നട്ടെല്ലുള്ള ജീവികൾക്കെല്ലാം(vertebrates) ചുവപ്പുനിറമുള്ള ചോരയുണ്ട് എന്നാണ് പൊതുനിയമം. എന്നാൽ, ഈ നിയമം ലംഘിക്കുന്ന ഒരു കൂട്ടം മൽസ്യങ്ങളുണ്ട്. അന്റാർട്ടിക്ക് ഹിമമൽസ്യങ്ങളും ഏഷ്യൻ നൂഡിൽ മൽസ്യങ്ങളും. 2025 വരെ ചന്നിക്തീഡേ (Channichthyidae) കുടുംബത്തിലെ അന്റാർട്ടിക്ക് ഹിമമൽസ്യങ്ങൾ (Antarctic icefishes) മാത്രമാണ് ഇങ്ങനെ ചെഞ്ചോരയില്ലാത്ത നട്ടെല്ലികൾ എന്നായിരുന്നു ശാസ്ത്രലോകം കരുതിയിരുന്നത്. അപ്പോഴാണ് സലാങ്ഗിഡേ (Salangidae) കുടുംബത്തിലെ ഏഷ്യൻ നൂഡിൽമൽസ്യങ്ങൾ (Asian noodlefishes) രംഗപ്രവേശം നടത്തുന്നത്.

To advertise here,

ചുവന്ന രക്താണുക്കളുടെ ഉള്ളിലെ ഇരുമ്പ്-പ്രോട്ടീൻ സംയുക്തമായ ഹീമോഗ്ലോബിനാണ് രക്തത്തിന് ചുവപ്പുനിറം കൊടുക്കുന്നത്. ഈ രണ്ടുതരം മൽസ്യങ്ങളുടേയും രക്തത്തിൽ ചുവന്ന രക്താണുക്കളുമില്ല ഹീമോഗ്ലോബിനുമില്ല (ചില അന്റാർട്ടിക്ക് ഹിമമൽസ്യങ്ങളിൽ വിരളമായി രക്താണുക്കളുണ്ടെങ്കിലും അവ പ്രവർത്തനരഹിതമാണ്). അതുകൊണ്ടുതന്നെ അവയുടെ രക്തവും വർണരഹിതമാണ്.

അന്റാർട്ടിക്ക് ഹിമമൽസ്യങ്ങൾ

അന്റാർട്ടിക്ക് ഹിമമൽസ്യങ്ങളുടെ വിഹാരരംഗം അന്റാർട്ടിക്കയ്ക്ക് ചുറ്റുമുള്ള ദക്ഷിണ സമുദ്രമാണ്. സമുദ്രത്തിന്റെ അടിത്തട്ടിലാണ് മിക്ക സ്പീഷീസുകളും ജീവിക്കുന്നത്. ഇതുവരെയായി 11 ജനുസ്സുകളിലായി 16 സ്പീഷീസുകൾ കണ്ടെത്തിയിട്ടുണ്ട്. 1844 ൽ കണ്ടെത്തിയ കീനിക്തിസ് റൈനോസെറേറ്റസാണ് (Chaenichthys rhinoceratus) ലോകത്ത് ആദ്യമായി കണ്ടെത്തിയ അന്റാർട്ടിക്ക് ഹിമമൽസ്യം. എന്നാൽ, അക്കാലത്ത് അവയുടെ രക്തത്തിൽ ഹീമോഗ്ലോബിൻ ഇല്ല എന്നൊന്നുമറിയില്ലായിരുന്നു. ഏകദേശം ഒരു നൂറ്റാണ്ട് കഴിഞ്ഞാണ് ആ കണ്ടെത്തൽ നടന്നത്. കൊടുംതണുപ്പുള്ള ജലത്തിൽ ജീവിക്കുന്നതിനാലാണ് അവയെ ഹിമമൽസ്യങ്ങൾ (icefishes) എന്ന് വിളിക്കുന്നത്.

