രു ചിത്രകാരന്‍ കാന്‍വാസില്‍ വരച്ചപോലെ കണ്ണെത്താ ദൂരത്തോളമുള്ള നിഗൂഢ ഗര്‍ത്തങ്ങള്‍. ചുവപ്പും മഞ്ഞയും പച്ചയും നിറത്തിലുള്ള പാറക്കെട്ടുകള്‍ പുറംചട്ട തീര്‍ത്തപോലെയുള്ള പ്രകൃതിയുടെ വേഷപ്പകര്‍ച്ച. കൊളാറാഡോ നദിയുടെ ഭൗമപ്രകിയയുടെ ഫലമായി രൂപം കൊണ്ട ലോകത്തിലെ ഏഴ് വിസ്മയങ്ങളിലൊന്നായ അമേരിക്കയിലെ അരിസോണ സംസ്ഥാനത്തെ ഗ്രാന്‍ഡ് കാന്യൻ ചെങ്കുത്തായ  ഗര്‍ത്തങ്ങളുടെ സ്വര്‍ഗലോകമെന്നാണ് അറിയപ്പെടുന്നത്.

To advertise here,

ഒരുകാലത്ത് അനധികൃത നിര്‍മാണവും കയ്യേറ്റവും ഖനനവും കാരണം നാശത്തിലേക്ക് നീങ്ങിയ ഈ ഗ്രാന്‍ഡ് കാന്യനിനെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന തിയോഡോര്‍ റൂസ് വെല്‍റ്റിന്റെ ഇച്ഛാശക്തിയുടെ ഭാഗമായാണ് തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞത്. അങ്ങനെ ലോകവിസ്മയ പട്ടികയില്‍ ഉള്‍പ്പെടുത്താനായി.1919-ല്‍ ദേശീയോദ്യാനമാക്കി മാറ്റുകയും 1979-ല്‍ യുനെസ്‌ക്കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.  ഈ പ്രകൃതി വിസ്മയത്തിന്റെ അതിജീവന കഥയാണ് ഇത്തവണ Beauty and Beastsൽ.  

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

അരിസോണ സ്റ്റേറ്റസില്‍ 446 കിലമോമീറ്റര്‍ നീളത്തില്‍ വ്യാപിച്ചുകിടക്കുന്ന ഗ്രാന്‍ഡ് കാന്യനിന് 29 കിലോമീറ്ററോളം വീതിയുണ്ട്. ഒരു കിലോമീറ്ററോളം ആഴമുള്ള ഗര്‍ത്തങ്ങളാണ് ഇതിന്റെ പ്രത്യേക. അഗാധ ഗര്‍ത്തങ്ങളും മലയിടിക്കുകളും കുത്തനെയുള്ള താഴ്‌വരെയുമെല്ലാം കൂടിച്ചേര്‍ന്ന ഈ ഭൂപ്രകൃതി മനുഷ്യ മരണങ്ങളുടെ കേന്ദ്രമായും കണക്കാക്കപ്പെടുന്നുണ്ട്.

placeholder
ഗ്രാന്‍ഡ് കാന്യന്‍ | Photo: George Rose\Getty Images)
  • തിയോഡര്‍ റൂസ്‌വെല്‍റ്റും ഗ്രാന്‍ഡ് കാന്യനിന്റെ തിരിച്ചുവരവും

1908 ല്‍  ആണ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന തിയോഡര്‍ റൂസ്‌വെല്‍റ്റ് ഗ്രാന്‍ഡ് കാന്യന്‍ സന്ദര്‍ശിക്കുന്നത്. ആ സന്ദര്‍ശനം വലിയൊരു ചരിത്രത്തിലേക്ക് കൂടിയാണ് വാതില്‍ തുറന്നത്. 1.7 കോടി വര്‍ഷത്തിനിടെ കൊളറാഡോ നദിയുടെ പലതരം രൂപമാറ്റത്തിന്റേയും പ്രഹരശക്തിയുടേയുമെല്ലാം ഫലമായി പ്രകൃതിയുണ്ടാക്കിയ വിസ്മയമാണ് ഗ്രാൻഡ് കാന്യൺ. ഇതിനെ പരമാവധി നശിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലാണ് റൂസ്‌വെല്‍റ്റിന്റെ വരവ് വരെ നടന്നിരുന്നത്. ഒരുഭാഗത്ത് അനിയന്ത്രിതമായ സന്ദര്‍ശനം, മറുഭാഗത്ത് ഖനനമടക്കമുള്ള അനധികൃത കൈയേറ്റവും വനനശീകരണവും. ഇത് ഗ്രാന്‍ഡ് കാന്യനിന്റെ സ്വാഭാവിക അവസ്ഥയെ മാറ്റിമറിച്ചു. 

വന്‍കിട ഖനന കമ്പനികളുടെ പ്രധാന താവളമായിരുന്നു ഇവിടം. ഭരണ നേതൃത്വത്തെ സ്വാധീനിച്ച് ഖനനം നിര്‍ബാധം തുടര്‍ന്നു. ചെമ്പും സ്വര്‍ണവുമടക്കമുള്ള ധാതുക്കള്‍ ആവശ്യം പോലെ കുഴിച്ചെടുത്തു. സ്വകാര്യ കമ്പനികളും വ്യക്തികളും സന്ദര്‍ശകരെ ലക്ഷ്യമിട്ട് അനധികൃത നിര്‍മാണങ്ങള്‍ നടത്തി. ഹോട്ടലുകളും ഹോം സ്റ്റേകളുമടക്കമുള്ളവ ഒരു നിയന്ത്രണവുമില്ലാതെ സ്ഥാപിച്ചു. കാന്യനിലെ പരമ്പരാഗത ആദിവാസി വിഭാഗങ്ങളെ പരമാവധി ചൂഷണം ചെയ്തായിരുന്നു കൈയേറ്റം തുടര്‍ന്നത്. ഇത് ഈ പ്രകൃതി സമ്പത്തിനെ അപ്പാടെ നശിപ്പിക്കുന്ന അവസ്ഥയിലേക്കെത്തി. പരമ്പരാഗത ആദിവാസി വിഭാഗങ്ങളായ നവാജോ, ഹോപി, ഹവാസുപായ് തുടങ്ങിയ വിഭാഗങ്ങള്‍ ഇവിടെ നിന്ന് തൂത്തെറിയപ്പെടുന്ന സാഹചര്യം പോലുമുണ്ടായി. ഈയൊരു കാലത്തായിരുന്നു റൂസ്‌വെല്‍റ്റിന്റെ സന്ദര്‍ശനം. ഗ്രാന്‍ഡ് കാന്യനിനെ ദേശീയ സ്മാരകമാക്കി മാറ്റുമെന്ന റൂസ്‌വെറ്റിന്റെ പ്രഖ്യാപനം വലിയൊരു ചരിത്രത്തിലേക്ക് തന്നെ വഴിമാറുകയായിരുന്നു.

placeholder
തിയോഡര്‍ റൂസ്‌വെല്‍റ്റ് | Photo: AP
  • അധികാര പ്രയോഗം സംരക്ഷണത്തിന്റെ ആദ്യ പടി

ദേശീയ സ്മാരകമായി പ്രഖ്യാപിച്ചതോടെ ഇവയെ സംരക്ഷിക്കാന്‍ പ്രസിഡന്റില്‍ നിക്ഷിപ്തമായ അധികാരം പ്രയോഗിക്കുകയാണ് ആദ്യം റൂസ്‌വെല്‍റ്റ് ചെയ്തത്. ഇതിന് ആന്റിഗ്വിറ്റീസ് ആക്ട് 1906 അദ്ദേഹത്തെ സഹായിച്ചു. കാന്യനിന് ചുറ്റുമുള്ള പത്ത്‌ലക്ഷം ഏക്കറോളം ഭൂമി സര്‍ക്കാര്‍ പിടിച്ചെടുത്ത് കൈവശം വെച്ചു. ഇവിടെയായിരുന്നു പ്രധാന ഖനനങ്ങളും നിര്‍മാണങ്ങളുമടക്കമുള്ളവ നടന്നത്. ഭൂമി സര്‍ക്കാരില്‍ നിക്ഷിപ്തമാക്കി നിയമം കര്‍ശനമാക്കിയതോടെ ഖനനങ്ങളും കൈയേറ്റങ്ങളും കുറഞ്ഞു. ഗ്രാന്‍ഡ് കാന്യനിലെ വന്യമൃഗങ്ങളുടേയും അവയുടെ ആവാസ വ്യവസ്ഥയേയും സംരക്ഷിക്കുന്നതായി സംരക്ഷിത കേന്ദ്രമാക്കി മാറ്റി. അങ്ങനെ 1919 ഓടെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചു. 

ഖനനവും കൈയ്യേറ്റവും അക്കാലം വരെയുണ്ടാക്കിയ പാരിസ്ഥികാഘാതത്തെക്കുറിച്ച് ബോധവത്കരണ ക്ലാസുകള്‍ നടത്തി. ഉത്തരവാദിത്ത ടൂറിസം പ്രോത്സാഹിപ്പിച്ചു. സ്റ്റീഫന്‍ മേത്തറെ പോലുള്ള, സൈറ ക്ലബ് പോലുള്ള പ്രകൃതി സംരക്ഷക പ്രവര്‍ത്തകരും സംഘടനകളുമായി ചേർന്നായിരുന്നു റൂസ്‌വെല്‍റ്റിന്റെ പ്രവര്‍ത്തനം. ഇതിന് പുറമെ കൃത്യമായ അതിര്‍ത്തികള്‍ നിര്‍ണയിച്ചും പരമ്പരാഗത താമസക്കാരുടെ സംരക്ഷണമുറപ്പാക്കിയുമുള്ള നടപടി ക്രമങ്ങളിലേക്കും റൂസ്‌വെല്‍റ്റ് പോയി.

placeholder
ഗ്രാന്‍ഡ് കാന്യന്‍ | Photo: Justin Sullivan/Getty Images

പതിനായിരം വര്‍ഷം മുമ്പെ ഗ്രാന്‍ഡ് കാന്യനില്‍ താമസമാക്കിയവരായിരുന്നു ഇവിടേയുള്ള പരമ്പരാഗത ജനങ്ങള്‍. അതുകൊണ്ടു തന്നെ ഇവര്‍ക്ക് മതപരമായും സംസ്‌കാരികപരമായും ഏറെ പ്രധാന്യമുള്ള ഇടവുമായിരുന്നു ഇത്. പക്ഷെ അനധികൃത കയ്യേറ്റവും നിര്‍മാണവുമെല്ലാം ഈ പരമ്പരാഗത ജനങ്ങളെ ഇല്ലാതാക്കി കളയുന്ന അവസ്ഥയിലേക്കെത്തിയിരുന്നു. ഇത്തരക്കാരെ സംരക്ഷിക്കാന്‍ പ്രത്യേക നിയമനിര്‍മാണം നടത്തി. അവരെ ദേശീയോദ്യാന സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുകയും ചെയ്തു.

1919-ല്‍ ആണ് അമേരിക്കന്‍ കോണ്‍ഗ്രസ് ഗ്രാന്‍ഡ് കാന്യന്‍ നാഷണല്‍ പാര്‍ക്ക് ആക്ട് പാസ്സാക്കിയത്. ബില്ലില്‍ പ്രസിഡന്റ് വിഡ്രോ വില്‍സണ്‍ ഒപ്പുവെക്കുകയും ചെയ്തു. 1919 ഫെബ്രുവരി 26 ന് ഗ്രാന്‍ഡ് കാന്യനിനെ ഔദ്യോഗിക നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിച്ചു. അന്നുമുതല്‍ ദ നാഷണല്‍ പാര്‍ക്ക് സര്‍വീസിന്(എന്‍.പി.എസ്) ആണ് പാര്‍ക്കിന്റെ നടത്തിപ്പും സംരക്ഷണ ചുമതലയും. പ്രദേശവാസികളുടെ സഹകരണത്തോടെയായിരുന്നു ഉത്തരവാദിത്ത ടൂറിസം നടപ്പിലാക്കിയത്. നിര്‍മാണങ്ങള്‍ പരമാവധി കുറച്ച് സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി കാഴ്ചകള്‍ ആസ്വദിക്കാനുള്ള വഴിയൊരുക്കി. ഇതുവഴിയുള്ള വരുമാനം ഇവിടേയുള്ള പരമ്പരാഗത തൊഴിലാളികളുടെ ജീവിത നിലവാരം വര്‍ധിപ്പിച്ചതോടെ ഗ്രാന്‍ഡ് കാന്യനിന്റെ സംരക്ഷണത്തിനായി ഇവര്‍ മുന്‍പന്തയില്‍ നില്‍ക്കുകയും ചെയ്തു.

