
കൂട്ടക്കൊലചെയ്യപ്പെട്ട പത്ത് ലക്ഷത്തോളം പേര്‍. അഭയാര്‍ഥികളാവുകയും പലായനം ചെയ്യേണ്ടിയും വന്ന അമ്പത് ലക്ഷമാളുകള്‍. മനഷ്യനൊപ്പം വേട്ടയാടപ്പെട്ട പ്രകൃതിവിഭവങ്ങളും വന്യജീവികളും. 1977 മുതല്‍ 1992 വരെ നീണ്ടുനിന്ന മൊസാംബിക്കിലെ ആഭ്യന്തരകലാപം ഒരു ജനതയ്ക്ക് മേല്‍ സമ്മാനിച്ച ദുരിതം ഇങ്ങനെയായിരുന്നു. കലാപത്തില്‍ തകര്‍ന്നടിഞ്ഞ് ചരിത്രമായിപ്പോവുമായിരുന്നു മൊസാംബിക്കിലെ ഗൊറങ്കോസ ദേശീയോദ്യാനം. ഒരിക്കല്‍ സമൃദ്ധമായ വന്യജീവിയിടം യുദ്ധവെറിയില്‍ ഒന്നാകെയില്ലാതായപ്പോള്‍ ഒരു രാജ്യമൊന്നാകെ അതിന്റെ ദുരിതമനുഭവിച്ചു. ആ ദുരന്തത്തില്‍ നിന്ന് അവര്‍ പാഠം പഠിച്ചു. ഈ ഭൂമി മനുഷ്യന് മാത്രമുള്ളതല്ലെന്ന തിരിച്ചറിവില്‍ ഒടുവില്‍ ഗൊറാങ്കോസയെ തിരിച്ചുകൊണ്ടുവരാനുള്ള പ്രയത്നവുമായി അവർ മുന്നോട്ടു സഞ്ചരിച്ചു. ഗൊറങ്കോസയുടെ ഈ തിരിച്ചുവരവിന്റെ കഥയാണ് ഇത്തവണ Beauty & the beastsൽ.
1975-ല്‍ പോര്‍ച്ചുഗീസ് കോളനിവാഴ്ചയില്‍നിന്ന് മൊസാമ്പിയ സ്വതന്ത്രമാക്കപ്പെട്ടതിന് തൊട്ടുപുറകെയാണ് രാജ്യത്ത് ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടത്. മൊസാംബിക്കിലെ മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടി സ്ഥാപിച്ച മൊസാംബിക് ലിബറേഷന്‍ ഫ്രണ്ട് (ഫ്രലിമോ) മൊസാമ്പിക്കന്‍ നാഷണല്‍ റെസിസ്റ്റന്‍സ് (റെനമോ) എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ രൂപപ്പെട്ട മൊസാംബിക്ക് കലാപത്തെ ആഫ്രിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രക്തരൂക്ഷിത കലാപമെന്നാണ് അറിയപ്പെടുന്നത്. മനുഷ്യനൊപ്പം സര്‍വതും ആ കലാപത്തിന്റെ ദുരിതമനുഭവിച്ചു.

- ഗൊറങ്കോസയ്ക്ക് സംഭവിച്ചത്
1977 മുതല്‍ 1992 വരെ 15 വര്‍ഷത്തോളമാണ് മൊസാംബിക്ക് ആഭ്യന്തര കാലാപം നീണ്ടുനിന്നത്. അത്രയും കാലം യുദ്ധഭൂമിയായി ഉപയോഗിക്കപ്പെട്ടത് ഗൊറങ്കോസ പാര്‍ക്കായിരുന്നു. ആള്‍നാശത്തിനൊപ്പം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂടെ യുദ്ധം മൊസാംബിക്ക് ജനതയെ തള്ളിവിട്ടു. ലക്ഷക്കണക്കിന് ആളുകള്‍ മരിക്കുകയും അഭയാര്‍ഥികളായിപ്പോവുകയും ചെയ്തതോടെ ജോലിയും കൂലിയുമില്ലാത്തവരായി മൊസാംബിക്കുകാർ മാറി. ഇതോടെയാണ് സമൃദ്ധമായ ഗൊറാങ്കോസ ദേശീയോദ്യാനത്തിലേക്ക് ആളുകള്‍ കടന്നുകയറിയത്.
