ഡെസിബലിന് മുകളിലേക്ക് എത്തുമെന്നും ആശങ്കയുണ്ട്.
പ്രതിഷേധം വിദേശനിക്ഷേപത്തിന് എതിരല്ലെന്നും ജനസാന്ദ്രതയേറിയ പ്രദേശത്ത് ജനങ്ങളെ ബാധിക്കുന്ന പദ്ധതിയായതിനാലാണ് എതിർപ്പ് ഉയരുന്നതെന്നും പ്രതിഷേധത്തിന്റെ മുൻനിരയിലുള്ള ബി.ജെ.പി. പ്രവർത്തകൻ ദയാനന്ദ് നെനെ പറയുന്നു.
ആമസോണിന്റെ മറുപടി
പ്രതിഷേധക്കാരുടെ ആശങ്കകൾക്ക് മറുപടിയുമായി ആമസോൺ അധികൃതർ രംഗത്തുവന്നിട്ടുണ്ട്.
ഡേറ്റാ സെന്റർ തണുപ്പിക്കുന്നതിനായി പ്രാദേശിക കുടിവെള്ള സ്രോതസ്സുകൾ ഉപയോഗിക്കില്ലെന്നും എയർ കൂളിങ് സാങ്കേതികവിദ്യയാണ് പ്രയോഗിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ സ്വന്തമായി പ്രത്യേക സബ് സ്റ്റേഷനുകൾ നിർമിക്കും.
ശബ്ദമലീനികരണം നിയന്ത്രിക്കാൻ ഇൻസുലേഷൻ സംവിധാനം ഒരുക്കും. എന്നാൽ, ഈ വിശദീകരണങ്ങൾ ജനത്തെ തൃപ്തരാക്കിയിട്ടില്ല.
എന്താണ് ഡേറ്റ സെന്റർ?
ഇന്റർനെറ്റിലെ വിവരങ്ങൾ (ഡിജിറ്റൽ) ഒരിടത്ത് അതിസുരക്ഷിതമായി സൂക്ഷിക്കുന്ന സംവിധാനമാണ് ഡേറ്റ സെന്ററുകൾ.
ഡേറ്റ മോഷണം തടയുന്നത് ഉൾപ്പെടെയുള്ള സംവിധാനം ഇവിടെ ഉണ്ടാകും. ഒരു ഡേറ്റ സെന്റർ എന്നത് കംപ്യൂട്ടർ സിസ്റ്റങ്ങൾ, സെർവറുകൾ, ഡേറ്റ സ്റ്റോറേജ് ഡ്രൈവുകൾ, നെറ്റ്‌വർക്ക് ഉപകരണങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന സംവിധാനമാണ്. സിനിമകൾ സ്ട്രീം ചെയ്യൽ, ഓൺലൈൻ പെയ്‌മന്റുകൾ നടത്തൽ എന്നിവ മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് വരെ ഉപയോഗിക്കുന്ന ഡിജിറ്റൽ ഡേറ്റയും ആപ്ലിക്കേഷനുകളും ഇത് പ്രോസസ്സ് ചെയ്യുകയും സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നു.
നിർമിതബുദ്ധിയുടെ യുഗത്തിൽ ഡേറ്റ സെന്ററുകൾ വിപ്ലവംതന്നെ സൃഷ്ടിക്കുന്നു. 2024-ൽ ലോകത്ത് എ.ഐ. ഡേറ്റ സെന്റർ മേഖലയിലെ നിക്ഷേപം ഏകദേശം 4.75 ലക്ഷം കോടിരൂപയുടേതായിരുന്നു. ലോകത്ത് 32 രാജ്യങ്ങളിലായി 11,800 ഡേറ്റ സെന്ററുകൾ പ്രവർത്തിക്കുന്നു. വലിയ തൊഴിലവസരങ്ങളാണ് ഇത് സൃഷ്ടിക്കുന്നത്.
താനെ: ആമസോൺ ഡേറ്റാ സെന്റർ. വിസ്തൃതി-53.8 ഏക്കർ
വിശാഖപട്ടണം: ഗൂഗിൾ ഡേറ്റാ െസന്റർ (ഏഷ്യയിലെ ഏറ്റവും വലിയ സെന്ററുകളിലൊന്ന്) വിസ്തൃതി-500 ഏക്കർ
ജനങ്ങൾ പങ്കുവെക്കുന്ന ആശങ്കകൾ
ഡാറ്റാ സെന്റർ തണുപ്പിക്കുന്നതിന് 1.2 കോടി ലിറ്റർ വെളളം;ഇത് പ്രദേശത്തെ കുടിവെള്ളക്ഷാമത്തിലാക്കാം
എയർകണ്ടീഷനറുകൾ പുറന്തള്ളുന്ന ചൂട് അന്തരീക്ഷചൂട് ഉയർത്താം
സെന്ററുകളിെല ഉയർന്ന വൈദ്യുതി ഉപയോഗം പ്രദേശത്തെ ലോഡ് ഷെഡിങ്ങിനിടയാക്കാം
വിശാഖപട്ടണത്തെ സെൻററിന്റെ നിർമാണപ്രവർത്തനങ്ങളും ശബ്ദമലിനീകരണവും സമീപത്തുള്ള കംബാലകൊണ്ട വന്യജീവി സങ്കേതത്തിന് വെല്ലുവിളിയാകും
Content Highlights: Protests erupted in Thane, Maharashtra against Amazon's proposed 422 MW data center., Similar protests are ongoing in Visakhapatnam against the Adani-Google AI data center project approved in October 2025., Residents fear severe environmental issues, high water and electricity consumption, noise pollution, and temperature rise near residential areas, schools, and hospitals., Amazon stated they will use air cooling technology and build dedicated substations, but locals remain unconvinced.
Published: 14 Aug 2026, 08:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented