കൊച്ചി: ഇടുക്കി മതികെട്ടാൻ ഷോല ദേശീയോദ്യാനത്തിൽ നിന്ന് പുതിയ ലൈക്കൺ ഇനം കണ്ടെത്തി. മഹാരാജാസ് കോളേജിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് കോളേജിനോടുള്ള ആദരസൂചകമായാണ് പുതിയ ഇനത്തിന് ബുവെല്ലിയ മഹാരാജെൻസിസ് (Buellia maharajensis) എന്ന് പേര് നൽകിയിരിക്കുന്നത്.

To advertise here,

മതികെട്ടാൻ ഷോല ദേശീയോദ്യാനത്തിൽ നടത്തിയ ലൈക്കൺ വൈവിധ്യ പഠനത്തിനിടെയാണ് പുതിയ ഇനം കണ്ടെത്തിയത്. കണ്ടെത്തലിനെക്കുറിച്ചുള്ള ഗവേഷണ പ്രബന്ധം അന്താരാഷ്ട്ര ശാസ്ത്രജേണലായ Taiwania-യുടെ 2026-ലെ പതിപ്പിൽ പ്രസിദ്ധീകരിച്ചു.മഹാരാജാസ് കോളേജിനെ സംബന്ധിച്ചിടത്തോളം ഈ കണ്ടെത്തലിന് പ്രത്യേക പ്രാധാന്യമുണ്ട്. ഗവേഷണ പ്രബന്ധത്തിന്റെ മുഖ്യ രചയിതാക്കളായ മൂന്ന് പേർ-അശ്വതി അനിൽകുമാർ, അരുൺ ക്രിസ്റ്റി, ഡോ. സ്റ്റീഫൻ സെക്യൂറ -മഹാരാജാസ് കോളേജിലെ സസ്യശാസ്ത്ര വിഭാഗത്തിലെ ലൈക്കണോളജി ലബോറട്ടറിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. ഇതേ ഗവേഷകസംഘം നേരത്തേയും മതികെട്ടാൻ ഷോല ദേശീയോദ്യാനത്തിൽ നിന്ന് മൂന്ന് പുതിയ ലൈക്കൺ ഇനങ്ങളെ കണ്ടെത്തി ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തിയിരുന്നു.

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ കീഴിലുള്ള കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (KFRI) ഡോ. സിൽജോ ജോസഫ്, ലക്നൗവിലെ സി.എസ്.ഐ.ആർ. - നാഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (NBRI) ഡോ. സഞ്ജീവ നായക, ഡോ. റോഷിനികുമാർ നംഗോം എന്നിവരും ഗവേഷകസംഘത്തിലുണ്ട്.

മഹാരാജാസ് കോളേജിന്റെ വിദ്യാഭ്യാസരംഗത്തെ ദീർഘകാല പാരമ്പര്യത്തെയും അക്കാദമിക മികവിനെയും ശാസ്ത്രീയ ഗവേഷണ രംഗത്തെ സംഭാവനകളെയും ആദരിച്ചാണ് പുതിയ ഇനത്തിന് 'മഹാരാജെൻസിസ്' എന്ന പ്രത്യേക നാമം നൽകിയിരിക്കുന്നത്.

പാറകളുടെ ഉപരിതലത്തിൽ വളരുന്ന സാക്‌സിക്കോളസ് ലൈക്കൻ ഇനമാണ് ബുവെല്ലിയ മഹാരാജെൻസിസ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,351 മീറ്റർ ഉയരത്തിലുള്ള ദേശീയയോദ്യാനത്തിന്റെ പ്രദേശത്തുനിന്നാണ് ഇതിനെ കണ്ടെത്തിയത്. ഇതേ ഗവേഷണ പ്രബന്ധത്തിൽ ബുവെല്ലിയ ഹെമിസ്ഫെറിക്ക (Buellia hemisphaerica), ബുവെല്ലിയ നിലഗിരൻസിസ് (Buellia nilgiriensis) എന്നീ രണ്ട് ലൈക്കൺ ഇനങ്ങളെ കേരളത്തിൽ ആദ്യമായി രേഖപ്പെടുത്തിയതായും റിപ്പോർട്ട് ചെയ്യുന്നു.

പശ്ചിമഘട്ടത്തിലെ സമ്പന്നവും സവിശേഷവുമായ ലൈക്കൺ വൈവിധ്യത്തെക്കുറിച്ചുള്ള അറിവിലേക്ക് പുതിയൊരു സംഭാവനയാണ് ഈ കണ്ടെത്തൽ. മഹാരാജാസ് കോളേജിന്റെ 150 വർഷത്തെ പാരമ്പര്യത്തിന് ശാസ്ത്രലോകം നൽകുന്ന ശ്രദ്ധേയമായൊരു ആദരം കൂടിയായി ബുവെല്ലിയ മഹാരാജെൻസിസ് (Buellia maharajensis) ന്റെ കണ്ടെത്തൽ മാറുന്നു.