കടുത്ത വരള്‍ച്ചയും ഭക്ഷ്യക്ഷാമവും കാരണം ദുരിതം അനുഭവിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ രാജ്യമായ നമീബിയയിലെ ജനങ്ങള്‍. കഴിഞ്ഞ 100 വര്‍ഷത്തിനിടെയുണ്ടായിട്ടുള്ള എറ്റവും വലിയ വരള്‍ച്ചയിലൂടെയാണ് നമീബിയ കടന്നുപോകുന്നത്. വെള്ളവും കൃഷിയും ഭക്ഷണവുമില്ലാതെ നരകിക്കുന്ന ജനങ്ങള്‍ക്ക് വേണ്ട ഭക്ഷ്യസാധനങ്ങള്‍ നല്‍കാനാവാതെ വിഷമിക്കുകയാണ് നമീബിയന്‍ സര്‍ക്കാര്‍. ഇത് പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ എടുത്ത തീരുമാനമാണ് ഇപ്പോള്‍ ലോകം ഉറ്റുനോക്കുന്നത്.

To advertise here,

ജനങ്ങളുടെ വിശപ്പകറ്റുന്നതിനായി വന്യമൃഗങ്ങളെ കൊന്ന് അവയുടെ മാംസം വിതരണം ചെയ്യാനൊരുങ്ങുകയാണ് നമീബിയന്‍ സര്‍ക്കാര്‍. ആന, ഹിപ്പൊപൊട്ടാമസ്, സീബ്ര തുടങ്ങി 700-ഓളം വന്യമൃഗങ്ങളെ കൊല്ലാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 83 ആനകള്‍, 30 ഹിപ്പൊപൊട്ടാമസുകള്‍, 60 പോത്തുകള്‍, 50 ഇംപാല, 100 ബ്ലൂ വൈല്‍ഡ് ബീസ്റ്റ്, 300 സീബ്രകള്‍ എന്നിവയെയാണ് കശാപ്പുചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത് എന്ന് നമീബിയ വനം-പരിസ്ഥിതി-വിനോദസഞ്ചാര മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

ദേശീയോദ്യാനങ്ങളില്‍ നിന്നും കമ്യൂണല്‍ ഏരിയകളില്‍ നിന്നുമായിരിക്കും ഇതിനായുള്ള മൃഗങ്ങളെ തിരഞ്ഞെടുക്കുന്നത്. പ്രൊഫഷണല്‍ വേട്ടക്കാരായിരിക്കും മൃഗങ്ങളെ കൊല്ലുക. കടുത്ത വരള്‍ച്ചയും ഭക്ഷ്യക്ഷാമവുമാണ് ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്നും സര്‍ക്കാര്‍ ഇതുസംബന്ധിച്ച് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. വരള്‍ച്ച കടുത്തതോടെ നമീബിയന്‍ സര്‍ക്കാര്‍ മെയ് മാസത്തില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. 1.4 മില്യണ്‍ ജനങ്ങള്‍ വരള്‍ച്ചയുടെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും സര്‍ക്കാര്‍ പറയുന്നു.

ചെറിയ തോതിലെങ്കിലും ഭക്ഷണവും വെള്ളവും ലഭ്യമാകുന്നയിടങ്ങളില്‍ വന്യമൃഗങ്ങളും മനുഷ്യരും തമ്മില്‍ ഏറ്റുമുട്ടലിനുള്ള സാധ്യതയുണ്ടാകും. അത് മനുഷ്യജീവന് ആപത്താണ്. മാത്രമല്ല, പ്രകൃതിയില്‍ ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കള്‍ നിലനിര്‍ത്തുന്നതിനായി മൃഗങ്ങളുടെ എണ്ണത്തില്‍ ക്രമം കൊണ്ടുവരേണ്ടതും അത്യാവശ്യമാണെന്ന് സര്‍ക്കാര്‍ പറയുന്നു. അല്ലെങ്കില്‍ ഭക്ഷണത്തിനായി അവയും തമ്മില്‍ തല്ലി ചാകുന്ന സ്ഥിതിയാകും. ഇത്തരത്തില്‍ വന്യമൃഗങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനുംകൂടി വേണ്ടിയാണ് അവയെ കശാപ്പുചെയ്യാന്‍ തീരുമാനിച്ചതെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

ദക്ഷിണാഫ്രിക്കന്‍ മേഖല ആനകള്‍ വളരെയധികമുള്ള പ്രദേശമാണ്. രണ്ടുലക്ഷത്തിലധികം ആനകളാണ് ഇവിടെയുള്ളത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജലസ്രോതസുകള്‍ വറ്റി വരണ്ടതോടെ കഴിഞ്ഞ കൊല്ലം മാത്രം ഇവിടെ നൂറുകണക്കിന് ആനകള്‍ ചത്തതായി അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ അവയെ കൊന്ന് മനുഷ്യന് ഭക്ഷണമായി നല്‍കുന്നതില്‍ തെറ്റില്ല എന്ന അഭിപ്രായമാണ് നമീബിയന്‍ സര്‍ക്കാരിന്. 150-ല്‍ അധികം മൃഗങ്ങളെ ഇതിനകം കൊന്നതായും അവയുടെ മാംസം ജനങ്ങള്‍ക്ക് വിതരണം ചെയ്തതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

രാജ്യം ഭക്ഷ്യക്ഷാമം കൊണ്ട് കഷ്ടപ്പെടുമ്പോള്‍ ഇങ്ങനെയൊരു ദൗത്യത്തിലൂടെ ചെറിയ തോതിലെങ്കിലും അയവ് വരുത്താന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ട് എന്ന് വനം-പരിസ്ഥിതി-വിനോദസഞ്ചാര മന്ത്രാലയം പറയുന്നു. എന്നാല്‍ വന്യമൃഗങ്ങളെ ഇത്തരത്തില്‍ കൂട്ടത്തോടെ കശാപ്പ് ചെയ്യുന്നതിനെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും വലിയ തോതിലുള്ള പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. മനുഷ്യന്റെ ആവശ്യങ്ങള്‍ക്കായി വന്യമൃഗങ്ങളെ കശാപ്പുചെയ്യുന്നത് തെറ്റായ പ്രവണതയാണെന്നും അത് ലോകത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും മൃഗസംരക്ഷകരും പരിസ്ഥിതിവാദികളും പറയുന്നു.