വലിയ സസ്തനി വിഭാഗത്തില്‍ പെടുന്ന ആന, സിംഹം, പുള്ളിപ്പുലി, ഹിപ്പോപൊട്ടാമസ്, ആന്റിലോപ്പുകള്‍ എന്നിവയുടേയെല്ലാം ആവാസ കേന്ദ്രമായിരുന്നു ഗൊറങ്കോസയെങ്കിലും യുദ്ധകാലത്ത് വന്‍തോതിലുള്ള വേട്ടയാടലുകളുണ്ടായി. കലാപകാരികളും കലാപം നേരിടാനെത്തിയവരും പ്രദേശവാസികളുമെല്ലാം പാര്‍ക്കിലേക്ക് കടന്നുകയറിയതോടെ സര്‍വനാശമായിരുന്നു ഫലം. ഭക്ഷണത്തിനും പണം കണ്ടെത്താനുമുള്ള ഉപാധിക്കുമായി ഗൊറങ്കോസയും ഇവിടേയുള്ള പ്രകൃതി സമ്പത്തും മാറി. വലിയ മൃഗങ്ങളായ ആനയും ഹിപ്പോയും സിംഹവുമടക്കമുള്ള മൃഗങ്ങളുടെ എണ്ണം അപ്പാടെ കുറഞ്ഞു. മരങ്ങളും മറ്റ് പ്രകൃതിവിഭവങ്ങളുമെല്ലാം പറ്റാവുന്നപോലെയൊക്കെ മോഷ്ടിക്കപ്പെട്ടു. അങ്ങനെ ഒരു കാലത്ത് സമൃദ്ധമായിരുന്ന ഗൊറങ്കോസ തരിശ്ശുഭൂമിക്ക് സമാനമായി മാറി.

യുദ്ധത്തെ തുടര്‍ന്ന് രാജ്യത്തെ നിയമസംവിധാനങ്ങള്‍ തകര്‍ന്നതോടെയാണ് ആളുകള്‍ കൂട്ടമായി ഗൊറങ്കോസയിലേക്ക് കടന്നത്. ആനക്കൊമ്പിനായി കൊലചെയ്യപ്പെട്ട കാട്ടാനകളുടെ ജഡം കൊണ്ട് നിറഞ്ഞിരുന്നു പാര്‍ക്കിന്റെ ഉള്‍വശം. താമസ സ്ഥലങ്ങളും മറ്റും പൂര്‍ണമായും നശിപ്പിക്കപ്പെട്ടതോടെ വീടുകളുടെ പുനര്‍ നിര്‍മാണത്തിനായും വിറകുകള്‍ക്കായും വന്‍തോതില്‍ മരംവെട്ടല്‍ നടന്നു. ഇത് പാര്‍ക്കിലെ ആവാസ വ്യവസ്ഥയെ അപ്പാടെയാണ് നശിപ്പിച്ചുകളഞ്ഞത്.
യുദ്ധത്തിന്റെ അവസാന നാളുകളാവുമ്പോഴേക്കും തൊണ്ണൂറ് ശതമാനത്തോളം വലിയ മൃഗങ്ങളാണ് ഇവിടെ നിന്നും അപ്രത്യക്ഷമായിപ്പോയത്. ഉദാഹരണത്തിന് 2500 ആനകളില്‍ നിന്ന് എണ്ണം 250 ലേക്കെത്തി. ആനയടക്കമുള്ള സസ്യബുക്കുകളുടെ എണ്ണം കുറഞ്ഞുപോയതോടെ അത് പാര്‍ക്കിലെ മൊത്തം ജൈവാവസ്ഥയെ ബാധിച്ചു. വേട്ടയാടി ഭക്ഷിക്കാന്‍ മൃഗങ്ങളെ കിട്ടാതായതോടെ മാംസബുക്കുകളായ മറ്റ് മൃഗങ്ങളുടെ എണ്ണവും കുറഞ്ഞു. പാര്‍ക്കിന്റെ സ്വാഭാവികത പൂര്‍ണമായും നഷ്ടപ്പെട്ടതോടെ വെള്ളപ്പൊക്കമടക്കമുള്ള പ്രകൃതി ദുരന്തങ്ങളെ നേരിടേണ്ടി വന്നു. ഇത് പാര്‍ക്കിനെ പൂര്‍ണ നാശത്തിലേക്കെത്തിച്ചു. ഇതോടെയാണ് ഗൊറങ്കോസയെ തിരിച്ചുകൊണ്ടുവരേണ്ടതിന്റെ ആവശ്യം ചര്‍ച്ചയായത്.
- യുദ്ധാനന്തര തിരിച്ചുവരവ്
2000 ന് മുമ്പേ തന്നെ അമേരിക്കന്‍ സാമൂഹിക പ്രവര്‍ത്തകനായ ഗ്രെഗ് കാറിന്റെ നേതൃത്വത്തിലുള്ള കാര്‍ ഫൗണ്ടേഷന്‍ മൊസാമ്പിയന്‍ സര്‍ക്കാരുമായി ചേര്‍ന്ന് ഗൊറങ്കോസ പുനര്‍നിര്‍മാണ പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു. പാര്‍ക്കിലെ സ്വാഭാവിക ജൈവാവസ്ഥ തിരിച്ചുകൊണ്ടുവരിക, സുസ്ഥിര വികസനം നടപ്പിലാക്കുക, പദ്ധതികളില്‍ പ്രാദേശിക പങ്കാളിത്തം കൊണ്ടുവരിക എന്നതെല്ലാമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ആവാസ വ്യവസ്ഥയുടെ പുനിര്‍നിര്‍മാണമായിരുന്നു ഇതില്‍ പ്രധാനപ്പെട്ടത്. ഇതിനായി യുദ്ധത്തില്‍ ഇല്ലാതായിപ്പോയ ജലസ്രോതസ്സുകളെ ആദ്യം തിരിച്ചുകൊണ്ടുവന്നു. ചെറുജീവികളുടെയും സസ്യങ്ങളുടെയും വളര്‍ച്ച ഉറപ്പാക്കി. പഴയ ആവാസ വ്യവസ്ഥയിലേക്ക് വന്യജീവികളെ ആകര്‍ഷിക്കാനായി വന്യജീവി ഇടനാഴികള്‍ നിര്‍മിച്ചു. വന്യജീവി വ്യവസ്ഥകള്‍ കര്‍ശനമാക്കി വേട്ടയാടലടക്കമുള്ളവയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. ഇതില്‍ പ്രദേശവാസികളെ പങ്കാളികളാക്കിയതോടെ അനധികൃത വേട്ടയാടലുകളെ ഇല്ലാതാക്കാനായി.
പാര്‍ക്കിനെ കൃഷിയിടമായും മറ്റും ഉപയോഗിച്ചിരുന്ന പ്രദേശവാസികള്‍ക്ക് വരുമാനം കണ്ടെത്താനുള്ള മറ്റ് മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവന്നു. പാര്‍ക്കിലെ തന്നെ വിവിധ പദ്ധതികളില്‍ അവരെ ഭാഗമാക്കിയതോടെ ഇതിലൂടെ വരുമാനം കണ്ടെത്താനുള്ള വഴി തെളിഞ്ഞു. ഇത് വലിയ മാറ്റമാണ് കൊണ്ടുവന്നത്. നശിപ്പിക്കപ്പെട്ട മരങ്ങള്‍ക്കും സസ്യങ്ങള്‍ക്കും പകരമായി മരങ്ങള്‍ നട്ടുപിടിപ്പിച്ചത് മൂലം അതിന്റെ സ്വാഭാവികത വീണ്ടെടുക്കാനായി. ജനങ്ങളില്‍ പ്രകൃതി സമ്പത്തുകളുടെ സംരക്ഷണത്തെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും ക്ലാസുകളെടുത്തു. അതവരെ ബോധവാന്‍മാരാക്കി. തങ്ങള്‍ക്കൊപ്പം നിലനിൽക്കേണ്ടതാണ് വനസമ്പത്തുകളുമെന്ന തിരിച്ചറിവുണ്ടാക്കി.

മറ്റ് ജീവിതമാര്‍ഗങ്ങള്‍ ലഭിച്ചതോടെ പാര്‍ക്ക് സംരക്ഷണത്തിനായി ജനങ്ങള്‍ മുന്നിട്ടിറങ്ങി. അങ്യങനെ ഗൊറങ്കോസ തിരിച്ചുവരാന്‍ തുടങ്ങി. വന്യജീവികളുടെ എണ്ണത്തെക്കുറിച്ചും ആവാസ വ്യവസ്ഥയുടെ വീണ്ടെടുക്കലിനേയും കുറിച്ചും നിരന്തരം നിരീക്ഷിക്കനും പഠിക്കാനുമായി ശാസ്ത്രീയമായ ഗവേഷണ പദ്ധതികള്‍ ഇവിടെയാരംഭിച്ചു. പ്രധാനമായും മൊസാംബിക്ക് സര്‍ക്കാരിന്റേയും അന്തര്‍ദേശീയ സംഘടനകളുടേയും നേതൃത്വത്തില്‍ നടന്ന ഗൊറങ്കോസ പുനര്‍നിര്‍മാണ പദ്ധതി ലോകത്തിന് തന്നെ അങ്ങനെ യുദ്ധാനന്തര മോഡലായി മാറുകയും ചെയ്തു.
- ജനങ്ങളെ ചേര്‍ത്ത് നിര്‍ത്തിയ പദ്ധതികള്‍
പാര്‍ക്കിനെ പഴയ രൂപത്തിലേക്ക് കൊണ്ടുവരാനായി ഏറ്റവും പ്രധാന പങ്കുവഹിച്ചത് അവിടുത്തെ ജനങ്ങളുടെ സഹകരണം തന്നെയാണ്. ഇക്കോടൂറിസം പദ്ധതികള്‍ നിലവില്‍ വന്നതോടെ അതവര്‍ക്ക് പുതിയ വരുമാന മാര്‍ഗം നല്‍കി. പുല്‍മേടുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിച്ച് നിര്‍ത്തുന്നതില്‍ വിജയിച്ചതോടെ ഇതിനൊപ്പം ആവാസ വ്യവസ്ഥയും തളിരിട്ടുവന്നു. ഭക്ഷണവും കുടിവെള്ളവും ലഭിക്കാന്‍ തുടങ്ങിയതോടെ ആനയടക്കമുള്ള വലിയ ജീവികളുടെ എണ്ണം വര്‍ധിക്കാന്‍ തുടങ്ങി. ഇത് മറ്റ് ജീവികളുടെ വരവിനേയും സ്വാധീനിച്ചു.
ഇടതൂര്‍ന്ന മരങ്ങളും പുല്‍മേടുകളും മഴക്കാടുകളും കൊണ്ട് സമ്പന്നമാണ് ഇന്ന് ഗൊറങ്കോസ. ഒരിക്കല്‍ തുടച്ചുമാറ്റപ്പെട്ട വലിയ മൃഗങ്ങളായ ആന, സിംഹം, പുള്ളിപ്പുലികള്‍, ഹിപ്പോകള്‍ എന്നിവയുടേയെല്ലാം ആഫ്രിക്കയിലെ തന്നെ പ്രധാന സംരക്ഷണ കേന്ദ്രം കൂടിയായി ഗൊറങ്കോസ. 500 ഓളം വരുന്ന വിവിധ പക്ഷി വര്‍ഗങ്ങളുടേയും ഉഭയജീവികളുടെയും പാമ്പുകളുടെയുമെല്ലാം കേന്ദ്രമായും ഗൊറങ്കോസ മാറി.
