തന്റെ കുഞ്ഞിനും ഇണയ്ക്കും വേണ്ടി ഇത്രമാത്രം കഷ്ടതയനുഭവിക്കുന്ന കഠിനാധ്വാനം ചെയ്യുന്ന ഒരു ജീവിവര്‍ഗമുണ്ടോ എന്നതിനുള്ള ഉത്തരമാണ് സാന്‍ഡ്ഗ്രൗസ് പക്ഷികൾ. വരണ്ട കാലാവസ്ഥയില്‍ കാണുന്ന സാന്‍ഡ്ഗ്രൗസ് തന്റെ ജീവ ചക്രത്തിൽ ഏറ്റവുമധികം ചെയ്യുന്ന പണി ഒരു പക്ഷെ സ്വന്തം കുടുംബത്തിനായുള്ള ജലശേഖരണമായിരിക്കും. നിറയെ തൂവലുള്ള സ്‌പോഞ്ചുപോലുള്ള അടിവയര്‍  മുക്കി ധാരാളം വെള്ളം ശേഖരിച്ച് പറക്കാന്‍ ഈ പക്ഷിക്ക് കഴിയും. ആവശ്യത്തിനനുസരിച്ച് ദിവസേന 160 കിലോമീറ്റര്‍ ദൂരമെങ്കിലും ഇവയ്ക്ക് പറക്കാനും കഴിയും. ഇത്തരം സാന്‍ഡ്ഗ്രൗസുകളുടെ പറുദീസയാണ് കെനിയയിലെ സാവോ ഈസ്റ്റ് നാഷണല്‍ പാര്‍ക്കിനോട് ചേര്‍ന്ന ഗലാന നദി. രാജ്യത്തെ ഏറ്റവും നീളത്തിലൊഴുകുന്ന, ജൈവവൈവിധ്യങ്ങളുടെ കലവറ കൂടിയായ ഗലാനയേയും തീരപ്രദേശത്തേയും അതുകൊണ്ടു തന്നെ പൊന്നുപോലെയാണ് സര്‍ക്കാര്‍ സംരക്ഷിച്ച് പോരുന്നതും. ഇത്തവണ Beauty And the Beasts ൽ കെനിയയിലെ സാവോ നാഷണൽ പാർക്കിലെ ഗലാന നദിയെ ആശ്രയിച്ച് ജീവിക്കുന്ന സാന്‍ഡ്ഗ്രൗസ്സുകളുടെ ജീവിതമാണ്..

To advertise here,
placeholder
സ്‌പോട്ടഡ്സാ സാന്‍ഡ്ഗ്രൗസ് |ഫോട്ടോ:https://twitter.com/birdsmorocco/status/1690334219921129473/photo/2

സാന്‍ഡ്ഗ്രൗസ് എന്നത് ഒരു കൂട്ടം പക്ഷികളെ വിശേഷിക്കുന്ന പേരാണെങ്കിലും ഇവര്‍ കുറഞ്ഞത് 16 തരത്തിലെങ്കിലുമുണ്ടെന്നാണ് കണക്കാക്കിപ്പോരുന്നത്. ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ വരണ്ട പ്രദേശങ്ങളില്‍ കാണപ്പെടുന്ന ഇവ അതിന്റെ കഠിനാധ്വാനത്തെ മാനിച്ച് ഏറ്റവും നല്ല കുടുംബനാഥൻ(Familymen) എന്നും അറിയപ്പെടുന്നുണ്ട്. സാന്‍ഡ്ഗ്രൗസ് വിഭാഗത്തില്‍പ്പെടുന്ന ആണ്‍പക്ഷികളാണ് ഏറെ ദൂരം പറക്കുന്നത്. പ്രധാനമായും പെണ്‍പക്ഷികളുടെ അടയിരിപ്പ് കാലത്തും കുട്ടികള്‍ വളര്‍ന്ന് വരുന്ന കാലത്തുമാണ് ഇവയുടെ കുടിവെള്ളം തേടിയുള്ള യാത്ര. അതൊരു വിസ്മയിപ്പിക്കുന്ന അതിജീവനയാത്രയാണ്.  

ആഫ്രിക്കയില്‍ സഹാറാ മരുഭൂമി, കല്‍ഹാരി മരുഭൂമി എന്നിവിടങ്ങളിലാണ് ഇവയെ കൂടുതലായി കണ്ടുവരുന്നത്. മിഡില്‍ ഈസ്റ്റില്‍ സൗദി അറേബ്യ, യു.എ.ഇ, ഇറാന്‍ തുടങ്ങിയ ഇടങ്ങളിലുമുണ്ട്. കസാഖിസ്താന്‍, മംഗോളിയ, ഓസ്ട്രേലിയ എന്നിവിടങ്ങളിലും ഇന്ത്യയില്‍ രാജസ്ഥാനിലും സാന്‍ഡ്ഗ്രൗസ് വിഭാഗത്തില്‍ പെടുന്നവയെ വലിയ രീതിയില്‍ കണ്ടുവരുന്നുണ്ട്. ഏകദേശം 16 തരം പക്ഷികളാണ് സാന്‍ഡ്ഗ്രൗസ് വിഭാഗത്തില്‍ കണ്ടുവരുന്നത്. ചെസ്റ്റ്നട്ട് ബെല്ലീഡ് സാന്‍ഡ്ഗ്രൗസ്, ക്രൗണ്‍ഡ് സാന്‍ഡ്ഗ്രൗസ്, ലിച്ചന്‍സ്റ്റെയിന്‍ സാന്‍ഡ്ഗ്രൗസ്, സ്പോട്ടട് സാന്‍ഡ്ഗ്രൗസ്, നമാക്വ സാന്‍ഡ്ഗ്രൗസ്, ബ്ലാക് ഫെയിസ്ഡ് സാന്‍ഡ്ഗ്രൗസ്, പെയിന്റഡ് സാന്‍ഡ്ഗ്രൗസ്, യെല്ലോ ത്രോണ്‍ഡ് സാന്‍ഡ്ഗ്രൗസ്, പിന്‍ ടെയില്‍ഡ് സാന്‍ഡ്ഗ്രൗസ്, മെഡഗാസ്‌കര്‍ സാന്‍ഡ്ഗ്രൗസ് ഫോര്‍ ബാന്‍ഡസ് സാന്‍ഡ്ഗ്രൗസ്, ബ്ലാക് ബെല്ലീഡ് സാന്‍ഡ്ഗ്രൗസ് എന്നിവയാണ് ഇവയില്‍ പ്രധാനപ്പെട്ടവ. ഇതില്‍ പിന്‍ടെയില്‍ഡ് സാന്‍ഡ്ഗ്രൗസുകളാണ് ഇന്ത്യയില്‍ രാജസ്ഥാനിലടക്കം കൂടുതലായും കാണപ്പെടുന്നത്.

placeholder
ഗലാന നദി മുറിച്ച് കടക്കുന്ന സാവോ ഈസ്റ്റിലെ ആനകള്‍| ഫോട്ടോ: https://twitter.com/OscarFigure/status/1382968138485096455/photo/3
  • ഗലാന നദിയിലെ വിരുന്നുകാര്‍

കെനിയയിലെ സാവോ ഈസ്റ്റ് നാഷണല്‍ പാര്‍ക്കിനോട് ചേര്‍ന്ന ഗലാന നദിയിലെ പ്രധാന വിരുന്നുകാരാണ് സാന്‍ഡ്ഗ്രൗസ്. ഒരു സാമൂഹ്യജീവിയെന്നത് കൊണ്ട് തന്നെ ഇവ താമസിക്കുന്ന വരണ്ട പ്രദേശങ്ങളില്‍ ചൂട് കനക്കുമ്പോള്‍ കൂട്ടമായിട്ടാണ് ജലംതേടി യാത്ര പുറപ്പെടുന്നത്. ചിലത് തീരത്ത് കുറച്ചുനാളത്തേക്ക് കൂടുവെച്ച് താമസിക്കുകയും ചെയ്യും. പെണ്‍പക്ഷികള്‍ രണ്ടോ മൂന്നോ മൂട്ടവീതമിടുമെങ്കിലും ചില പക്ഷികളില്‍ അടയിരിപ്പ് ജോലി പെണ്‍പക്ഷിക്കും ആണ്‍പക്ഷിക്കുമുണ്ട്. പക്ഷെ കുടി വെള്ളം തേടി പോവുന്നത് പ്രധാനമായും ആണ്‍പക്ഷികളാണ്. കൂടുണ്ടാക്കുന്നതും കൂടിനുള്ള സാമഗ്രികള്‍ കണ്ടുപിടിക്കുന്നതുമൊക്കെ രണ്ടുപേരും ചേര്‍ന്നാണ്. ഇങ്ങനെ ദാമ്പത്യ ജീവിതത്തില്‍ വലിയ സമത്വത്തിന്റെ പാഠം നല്‍കുന്നുമുണ്ട് ഈ പക്ഷികള്‍. മുട്ടവിരിഞ്ഞ് ചെറിയ സമയത്തിനുള്ളില്‍ കുഞ്ഞുങ്ങള്‍ക്ക് പറക്കാനുള്ള കഴിവ് ലഭിക്കുമെന്നതും സാന്‍ഡ്ഗ്രൗസ് വിഭാഗത്തിന്റെ പ്രത്യേകതകളാണ്. ടെറോക്ലിഡേ വിഭാഗത്തില്‍ പെടുന്ന ഇവ വേഗത്തില്‍ പറക്കുന്നവയല്ലെങ്കിലും ദൂരത്തിന്റെ കാര്യത്തിലാണ് പ്രത്യേക വൈദഗ്ധ്യം നേടിയിരിക്കുന്നത്.  

തെക്കുപടിഞ്ഞാറന്‍ ആഫ്രിക്കയിലെ വരണ്ട പ്രദേശങ്ങളില്‍ കാണപ്പെടുന്ന നമാക്വ സാന്‍ഡ്ഗ്രൗസ് (ടെറോക്ലസ് നമാക്വ) പക്ഷികളാണ് ഇവരില്‍ പ്രധാന പറക്കല്‍വീരന്‍. വെള്ളം തേടി ഏറ്റവും കുടുതല്‍ ദൂരം സഞ്ചരിക്കുന്നതും ഈ വിഭാഗത്തില്‍ പെട്ടവരാണ്. ഇവയുടെ പ്രത്യേകമായുള്ള മാറിലെ തൂവലുകളാണ് സ്പോഞ്ചിന്റെ ജോലി ചെയ്യുന്നത്. ജല ലഭ്യതയുള്ളയിടങ്ങളിലെത്തി തൂവലുകള്‍ നിറഞ്ഞ മാറിടം മുന്നോട്ടും പുറകോട്ടും നീക്കിയാണ് ശേഖരണം. തുടര്‍ന്ന് പറന്ന് കുഞ്ഞിന്റെ അടുത്തെത്തുന്നതോടെ കുഞ്ഞുങ്ങള്‍ നേരിട്ട് മാറില്‍ നിന്ന് കൊത്തിക്കുടിച്ച് ദാഹം തീര്‍ക്കും. ഇവയുടെ ഇന്റര്‍ലോക്ക് പോലെ പ്രവര്‍ത്തിക്കുന്ന തൂവലുകള്‍  വെള്ളം ശേഖരിച്ച ശേഷമുള്ള പറക്കലില്‍ വെള്ളം നഷ്ടപ്പെടാതെ കാത്ത് സൂക്ഷിക്കും. ഈ ജലശേഖരണത്തെ കാപിലാരിറ്റി ആക്ഷന്‍ എന്നും വിളിക്കുന്നുണ്ട്. അതായത് വെള്ളത്തിലേക്ക് ഈ തുവലുകള്‍ മുക്കുമ്പോള്‍ കുഞ്ഞുദ്വാരത്തിലൂടെയെന്നപോലെ വെള്ളം വലിച്ചെടുക്കാനുള്ള കഴിവ് ഇവയ്ക്ക് പ്രകൃത്യാ ലഭിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും പ്രധാനമായി എല്ലാവരും ചൂണ്ടിക്കാട്ടുന്നത് ഈ കാപിലാരിറ്റി ആക്ഷന്‍ തന്നെയാണ്.

അതികഠിനമായ കാലാവസ്ഥയെ പോലും ഇവയ്ക്ക് നേരിടാനാവുന്നുണ്ടെങ്കിലും ഇവയുടെ സ്വാഭാവിക താമസ സ്ഥലത്തേക്കുള്ള മനുഷ്യന്റ കടന്നുവരവ് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ആവാസ വ്യവസ്ഥയുടെ നാശം, കാലാവസ്ഥാ വ്യതിയാനം എന്നിവയെല്ലാം ഇതിന്റെ സ്വാഭാവികതയെ നഷ്ടപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു ശാസ്ത്രജ്ഞര്‍. നിലത്ത് കുറ്റിച്ചെടികള്‍ക്കിടയിലോ പാറക്കെട്ടിനിടയിലോ കൂടുവെക്കുന്ന ഇവ പ്രത്യേക ശത്രുക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് കൂടുകളൊരുക്കുന്നത്. മുട്ടവിരിഞ്ഞ് കുഞ്ഞുണ്ടായ ഉടനെ രണ്ടുപേരുടേയും ആദ്യ ജോലി എത്രയും പെട്ടെന്ന് കുട്ടികളെ സ്വന്തം കാര്യം നോക്കാന്‍ പ്രാപ്തരാക്കുക എന്നതാണ്. രക്ഷിതാക്കളുടെ മേല്‍നോട്ടത്തില്‍ ഉടന്‍ തന്നെ പറക്കാന്‍ പഠിപ്പിക്കും, പ്രത്യേകിച്ച് ജല സ്രോതസ്സുകള്‍ കണ്ടെത്താനുള്ള കഴിവുണ്ടാക്കിക്കും. ഇതിനായി നിരന്തര പരിശീലനം തന്നെ നല്‍കുകയും ചെയ്യുന്നു.

placeholder
സാവോ ഈസ്റ്റിലെ ആനകള്‍| ഫോട്ടോ: ഗെറ്റി ഇമേജസ്‌
  • ഗലാനയില്ലെങ്കില്‍ സാവോയുമില്ല

പൊതുവ വരണ്ട കാലാവസ്ഥാ മൂലം ആനകളടക്കമുള്ള ജീവികളുടെ നിറം പോലും മാറിപ്പോയ കെനിയയിലെ സാവോ ഈസ്റ്റ് നാഷണല്‍ പാര്‍ക്കിലെ പ്രധാന ജലസ്രോതസ്സുകാളാണ് ഗലാനയെങ്കിലും ഇത് പ്രദേശത്തെ ജൈവ വ്യവസ്ഥ നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. കൊടും വരള്‍ച്ചയിലൂടെ കടന്നുപോവുന്നതാണ് സാവോയിലെ കാലാവസ്ഥയെങ്കിലും ഗലാന നദിയാണ് ഇവിടേയുള്ള ജീവി വര്‍ഗങ്ങളുടേയും സാന്‍ഡ്ഗ്രൗസ് പോലുള്ള വിരുന്നെത്തുന്ന പക്ഷികളുടേയും സസ്യജാലങ്ങളുടേയുമെല്ലാം സ്വര്‍ഗം. മാത്രമല്ല ഈ നദിയെ ആശ്രയിച്ച് മാത്രം കഴിയുന്ന എണ്ണമില്ലാത്ത കുഞ്ഞു ജീവികളുടെ ആവാസ കേന്ദ്രം കൂടിയായി ഗലാന മാറി . കൊടും വരള്‍ച്ചയില്‍ ജല സ്രോതസ്സുകളെല്ലാം വറ്റുമ്പോള്‍ ഇവിടെ ഒരിക്കലും വറ്റാതെ നില്‍ക്കുന്നതും ഈ നദിയാണ്. അതുകൊണ്ടു തന്നെ വന്യമൃഗങ്ങളുടേയും പക്ഷികളുടേയുമെല്ലാം  കാഴ്ചയുടെ വിരുന്നുതന്നെയൊരുക്കും പാര്‍ക്കിലെത്തുന്നവര്‍ക്ക് ഗലാനയൊരുക്കുന്നത്.

തങ്ങളുടെ ആവാസ വ്യവസ്ഥയില്‍ ചൂട് കനക്കുമ്പോള്‍ കൂടുകൂട്ടി മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ച് തിരിച്ചുപോവുന്ന ദേശാടനപക്ഷികളുടെ പ്രധാന കേന്ദ്രം കൂടിയാണ് ഗലാന. ഇത് നല്‍കുന്ന വെള്ളം സമീപത്ത സസ്യജാലങ്ങളുടെ വളര്‍ച്ചയക്ക് നിര്‍ണായകമായതിനാല്‍ സസ്യബുക്കുകളായ ആന, ഹിപ്പോപൊട്ടമാസ്, വെര്‍വെറ്റ് കുരങ്ങുകള്‍, സീബ്ര, മാനുകള്‍, വിവിധ തരം അണ്ണാന്‍ എന്നിവയുടേയെല്ലാം ജീവന്റെ നിര്‍ണായക ഘടകമായും ഗലാന മാറുന്നു.

ഗലാനയ്ക്കൊപ്പം നദികളായ ആദി, വോയി, ലുഗാര്‍ഡ് എന്നിവയെല്ലാം  സാവോയിലൂടെ ഒഴുകുന്നുണ്ടെങ്കിലും ഗലാന മാത്രമാണ് പൂര്‍ണമായും  വറ്റാതെ നിലനില്‍ക്കുന്നത്. അതുകൊണ്ടാണ് ഇവയുടെ സംരക്ഷണത്തിനായുള്ള വിവിധ പദ്ധതികളുമായി കെനിയന്‍ സര്‍ക്കാര്‍ മുന്നോട്ടുപോവുന്നതും. പക്ഷെ കാലാവസ്ഥാമാറ്റം ഇതിന്റെ സംരക്ഷണത്തിന് വലിയ വെല്ലുവിളിയുണ്ടാക്കുന്നുവെന്ന് പറയുന്നു സാവോ അധികൃതര്‍.

placeholder
ഗലാന വൈല്‍ഡ് ലൈഫ് കണ്‍സര്‍വന്‍സിയില്‍ നിന്ന്‌ |ഫോട്ടോ: https://twitter.com/MsetoTravel/status/1189245807201005568/photo/1
  • കാലാവസ്ഥാ മാറ്റവും ഗലാന വൈല്‍ഡ് ലൈഫ് കണ്‍സര്‍വന്‍സിയും

ചരിത്രത്തിലെ ഏറ്റവും ചൂടുള്ള വര്‍ഷമായി 2023 പ്രഖ്യാപിക്കാനിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.. ഓരോ വര്‍ഷവും താപനതോത് ഉയരുന്നതിനൊപ്പം മരണങ്ങളും ഏറുന്നു. ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് കാര്‍ബണ്‍ ബഹിര്‍ഗമനവും അതുവഴിയുണ്ടാകുന്ന ആഗോളതാപനവുമാണ്. ഇതുമൂലമുണ്ടാകുന്ന കാലാവസ്ഥാ മാറ്റത്തിന്റെ ഫലമനുഭവിക്കുകയാണ് ലോകമെമ്പാടുമുള്ളവര്‍. മഴക്കുറവ്, ജലസ്രോതസ്സുകളുടെ ഇല്ലാതാകല്‍, നീണ്ടുനില്‍ക്കുന്ന ചൂട് ഇതെല്ലാം ജൈവ വൈവിധ്യത്തെ തുടച്ചു നീക്കുന്നതിലേക്കാണ് കാര്യങ്ങള്‍ എത്തിക്കുന്നത്. ഇതിനിടെ നിര്‍ണായകമാണ് ഗലാനയുടെ സംരക്ഷണം.   

ഒരിക്കലും വറ്റാത്ത നദിയെന്ന പേരാണ് ഗലാനയ്ക്കുള്ളതെങ്കിലും കലാവസ്ഥാമാറ്റം ഈ പേരിന് മാറ്റം വരുത്തുമോയെന്ന ആശങ്കയിലാണ് കെനിയന്‍ സര്‍ക്കാര്‍. കാരണം ആഗോളതാപനം മൂലം സാധാരണയിലും നീണ്ടുനില്‍ക്കുന്ന ചൂട് ഇവിടെയുള്ള ജലസ്രോതസ്സുകളെയെല്ലാം വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. ഇതിന് പുറമെ വ്യാവസായിക കേന്ദ്രങ്ങളില്‍ നിന്ന് പുറംതള്ളുന്ന വിഷപ്പുകകളും ഇതിന്റ സ്വഭാവത്തിന് മാറ്റം വരുത്തിയിരിക്കുന്നു.

നാഷണല്‍ എന്‍വയോൺമെന്റ് മാനേജ്‌മെന്റ് (എന്‍.ഇ.എം.എ)യുടെ റിപ്പോര്‍ട്ട് പ്രകാരം റസിഡന്‍ഷ്യല്‍ കേന്ദ്രങ്ങള്‍, അറവുശകലകള്‍, മുനിസിപ്പല്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാമുള്ള മാലിന്യങ്ങള്‍ വലിയ രീതിയിലാണ് ഇവിടേയുള്ള നദികളിലേക്ക് തള്ളപ്പെടുന്നത്. ഇത് ഗലാനയടക്കമുള്ള നദികളെ വിഷലിപ്തമാക്കുന്നുണ്ട്. ഇതിന്റെ ഫലമായി ജലത്തിന്റെ അളവ് വലിയ രീതിയില്‍ കുറയുകയും ചെയ്തുവെന്ന് പറയുന്നു പരിസ്ഥിതി സന്നദ്ധ സംഘടനകള്‍. ലോകത്തിന്റെ പല ഭാഗത്തും കാലാവസ്ഥാ വ്യതിയാനം വരള്‍ച്ചയ്ക്ക് കാരണമാകുന്നുണ്ടെങ്കിലും പൊതുവ മറ്റ് ജലസ്രോതസ്സുകളില്ലാത്ത സാവോ ഈസ്റ്റ് പോലുള്ള സ്ഥലങ്ങളെ ഇത് ബാധിച്ചാല്‍ അത് വലിയ ജൈവവൈവിധ്യ ഉന്മൂലനത്തിലേക്കാണ് നയിക്കുകയെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞിരിക്കുന്നത്. 

ഇതോടെ ഗലാന വൈല്‍ഡ് ലൈഫ് കണ്‍സര്‍വന്‍സിയുടെ (ജി.ഡബ്ലു.സി) നേതൃത്വത്തില്‍ പലതരം പദ്ധതികളും ഇവിടെ സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. പ്രദേശവാസികള്‍, ദേശീയ അന്തര്‍ദേശീയ സന്നദ്ധ സംഘടനകള്‍ എന്നവയുടെയെല്ലാം സഹകരണത്തോടെ നിരന്തരമായ പ്രവര്‍ത്തനമാണ് ഇതിനായി നടത്തുന്നത്.  ഇതിനായി സ്ഥലത്തെ ജൈവ വര്‍ഗങ്ങളുടെ പ്രത്യേക മാപ്പ് തയ്യാറാക്കി ഗവേഷണം ആരംഭിച്ചു. പ്രത്യേക വളണ്ടിയര്‍മാരെ നിയമിച്ച് പ്രവര്‍ത്തനത്തിന്റെ നേതൃ നിരയില്‍ കൊണ്ടുവന്നു. ഇതേ വളണ്ടിയര്‍മാര്‍ തന്നെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയും പ്രവര്‍ത്തിക്കുന്നു. ഇതിന് പുറമെ ബോധവല്‍ക്കരണ പരിപാടികള്‍, വന്യമൃഗ പരിപാലനം, ഉത്തരവാദിത്വ ടൂറിസം വികസനം എന്നിവയെല്ലാം ഗലാന വൈല്‍ഡ് ലൈഫ് കണ്‍സര്‍വന്‍സിയുടെ ജോലിയാണ്.