മൈനസ് 1.8 മുതൽ പ്ലസ് 2 ഡിഗ്രി സെൽഷ്യസ് വരെയാണ് അവ ജീവിക്കുന്ന ജലത്തിന്റെ താപം. നീണ്ടതും അറ്റം കൂർത്തതുമാണ് ശരീരം. ശൽക്കങ്ങൾ തീരെയില്ല. തല പരന്നതാണ്. വലിയ വായും ചെറിയ പല്ലുകളുമുണ്ട്. വെള്ളി കലർന്ന മങ്ങിയ ചാരമാണ് പ്രധാന നിറം. ചില സ്പീഷീസുകൾക്ക് നേർത്ത വയലറ്റ് നിറവുമുണ്ടാകും. ശരീരത്തിന്റെ അടിഭാഗം വെള്ളനിറവും തലയും പുറവും ഇരുണ്ടതുമാണ്. വലുപ്പം ശരാശരി 35-75 സെന്റീമീറ്റർ വരും. തണുത്ത ചുറ്റുപാടിൽ വളരുന്നതിനാൽ ശാരീരിക പ്രവർത്തനങ്ങളും വളർച്ചയും പതുക്കെയാണ്. ആയുസ്സ് 5-18 വർഷങ്ങളും. ചെകിളകളും ഹൃദയവും വെള്ളനിറമാണ്. മൽസ്യങ്ങളും ക്രിൽ വിഭാഗത്തിൽപെട്ട ചെമ്മീനുകളുമാണ് ഭക്ഷണം. ഭക്ഷണമില്ലാതെ കുറെക്കാലം ജീവിക്കാനുള്ള കഴിവുമുണ്ട്. ചില ഹിമമൽസ്യങ്ങൾ കടലിന്റെ അടിത്തട്ടിൽ കൂടുകളുണ്ടാക്കുന്നത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ആൺ മൽസ്യങ്ങളാണ് കൂടുണ്ടാക്കുന്നത്. കൂടുണ്ടാക്കുന്ന സ്ഥലത്തെ ചവറുകൾ മാറ്റി, പിൻചിറകിലെ മുഴപോലുള്ള ഭാഗം കൊണ്ട് നിലം നിരപ്പാക്കിയാണ് കൂടൊരുക്കുന്നത്. മിക്കവാറും വൃത്താകൃതിയിലായിരിക്കും കൂട്. മുട്ടകൾക്ക് മുതിർന്ന മൽസ്യങ്ങൾ കാവൽ നിൽക്കും. 2022-ൽ ഇത്തരത്തിലുള്ള കോടിക്കണക്കിന് കൂടുകൾ അന്റാർട്ടിക്കയിലെ വെഡ്ഡൽ കടലിന്റെ (Weddell sea) അടിത്തട്ടിൽ കണ്ടെത്തിയിരുന്നു. ഓരോ കൂട്ടിലും ശരാശരി 1735 മുട്ടകളുണ്ടായിരുന്നു. ഓരോ കൂടിന്റേയും സംരക്ഷണച്ചുമതല ഒരു മുതിർന്ന മൽസ്യത്തിന് കീഴിലായിരുവെന്ന് ഗവേഷകർ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 240 ചതുരശ്ര കിലോ മീറ്റർ വിസ്തൃതിയുള്ള പ്രദേശത്തായിരുന്നു ഈ കൂടുകൾ. ഹിമമൽസ്യങ്ങൾ ഭക്ഷ്യയോഗ്യമാണ്. ചില സ്പീഷീസുകളെങ്കിലും വാണിജ്യാടിസ്ഥാനത്തിൽ ചൂഷണം ചെയ്യപ്പെടുന്നുണ്ട്.

ഹീമോഗ്ലോബിനില്ലെന്ന് കണ്ടെത്തുന്നു

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽതന്നെ ദക്ഷിണ അറ്റ്‌ലാന്റിക്ക് സമുദ്രത്തിലെ ബ്രിട്ടീഷ് ദ്വീപായ ദക്ഷിണ ജോർജ്ജിയ ദ്വീപ് കേന്ദ്രീകരിച്ച് തിമിംഗലവേട്ട (whaling) നടത്തുന്നവർക്ക് 'ചോരയില്ലാത്ത' മൂന്ന് തരം മൽസ്യങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നു. എന്നാൽ, ഇത് ശാസ്ത്രീയമായി സ്ഥിരീകരിച്ചിരുന്നില്ല. ഓസ്ലോ സർവകലാശാലയിലെ (നോർവേ) ജീവശാസ്ത്ര പ്രൊഫസ്സർ യൊഹാൻ റൂഡ് (Johan T Ruud) ചോരയില്ലാത്ത മൽസ്യങ്ങളെക്കുറിച്ച് ആദ്യമായി കേൾക്കുന്നത് 1929-ൽ ദക്ഷിണ ജോർജ്ജിയ സന്ദർശിച്ചപ്പോഴാണ്. എന്നാൽ, അദ്ദേഹത്തിന് ഈ മൽസ്യങ്ങളെ നേരിട്ട് കാണാൻ കഴിഞ്ഞില്ല. ഏതാനും വർഷങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ സുഹൃത്തും ജീവശാസ്ത്രജ്ഞനുമായ ഡി. റുസ്താദ് (D. Rustad) ബൌവറ്റ് ദ്വീപിൽ നിന്ന് (നോർവെയുടെ അധീനതയിലുള്ള ദക്ഷിണ അറ്റ്‌ലാന്റിക്ക് സമുദ്രത്തിലെ ദ്വീപ്) അദ്ദേഹം പിടിച്ച 'വെളുത്ത മുതലമൽസ്യങ്ങളുടെ' ഏതാനും ഫോട്ടോകൾ സമ്മാനിച്ചു. ഈ ഫോട്ടോകളെ അടിസ്ഥാനമാക്കി സ്വീഡിഷ് ജന്തുശാസ്ത്രജ്ഞൻ ഓർവാർ നൈബെലിൻ (Orvar Nybelin) മേൽപ്പറഞ്ഞ മൽസ്യം പുതിയ സ്പീഷീസാണെന്ന തെറ്റിദ്ധാരണയിൽ 1947-ൽ ഇതിന് കീനോസെഫാലസ് ബൂവെട്ടെൻസിസ് (Chaenocephalus bouvetensis) എന്ന് പേര് നൽകി പ്രസിദ്ധീകരിച്ചു. അതിൽ ഈ മൽസ്യത്തിന്റെ രക്തം വർണരഹിതമാണെന്നും അദ്ദേഹം രേഖപ്പെടുത്തി.

യാഥാർത്ഥത്തിൽ ഈ മൽസ്യം നേരത്തെ തന്നെ മറ്റൊരു സ്വീഡിഷ് ജന്തുശാസ്ത്രജ്ഞനായ ഐനാർ ലോൺബെർഗ് (Einar Lonnberg) 1906-ൽ ദക്ഷിണ ജോർജ്ജിയയിൽനിന്ന് കണ്ടെത്തിയ കീനോസെഫാലസ് അസറേറ്റസ് (Chaenocephalus aceratus ) എന്ന സ്പീഷീസാണെന്ന് പിൽക്കാലത്ത് കണ്ടെത്തി. എങ്കിലും ഹിമമൽസ്യത്തിന്റെ രക്തം വർണരഹിതമാണെന്ന് ആദ്യമായി രേഖപ്പെടുത്തിയത് നൈബെലിനാണ്. തുടർന്നുള്ള വർഷങ്ങളിൽ പ്രൊഫസ്സർ യൊഹാൻ റൂഡ് ഹിമമൽസ്യങ്ങളുടെ രക്തത്തിൽ പഠനങ്ങൾ നടത്തി. തന്റെ നിരീക്ഷണങ്ങൾ 1954 മെയ് മാസം പ്രശസ്ത ശാസ്ത്ര ജേണൽ ആയ നേച്ചറിൽ പ്രസിദ്ധീകരിച്ചു. അതോടെയാണ് ലോകം മുഴുവൻ ഹിമമൽസ്യങ്ങളെ അത്ഭുതത്തോടെ ശ്രദ്ധിച്ചുതുടങ്ങിയത്.

അദ്ദേഹത്തിന്റെ ചില നിരീക്ഷണങ്ങൾ:

''ഈ മൽസ്യത്തിന്റെ രക്തം ശേഖരിച്ചയുടൻ ഏതാണ്ട് സുതാര്യമായിരിക്കും. നേരിയ മഞ്ഞനിറമുണ്ടാകും. രണ്ടുമൂന്ന് മിനിറ്റിനകം കട്ടപിടിച്ച് കുഴമ്പുരൂപത്തിലാകും. അരമണിക്കൂറോളം കടഞ്ഞെടുത്താൽ മുകളിലെ പ്ലാസ്മ വെള്ളംപോലെ തെളിഞ്ഞുവരും. ആകെ വ്യാപ്തത്തിന്റെ ഒരു ശതമാനം വരുന്ന കോശങ്ങൾ അടിയിൽ ഊറിക്കൂടും. ചുവന്ന രക്താണുക്കൾ ഒരെണ്ണം പോലുമില്ല. എന്നാൽ, ന്യൂക്ലിയസുള്ള ഏതാനും കോശങ്ങൾ കണ്ടു. അവ ശ്വേത രക്താണുക്കൾ ആയിരിക്കും.''

ഏഷ്യൻ നൂഡിൽമൽസ്യങ്ങൾ

ഗവേഷണ ജീവിതത്തിന്റെ ഭൂരിഭാഗവും അന്റാർട്ടിക്ക് ഹിമമൽസ്യങ്ങളിൽ പഠനം നടത്തിയ ശാസ്ത്രജ്ഞനാണ് ബോസ്റ്റണിലെ നോർത്ത് ഈസ്റ്റേൺ സർവകലാശാലയിൽനിന്ന് വിരമിച്ച പ്രൊഫസ്സർ എച്ഛ്. വില്ല്യം ഡെട്ട്രിച്ച് (H. William Detrich).

2026 ജനവരി ഒന്നിന് നോർത്ത് ഈസ്റ്റേൺ ഗ്ലോബൽ ന്യൂസിന് കൊടുത്ത അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു: ''അന്റാർട്ടിക്ക് ഹിമമൽസ്യങ്ങളിലെ പഠനം കഴിഞ്ഞപ്പോൾ കഥ അവസാനിച്ചുവെന്നാണ് ഞാൻ വിചാരിച്ചത്. അപ്പോഴാണ് നൂഡിൽമൽസ്യങ്ങൾ വന്ന് എന്നെ വിസ്മയിപ്പിച്ചത്. ഓക്‌സിജൻ വഹിച്ചുകൊണ്ടുപോകാൻ ചുവന്ന രക്താണുക്കളുടെ സഹായം വേണ്ടാത്ത സ്പീഷീസുകൾ ഇനിയുമുണ്ടാകാം.''

ചൈനീസ് ഗവേഷകരോടൊപ്പം നൂഡിൽമൽസ്യങ്ങളിൽ നടത്തിയ വിശദപഠനം 2025-ലാണ് അദ്ദേഹം പ്രസിദ്ധീകരിച്ചത്.

കിഴക്കനേഷ്യൻ രാജ്യങ്ങളിലെ ജലാശയങ്ങളിലാണ് സൂചിയുടെ ആകൃതിയുള്ള ഏഷ്യൻ നൂഡിൽമൽസ്യങ്ങൾ ജീവിക്കുന്നത്. തെക്ക് വിയറ്റ്‌നാം മുതൽ വടക്ക് കിഴക്കൻ റഷ്യ വരെയാണ് ഇവയുടെ ആവാസമേഖല. ചൈന, കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളും ഇതിലുൾപ്പെടും. ചൈനയിലാണ് ഏറ്റവുംകൂടുതൽ സ്പീഷീസ് വൈവിധ്യമുള്ളത്. അങ്ങനെ നോക്കുമ്പോൾ അന്റാർട്ടിക്ക് ഹിമമൽസ്യങ്ങൾ തെക്കരും ഏഷ്യൻ നൂഡിൽ മൽസ്യങ്ങൾ വടക്കരുമാണ്. ഈ ധ്രുവാന്തരം മറ്റ് പല കാര്യങ്ങളിലും ഇവയ്ക്കിടയിലുണ്ട്.

ശുദ്ധജലാശയങ്ങൾ, അഴിമുഖങ്ങൾ, തീരക്കടലുകൾ തുടങ്ങി വ്യത്യസ്ത ആവാസവ്യവസ്ഥകളിൽ ജീവിക്കുന്ന സ്പീഷീസുകളുണ്ട്. ഇതുവരെയായി 12 സ്പീഷീസുകളുള്ളതായി ഉറപ്പിച്ചിട്ടുണ്ട്. അന്റാർട്ടിക്ക് ഹിമമൽസ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇവ കുഞ്ഞുമൽസ്യങ്ങളാണ്. മുതിർന്ന മൽസ്യങ്ങളുടെ രൂപപരവും സ്വഭാവപരവുമായ പല സവിശേഷതകളും അവയുടെ ലാർവ ജീവിതത്തിലുള്ളത് അതേപടി നിലനിർത്തിയതാണ്. ഇങ്ങനെ ലാർവാ സവിശേഷതകൾ മുതിർന്നുകഴിഞ്ഞാലും മാറാത്ത പ്രതിഭാസത്തെ നിയോട്ടണി (neoteny) എന്നാണ് പറയുന്നത്.

ശരാശരി നീളം 4 മുതൽ 25 സെന്റീമീറ്റർ വരെയാണ്. ശരീരം പൂർണമായും സുതാര്യമാണ്. പെൺമൽസ്യങ്ങൾക്ക് ശൽക്കങ്ങളില്ല. ആൺമൽസ്യങ്ങൾക്ക് ഏതാനും ശൽക്കങ്ങളുണ്ടാകും. തല പരന്നതാണ്. വായിൽ ധാരാളം പല്ലുകളുണ്ട്. ജലാശയങ്ങളുടെ ഉപരിതലത്തോട് ചേർന്നാണ് സാധാരണയായി ഇവ ജീവിക്കുന്നത്. നൂഡിൽ മൽസ്യങ്ങൾ വളരെ വേഗത്തിൽ വളർന്ന് പ്രായപൂർത്തിയെത്തും. ശരാശരി ഒരു വർഷമാണ് ആയുസ്സ്. ഉയർന്ന വാണിജ്യമൂല്യമുള്ള മൽസ്യം കൂടിയാണ് നൂഡിൽ മൽസ്യങ്ങൾ. കൊച്ചുമൽസ്യങ്ങളും ചെമ്മീൻ വർഗത്തിൽപെട്ട ചെറിയ ജീവികളുമാണ് ഭക്ഷണം. അന്റാർട്ടിക്ക് ഹിമമൽസ്യങ്ങളിൽ നടന്നതുപോലെ അധികം പഠനങ്ങൾ നൂഡിൽ മൽസ്യങ്ങളിൽ നടന്നിട്ടില്ല.

ഹീമോഗ്ലോബിനില്ലാത്ത ജീവിതം

ശ്വസനേന്ദ്രിയങ്ങളിൽനിന്ന് (മൽസ്യങ്ങളിൽ ചെകിളകൾ) കോശങ്ങളിലേക്ക് ഓക്‌സിജനെത്തിക്കുക എന്നതാണല്ലോ ഹീമോഗ്ലോബിന്റെ പ്രധാന ധർമ്മം. മൊത്തം ഓക്‌സിജന്റെ 97 ശതമാനവും വഹിച്ചുകൊണ്ടുപോകുന്നത് ഹീമോഗ്ലോബിനാണ്. ബാക്കി മൂന്ന് ശതമാനം മാത്രമാണ് രക്തത്തിലുള്ള (പ്ലാസ്മ) ജലത്തിൽ ലയിക്കുന്നത്. അങ്ങനെയെങ്കിൽ ഈ മൽസ്യങ്ങളുടെ കോശങ്ങളിൽ എങ്ങനെയാണ് ഓക്‌സിജനെത്തുന്നത്? ഈ പ്രതിസന്ധി മറികടക്കാൻ അന്റാർട്ടിക്ക് ഹിമമൽസ്യങ്ങളിൽ പ്രത്യേക സംവിധാനങ്ങളുണ്ട്.

ഒന്നാമത് രക്തത്തിന്റെ താഴ്ന്ന താപനില. ഏത് രക്തത്തിന്റേയും 90 ശതമാനം വരെ ജലമാണ്. ഊഷ്മാവ് കുറയുന്തോറും ജലത്തിൽ ലയിക്കുന്ന ഓക്‌സിജന്റെ അളവും വർദ്ധിച്ചുവരും. ഉഷ്ണരക്ത ജീവിയുടെ രക്തത്തേക്കാൾ കൂടുതൽ ഓക്‌സിജൻ ജലത്തിൽ ലയിച്ച രൂപത്തിൽ വഹിച്ചുകൊണ്ടുപോകാൻ തണുത്ത രക്തത്തിന് കഴിയും. മാത്രമല്ല മൊത്തം രക്തത്തിന്റെ അളവ് മറ്റുമൽസ്യങ്ങളേക്കാൾ കൂടുതലുമാണ്. വലുപ്പം കൂടിയതും അതിവേഗം മിടിക്കുന്നതുമായ ഹൃദയവും വലിയ രക്തക്കുഴലുകളും കൂടുതൽ രക്തം കുറഞ്ഞ സമയത്തിനുള്ളിൽ ചംക്രമണം ചെയ്യാൻ സഹായിക്കുന്നു.

താഴ്ന്ന താപത്തിലും ജലം കട്ടയാകാതിരിക്കാൻ സഹായിക്കുന്ന പ്രത്യേക പ്രോട്ടീനുകളുമുണ്ട് (anti-freeze proteins). വേഗത കുറഞ്ഞ ശാരീരിക പ്രവർത്തനങ്ങൾ, കൂടുതൽ ഓക്‌സിജനെ അരിച്ചെടുക്കാൻ കഴിവുള്ള ചെകിളകൾ, എളുപ്പത്തിൽ പ്രവഹിക്കാൻ കഴിയുന്ന കട്ടി കുറഞ്ഞ രക്തം, ഓക്‌സിജനെ അരിച്ചെടുക്കാൻ കഴിവുള്ള ശൽക്കങ്ങളില്ലാത്ത തൊലി തുടങ്ങിയവയാണ് മറ്റ് അനുകൂലനങ്ങൾ.

ഏഷ്യൻ നൂഡിൽമൽസ്യങ്ങൾ ജീവിക്കുന്നത് താരതമ്യേന ഊഷ്മാവ് കൂടിയ ജലത്തിലാണ്. അതുകൊണ്ടുതന്നെ മറ്റൊരു തരത്തിലാണ് അവ ഹീമോഗ്ലോബിനില്ലാത്ത പ്രശ്‌നം പരിഹരിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട കാര്യം അവയുടെ വലിപ്പവും ആകൃതിയുമാണ്. വലുപ്പവും വണ്ണവും കുറവായതിനാൽ ശൽക്കങ്ങളില്ലാത്ത തൊലിയിലൂടെ രക്തത്തിലെത്തുന്ന ഓക്‌സിജൻ മതിയാവും അവയുടെ ജീവൽപ്രവർത്തനങ്ങൾക്ക്. മാത്രമല്ല, അവയുടെ ആയുസ്സ് ഒരു വർഷം മാത്രമാണ്.

ചില മൽസ്യങ്ങളുടെ ലാർവകളിൽ ചുവന്ന രക്താണുക്കളും ഹീമോഗ്ലോബിനും ഉണ്ടാകില്ല. ഉദാഹരണത്തിന് ഈൽ മൽസ്യങ്ങളുടെ ലാർവയായ ലെപ്‌റ്റോസെഫാലസുകൾക്ക് (leptocephalus). എന്നാൽ മുതിർന്നു കഴിഞ്ഞാൽ ഈലുകൾക്ക് ചുവന്ന രക്താണുക്കളും ഹീമോഗ്ലോബിനുമുണ്ടാകും. നൂഡിൽമൽസ്യങ്ങളുടെ കാര്യത്തിൽ ലാർവകളുടെ ഈ പ്രത്യേകത മുതിർന്ന മൽസ്യങ്ങളിലും അതേപോലെ തുടർന്നതായിരിക്കാം എന്നാണ് ഗവേഷകരുടെ അഭിപ്രായം.

രണ്ടുതരം പരിണാമം

ജനിതകപരമായും പരിണാമപരമായും അടുത്ത ബന്ധമില്ലാത്ത രണ്ട് കൂട്ടം മൽസ്യങ്ങളാണ് അന്റാർട്ടിക്ക് ഹിമമൽസ്യങ്ങളും ഏഷ്യൻ നൂഡിൽ മൽസ്യങ്ങളും. ഹീമോഗ്ലോബിനില്ലാത്ത അവസ്ഥയിലേക്കുള്ള പരിണാമവഴികൾ രണ്ടിലും വ്യത്യസ്തമാണ്. അന്റാർട്ടിക്ക് ഹിമമൽസ്യങ്ങളുടെ ഉൽപ്പത്തിയെക്കുറിച്ച് വ്യത്യസ്ത പരികൽപ്പനകളുണ്ട്. അവയുടെ ഉൽപ്പത്തി 60 ലക്ഷം വർഷങ്ങൾ മുൻപ് മാത്രമാണെന്നും അതല്ല 1.5-2 കോടി വർഷങ്ങൾക്ക് മുൻപാണെന്നുമുള്ള രണ്ട് പ്രധാന പരികൽപ്പനകളാണുള്ളത്.

ഹീമോഗ്ലോബിൻ ജീനുകളിലുണ്ടായ മ്യൂട്ടേഷനുകൾ അവയുടെ ഹീമോഗ്ലോബിൻ ഉൽപാദനശേഷി ഇല്ലാതാക്കിയെങ്കിലും ദക്ഷിണ സമുദ്രത്തിലെ താഴ്ന്ന ഊഷ്മാവ് കാരണം ഹീമോഗ്ലോബിന്റെ അഭാവത്തിലും അവയുടെ രക്തത്തിന് മതിയായ അളവിൽ ഓക്‌സിജൻ വഹിച്ചുകൊണ്ടുപോകാനുള്ള ശേഷി നൽകിയതിനാൽ വംശനാശം വരാതെ പിടിച്ചുനിൽക്കാൻ കഴിഞ്ഞെന്നാണ് കരുതപ്പെടുന്നത്. അവയോട് കിടമൽസരം നടത്താൻ മറ്റ് മൽസ്യങ്ങളില്ലാത്തതും രക്ഷയായി. കാലക്രമേണ ശരീരത്തിൽ പലതരത്തിലുള്ള മാറ്റങ്ങളുണ്ടായി. ഇന്നുകാണുന്ന തരത്തിലുള്ള മൽസ്യങ്ങളായി പരിണമിച്ചു.

ഗ്ലോബിൻ ജീനുകൾ നഷ്ടപ്പെടാനുള്ള മറ്റൊരു കാരണം ദക്ഷിണ സമുദ്രത്തിലെ ഇരുമ്പംശത്തിന്റെ കുറവായിരിക്കാമെന്നാണ് സമീപകാലത്ത് നടന്ന പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഏഷ്യൻ നൂഡിൽമൽസ്യങ്ങളുടെ പരിണാമവഴി വ്യത്യസ്തമാണ്. കാരണം, അവ ജീവിക്കുന്നത് തികച്ചും വ്യത്യസ്തമായ ചുറ്റുപാടിലാണല്ലോ. നൂഡിൽമൽസ്യങ്ങൾ അവയുടെ ഏറ്റവും അടുത്ത പൂർവികരിൽനിന്ന് വേർപെട്ടത് ഏകദേശം 3.7 കോടി വർഷങ്ങൾക്ക് മുമ്പാണെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്.

മ്യൂട്ടേഷനുകൾ കാരണം ലാർവയുടെ പ്രത്യേകതകൾ (ഹീമോഗ്ലോബിൻ ഇല്ലാത്ത അവസ്ഥ) മുതിർന്ന മൽസ്യങ്ങളിലും തുടരുന്ന നിയോട്ടണി എന്ന പ്രതിഭാസമായിരിക്കാം നൂഡിൽമൽസ്യങ്ങളിൽ ഹീമോഗ്ലോബിൻ ഇല്ലാത്ത അവസ്ഥ പരിണമിച്ചുണ്ടാകാൻ കാരണമെന്നാണ് ഡെട്ട്രിച്ചും സംഘവും അഭിപ്രായപ്പെടുന്നത്. നൂഡിൽമൽസ്യങ്ങളിൽ ഇത്തരത്തിലുള്ള ഒരേയൊരു പഠനം മാത്രമേ നടന്നിട്ടുള്ളൂ. ഭാവിയിൽ കൂടുതൽ പഠനങ്ങൾ നടക്കുമ്പോൾ പുതിയ പല രഹസ്യങ്ങളുടേയും ചുരുളഴിയാൻ സാധ്യതയുണ്ട്.

അധികവായനയ്ക്ക്:

Kock KH (2005). Antarctic icefishes (Channichthyidae): a unique family of fishes. A review, Part I. Polar Biol. 28: 862-895.

Ruud JT (1954). Vertebrates without erythrocytes and blood pigment. Nature. Vol. 73, May. 848-850.

Li YL, Xing TF, Yang H, Detrich HW, Liu JX (2025). Independent evolutionary deterioration of the oxygen-transport system in Asian noodlefishes and Antarctic icefishes. Current Biology. 35: 1-13.

Purser A. et al. (2022). A vast icefish breeding colony discovered in the Antarctic. Current Biology 32: 842-850.