ആന്ധ്രാപ്രദേശിലെ തീരദേശ ജില്ലയായ വിശാഖപട്ടണം വലിയ മാറ്റത്തിന് ഒരുങ്ങുകയാണ്. ഏപ്രിൽ 28-ന്, വിശാഖപട്ടണത്തെ തർലുവഡ എന്ന ഗ്രാമത്തിൽ ഗൂഗിളിന്റെ പുതിയ ഡാറ്റാ സെന്ററിനായി തറക്കല്ലിട്ടു.  ഇപ്പോൾ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്.  കഴിഞ്ഞ ഒക്ടോബറിൽ കമ്പനി പ്രഖ്യാപിച്ച AI ഹബ്ബിന്റെ ഭാഗമാണ് ഈ ഡാറ്റാ സെന്റർ. ഹബ്ബിനായി വിശാഖപട്ടണം, അനകാപള്ളി ജില്ലകളിലായി 480 ഏക്കർ ഭൂമിയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്.

To advertise here,

അംഗീകൃത ഡാറ്റാ സെന്ററുകളുടെ പ്രവർത്തനത്തിനായുള്ള ജല, ഊർജ്ജ ഉപഭോഗത്തെക്കുറിച്ച് വ്യക്തതയില്ലാത്തതിൽ പരിസ്ഥിതി പ്രവർത്തകരും അഭിഭാഷകരും നിരവധി ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. വൻതോതിൽ വിഭവങ്ങൾ ആവശ്യമുള്ള ഡാറ്റാ സെന്ററുകൾക്ക് പരിസ്ഥിതി അനുമതി ലഭിക്കുന്നതിന് അവയെ പ്രത്യേക അടിസ്ഥാന സൗകര്യ പദ്ധതികളായി തരംതിരിക്കണമെന്ന് അവർ വാദിക്കുന്നു. വ്യക്തമായി നിർവ്വചിക്കപ്പെട്ട ദേശീയ ഡാറ്റാ സെന്റർ നയവും വേണമെന്ന് ആവശ്യപ്പെടുന്നു. 2020-ൽ ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം (MeitY) കരട് നയം പുറത്തിറക്കിയെങ്കിലും, ഇതുവരെ അപ്ഡേറ്റുകളോ അന്തിമ നയമോ വന്നിട്ടില്ല.

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും വിശാഖപട്ടണത്ത് 1.5 ഗിഗാവാട്ട് (GW) ഡാറ്റാ സെന്റർ ക്ലസ്റ്റർ നിർമ്മിക്കാൻ പദ്ധതിയിടുന്നു. വരും വർഷങ്ങളിൽ 6.5 GW കമ്പ്യൂട്ട് ശേഷി സൃഷ്ടിക്കാനാണ് ആന്ധ്രാപ്രദേശ് ലക്ഷ്യമിടുന്നത്. ഡാറ്റാ സെന്ററുകൾ തുടർച്ചയായി പ്രവർത്തിക്കുന്നതിനാൽ വലിയ തോതിൽ വൈദ്യുതിയും വെള്ളവും ആവശ്യമാണ്. തണുപ്പിക്കുന്നതിനും കമ്പ്യൂട്ടിംഗിനും പ്രത്യേകിച്ചും.

പരിസ്ഥിതി ആശങ്കകൾ

ഡാറ്റാ സെന്ററുകൾ പ്രധാനമായും സിസ്റ്റങ്ങൾ തണുപ്പിക്കുന്നതിനാണ് വെള്ളം ഉപയോഗിക്കുന്നത്. 2024-ൽ ഗൂഗിൾ മാത്രം തങ്ങളുടെ എല്ലാ ഡാറ്റാ സെന്ററുകളിലുമായി ഏകദേശം 31 ബില്യൺ ലിറ്റർ വെള്ളം ഉപയോഗിച്ചു. തങ്ങളുടെ ശുദ്ധജല ഉപഭോഗത്തിന്റെ ഭൂരിഭാഗവും ജലക്ഷാമ സാധ്യത കുറഞ്ഞ സ്രോതസ്സുകളിൽ നിന്നാണെന്നാണ് കമ്പനി റിപ്പോർട്ട് ചെയ്യുന്നത്. എങ്കിലും, ആ സ്രോതസ്സുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും നൽകിയിട്ടില്ല. 2026 ഏപ്രിൽ ഒന്നിലെ കണക്കനുസരിച്ച്, ഗാർഹിക, കാർഷിക അല്ലെങ്കിൽ വ്യാവസായിക ആവശ്യങ്ങൾക്ക് ലഭ്യമായ ഭൂഗർഭജലത്തിന്റെ അളവിൽ സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ അളവുള്ളത് വിശാഖപട്ടണം ജില്ലയിലാണ് (2.12 TMC).

