ആനകള്‍ പരസ്പരം അഭിസംബോധന ചെയ്യാന്‍ പേരുകള്‍ക്ക് സമാനമായ പ്രത്യേക ശബ്ദങ്ങള്‍ ഉപയോഗിക്കുന്നു എന്ന പഠനം പുറത്തുവന്നതിന്റെ അദ്ഭുതം മാറുന്നതിന് മുമ്പ് സമാനമായ പഠനവുമായി എത്തിയിരിക്കുകയാണ് മറ്റൊരു സംഘം. ഇത്തവണ പരസ്പരം പേരു വിളിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത് മാര്‍മൊസെറ്റ് (Marmoset) കുരങ്ങന്മാരാണ്. ഇതോടെ ജന്തുലോകത്ത് പരസ്പരം പേരുവിളിച്ച് സംസാരിക്കുന്ന ജീവികളുടെ എണ്ണം നാലായി. മനുഷ്യർ കഴിഞ്ഞാൽ ഡോള്‍ഫിനുകളാണ് ഇത്തരത്തില്‍ സംവദിക്കുന്നതായി കണ്ടെത്തിയ ആദ്യ ജീവി.

To advertise here,

തെക്കേ അമേരിക്കയില്‍ കണ്ടുവരുന്ന തദ്ദേശീയ കുരങ്ങുവര്‍ഗമാണ് മാര്‍മൊസെറ്റുകള്‍. ഇവ പ്രത്യേക ശബ്ദങ്ങളിലൂടെ പരസ്പരം ആശയവിനിമയം നടത്തുന്നതായാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. 'ഫീ-കാള്‍സ്' (phee-calls) എന്നാണ് ഗവേഷകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. സയന്‍സ് ജേര്‍ണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇസ്രയേലിലെ ജറുസലേം ഹീബ്രു സര്‍വകലാശാല (The Hebrew University of Jerusalem) ഗവേഷകരാണ് പഠനത്തിന് പിന്നില്‍.

മാര്‍മൊസെറ്റ് കുരങ്ങന്മാരിലെ ഇണകള്‍ തമ്മിലുള്ള ആശയവിനിമയം, മറ്റ് സംഘാംഗങ്ങളുമായുള്ള ആശയവിനിമയം, കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള ആശയവിനിമയം എന്നിങ്ങനെ വ്യത്യസ്ത സാഹചര്യങ്ങള്‍ പരിശോധിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഓരോ സാഹചര്യത്തിലുമുള്ള കുരങ്ങന്മാരുടെ ആശയവിനിമയങ്ങള്‍ റെക്കോഡ് ചെയ്തതില്‍നിന്നു സംഘത്തിലെ ഓരോരുത്തരെയും വിളിക്കാന്‍ ഇവര്‍ പ്രത്യേകം ശബ്ദവീചികള്‍ പുറത്തുവിടുന്നതായാണ് കണ്ടെത്തിയതെന്ന് ഗവേഷകര്‍ പറയുന്നു. അതായത്, ഓരോരുത്തരെയും 'ഫീ-കോള്‍' ചെയ്യുന്നു.

ഓരോ ഫീ-കോളും തങ്ങളെ ഉദ്ദേശിച്ചാണോ എന്ന് ഇവര്‍ തിരിച്ചറിയുകയും അതിന് കൃത്യമായി പ്രതികരിക്കുകയും ചെയ്യുന്നതായും ഗവേഷകര്‍ പറയുന്നു. ആദിമമനുഷ്യന്‍ സംസാരശേഷി വികസിപ്പിച്ചെടുത്തതിലേക്ക് വരെയുള്ള അറിവുകളിലേക്ക് പുതിയ പഠനം വഴിവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു.

Read more at:   മനുഷ്യനെപ്പോലെ, ആനകളും പരസ്പരം പേരു വിളിച്ച് അഭിസംബോധന ചെയ്യുമെന്ന് പഠനം ....

ഒരിണയെ മാത്രം സ്വീകരിച്ച് കുഞ്ഞുങ്ങളുമായി ചെറിയ കുടുംബംഗങ്ങളായി കഴിയുന്ന ജീവിവര്‍ഗമാണ് മാര്‍മൊസെറ്റ് കുരങ്ങുകള്‍. മനുഷ്യരെ പോലെ തന്നെ കുഞ്ഞുങ്ങളെയും കൂട്ടത്തില്‍ ചെറിയവരേയും ഏറെ ശ്രദ്ധയോടെ പരിപാലിക്കുകയും ചെയ്യും. ആദിമമനുഷ്യന്‍ കുടുംബവും കുട്ടികളുമായി ജീവിക്കാന്‍ തുടങ്ങിയ പരിണാമകാലവുമായി മാര്‍മൊസെറ്റ് കുരങ്ങുകളുടെ ഈ കഴിവുകള്‍ ബന്ധപ്പെട്ട് കിടക്കുന്നു. കുടുംബം ഉണ്ടാക്കുന്നതില്‍ മാത്രമല്ല പരസ്പരം പേരു വിളിക്കുന്നതിലും മനുഷ്യന്‍ ഈ മാര്‍മൊസെറ്റ് കുരങ്ങുകളെ സ്വാധീനിച്ചിട്ടുണ്ടാവാം - പഠനത്തിന് നേതൃത്വം നല്‍കിയ ജറുസലേം ഹീബ്രു സര്‍വകലാശാലയിലെ ഡേവിഡ് ഒമര്‍ പറയുന്നു.

പേരുവിളിക്കുന്നതുപോലെയുള്ള കഴിവുകള്‍ ബൗദ്ധികമായി ഏറെ മുന്നേറിയ ജീവികളിലാണ് ഇതുവരെയും കണ്ടെത്തിയിട്ടുള്ളത്. മനുഷ്യനിലല്ലാതെ ഡോള്‍ഫിനുകളിലും ആനകളിലും മാത്രമാണ് ഈ കഴിവ് ഇതിനുമുമ്പ് കണ്ടെത്തിയിട്ടുള്ളത്. ഈ വര്‍ഷം ജൂണില്‍ പുറത്തിറങ്ങിയ നേച്ചര്‍ ഇക്കോളജി ആന്‍ഡ് എവലൂഷന്‍ (Nature Ecology and Evolution) എന്ന ജേര്‍ണലിലാണ് ആഫ്രിക്കയിലെ ആനകള്‍ പരസ്പരം ആശയവിനിമയം നടത്താന്‍ പ്രത്യേക ശബ്ദങ്ങള്‍ ഉപയോഗിക്കുന്നു എന്ന് തെളിയിക്കുന്ന പഠനം പ്രസിദ്ധീകരിച്ചിരുന്നത്.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍  വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ  https://mbi.page.link/mbes