ഇന്ന് പാര്‍ക്ക് സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് ബോധവത്കരണ ക്ലാസുകൾ നല്‍കുന്നുണ്ട്. ഇതിന് പ്രധാനമായും മുന്നിട്ടിറങ്ങുന്നത് പ്രദേശവാസികള്‍ തന്നെയാണ്. അതിനവരുടെ പരമ്പരാഗത അറിവും ഗുണമായി. പാര്‍ക്കിനുള്ളില്‍ കൃഷി, മത്സ്യബന്ധനം എന്നിവയിലൂടെയെല്ലാം വരുമാനമാര്‍ഗം കണ്ടെത്തിയിരുന്ന പ്രദേശവാസികളുടെ ഇടയില്‍ മനുഷ്യ-വന്യമൃഗ സംഘര്‍ഷവും രൂക്ഷമായിരുന്നു. ഇത് വന്യജീവികളുടെ നാശത്തിലേക്കെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ഇതിനെല്ലാമാണ് ബദല്‍ വരുമാന മാര്‍ഗം ഉറപ്പാക്കിയതിലൂടെ പരിഹാരം കാണാന്‍ കഴിഞ്ഞത്. അങ്ങനെ ഒരുകാലത്ത് വനസമ്പത്ത് കൊള്ളയടിച്ചവര്‍ തന്നെ ഇന്നതിന്റെ സംരക്ഷകരായി മാറിയെന്നതും ഗൊറങ്കോസയുടെ പ്രത്യേകതയാണ്.

- സര്‍വതും തൂത്തുവരിയ കലാപം
മൊസാംബിക്കന്‍ നാഷണല്‍ റെസിസ്റ്റന്‍സും (റെനമോ) മൊസാംബിക്ക് ലിബറേഷന്‍ ഫ്രണ്ടും (ഫ്രലിമോ) തമ്മിലുള്ള സംഘർഷമായിരുന്നു ആഫ്രിക്ക കണ്ട ഏറ്റവും വലിയ കലാപത്തിലേക്ക് നയിച്ചത്. ഒരു സോഷ്യലിസ്റ്റ് ഏകകക്ഷി രാഷ്ട്രം സ്ഥാപിക്കാനുള്ള ഭരണ കക്ഷിയായ ഫ്രലിമോയുടെ ശ്രമങ്ങളെ റെനാമോ എതിര്‍ത്തു. ഇത് സംഘര്‍ഷത്തിന് വഴിവെച്ചു. പത്ത് ലക്ഷത്തോളം ആളുകള്‍ കൊല്ലപ്പെട്ടു. കലാപം ഭക്ഷ്യലഭ്യതയ്ക്ക് തടസ്സമായതോടെ രാജ്യം പട്ടിണിയിലായി.
അമ്പത് ലക്ഷത്തോളമാളുകള്‍ അപ്രത്യക്ഷമാവുകയോ അഭയാര്‍ഥികളാവുകയോ ചെയ്തു. ആശുപത്രികള്‍, വീടുകള്‍, റെയില്‍വേ ലൈനുകള്‍, റോഡുകള്‍ സ്‌കൂളുകള്‍ എന്നിവയെല്ലാം പൂര്‍ണമായും തകര്‍ക്കപ്പെട്ടു. മനുഷ്യാവകാശ ലംഘനങ്ങളുടെ തീരാക്കാഴ്ചകളായിരുന്നു യുദ്ധത്തിലുണ്ടായത്. കുട്ടികളെയടക്കം നിര്‍ബന്ധിത സൈനികരാക്കി മാറ്റി. ഗ്രാമപ്രദേശങ്ങളില്‍ കൂട്ടക്കൊലയും കൂട്ടബലാത്സംഗവും പതിവായി. യുദ്ധം ചെയ്യുന്ന പട്ടാളക്കാരെ തൃപ്തിപ്പെടുത്താനായി സ്ത്രീകളെ ബലമായി തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കാന്‍ ഇട്ടുകൊടുത്തു.

മനുഷ്യാവകാശ ലംഘനങ്ങളില്‍ ഏറ്റവും മുന്‍പന്തിയിലായിരുന്നു റെനമോ സംഘം. പ്രദേശവാസികളെ കൂട്ടക്കൊല ചെയ്യുന്നതിനൊപ്പം എതിരാളികളെ അംഗഛേദം നടത്തി. ക്യാമ്പുകളില്‍ നിന്ന് കുട്ടികളെ ആണ്‍ പെണ്‍ വ്യത്യാസമില്ലാത്തെ തട്ടിക്കൊണ്ടുപോയി പട്ടാളക്കാരും പോര്‍ട്ടര്‍മാരും ലൈംഗിക അടിമകളുമൊക്കെയാക്കി മാറ്റി. കൊടിയ പീഡനവും മര്‍ദനവും ലോക മനസാക്ഷിയെ തന്നെ ഞെട്ടിച്ചു. നിറഞ്ഞു കവിഞ്ഞ ക്യാമ്പുകളില്‍ ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി പരസ്പരം പോരടിക്കുന്നവരായി ഒരു ജനത മാറി. കുഴിബോംബുകള്‍ നിറഞ്ഞ പ്രദേശമായി യുദ്ധമേഖല മൊത്തം മാറി. കുട്ടികളടക്കമുള്ളവര്‍ക്ക് അംഗവൈകല്യം സംഭവിക്കുകയോ മരണം സംഭവിക്കുകയോ ചെയ്തു.