placeholder
ഗ്രാന്‍ഡ് കാന്യന്‍| Photo: George Rose\Getty Images

കൂടുതൽ പ്രീമിയം ലേഖനങ്ങൾ വായിക്കാൻ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരുക

  • ശാസ്ത്രജ്ഞരുടെ ഔട്ട്ഡോര്‍ ലബോറട്ടറി

പല നിറത്തില്‍ തട്ടുകളായിട്ടുള്ള പർവ്വതങ്ങളും മലയിടുക്കും ചേർന്നതാണ് ഗ്രാന്‍ഡ് കാന്യന്‍. അതിനിടയിലൂടെ സ്വച്ഛന്തമായി ഒഴുകുന്ന കൊളറാഡോ നദി. ഗ്രാന്‍ഡ് കാന്യന്‍ ഇങ്ങനെ ലോക വിസ്മയമായി നിലകൊള്ളാന്‍ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും ഇതുമായി ബന്ധപ്പെട്ട പല പഠനങ്ങളും ഇപ്പോഴും തുടരുന്നുണ്ട്. ഇവിടെ മാത്രം കാണപ്പെടുന്ന കാലാവസ്ഥ, മണ്ണ്, പാറകള്‍, സൂക്ഷ്മജീവികൾ, വന്യമൃഗങ്ങള്‍ എന്നിവയെല്ലാമായി ബന്ധപ്പെട്ട് പലതരം റിപ്പോര്‍ട്ടുകളും പുറത്തുവരാറുണ്ട്. അതുകൊണ്ടു തന്നെ ശാസ്ത്രജ്ഞരുടെ തുറന്ന ലബറോട്ടറി  എന്ന വിളിപ്പേരും ഗ്രാന്‍ഡ്കാന്യനുണ്ട്. ഏകദേശം 1500 ഓളം സസ്യജാലങ്ങള്‍, 300 പക്ഷി വിഭാഗങ്ങള്‍, 89 തരം സസ്തനികൾ എന്നിവയെല്ലാം ഈ വിസ്മയവുമായി ബന്ധപ്പെട്ട് അധിവസിച്ചുപോരുന്നുണ്ട്. ഇതിനെയെല്ലാം ഒരുമിച്ച് ചേര്‍ത്ത് നിര്‍ത്തുന്ന സംരക്ഷണ പ്രവര്‍ത്തനങ്ങളാണ് ഇന്നും നടക്കുന്നത്. അതുകൊണ്ടു തന്നെ പ്രകൃതി സംരക്ഷണത്തിന്റെ മാതൃകയായും ഗ്രാന്‍ഡ് കാന്യനിനെ കരുതിപ്പോരുന്നു. പരമ്പരാഗത ആദിവാസി വിഭാഗങ്ങള്‍ പ്രാര്‍ഥനയ്ക്കായും മതമപരമായ മറ്റ് ചടങ്ങുകള്‍ക്കായും ഇന്നും ഗ്രാന്‍ഡ് കാന്യനിന്റെ വിവിധ ഭാഗങ്ങളെ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ പരിശുദ്ധമായ സ്ഥലമെന്ന നിലയ്ക്കാണ് ഇവര്‍ക്കിടയില്‍ ഗ്രാന്‍ഡ് കാന്യനിന് സ്ഥാനമുള്ളതും.

ഗ്രാന്‍ഡ് കാന്യനിന്റ ഉത്ഭവത്തെകുറിച്ച് ഭൗമശാസ്ത്രജ്ഞര്‍ക്കിടയില്‍ പലതരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. 1.7 കോടി വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന് ചില പഠനങ്ങള്‍ പറയുന്നു. അന്നുമുതല്‍ തുടര്‍ച്ചയായി നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ഭൗമപ്രക്രിയയിലൂടെയാണ് ഗ്രാന്‍ഡ് കാന്യണ് നാം ഇന്നു കാണുന്ന രൂപം കൈവന്നിരിക്കുന്നത്. ആയിരക്കണക്കിന് വര്‍ഷങ്ങളോളം തദ്ദേശീയർ ഈ പ്രദേശത്ത് അധിവസിച്ചിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. അമേരിക്കയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള പരമ്പരാഗത പ്യൂബ്ലോ ജനത ഗ്രാന്‍ഡ് കാന്യനിനെ പവിത്രഭൂമിയായാണ് കരുതിയിരുന്നത്. ഇവിടേക്ക് തീര്‍ഥാടന യാത്രകളും മറ്റും നടത്തിയിരുന്നു. വളരെയധികം വര്‍ഷങ്ങളോളം അജ്ഞാതമായിരുന്ന ഈ പ്രദേശം ആദ്യമായി കണ്ടെത്തിയത് സ്പെയിനില്‍നിന്നുള്ള ഗ്രേസിയ ലോപ്പസ് ഡെ കരാഡെനാസാണ്. 1540 ലായിരുന്നു അദ്ദേഹം ഇവിടെയെത്തിയത്.

placeholder
ഗ്രാന്‍ഡ് കാന്യന്‍ | Photo: David McNew\Getty Images
  • കാഴ്ചയില്‍ സുന്ദരം പക്ഷെ അപകടം പതിയിരിക്കും

പാറക്കെട്ടുകളാലും മലയിടുക്കുകളാലും സമ്പന്നമായ സുന്ദരഭൂമിയാണെങ്കിലും അധികൃതര്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ മരണമുറപ്പെന്ന് പറയാം. അതുകൊണ്ടു തന്നെ കാഴ്ചകള്‍ ആസ്വദിക്കാന്‍ പാര്‍ക്ക് അധികൃതര്‍ ഒരുക്കിയ പ്രത്യേകം വഴികളിലൂടെയേ പറ്റൂ. നിമിഷ നേരം കൊണ്ട് മാറുന്ന കാലാവസ്ഥയും അപകടക്കെണിയാണ്.

മഞ്ഞുകാലത്ത് ഐസ് കട്ടകള്‍ വീണ് നിറഞ്ഞിരിക്കുന്ന വഴികളിലൂടെ വേണം സന്ദര്‍ശനം. സൂക്ഷിച്ചില്ലെങ്കില്‍ താഴ്ചയിലേക്ക് പതിക്കുമെന്നുറപ്പ്. ഏതെങ്കിലും തരത്തിലുള്ള അപകടങ്ങളുണ്ടായാല്‍ അടിയന്തര ചികിത്സയ്ക്ക് പോലും മണിക്കൂറുകള്‍ സഞ്ചരിക്കേണ്ടി വരും. എങ്കിലും ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ആളുകളാണ് ഈ പ്രകൃതി വിസ്മയം കാണാനായി എത്തുന്നത്. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ആളുകളെത്തുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നും ഗ്രാന്‍ഡ് കാന്യനാണ്. അങ്ങനെയിത് പ്രദേശവാസികളുടെ പ്രധാന വരുമാന മാര്‍ഗവും തൊഴിലിടവുമായി മാറുകയും ചെയ്തു.

ഡീഹൈഡ്രേഷന്‍, അതിശക്തമായ ചൂട്, മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാതെയുള്ള സന്ദര്‍ശനം, സാഹസിക പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം ഇവിടെയുള്ള മരണനിരക്ക് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്നാണ് പാര്‍ക്ക് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല അമിത ഉയരം ചിലരില്‍ ഹൃദായാഘാതം പോലുമുണ്ടാക്കിയേക്കാം. അതുകൊണ്ടുതന്നെ  ആവശ്യത്തിന് കുടിവെള്ളവും ഭക്ഷണവും കരുതാതെയും സ്വന്തം ആരോഗ്യത്തില്‍ ബോധവാന്‍മാരാകാതെയുമുള്ള സന്ദര്‍ശനം പരമാവധി ഒഴിവാക്കണമെന്നാണ് അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കാനുള്ളത്.