സംസ്ഥാന ഡാറ്റാ സെന്റർ നയത്തിൽ തണുപ്പിക്കലിന് പരിഹാരമായി കടൽവെള്ള കൂളിംഗ് സിസ്റ്റങ്ങൾ പ്രയോജനപ്പെടുത്താൻ ആന്ധ്രപ്രദേശ് സർക്കാർ നിർദ്ദേശിക്കുന്നുണ്ട്. എന്നാൽ തർലുവഡ പദ്ധതിയിൽ ശുദ്ധജലത്തിന്റെയും കടൽവെള്ളത്തിന്റെയും എത്ര ശതമാനം ഉപയോഗിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.

തർലുവഡയിലെ 1000 മെഗാവാട്ട് (1 GW) ഡാറ്റാ സെന്റർ പാർക്കിനായി 'M/s. Vizag Mega Data Centre Park Limited'-ന് നൽകിയ പരിസ്ഥിതി അനുമതിയിൽ (EC), പ്രവർത്തന ഘട്ടത്തിലെ ജല ഉപഭോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുന്നില്ല. ആന്ധ്രാപ്രദേശിലെ ജല ഉപഭോഗ പദ്ധതികളെക്കുറിച്ചുള്ള ചോദ്യങ്ങളടങ്ങിയ ഇമെയിലുകൾക്ക് ഗൂഗിൾ മറുപടി നൽകിയിട്ടുമില്ല.

'ഡാറ്റാ സെന്ററിന്റെ പ്രവർത്തനത്തിനുള്ള ജലസ്രോതസ്സ് ഏതാണെന്ന് ഞങ്ങൾക്ക് അറിയില്ല (തർലുവഡയിൽ). അത് പരിസ്ഥിതി അനുമതി പത്രത്തിൽ (EC) പരാമർശിച്ചിട്ടില്ല,'' ഡാറ്റാ സെന്റർ പദ്ധതിയുടെ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹ്യൂമൻ റൈറ്റ്‌സ് ഫോറത്തിലെ അഭിഭാഷകനായ ഗട്ടാ രോഹിത് വ്യക്തമാക്കുന്നു. ''അവർ ശുദ്ധീകരിച്ച കടൽവെള്ളമാണോ, ഉപരിതല ജലമാണോ, അതോ ഭൂഗർഭജലമാണോ ഉപയോഗിക്കാൻ പോകുന്നതെന്ന് ഞങ്ങൾക്ക് അറിയില്ല. ഈ ഹൈപ്പർസ്‌കെയിൽ ഡാറ്റാ സെന്ററിൽ തണുപ്പിക്കുന്നതിന് ആവശ്യമായ വെള്ളത്തിന്റെ അളവ് പോലും EC-യിൽ പരാമർശിച്ചിട്ടില്ല,'' അദ്ദേഹം തുടരുന്നു. തർലുവഡയിൽ ഗൂഗിളിനായി നിർമ്മിക്കുന്ന ഹൈപ്പർസ്‌കെയിൽ ഡാറ്റാ സെന്ററുകൾ വൻതോതിലുള്ള ഡാറ്റാ പ്രോസസ്സിംഗിനും സംഭരണ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന വലിയ സൗകര്യങ്ങളാണ്.

''കടൽവെള്ള കൂളിംഗ് ഉപയോഗിക്കുന്ന സാഹചര്യത്തിൽ, കോസ്റ്റൽ സോൺ റെഗുലേഷൻസ് (തീരദേശ നിയന്ത്രണങ്ങൾ) പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. കാരണം ഇതിന് ജലം എത്തിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമാണ്. ഇത് ജൈവവൈവിധ്യത്തെയും തീരദേശ സമൂഹങ്ങളെയും ജീവനോപാധികളെയും ബാധിക്കാൻ സാധ്യതയുണ്ട്,'' കൗൺസിൽ ഓൺ എനർജി, എൻവയോൺമെന്റ് ആൻഡ് വാട്ടറിലെ (CEEW) പ്രോഗ്രാം ഡയറക്ടർ ശാലു അഗർവാൾ പറയുന്നു.

വിശാഖപട്ടണത്തെ AI ഹബ്ബിനായി, അദാനി കണക്‌സും (AdaniConnex) എയർടെല്ലും ക്ലീൻ എനർജിക്കും സബ്സീ കേബിളുകൾക്കുമുള്ള അടിസ്ഥാന സൗകര്യമൊരുക്കും. എന്നാൽ പ്രവർത്തനത്തിന്റെ എത്ര ശതമാനം പുനരുപയോഗ ഊർജ്ജത്തിൽ നിന്നായിരിക്കും ലഭിക്കുകയെന്നും അതിനായി ട്രാൻസ്മിഷൻ അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാണോ എന്നും രോഹിത് ചോദ്യം ചെയ്യുന്നു. ''ഹൈപ്പർസ്‌കെയിൽ ഡാറ്റാ സെന്ററുകൾ തങ്ങളുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മോഡലുകളെ പരിശീലിപ്പിക്കുകയും ചെയ്യുന്നു. അവയ്ക്ക് ഉയർന്ന പ്രോസസ്സിംഗ് സെർവറുകൾ ആവശ്യമാണ്, സാധാരണ ഡാറ്റാ സെന്ററുകളേക്കാൾ കൂടുതൽ ഊർജ്ജം ഉപഭോഗം ചെയ്യുന്നു. ഡാറ്റാ സെന്ററുകൾ 24×/7 പ്രവർത്തിക്കേണ്ടതുണ്ട്. ടെക് കമ്പനികൾ സൃഷ്ടിച്ച ലാർജ് ലാംഗ്വേജ് മോഡലുകൾ (LLMs) എപ്പോഴും പരിശീലിപ്പിക്കപ്പെടണം. ഈ 1 GW ഡാറ്റാ സെന്റർ എത്രമാത്രം ഊർജ്ജം ഉപയോഗിക്കുമെന്നും അതിൽ എത്രത്തോളം പുനരുപയോഗ ഊർജ്ജമാണെന്നും, സോളാർ പാർക്കുകളിൽ നിന്ന് കമ്പനികൾ എങ്ങനെ ഊർജ്ജം ട്രാൻസ്മിറ്റ് ചെയ്യുമെന്നും അറിയണം'' രോഹിത് പങ്കുവെക്കുന്നു. ഗിഗാവാട്ട് തലത്തിലുള്ള ഡാറ്റാ സെന്ററുകൾക്ക് പ്രാദേശികമായി കൂടുതൽ സോളാർ പാർക്കുകൾ ഉണ്ടാക്കുന്നതിന് ആയിരക്കണക്കിന് ഏക്കർ ഭൂമി ആവശ്യമായി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. 

''ഉയർന്ന അപ്‌ടൈം (uptime) ആവശ്യകതകൾ ഉള്ളതിനാൽ, ഡാറ്റാ സെന്ററുകൾക്ക് വലിയ ചെലവുകൾ (outage costs) ഉണ്ടായേക്കാം; അതിനാൽ അവയ്ക്ക് വൈദ്യുതി തടസ്സങ്ങൾ താങ്ങാനാകില്ല,'' ശാലു കുറിക്കുന്നു. '100 MW ഹൈപ്പർസ്‌കെയിലർ പോലും വലിയ ഗ്രാമത്തിന് തുല്യമായ വൈദ്യുതി ഉപയോഗിക്കും. കൂടാതെ, ഈ ഹൈപ്പർസ്‌കെയിൽ സൗകര്യങ്ങളുടെ ഊർജ്ജ ആവശ്യകതയുടെ സ്വഭാവം മാറ്റമുള്ളതും പ്രവചിക്കാൻ കഴിയാത്തതുമാണ്, കാരണം ഇത് കൂടുയോ കുറയുകയോ ചെയ്യാവുന്ന AI വർക്ക്ലോഡുകളുമായി  ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഗ്രിഡ് സ്ഥിരതയെയും ഫ്രീക്വൻസിയെയും ഗണ്യമായി ബാധിക്കും,'' അവർ കൂട്ടിച്ചേർക്കുന്നു.

പരിസ്ഥിതി ആഘാത നിർണ്ണയ (EIA) വിജ്ഞാപനത്തിൽ ഡാറ്റാ സെന്ററുകൾക്ക് പ്രത്യേക വിഭാഗമില്ലെന്നും രോഹിത് ചൂണ്ടിക്കാണിക്കുന്നു. ''ഡാറ്റാ സെന്ററുകളെ കെട്ടിടങ്ങളായോ ടൗൺഷിപ്പ് വികസന പദ്ധതികളായോ ആണ് തരംതിരിക്കുന്നത്, അവിടെ പൊതുജന വിചാരണയോ (public hearing) കരട് EIA റിപ്പോർട്ടുകളോ ആവശ്യമില്ല. എല്ലാ സംസ്ഥാനങ്ങളുടെയും സ്ഥിതി ഇതാണ്, കൂടാതെ അവർക്ക് സംസ്ഥാന തലത്തിലുള്ള അംഗീകാരം ലഭിക്കുന്നു, അവിടെ സ്റ്റേറ്റ് എൺവയോൺമെന്റ് ഇംപാക്ട് അസസ്‌മെന്റ് അതോറിറ്റിയാണ് (SEIAA) പരിസ്ഥിതി അനുമതി നൽകുന്നത്.''

തർലുവഡ പദ്ധതിക്കായി, കമ്പനി ഏപ്രിൽ 9-ന് നിർദ്ദേശം സമർപ്പിച്ചു, പത്ത് ദിവസത്തിന് ശേഷം ഏപ്രിൽ 18-ന് SEIAA പരിസ്ഥിതി അനുമതി അംഗീകരിച്ചു. സംസ്ഥാന സർക്കാർ ഇങ്ങനെ പ്രോത്സാഹിപ്പിക്കുമ്പോൾ, വിഭവാധിഷ്ഠിത ഉപയോഗത്തിലുള്ള വ്യക്തതയില്ലായ്മയെ ഹ്യൂമൻ റൈറ്റ്‌സ് ഫോറം ചോദ്യം ചെയ്യുന്നു.

വിഭവ ഉപഭോഗത്തെക്കുറിച്ചുള്ള വിവരങ്ങളുടെ അഭാവം വിശാഖപട്ടണത്ത് മാത്രം നേരിടുന്ന വെല്ലുവിളിയല്ല. ''ഡാറ്റാ സെന്റർ പ്രവർത്തിപ്പിക്കുന്നതിന് എന്തൊക്കെ വിഭവങ്ങൾ ഉപയോഗിക്കുമെന്നും എത്രത്തോളം ഭൂഗർഭജലം ഉപയോഗിക്കുമെന്നും കമ്പനിയിൽ നിന്നോ സംസ്ഥാനത്തിൽ നിന്നോ ഞങ്ങൾക്ക് വ്യക്തത ആവശ്യമാണ്,'' ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷനിലെ ലീഗൽ കൗൺസിലും ഇന്ത്യയിലെ ഡാറ്റാ സെന്ററുകളെക്കുറിച്ചുള്ള സമീപകാല ഫാക്റ്റ്ഷീറ്റിന്റെ രചയിതാവുമായ ഇന്ദുമുഗി സി. പങ്കുവെക്കുന്നു. ''ഡാറ്റാ സെന്ററുകളുടെ പരിസ്ഥിതി ആഘാതങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചോദിച്ച് ഞങ്ങൾ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (TRAI) RTI ഫയൽ ചെയ്തു. ഇത് മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിക്ക് (MeitY) കൈമാറി, ഡാറ്റാ സെന്ററുകളെക്കുറിച്ച് തങ്ങളുടെ പക്കൽ ഒരു വിവരവുമില്ലെന്നാണ് മന്ത്രാലയം മറുപടി നൽകിയത്, അതേസമയം 2020-ൽ ഇന്ത്യയ്ക്കായി കരട് ഡാറ്റാ സെന്റർ നയം ഉണ്ടാക്കിയത് MeitY ആയിരുന്നു.''

ലോകമെമ്പാടും നടക്കുന്ന അന്വേഷണങ്ങൾ വ്യക്തമാക്കുന്നത് തങ്ങളുടെ അയൽപക്കങ്ങളിൽ വരുന്ന ഡാറ്റാ സെന്ററുകളെക്കുറിച്ച് സമൂഹങ്ങൾക്ക് അധികം വിവരങ്ങൾ ലഭിക്കുന്നില്ല എന്നാണ്. എട്ട് വർഷത്തിലേറെയായി സാങ്കേതികവിദ്യയെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്ന ബ്രസീൽ അധിഷ്ഠിത അന്വേഷണാത്മക മാധ്യമപ്രവർത്തക ലൈസ് മാർട്ടിൻസ് പറയുന്നു: ''ബ്രസീലിൽ, ഏറ്റവും ശ്രദ്ധേയമായ പാറ്റേൺ ജനങ്ങൾക്ക് വിവരങ്ങൾ ലഭ്യമല്ലെന്നതാണ്. ഡാറ്റാ സെന്ററുകൾ വികസിപ്പിക്കുന്ന കമ്പനികൾ ആഘാതങ്ങളെക്കുറിച്ച് ജനങ്ങളെ അറിയിക്കുന്നില്ല. ഫാക്ടറികളോ പുനരുപയോഗ ഊർജ്ജ നിലയങ്ങളോ പോലുള്ള മറ്റ് വ്യവസായ വികസനങ്ങളെപ്പോലെയാണ് അവർ ഇതിനെയും കാണുന്നത് ' ''ഞങ്ങൾ ആക്‌സസ് ചെയ്യാൻ ശ്രമിക്കുന്ന പല രേഖകളും ബിസിനസ്സ് രഹസ്യസ്വഭാവം കാരണം പൊതുജനങ്ങൾക്ക് മുന്നിൽ തുറന്നുകൊടുക്കുന്നില്ല,'' അവർ പറയുന്നു.