വെള്ളാങ്ങല്ലൂർ: വീട് വാങ്ങുമ്പോൾ ഏതൊരാളുടെയും ആഗ്രഹം അവിടേക്ക്‌ വഴിയുണ്ടാകണം എന്നതാണ്. എന്നാൽ വാങ്ങിയ വീടിനു മുന്നിലെ വാഹനങ്ങൾ കയറുന്ന വഴി അടച്ച് കൊച്ചു കാടൊരുക്കിയാലോ? വെള്ളാങ്ങല്ലൂർ മനയ്ക്കലപ്പടി സ്വദേശിയും ആർട്ട് യുഎഇ സ്ഥാപകനുമായ ആലുവക്കാരൻ വീട്ടിൽ സത്താർ അൽകരനാണ് വീടിന്റെ മുന്നിലെ നടവഴി മാത്രം ഒഴിച്ചിട്ട് കാടൊരുക്കിയിരിക്കുന്നത്.

To advertise here,

വിവിധതരം കാട്ടുവൃക്ഷങ്ങൾ, ഫലവൃക്ഷങ്ങൾ, പടരുന്ന തരം ചെടികളും നട്ട് മിയാവാക്കി മാതൃകയിലാണ് കാടൊരുക്കിയിരിക്കുന്നത്. ഇതിനായി വീടിനു ചുറ്റും ഉണ്ടായിരുന്ന സിമന്റ് കട്ടകളും മറ്റും ഇളക്കിമാറ്റി. മുൻഭാഗത്ത് വിവിധ വനവൃക്ഷങ്ങളും അടുക്കളയോടു ചേർന്ന് പഴച്ചെടികളും പിറകുവശത്ത് ഔഷധ സസ്യങ്ങളും വെച്ചുപിടിപ്പിച്ചു. സമീപത്തുണ്ടായിരുന്ന തോട്ടിലേക്ക് കരഭാഗം ഇടിഞ്ഞുപോകാതിരിക്കാൻ നൂറുകണക്കിന് ഈറ്റകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. കറുത്ത മുള ഉൾപ്പെടെ 15 തരം മുളകൾ, പക്ഷികളെ ആകർഷിക്കുന്ന ചെറുമരങ്ങൾ, 28 നാളുകളുമായി ബന്ധപ്പെട്ട മരങ്ങൾ, അഞ്ഞൂറോളം കാട്ടുവൃക്ഷങ്ങൾ, തുടങ്ങി ആയിരത്തോളം മരങ്ങളും ചെടികളും വീടിനു ചുറ്റുമായുണ്ട്.

ഒരേക്കറോളം വരുന്ന പറമ്പിൽ വീട് ഒഴികെയുള്ള ഭാഗത്താണ് മരങ്ങളും ചെടികളും വെച്ചുപിടിപ്പിച്ചിരിക്കുന്നത്. സുഹൃത്തും കലാകാരനുമായ കലാഭവൻ മണികണ്ഠനാണ് സഹായിക്കുന്നത്.

സ്കൂൾക്കുട്ടികൾ കുട്ടികൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവർ സ്ഥലം കാണാൻ എത്താറുണ്ട്. ചെടികൾക്കും മരങ്ങൾക്കും ഇടയിലൂടെയുള്ള സഞ്ചാരത്തിനായി ഉയരത്തിൽ മുള വെച്ചുകെട്ടി വഴിയും ഒരുക്കിയിട്ടുണ്ട്. വീടിനു പിറകിലായി ഒരു ഏറുമാടവും സജ്ജമാക്കി.

വിധ രാജ്യങ്ങളിൽ വനവത്കരണ പ്രവർത്തനങ്ങൾക്കായി ദുബായ് ആസ്ഥാനമായി ഫോറസ്റ്റിഫിക്കേഷൻ എന്ന പേരിലുള്ള സംഘടന സത്താർ ആരംഭിച്ചിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾക്ക് പ്രചോദനമായത് അഞ്ചുവർഷം മുൻപ്‌ വീടിനു മുന്നിൽ തുടങ്ങിയ വനവത്കരണ പ്രവർത്തനങ്ങളാണെന്നും സത്താർ പറഞ്ഞു.