ഇംഗ്ലണ്ടിന്റെ കിഴക്കൻ തീരത്തിന് അടിയിൽ, ആഴമേറിയ പാറക്കെട്ടുകൾക്കിടയിൽ മയങ്ങിക്കിടന്ന ഭീമൻ രഹസ്യം ശാസ്ത്രജ്ഞർ ഒടുവിൽ പുറത്തെടുത്തു! ദിനോസറുകൾ ഭൂമിയിൽ എത്തുന്നതിനും 20 കോടി വർഷങ്ങൾക്ക് മുൻപ് പൊട്ടിത്തെറിച്ച 'സൂപ്പർ വോൾക്കാനോ' (Supervolcano) അഥവാ മഹാ അഗ്‌നിപർവ്വതത്തിന്റെ രഹസ്യമാണ് വെളിപ്പെട്ടത്.

To advertise here,

ഇംഗ്ലണ്ടിലെ ഓർഫോർക്ക്, ലിങ്കൺഷെയർ പ്രദേശങ്ങൾക്കിടയിലെ 'ദി വാഷ്' (The Wash) എന്ന പ്രകൃതിദത്ത ഉൾക്കടലിന് താഴെയാണ് ഈ കൂറ്റൻ അഗ്‌നിപർവ്വതം. ബ്രിട്ടീഷ് ജിയോളജിക്കൽ സർവേയിലെയും ഓസ്ലോ സർവ്വകലാശാലയിലെയും ശാസ്ത്രജ്ഞർ ചേർന്ന് നടത്തിയ പഠനത്തിലാണ് രഹസ്യം വെളിവായത്. ഏകദേശം 45.4 കോടി വർഷങ്ങൾക്ക് മുമ്പായിരിക്കാം ഇത് പൊട്ടിത്തെറിച്ചതെന്ന് അനുമാനിക്കുന്നു.

ഇറ്റലിയിലെ മൗണ്ട് എറ്റ്‌ന അഗ്‌നിപർവ്വതത്തേക്കാൾ ആയിരക്കണക്കിന് മടങ്ങ് ശേഷിയുള്ള പ്രളയതുല്യമായ പൊട്ടിത്തെറിയായിരുന്നു അത്. ആയിരക്കണക്കിന് ഹൈഡ്രജൻ ബോംബുകൾ ഒരുമിച്ച് പൊട്ടിത്തെറിക്കുന്നതിന് തുല്യമായ ഊർജ്ജമായിരിക്കും അന്ന് പുറത്തുവന്നത്. 80 വർഷങ്ങൾക്ക് മുൻപ് ഡ്രിൽ ചെയ്‌തെടുത്ത  പാറകളുടെ സാമ്പിളുകൾ ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് വീണ്ടും പരിശോധിച്ചപ്പോഴാണ് സത്യം വെളിപ്പെട്ടത്.

അഗ്‌നിപർവ്വത സ്‌ഫോടനത്തിൽ 1,000 ക്യുബിക് കിലോമീറ്ററിലധികം അവശിഷ്ടങ്ങളും ലാവയും പുറന്തള്ളാൻ ശേഷിയുള്ളവയാണ് സൂപ്പർ വോൾക്കാനോ. നിലവിൽ ലോകത്ത് അമേരിക്കയിലെ 'യെല്ലോസ്റ്റോൺ' (Yellowstone), ഇൻഡൊനീഷ്യയിലെ 'ലേക് ടോബ' (Lake Toba) എന്നിവ ഉൾപ്പെടെ ഏകദേശം 20 സൂപ്പർ വോൾക്കാനോകൾ മാത്രമേ ഉള്ളൂ. നൂറ്റാണ്ടുകളായി നോർവേ, സ്വീഡൻ, ബെലാറസ്, പോളണ്ട് എന്നീ രാജ്യങ്ങളിലെ പാറക്കെട്ടുകളിൽ കണ്ടെത്തിയിരുന്ന 'കിന്നകുല്ലെ ടെഫ്ര' (Kinnekulle tephra) എന്ന പ്രകൃതിദത്ത ചാരപ്പടലം എവിടെ നിന്നുവന്നു എന്ന ചോദ്യത്തിന് ശാസ്ത്രത്തിന് ഉത്തരം ലഭിച്ചിരുന്നില്ല. ബ്രിട്ടന്റെ തീരത്ത് നടന്ന ഈ മഹാ സ്‌ഫോടനമാണ് യൂറോപ്പ് മുഴുവൻ ഈ ചാരപ്പടലം വിതറിയതെന്ന് പുതിയ പഠനത്തോടെ ഉറപ്പായി.