വടകര: മൂന്നുസെന്റില്‍ മൂന്നുവര്‍ഷംകൊണ്ടൊരു കൊച്ചുവനം... അതും നാനൂറോളം മരങ്ങള്‍. അദ്ഭുതപ്പെടേണ്ടാ, വടകരയ്ക്ക് അടുത്ത ചോറോട്-മലോല്‍മുക്ക് റോഡില്‍ കുട്ടൂലിപ്പാലത്തിന് സമീപം അത്തരമൊരു കാട് വളരുന്നുണ്ട്. ചോറോട് സ്വദേശി എം.ടി. പ്രദീപ് കുമാറാണ് തന്റെ 47 സെന്റ് ഭൂമിയിലെ മൂന്നുസെന്റില്‍ ചുരുങ്ങിയ കാലംകൊണ്ട് മിയാവാക്കി മാതൃകയില്‍ കൊച്ചുവനം രൂപപ്പെടുത്തിയെടുത്തത്. മിയാവാക്കിയുടെ ചിട്ടവട്ടങ്ങളെല്ലാം പാലിച്ച്, നട്ട തൈകളെ ഒരുവര്‍ഷത്തോളം കൃത്യമായി പരിപാലിച്ചാണ് പ്രദീപ് ലക്ഷ്യം കൈവരിച്ചത്.

To advertise here,

150-ഓളം ഇനങ്ങളിലെ 480-ഓളം തൈകളാണ് പ്രദീപ് മൂന്നുസെന്റ് സ്ഥലത്ത് നട്ടത്. നടാനുദ്ദേശിച്ച സ്ഥലത്തുനിന്ന് 50 സെന്റിമീറ്റര്‍ ആഴത്തില്‍ മേല്‍മണ്ണ് എടുത്തുമാറ്റി, വീണ്ടും 50 സെന്റിമീറ്റര്‍ ആഴത്തില്‍ മണ്ണ് കിളച്ചിട്ടു. ശേഷം മേല്‍മണ്ണും ചാണകവും ചകിരിച്ചോറും ഉമിയും നിശ്ചിത അനുപാതത്തില്‍ കൂട്ടിക്കലര്‍ത്തി മുകളിലിട്ടു. ഒരു ചതുരശ്രമീറ്റര്‍ സ്ഥലത്ത് നാല് തൈകളാണ് നട്ടത്. തൈ നടുന്നതിനും മിയാവാക്കി പ്രകാരം പ്രത്യേക രീതിയുണ്ട്- മധ്യത്തില്‍ വലിയ മരമാകുന്ന ഒരു തൈ, രണ്ട് ചെറിയമരങ്ങളുടെ തൈ, ഒന്ന് കുറ്റിച്ചെടിയുടെ തൈ.

വനംപോലെ പല തട്ടിലുള്ള ഇലച്ചാര്‍ത്ത് ഇതിലൂടെ ഉറപ്പാക്കാം. മാത്രമല്ല, അടുപ്പിച്ച് നടുന്നതിനാല്‍ സൂര്യപ്രകാശത്തിനുവേണ്ടി ചെടികള്‍ മത്സരിച്ച് വളരും. വേരുകള്‍ തമ്മിലും ദൃഢമായ ബന്ധമുണ്ടാകും. മൂന്നുവര്‍ഷംകൊണ്ട് ഒരു തെങ്ങിന്റെ ഉയരത്തിലെത്തിയ മരംവരെ പ്രദീപിന്റെ വനത്തിലുണ്ട്.

2021-ലാണ് പ്രദീപ് വനത്തിന്റെ ഒരുക്കംതുടങ്ങിയത്. കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍നിന്നാണ് നൂറോളം ഇനം തൈകള്‍ കൊണ്ടുവന്നത്. തദ്ദേശീയമായ ഇനങ്ങളും സംഘടിപ്പിച്ചു. ഔഷധഗുണങ്ങളുള്ള ചെടികളും മരങ്ങളുമാണ് ഏറെയും. കരിങ്ങാലി, കരിനൊച്ചി, കരിങ്കുറിഞ്ഞി, കുമിഴ്, ഗണപതിനാരകം, താന്നി, നാഗദന്തി, നാഗമരം, നീര്‍മരുത്, നീലയമരി, പിച്ചകം, മഞ്ഞമന്ദാരം, വാതംകൊല്ലി, ഏഴിലംപാല, പൂവരശ്, കടമ്പ്, മാങ്കോസ്റ്റിന്‍, വള്ളിക്കാഞ്ഞിരം, നീര്‍മാതളം, അമുക്കുരം, അയ്യപ്പാല, കൂവളം തുടങ്ങിയവ.

തൈകള്‍ കൊണ്ടുവന്ന് നേരേ ഇവിടെ നടാന്‍ കഴിയില്ല. പ്ലാസ്റ്റിക് സഞ്ചിയില്‍നിന്ന് ചെടിച്ചട്ടിയിലേക്ക് മാറ്റി മൂന്നുമാസം വെക്കും. ശേഷം നടുന്നതിന്റെ രണ്ടാഴ്ച മുന്‍പേ നടുന്ന സ്ഥലത്തിന് സമീപം ഇവ കൊണ്ടുവെക്കും. കാലാവസ്ഥയുമായി പൊരുത്തപ്പെടാനാണിത്. ഒരുവര്‍ഷത്തോളം കൃത്യമായി നനച്ച് പരിപാലിച്ചു. പിന്നീട് തൈകള്‍ മത്സരിച്ച് വളരുന്നതാണ് കണ്ടതെന്ന് പ്രദീപ് പറഞ്ഞു. കുറച്ച് തൈകള്‍ സ്വാഭാവികമായി നശിച്ചു. ഇപ്പോള്‍ പക്ഷികളും ചിത്രശലഭങ്ങളും ഇവിടെ എത്താന്‍തുടങ്ങി. വനത്തിനുള്ളില്‍ കയറിയാല്‍ നല്ല തണുപ്പ്. ബാക്കിയുള്ള സ്ഥലത്ത് 75 ഇനം പഴവര്‍ഗത്തൈകളും വളര്‍ത്തുന്നുണ്ട്. മീന്‍ വളര്‍ത്തുന്ന ഒരു കുളവുമുണ്ട്.

എന്താണ് മിയാവാക്കി വനം

100-150 വര്‍ഷം കൊണ്ട് രൂപപ്പെടുന്ന സ്വാഭാവിക വനങ്ങളെ പരമാവധി 30 വര്‍ഷംകൊണ്ട് സൃഷ്ടിച്ചെടുക്കുന്ന ആശയമാണ് മിയാവാക്കി. അകിര മിയാവാക്കി എന്ന ജപ്പാനീസ് സസ്യശാസ്ത്രജ്ഞനാണ് ഈ വനവത്കരണരീതി വികസിപ്പിച്ചത്. നഗരങ്ങളിലുള്‍പ്പെടെ എളുപ്പത്തില്‍ വനവത്കരണം നടത്താന്‍ കഴിയുന്ന മാതൃകയാണിത്.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍  വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ  https://mbi.page.link/mbes