യുദ്ധം അവസാനിച്ചിട്ടും അതിന്റെ ആഘാതത്തിൽ നിന്ന് ജനങ്ങള്‍ക്ക് രക്ഷപ്പെടാനായില്ല. അംഗവൈകല്യം സംഭവിച്ചവരും പരിക്കേറ്റ് കിടക്കുന്നവരും ഇന്നും സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയിട്ടില്ല.

- ഇന്ന് ടൂറിസത്തിന്റെ നട്ടെല്ല്
തിരിച്ചുവരവ് ആഘോഷമാക്കുകയാണ് ഇന്ന് ഗൊറങ്കോസ ദേശീയ ഉദ്യാനം. അടിസ്ഥാന സൗകര്യമടക്കം പരമാവധി വികസിച്ചതോടെ വലിയ തോതില്‍ സന്ദര്‍ശകരെത്തുന്നുണ്ട്. താമസ സൗകര്യമടക്കം ഒരുങ്ങിയതോടെ ഇക്കോ ടൂറിസത്തിന്റെ പ്രധാന വരുമാനമാര്‍ഗവുമായി. യുദ്ധാനന്തരം തിരിച്ചെത്തിയ വന്യമൃഗങ്ങളുടെ വിരുന്ന് തന്നെയാണ് ഇന്നിവിടത്തെ പ്രധാന ആകര്‍ഷണം. സഫാരി, ഉറേമ തടാകത്തിലെ ബോട്ട് സവാരി, സാഹസിക ടൂറിസം എന്നിവയെല്ലാം യാത്രക്കാര്‍ക്കായി വാഗ്ദാനം ചെയ്യുന്നുണ്ട്.
പ്രദേശവാസികള്‍ തന്നെയാണ് ടൂറിസം ജീവനക്കാരും ഗൈഡുമാരുമെല്ലാം. അവരുടെ തനത് സാംസ്‌കാരിക ആഘോഷമെല്ലാം ടൂറിസത്തിന്റെ ഭാഗമായപ്പോള്‍ ഉത്തരവാദിത്ത ടൂറിസത്തിന്റെ പുതിയ മോഡല്‍ കൂടി ഗൊറങ്കോസ ലോകത്തിന് കാണിച്ചുകൊടുത്തു. പാരിസ്ഥിതിക വിദ്യാഭ്യാസവും ബോധവത്കരണ ക്ലാസുകളുമെല്ലാം ഉള്‍പ്പെട്ടതാണ് ടൂറിസം ഷെഡ്യുൂളുകള്‍. താത്പര്യമുള്ളവര്‍ക്ക് സംരക്ഷണ പദ്ധതികളുടെ ഭാഗമാവുകയും ഇവിടെ നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ച് ഗവേഷണത്തിനുള്ള സൗകര്യവുമുണ്ട്. പുരോഗതിക്കിടയിലും ഇന്നും ചില വെല്ലുവിളികളുമുണ്ട്. ഉള്‍മേഖലയിലായതിനാല്‍ ടൂറിസ്റ്റുകള്‍ എത്തിപ്പെടാന്‍ നന്നേ ബുദ്ധിമുട്ടുണ്ട്. ഇതിന് പുറമെ പരിമിതമായ അടിസ്ഥാന സൗകര്യവും വെല്ലുവിളിയാകുന്നുണ്ട്.
Content Highlights: Damage of Gorongosa national park and its return beauty and beasts
Published: 22 Jun 2024, 10:30 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented