പെണ്മിന്നാമിന്നി ഇതിനിടയില് അക്രമിക്കാന് തുനിഞ്ഞാല്, ആണ്പ്രാണി ചിറകുകള് പൂട്ടി ഇലയില് നിന്ന് താഴെ ചപ്പുചവറുകളിലേക്ക് ടപ്പേന്ന് ചത്തതുപോലെ വീണുകിടക്കും

പിന്നിൽ നിന്ന് തെളിക്കുന്ന ബയൊലുമിനസെൻസ് എന്ന അത്ഭുത വെളിച്ചമാണ് മിന്നാമിന്നിയെ ആരിലേക്കും ആകർഷിക്കുന്നത്. ഈ വെളിച്ചംമാത്രമല്ല, വമ്പൻ സൂത്രങ്ങളൊളിപ്പിച്ച ജഗകില്ലാടികളാണ് ഈകൂട്ടം. പ്രത്യേകിച്ചും ഇണചേരുന്നതിൽ. ആണിനെ തെറ്റിദ്ധരിപ്പിച്ച് വരുത്തി പിടികൂടി കൊന്നുതിന്നുന്ന പെൺ മിന്നാമിനുങ്ങി വരെയുണ്ട്. വിഷം തുപ്പുന്നവയുമുണ്ട്. പല പെൺ മിന്നാമിനുങ്ങികൾക്കും പറക്കാൻ ചിറകില്ലെന്ന് നിങ്ങൾക്കറിയോ? പെൺമിന്നാമിനുങ്ങികൾ പലതും അവയുടെ ലാർവൽ രൂപം തന്നെ തുടരും. ആൺ മിന്നാമിനുങ്ങുകളാണ് സാധാരണയായി പറന്നുകളിക്കുന്നതായി കാണുന്നത്.
ഓരോ ഇനം മിന്നാമിനുങ്ങിനും വ്യത്യസ്തമായ പ്രകാശ പാറ്റേണുകളോ (Flash patterns) മിന്നുന്നതിന്റെ വേഗതയോ ഉണ്ടായിരിക്കും. ആൺ മിന്നാമിനുങ്ങുകൾ പറന്നുനടന്ന് മിന്നുമ്പോൾ, പെൺ മിന്നാമിനുങ്ങുകൾ പലപ്പോഴും പറക്കാതെ ചെടികളിലിരുന്ന് തിരിച്ച് സിഗ്നൽ നൽകുന്നു. അതുകണ്ടാണ് ആൺ മിന്നാമിനുങ്ങുകളെത്തി ഇണചേരുക. ഏറ്റവും നല്ല പ്രകാശം പൊഴിക്കുന്ന പെൺ മിന്നാമിന്നിക്കായിരിക്കും ആരോഗ്യവും മുട്ടകൾ കൂടുതൽ ഇടാനുള്ള കഴിവും. അതിനാൽ നല്ല തിളക്കമുള്ള പ്രകാശമുള്ള പെണ്ണിനാണ് കൂടുതൽ ഇണകിട്ടാൻ സാദ്ധ്യത.
മിന്നാമിനുങ്ങികളെല്ലാം അത്ര പച്ചപ്പാവങ്ങളൊന്നും അല്ല. ഭീകര ചതി നടത്തുന്നവർ ഉണ്ട്. പഞ്ചവൻകാട്ടിലെ നീലി വഴിയരികിൽ സുന്ദര യുവതിയായി നിന്ന് ചോരയും നീരുമുള്ള യുവാക്കളെ കണ്ണും കൈയും കാട്ടി പ്രലോഭിപ്പിച്ച് പനമുകളിലേക്ക് കൊണ്ടുപോയി ചോരകുടിക്കുന്നതുപോലെ ഇവരിലുമുണ്ട് വഞ്ചകികൾ .
ജീവശാസ്ത്രത്തിൽ അഗ്രസീവ് മിമിക്രി എന്ന പരിപാടി ഉണ്ട്. (Aggressive Mimicry) ഇരപിടിക്കാനുള്ള സൗകര്യത്തിനായി മറ്റൊരു ജീവിയെ അനുകരിക്കൽ. അതിൽ ഏറ്റവും മികച്ച ഉദാഹരണമാണ് ഫോടൂറിസ് (Photuris )ജനുസ്സിൽപ്പെട്ട പെൺമിന്നാമിനുങ്ങുകൾ നടത്തുന്ന വേട്ട. അതിനാൽ ഇവയെ ശാസ്ത്രലോകം കൗതുകത്തോടെ 'ഫെം ഫറ്റാൽ ഫയർഫ്ളൈസ്' (Femme Fatale Fireflies - മാരക സുന്ദരികൾ) എന്ന് വിളിക്കാറുണ്ട്.
മിന്നാമിനുങ്ങുകൾ സ്വന്തം വർഗ്ഗത്തിലെ ഇണകളെ കണ്ടെത്തുന്നത് ഈ മിന്നിക്കലിലെ കോഡ് ഡീകോഡിംഗ് വഴിയാണ്. അതായത് ഓരോ മിന്നാമിനുങ്ങ് സ്പീഷീസിനും പ്രകാശ സിഗ്നലുകളുടെ കൃത്യമായ 'ഭാഷ' (Flash Code) ഉണ്ട്.
ഫോട്ടിനസ് ജനുസ്സിലെ പ്രണയ പരവശരായ ആൺ മിന്നാമിനുങ്ങുകൾ ഇണകളെ തേടി രാത്രി വായുവിൽ പ്രത്യേക പാറ്റേണിൽ പറന്ന് ഒരു ഫ്ളാഷ് നൽകുന്നു (ഉദാഹരണത്തിന്: ചെറിയ വരയോ പൾസോ). അപ്പോൾ താഴെ ഇലകളിൽ ഇരിക്കുന്ന അതേ ഇനത്തിലെ പെൺ മിന്നാമിന്നി കൃത്യമായ ഇടവേളയ്ക്കുശേഷം (Time Delay - ഉദാഹരണത്തിന് കൃത്യം രണ്ടു സെക്കൻഡ് കഴിഞ്ഞ്) മറുപടി ഫ്ളാഷ് നൽകും. സ്വന്തം ആളെന്ന് മനസിലാക്കി ആൺ മിന്നാമിന്നി വന്ന് ഇണചേരും. എല്ലാം ശുഭം. എന്നാൽ ഫോടുറിസ് (Photuris )പെൺപ്രാണി ഇലത്തലപ്പുകളിൽ ഒളിച്ചിരുന്ന് അന്തരീക്ഷത്തിലെ ഫോട്ടിനസ് (Photinus ) ആൺമിന്നാമിന്നിയുടെ ഫ്ളാഷ് അപ്പോൾ നിരീക്ഷിക്കുന്നുണ്ടാകും. തുടർന്ന്, ആ ഫോട്ടിനസ് ഇനത്തിലെ പെൺപ്രാണി നൽകുന്ന അതേ മറുപടി ഫ്ളാഷും ടൈം ഡിലേയും കൃത്യമായി അനുകരിച്ച് തിരിച്ചു നൽകും. അതെ ശരിക്കും വഞ്ചന.
ഇണയാണെന്ന് തെറ്റിദ്ധരിച്ച് താഴേക്ക് പറന്നിറങ്ങുന്ന പാവം ഫോട്ടിനസ് ( Photinus ) മിന്നാമിന്നിയെ ഫോട്ടൂറിസ് Photuris പെൺമിന്നാമിന്നി കാലുകൾ കൊണ്ട് പിടികൂടി കൊന്നുതിന്നും.
ഈ ഫോടുറിസ് പെൺപ്രാണികൾ ഒരു സ്പീഷീസിന്റെ മാത്രം സിഗ്നലല്ല അനുകരിക്കുക. അവയ്ക്ക് ചുറ്റുപാടുമുള്ള പല വ്യത്യസ്ത ഫോട്ടിനസ് അല്ലെങ്കിൽ പൈറക്റ്റോമെന ( Pyractomena ) സ്പീഷീസുകളുടെ സിഗ്നൽ കോഡുകൾ പഠിച്ച് മാറ്റം വരുത്താൻ (Code versatility) സാധിക്കുന്നവരാണ്. അന്തരീക്ഷത്തിൽ ഏത് ഇനത്തിന്റെ ആൺപ്രാണിയാണോ കൂടുതൽ പറക്കുന്നത്, അതിനനുസരിച്ച് ഇവ തങ്ങളുടെ ഫ്ളാഷ് റെസ്പോൺസ് ടൈമിംഗ് മാറ്റും.
പല പെൺ മിന്നാമിനുങ്ങുകൾക്കും ചിറകു മാത്രമല്ല വായും ഇല്ല . അതായത് അവ ഭക്ഷണം പോലും കഴിക്കാറില്ല, ഇണ ചേരലും മുട്ടയിടലും കഴിഞ്ഞ് കുറച്ച് ആഴ്ചകൾ, മാസം ജീവിച്ച് മരിച്ച് പോകുന്നവരാണ്. എന്നാൽ ഈ മിന്നാമിനുങ്ങ് എന്തുകൊണ്ടാകും ഈ മാരക വേട്ട നടത്തുന്നത് എന്നത് കൗതുകകരമാണ്. കേവലം വിശപ്പടക്കാൻ വേണ്ടി മാത്രമുള്ള മാംസാഹാരമല്ല ഇത്, ഇതിനു പിന്നിൽ ആഴത്തിലുള്ള കെമിക്കൽ ഡിഫൻസ് (Chemical Defense) തന്ത്രമുണ്ട്.
ഫോട്ടിനസ് മിന്നാമിനുങ്ങ് ഇനങ്ങളുടെ ശരീരത്തിൽ തവളകളുടെ വിഷത്തിന് സമാനമായ കാർഡിയാക് ഗ്ലൈക്കോസൈഡ് വിഭാഗത്തിൽപ്പെടുന്ന ലൂസിബുഫാജിൻ എന്ന സ്റ്റിറോയിഡ് വിഷാംശം (Bufadienolides) അടങ്ങിയിട്ടുണ്ട്. ഈ കയ്പ്പുള്ള വിഷം കാരണം പക്ഷികളും ചിലന്തികളും ഫോട്ടിനസ് മിന്നാമിനുങ്ങുകളെ സധാരണയായി തിന്നാറില്ല. എന്നാൽ ഫോടുറിസ് മിന്നാമിനുങ്ങുകൾക്ക് ഈ വിഷം സ്വന്തമായി ഉൽപ്പാദിപ്പിക്കാനുള്ള ജനിതക ശേഷിയില്ല. അതിനാൽ, ഫോടുറിസ് പെൺപ്രാണികൾ ഈ ഫോട്ടിനസ് ആൺപ്രാണികളെ വേട്ടയാടി തിന്നും, അവയുടെ ശരീരത്തിലെ ലൂസിബുഫാജിൻ സ്വന്തം രക്തത്തിലേക്ക് (Haemolymph) ആഗിരണം ചെയ്യും.
ഈ വിഷാംശം പിന്നീട് ഇവയുടെ ശരീരത്തിൽ ശേഖരിക്കപ്പെടുകയും, അവയിടുന്ന മുട്ടകളിലേക്ക് കൈമാറുകയും ചെയ്യും. ഈ വിഷാംശം ഉള്ളതിനാൽ ഉറുമ്പുകളും , പക്ഷികളും , ചിലന്തികളും ഇവയുടെ മുട്ടകളെയും ലാർവകളെയും ഒക്കെ തിന്നാതെ ഒഴിവാക്കും.
അതുകൂടാതെ സ്വയ രക്ഷക്കും ഈ വിഷം ഇവരെ സഹായിക്കും. വേട്ടയാടി വിഷം സംഭരിച്ച ഫോടുറിസ് മിന്നാമിനുങ്ങുകളെ ഏതെങ്കിലും ചിലന്തികളോ മറ്റ് വേട്ടക്കാരോ പിടികൂടാൻ ശ്രമിച്ചാൽ, അവ തങ്ങളുടെ സന്ധികളിൽ നിന്ന് വിഷം കലർന്ന രക്തം പുറത്തേക്ക് ചീറ്റുന്നു (Reflex bleeding / Autohemorrhage). ഈ കയ്പുള്ളതും വിഷലിപ്തവുമായ സ്രവം കാരണം ശത്രുക്കൾ ഉടൻതന്നെ ഇവയെ ഉപേക്ഷിച്ച് ഓടിപ്പോകുകയാണ് പതിവ്.
ഇനി ചതി ചെയ്യുന്ന ഫോടുറിസ് പെൺമിന്നാമിന്നികളുടെ ഈ മാരക കെണിയിൽ നിന്ന് രക്ഷപ്പെടാൻ ഫോട്ടിനസ് ആൺ മിന്നാമിനുങ്ങുകളും പരിണാമ വഴിയിൽ ചില കഴിവുകൾ നേടിയിട്ടുണ്ട്.
സിഗ്നൽ കണ്ട ഉടൻതന്നെ ആൺ മിന്നാമിനുങ്ങുകൾ പലപ്പോഴും പെൺപ്രാണിയുടെ അടുത്തേക്ക് നേരെ പറന്നിറങ്ങില്ല. പകരം, സിഗ്നൽ വന്ന ഇലയുടെ ഏതാനും ഇഞ്ചുകൾക്കു മുകളിലായി വായുവിൽ നിശ്ചലമായി നിന്ന് (Hovering) ചുറ്റും വിശദമായി നിരീക്ഷിക്കും.
തങ്ങളുടെ സ്പീഷീസിലെ യഥാർത്ഥ പെൺപ്രാണിയുടെ ശരീര വലുപ്പവും ചലനങ്ങളും ഫോടുറിസ് വേട്ടക്കാരിയുടേതിൽ നിന്ന് വ്യത്യസ്തമായതിനാൽ, കാഴ്ചയിലെ ചെറിയ പൊരുത്തക്കേടുകൾ തിരിച്ചറിഞ്ഞ് പലപ്പോഴും ആൺപ്രാണികൾ അവസാന നിമിഷം പിന്തിരിഞ്ഞു പറന്നു രക്ഷപ്പെടും. .
വെളിച്ചം കണ്ടു താഴെ ഇറങ്ങിയാലും ആൺപ്രാണി പെട്ടെന്ന് ഇണചേരാൻ മുതിരില്ല. തങ്ങളുടെ ആന്റിനകൾ ഉപയോഗിച്ച് പെൺപ്രാണിയുടെ ശരീരത്തിന്റെ ബാഹ്യഭാഗത്ത് ആദ്യമൊന്ന് ചെറുതായി തൊട്ടുനോക്കും. ഓരോ ഇനത്തിലെയും പെൺപ്രാണികളുടെ ശരീരത്തിന് പുറത്ത് ക്യൂട്ടിക്കുലാർ ഹൈഡ്രോകാർബണുകൾ (Cuticular Hydrocarbons) അടങ്ങിയ പ്രത്യേക രാസ-ഗന്ധം ഫെറോമോൺ ഉണ്ടാകും (Pheromones).
ഫോടുറിസ് വേട്ടക്കാരിക്ക് വെളിച്ചം അനുകരിക്കാൻ കഴിയുമെങ്കിലും, ഫോട്ടിനസ് പെൺപ്രാണിയുടെ കൃത്യമായ ഫെറോമോൺ ഘടന നിർമ്മിക്കാൻ കഴിയില്ല. സ്പർശനത്തിലൂടെ ഈ രാസവ്യത്യാസം തിരിച്ചറിയുന്ന ആൺപ്രാണി ചതി മനസിലാക്കി പെട്ടെന്ന് രക്ഷപ്പെടാൻ ശ്രമിക്കും.
ടൈം ഡിലേയിൽ (Time delay) വരുന്ന ചെറിയ വ്യത്യാസം പോലും ആൺപ്രാണികൾ ശ്രദ്ധിക്കും . ഫോടുറിസ് നൽകുന്ന മറുപടി ഫ്ളാഷിന്റെ ദൈർഘ്യത്തിലോ തീവ്രതയിലോ എന്തെങ്കിലും പൊരുത്തക്കേട് തോന്നിയാൽ ആൺപ്രാണി ഉടൻ തന്നെ സ്വന്തം പ്രകാശം പൂർണ്ണമായും അണച്ച് (Flash Blackout) ഇരുട്ടിലേക്ക് മറയും.
ഈ കള്ളിയങ്കാട്ട് നീലി പെൺമിന്നാമിന്നി ഇതിനിടയിൽ അക്രമിക്കാൻ തുനിഞ്ഞാൽ, ആൺപ്രാണി ചിറകുകൾ പൂട്ടി ഇലയിൽ നിന്ന് താഴെ ചപ്പുചവറുകളിലേക്ക് ടപ്പേന്ന് ചത്തതുപോലെ വീണുകിടക്കും . താഴെയുള്ള ഇടതൂർന്ന പുല്ലുകൾക്കിടയിൽ വെളിച്ചം കെടുത്തി അനങ്ങാതെ കിടക്കുന്ന ഇവയെ കണ്ടെത്താൻ ഫോടുറിസ് വേട്ടക്കാരിക്ക് പ്രയാസമാണ്.
ഇതിനുമപ്പുറം ചില ഫോട്ടിനസ് ആൺമിന്നാമിന്നികൾ ശരീരത്തിലെ വിഷാംശത്തിന്റെ അളവ് ഉയർന്ന തോതിൽ നിലനിർത്താൻ കൂടുതൽ ശ്രമിക്കും . നന്നായി വിഷം നിറഞ്ഞ ശരീരമുള്ള ആൺപ്രാണിയെ ആക്രമിക്കാൻ തുടങ്ങുമ്പോൾ ഉണ്ടാകുന്ന അതികഠിനമായ കയ്പ്പ് കാരണം, ചിലപ്പോൾ ഫോടുറിസ് അവയെ വിഴുങ്ങാതെ ഉപേക്ഷിക്കാറുണ്ട്. പരിണാമപരമായ വമ്പൻ ആയുധപ്പന്തയം (Evolutionary Arms Race) തന്നെയാണ് ഇവ തമ്മിൽ നടക്കുന്നത്.
Content Highlights: Some female fireflies use aggressive mimicry to trick and eat male fireflies of other species., Females cannot produce their own toxins, so they steal Lucibufagins from male fireflies to protect their eggs., Male fireflies have evolved survival tactics like flash blackouts, pheromone checks, and playing dead to escape.
Published: 01 Sept 2026, 02:47 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented