
കുഞ്ചിത്തണ്ണി (ഇടുക്കി): കൈയേറ്റക്കാർ വെട്ടിപ്പിളർന്ന ചൊക്രമുടിയിലേക്ക് ഒരു വ്യാഴവട്ടക്കാലത്തിനുശേഷം നീലക്കുറിഞ്ഞിവസന്തം വീണ്ടും എത്തുന്നു. മലയിൽ എമ്പാടും നീലക്കുറിഞ്ഞികൾ പൂത്തുതുടങ്ങി. കാലാവസ്ഥ അനുകൂലമായാൽ നവംബറോടെ മലമുഴുവൻ നീലക്കടലാകും.
കേരളത്തിലെ രണ്ടാമത്തെ ഉയരംകൂടിയ കൊടുമുടിയാണ് ചൊക്രമുടി. അതിമനോഹരമായ പ്രദേശം. 2014-ലാണ് മുമ്പ് ഇവിടെ നീലക്കുറിഞ്ഞി പൂത്തത്. അടുത്ത വസന്തം ഉടൻ എത്തുമെന്നാണ് പ്രതീക്ഷ. അതോടെ മൂന്നാർ, മറയൂർ മേഖലയിലേക്ക് വിനോദസഞ്ചാരികൾ ഒഴുകിയെത്തും.
2014-ൽ നീലക്കുറിഞ്ഞി പൂത്തപ്പോൾത്തന്നെ ചൊക്രമുടിയിൽ കൈയേറ്റക്കാർ കണ്ണുവെച്ചിരുന്നു. 2024 ജൂണിലാണ് കടുംവെട്ട് നടന്നത്. ചട്ടവിരുദ്ധമായി നേടിയ പട്ടയം ഉപയോഗിച്ച് കൈയേറ്റക്കാർ ചൊക്രമുടിയുടെ ഒരുഭാഗം നെടുകെപ്പിളർന്ന് കോൺക്രീറ്റ് റോഡ് നിർമിച്ചു.
ആയിരത്തോളം മരങ്ങൾ വെട്ടിക്കടത്തി. അതിലുമധികം കുറിഞ്ഞിച്ചെടികൾ പിഴുതുമാറ്റി. സ്ഥലം പ്ലോട്ടുകളായി തിരിച്ച് വിറ്റു. വലിയ തടയണയും നിർമിച്ചതോടെ പ്രദേശം ഉരുൾപൊട്ടൽ ഭീതിയിലായി. മാതൃഭൂമിയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. ആദിവാസികൾ ഉൾപ്പെടെയുള്ള പ്രദേശവാസികൾ കൈയേറ്റത്തിന് എതിരേ വലിയ ചെറുത്തുനിൽപ്പാണ് നടത്തിയത്. ഒടുവിൽ സർക്കാരിന് ഇടപെടേണ്ടിവന്നു.
അന്വേഷണത്തിൽ ചട്ടവിരുദ്ധമെന്നുകണ്ട് പട്ടയങ്ങൾ റദ്ദാക്കി. കൂട്ടുനിന്ന നാല് റവന്യൂ ഉദ്യോഗസ്ഥരെ സസ്‌പെൻഡുചെയ്തു. കഴിഞ്ഞ വർഷം ഒറ്റപ്പെട്ട ചില ചെടികൾ പൂത്തുതുടങ്ങിയിരുന്നു. ഇത്രയും ഒരുമിച്ച് മൊട്ടിടുന്നത് ഇപ്പോഴാണ്. നാട്ടുകാരുടെ നിശ്ചയദാർഢ്യമാണ് ചൊക്രമുടിയെയും നീലക്കുറിഞ്ഞി വസന്തത്തെയും രക്ഷിച്ചത്.
Content Highlights: Neelakurinji flowers bloom again in Chokramudi after the 2024 land encroachment crisis.
Published: 20 Jul 2026, 07:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented