ഇടുങ്ങിയ അള്ളുകളിലെ വെളിച്ചം കടക്കാത്ത മൂലകളിൽ എവിടെയോ ആ രഹസ്യം ഇന്നും പതിയിരിക്കുന്നുണ്ട്

ഭൂലോകലക്ഷ്മിയുടെ കഥയിലേയ്ക്ക് തിരിച്ച് വരാം. പുറത്തുനിന്ന് ഒന്നോ രണ്ടോ ദിവസം തങ്ങാനായി എത്തുന്ന വിനോദയാത്രികർക്ക് പച്ചക്കാനവും പരിസരങ്ങളും തീർത്തും സ്വർഗ്ഗീയമായി അനുഭവപ്പെടും. എന്നാൽ സ്‌ക്കൂൾ, ആശുപത്രി, വാഹന സൌകര്യം, മറ്റ് അനുബന്ധസൗകര്യങ്ങൾ എന്നിവയിൽ ഇന്നും ഏറെ പിന്നാക്കമാണ്. സ്ഥിരതാമസത്തിന് അത്ര നന്നെന്ന് പറയാനും കഴിയില്ല. കുട്ടികൾ പഠന സൗകര്യാർത്ഥം മിക്കവാറും ഭൂലോകലക്ഷ്മിയുടെ തമിഴ്‌നാട്ടിലെ വീട്ടിലോ ബന്ധുമിത്രാദികളുടെ കൂടെയോ ആയിരുന്നു. കെ എഫ് ഡി സിയുടെ ഗവി ഡിവിഷനുകീഴിലെ കൊച്ചുപമ്പയിലെ പമ്പ സബ് യൂണിറ്റിലെ ക്‌ളാസ്സ് ഫോർ ജീവനക്കാരിയായിരുന്നു ഭൂലോകലക്ഷ്മി. ശ്രീലങ്കൻ കുടിയേറ്റ വംശജ. ഭർത്താവായ ഡാനിയേൽകുട്ടി കൂടെ ഇല്ലാതിരുന്ന ദിവസം രാത്രി ഇരുട്ടി വെളുത്തപ്പോൾ ഭൂലോകലക്ഷ്മിയെ പച്ചക്കാനത്തെ ക്വാർട്ടേഴ്‌സിൽ നിന്ന് കാണാതാകുകയായിരുന്നു!
ഔദ്യോഗിക രേഖകൾ പ്രകാരം 2011 ഓഗസ്റ്റ് 13 -നാണ് ഭൂലോകലക്ഷ്മി അവസാനമായി ഓഫീസിൽ ജോലിക്ക് ഹാജരുണ്ടായിരുന്നത്. (അവരുടെ ഭർത്താവ് ഡാനിയൽകുട്ടി കെ എഫ് ഡി സി ഓഫീസിൽ ഹാജരാക്കിയ രേഖകൾ പ്രകാരം അത് 2011 ആഗസ്റ്റ് 16. ) അവരുടെ കെട്ടിടത്തിന്റെ വാതിൽ പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു എന്നതാണ് വിചിത്രം. പുറകിലെ വാതിൽ പൊളിച്ചിട്ടുമില്ല. അകത്തെ നാമമാത്രമായ ഫർണിച്ചറുകളൊന്നും തട്ടിമറിച്ചതായി കണ്ടതുമില്ല. ബലപ്രയോഗം നടന്നതിന്റെ തെളിവുകളുമില്ല. പിന്നെ അന്ന് രാത്രി അവരെങ്ങനെ അവിടെ നിന്ന് അപ്രത്യക്ഷയായി? എല്ലാവരേയും കുഴയ്ക്കുന്ന ചോദ്യമായി അതുമാറി. ഒന്നുകിൽ അവർ സ്വയം പുറത്തിറങ്ങി പോയിരിക്കണം. അല്ലെങ്കിൽ അത്രമേൽ വിശ്വാസമുള്ള ഒരാൾ വന്ന് വിളിച്ചിട്ട് വീടുപൂട്ടി പോയിരിക്കണം! അന്ന് വൈകിട്ട് അവർ പണി കഴിഞ്ഞ് തിരിച്ച് വരുന്നത് കണ്ടവരുണ്ട്. അല്ലാതെ രാത്രി എങ്ങോട്ടെങ്കിലും ഇറങ്ങി പോയതായി വനം ചെക്ക്‌പോസ്റ്റിൽ പോലും ആരും കണ്ടിട്ടില്ല. ആനയുൾപ്പടെയുള്ള വന്യമൃഗങ്ങൾ ധാരാളമുള്ള ആ സ്ഥലത്ത് സ്ത്രീ രാത്രി ഒറ്റയ്ക്ക് ക്വാർട്ടേഴ്‌സിൽ നിന്ന് ഇറങ്ങിപ്പോകാനുള്ള സാധ്യത തീരെയില്ല. പച്ചക്കാനം പോലുള്ള സ്ഥലത്ത് മിക്കവാറും ചെറിയ ചാറ്റൽമഴയൊക്കെയുണ്ടാകാറുണ്ട.് ഭൂലോകലക്ഷി താമസിച്ചിരുന്ന വനംവകുപ്പ് ക്വാർട്ടേഴ്‌സിന്റെ മുന്നിൽ തലേന്ന് രാത്രി ജീപ്പോ കാറോ വന്ന ടയർപ്പാടുകൾ തെളിഞ്ഞ് കിടന്നിരുന്നുവെന്നും ശ്രുതിയുണ്ടായിരുന്നു. അതൊന്നും സ്ഥിരീകരിച്ചിട്ടില്ല. നമ്മുടെ നാട്ടുകാരല്ലേ, കറുപ്പിനെ കാക്കയാക്കാൻ അവർക്ക് അധികസമയം വേണ്ടല്ലോ.
സംശയത്തിന്റെ കുന്തമുനകൾ സ്വാഭാവികമായും ആദ്യം നീണ്ടത് പച്ചക്കാനത്തെ വനംവകുപ്പ് ഉദ്യോഗസ്ഥന്മാർക്ക് നേരെയാണ്. കെ എഫ് ഡി സി സ്റ്റാഫുകളോട് ക്വാർട്ടേഴ്‌സ് ഒഴിയണം എന്നു നിർബന്ധിച്ചിരുന്നത് അവരാണല്ലോ. ഒരുവേള ഭൂലോകലക്ഷ്മിയുടെ ജഡം പച്ചക്കാനത്തെ ഏതെങ്കിലും കുന്നിൻചെരുവുകളിലോ ക്വാട്ടേഴ്‌സിൽ നിന്നും അധികം അകലെയല്ലാത്ത കൊക്കയിലോ വീണ് കിടക്കുന്നുണ്ടാകും എന്നുമൊക്കെ കരകമ്പികൾ വന്നു. തങ്ങൾ കേട്ടതിലും അറിഞ്ഞതിലും പൊടിപ്പും തൊങ്ങലും വച്ച് ഓരോരുത്തർ പുതിയകഥകൾ മെനഞ്ഞ് കൂട്ടി. പലരിലൂടെ കൈമറിഞ്ഞെത്തിയ പരസ്പര ബന്ധമില്ലാത്ത വിവരങ്ങൾ അനുസരിച്ച് അന്വേഷണങ്ങൾ നീണ്ടു. അവസാനം ഒന്നും കണ്ടെത്താനാകാതെ വന്നപ്പോൾ അവരെ അവിടെ നിന്ന് ആരോ തമിഴ്‌നാട്ടിലേയ്‌ക്കോ മറ്റോ കടത്തിക്കൊണ്ട് പോയിരിക്കാം എന്നായി. അതുമല്ല അവർ
രാത്രിയ്ക്ക് രാത്രി ഭർത്താവിനെ ഉപേക്ഷിച്ച് പരപുരുഷനോടൊപ്പം ഒളിച്ചോടിയതാകാം എന്നും ദോഷൈകദൃക്കുകൾ പറഞ്ഞുണ്ടാക്കി!
മൂഴിയാറിലെ ലോക്കൽ പോലീസിന്റെ അന്വേഷണം കാര്യമായി പുരോഗമിച്ചില്ല. ചോദ്യം ചെയ്യലും സ്ഥലപരിശോധനകളും ആയി നാളുകൾ കഴിഞ്ഞുപോയി. ഇന്നത്തെ പോലെ സാമൂഹ്യ മാധ്യമങ്ങൾ ഇല്ലാതിരുന്നതിനാലും മാധ്യമ വിചാരണകൾ അത്രമേൽ സാധാരണമല്ലാത്തതിനാലുമാകാം അതങ്ങനെ ഇഴഞ്ഞ് നീങ്ങിയതത്. പിന്നീട് കുഴയ്ക്കുന്ന കേസ്സായി രൂപംമാറിയത് കൊണ്ടാണോ എന്നറിയില്ല അത് പത്തനംതിട്ട ക്രൈം ബ്രാഞ്ചിന് കൈമാറി. തുടർന്ന് പച്ചക്കാനത്തും പരിസരങ്ങളിലും വലിയ ഓളം സൃഷ്ടിച്ചുകൊണ്ട് അവരുടെ അന്വേഷണങ്ങൾ മുന്നോട്ടുപോയി. സംശയം തോന്നിയവരെ ചോദ്യം ചെയ്യലും തെളിവുകൾ ചേർത്ത് വയ്ക്കലുമൊക്കെയായി നാളുകൾ താണ്ടുന്നതിനിടെ വിചിത്രമായ സംഭവമുണ്ടായി. പച്ചക്കാനത്ത് വനംവകുപ്പിൽ ജോലി ചെയ്തിരുന്ന സ്റ്റാഫ് കുറ്റം സമ്മതിച്ചു! വല്ലാത്ത അവിശ്വസനീയതയോടെയാണ് പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷനിലെ സഹഉദ്യോഗസ്ഥന്മാർ പോലും ആ വാർത്ത കേട്ടത്.
ആ സ്ത്രീയെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്നും (എന്തിനെന്ന് പറഞ്ഞതായി അറിവില്ല) ശവശരീരം കുഴിച്ചിടുകയായിരുന്നുവെന്നും അയാൾ മൊഴി നൽകിയെന്നാണ് പറഞ്ഞ് കേട്ടത്! ക്രൈം ബ്രാഞ്ച് അദ്ദേഹത്തെ കസ്റ്റഡിയിൽ എടുക്കുത്തു. മാരത്തോൺ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുമ്പായി തെളിവുകൾ ശേഖരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അതിന്റെ ഭാഗമായി അദ്ദേഹത്തെ കൃത്യസ്ഥലം കണ്ടെത്തുന്നതിന്റേയും കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങൾ റിക്കവറി നടത്തുന്നതിനുമായി ചോദ്യം ചെയ്യലിൽ സൂചിപ്പിച്ച സ്ഥലത്തേയ്ക്ക് കൊണ്ട് പോയി. പറഞ്ഞ സ്ഥലത്തെത്തിയപ്പോൾ അവിടെ എന്തോ കത്തിക്കരിച്ചിട്ടിരിക്കുന്നു. കുഴി എന്തോ വെച്ച് മൂടിയിട്ടുമുണ്ട്. പക്ഷെ ശവശരീരത്തിനായി കുഴിതോണ്ടിയപ്പോൾ കാര്യങ്ങൾ അതിസങ്കീർണ്ണതയിലേയ്ക്ക് കൂപ്പുകുത്തി!
അതിവിചിത്രമായ മറ്റൊരു സംഭവം കൂടി അതിനിടയിൽ അവിടെ അരങ്ങേറി . അത് ഏതാണ്ടിങ്ങനെയാണ്. ഫോറസ്റ്റ് സ്റ്റേഷനുകളിൽ 'ജിഡി' എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ജനറൽ ഡയറി എന്ന ഔദ്യോഗിക രജിസ്റ്ററുള്ളതിനെപ്പറ്റി മുൻഅധ്യായങ്ങളിൽ വിശദീകരിച്ചതാണല്ലോ. സ്റ്റേഷന്റെ ചാർജ്ജുള്ള ഡെപ്യൂട്ടി റെയ്ഞ്ചറാണ് രാവിലെ കൃത്യം എട്ട് മണിക്ക് ഹാജരുള്ള എല്ലാവരുടേയും വിവരം രേഖപ്പെടുത്തുക. അവർക്ക് അന്ന് ചെയ്യേണ്ടുന്ന ഡ്യൂട്ടി രേഖപ്പെടുത്തി ജിഡി ഓപ്പൺ ചെയ്യുന്നതും അദ്ദേഹമാണ്. ഓരോ ദിവസവും ജോലിയിലുള്ള സ്റ്റേഷനിലെ ഉദ്യോഗസ്ഥന്മാർ ഏതൊക്കെ ജോലികളിലാണ് ഏർപ്പെട്ടതെന്ന് ഇതിലൂടെ അറിയാം. അവർ ഏതൊക്കെ വനഭാഗങ്ങളാണ് പരിശോധിച്ചതെന്നും അവിടെ കുറ്റകൃത്യങ്ങൾ വല്ലതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്നും ഫീൽഡിൽ നിന്നും തിരിച്ചെത്തുന്ന മുറയ്ക്ക് അതിൽ രേഖപ്പെടുത്തണം. ഒരാൾ ഒരു ദിവസം ജോലിയ്ക്ക് ഹാജരായില്ലെങ്കിലോ അവധിയിലാണെങ്കിലോ ജി ഡി പരിശോധിച്ചാൽ കൃത്യമായി അറിയാനുമാകും. പിറ്റേന്ന് തന്നെ ജിഡിയുടെ ഒറിജിനൽ കോപ്പി റെയ്ഞ്ച് ഓഫീസിലേയ്ക്ക് അയക്കേണ്ടതുണ്ട് . അതിനാൽ പിന്നീട് അതിൽ തിരുത്തലുകൾ നടത്താനാകില്ല. വനംവകുപ്പിലെ ആധികാരിക രേഖയായാണ് ജിഡി കണക്കാക്കപ്പെടുന്നത്. സ്റ്റേഷൻ പരിശോധിക്കാനെത്തുന്ന ഉന്നത ഉദ്യോഗസ്ഥർ അവരുടെ പരിശോധനാവിവരം അതിൽ രേഖപ്പെടുത്തുന്നതും പതിവാണ്.
എന്നാൽ ദുർഘടങ്ങളായ വനപ്രദേശങ്ങളിൽ പണ്ടൊക്കെ അതിൽ ചെറിയ തോതിൽ വെള്ളം ചേർക്കാറുണ്ടായിരുന്നു എന്നത്
പരസ്യമായ രഹസ്യമാണ്. ചിലപ്പോൾ ഒരാഴ്ചത്തെ ജിഡി കോപ്പികൾ ഒരുമിച്ചായിരിക്കും റേഞ്ച് ഓഫീസിലെത്തിക്കുക. കാരണം
എന്നും അതിനായി കോപ്പികളുമായി ഒരാളെ അകലെയുള്ള റെയ്ഞ്ച് ഓഫീസിലേയ്ക്ക് പോകാനായി നിയോഗിക്കേണ്ടല്ലോ. അങ്ങനെയിരിക്കെ ഒരു ദിവസം ലീവെടുക്കാതെ (മുങ്ങി) വീട്ടിലായിരുന്ന സ്റ്റേഷനിലെ വിരുതൻ തിരിച്ചെത്തി 'വെറുതെ ലീവ് കളയണ്ടല്ലോ' എന്ന 'സദുദ്ദേശത്തിൽ' ഡെപ്യൂട്ടി റേഞ്ചർ എഴുതി അവസാനിപ്പിക്കാതെ വച്ചിരുന്ന ജിഡിയുടെ പേജിൽ ഒപ്പിട്ട് ഡ്യൂട്ടിക്ക് കയറിക്കൂടി! അത്തരത്തിലുള്ള നിരുപദ്രവകരമായ ചില അഡ്ജസ്റ്റ്‌മെന്റുകൾക്കായി ആ പേജിൽ അല്പസ്വല്പം സ്ഥലം കരുതിവയ്ക്കുന്നത് സഹകരണബോധവും പരസ്പരമുള്ള ഐക്യവും കൊണ്ടാണെന്ന് കൂട്ടിക്കോളൂ. എന്നാൽ കഷ്ടകാലത്തിന് അത് ഭൂലോകലക്ഷ്മി ക്വാർട്ടേഴ്‌സിൽ നിന്ന് അപ്രത്യക്ഷയായ ദിവസം ആയിരുന്നുവെന്ന് മാത്രം! എന്നാൽ നിർദ്ദോഷമായ തന്റെ സാമർത്ഥ്യത്തിന്റെ ഗൗരവം അയാൾക്ക് മനസ്സിലായത് കൃത്യം നടന്ന അന്നേ ദിവസം ഹാജരുണ്ടായിരുന്ന ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരെ അപ്പാടെ സംശയത്തിന്റെ പേരിൽ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോഴാണ്! താൻ നിരപരാധി ആണെന്നും അന്ന് വീട്ടിലായിരുന്നെന്നും അറിയാതെ വന്ന് ജിഡിയിൽ കയറിക്കൂടുകയായിരുന്നെന്നും അയാൾ പറഞ്ഞത് വലിയ ആശയക്കുഴപ്പം ഉണ്ടാക്കി കാരണം ആധികാരികമായി കാണുന്ന (കാണേണ്ടുന്ന) ജനറൽ ഡയറിയിൽ അത്തരത്തിൽ തിരുത്തൽ നടന്നുവെന്നത് അവർക്കും വിശ്വസിക്കാനായില്ല എന്നതാണ്. എന്തായാലും വല്ലവിധേനയും കരഞ്ഞുകാലുപിടിച്ച് അദ്ദേഹം കുറ്റാരോപണത്തിൽ നിന്ന് തടി കഴിച്ചിലാക്കി. (അന്ന് രണ്ട് വകുപ്പുകൾ തമ്മിൽ നിലനിന്നിരുന്ന അസ്വാരസ്യത്തിന്റെ പേരിൽ വനംവകുപ്പിലെ പല ഓഫീസറന്മാരേയും വെറുതെ സംശയത്തിന്റെ നിഴലിൽ നിറുത്തിയിരുന്നുവെങ്കിലും പിന്നീട് അപ്പാടെ ഒഴിവാക്കി) ആരോപണ വിധേയനായ ഉദ്യോഗസ്ഥനിലേയ്ക്ക് തിരികെ വരാം. അദ്ദേഹത്തിന്റെ പേര് പറയുന്നതിൽ അനൗചിത്യമുള്ളതിനാൽ വെളിപ്പെടുത്തുന്നില്ല.
പിൽക്കാലത്ത് ഇറങ്ങിയ ദൃശ്യം സിനിമയിലെ ആ ക്‌ളൈമാക്‌സ് പതിറ്റാണ്ടിന് മുമ്പ് അദ്ദേഹം മുൻകൂട്ടി കണ്ടിരുന്നോ എന്നറിയില്ല. കാരണം അയാൾ പോലീസിന് കാണിച്ചുകൊടുത്തത് മുമ്പ് ഏതോ വന്യമൃഗം ചത്തപ്പോൾ പോസ്റ്റുമോർട്ടത്തിന് ശേഷം മറവ് ചെയ്ത സ്ഥലം ആയിരുന്നത്രേ! കേസ്സ് ഏറെക്കുറെ തെളിഞ്ഞു എന്ന് കരുതി ആശ്വസിച്ചവരെ നിരാശരാക്കിക്കൊണ്ട് വീണ്ടും കുരുക്കുകൾ മുറുകി! ഏതാണ്ട് ചിത്തഭ്രമം ബാധിച്ച മാതിരി പെരുമാറിയ ആ ഉദ്യോഗസ്ഥനിൽ നിന്ന് ഒന്നും കിട്ടാൻ പോകുന്നില്ലെന്ന് താമസം വിനാ അന്വേഷണത്തിനെത്തിയ പോലീസുദ്യോഗസ്ഥർക്ക് മനസ്സിലായി. (അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല.) അങ്ങനെ ആ അന്വേഷണം വീണ്ടും വഴിമുട്ടി നിന്നു.
ഏതാണ്ട് പതിനഞ്ച് വർഷത്തിന് ശേഷവും ഭൂലോക ലക്ഷ്മി ഇനിയും വെളിപ്പെടാത്ത ഏതോ ഒളിയിടത്തിൽ ഇരുന്ന് താനുണ്ടാക്കിയ തീരാപൊല്ലാപ്പോർത്ത് ഊറിച്ചിരിക്കുന്നുണ്ടാകാം. അതുമല്ലെങ്കിൽ അകാലത്തിൽ മരിച്ച അവരുടെ ആത്മാവ് തന്റെ തിരോധാനം അന്വേഷിച്ച് ഉഴറിയ അധികാരികളോട് സത്യങ്ങൾ വിളിച്ച് പറയാനാകാതേയും പ്രിയപ്പെട്ടവരോട് സംവദിക്കാനാകാതേയും തകർന്ന നെഞ്ചുമായി അലയുന്നുണ്ടാകാം. രണ്ടാമത്തേതിനാണ് അധിക സാധ്യത എന്ന് തോന്നുന്നു. അല്ലെങ്കിൽ അരുമകളായ തന്റെ കുഞ്ഞുങ്ങളെ അന്വേഷിച്ചെങ്കിലും ആ അമ്മ എത്തുമായിരുന്നില്ലേ. എന്തായാലും ആ തിരോധാനം ഇന്നും യുക്തിക്ക് പിടികൊടുക്കാതെ തുടരുന്നു! കാലം പോകെ ഭാര്യയുടെ സംശയകരമായ തിരോധാനം സംബന്ധിച്ച കേസ്സുമായും കുട്ടികളുടെ പഠനവും ജോലിയുമായും വിശ്രമിമില്ലാതെ നടന്ന അവരുടെ ഭർത്താവ് ഡാനിയൽ കുട്ടിയും കാലയവനികയ്ക്കുള്ളിലേയ്ക്ക് മറഞ്ഞു. വളർന്ന് വലുതായ ആൺകുട്ടിയും പെൺകുട്ടിയും 'മരിച്ച' അമ്മയുടെ ജോലിയ്ക്ക് വേണ്ടി കെ എഫ് ഡി സിയുടെ വാതിൽക്കൽ ഇപ്പോഴും മുട്ടുകയാണ്. എന്നാൽ ജോലിയിൽ ഇരിക്കെയുള്ള ഭൂലോകലക്ഷ്മിയുടെ അകാലത്തിലുള്ള തിരോധാനത്തിൽ ആശയക്കുഴപ്പത്തിലാണ്ട അധികാരികൾ തീരുമാനം എടുക്കാനാവാതെ നിൽക്കുകയാണിന്നും! കാരണം കാലം ഏറെക്കഴിഞ്ഞിട്ടും ഔദ്യോഗികമായി അവരുടെ മരണം ആരും ഇന്നോളം സ്ഥിരീകരിച്ചിട്ടില്ല എന്നത് തന്നെ. (വനപർവ്വത്തിന്റെ കഴിഞ്ഞ അദ്ധ്യായത്തിൽ വന്ന ഭൂലോക ലക്ഷ്മിയുടെ കഥ വായിച്ചിട്ട് കെ എഫ് ഡി സിയുടെ മാനേജിംഗ് ഡയറക്ടറും അടുത്ത സുഹൃത്തുമായ ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് ഉദ്യോഗസ്ഥൻ (IFS) രാജു കെ ഫ്രാൻസിസ് എന്നെ വിളിച്ചിരുന്നു. ഈയ്യടുത്ത് നിയമിതനായ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ ഈ വിഷയം ഇപ്പോഴാണ് പെട്ടതെന്നും ജനറൽ മാനേജരായ
കിരണിനോട് അതെക്കുറിച്ച് റിപ്പോർട്ട് ചോദിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.)
എന്തായാലും ലോക്കൽ പൊലീസ് അന്വേഷിക്കുന്ന 'മാൻ മിസ്സിംഗ് കേസ്സിൽ' കാര്യമായി ഒന്നും ചെയ്യാനില്ലാത്തതിനാൽ അതവിടെ താത്കാലികമായിട്ടാണെങ്കിലും അവസാനിപ്പിക്കുകയായിരുന്നു . അവിചാരിതമായി ഹിന്ദു പത്രത്തിൽ (ഫെബ്രുവരി 13, 2026) നമ്മുടെ നാട്ടിൽത്തന്നെ സംശയകരമായ സാഹചര്യങ്ങളിൽ കാണാതാകുകയും പിന്നീട് വിവരമൊന്നും കിട്ടാതിരിക്കുകയും ചെയ്യുന്ന ആളുകളെ
കുറിച്ച് വന്ന ലേഖനമാണ് മുമ്പെപ്പോഴോ എഴുതി നിറുത്തിയ ഈ കുറിപ്പ് പൂർത്തിയാക്കാൻ പ്രചോദനമായത്. ഈയ്യടുത്ത് ജൂണിൽ പെരുമഴ പെയ്യുന്ന ദിവസം കുടുംബത്തോടൊപ്പം പച്ചക്കാനം കൊച്ചുപമ്പ ഗവി വഴി തേക്കടിയിലേയ്ക്ക് പോയിരുന്നു. ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് മുന്നിൽ വണ്ടി നിറുത്തി ഗവി ഫോറസ്റ്റ് സ്റ്റേഷനു മുന്നിലെ രജിസ്റ്ററിൽ വാഹനത്തിന്റെ നമ്പർ എഴുതിച്ചേർത്തു. യാത്രാവിവരങ്ങൾ പറഞ്ഞ് കൊച്ചുപമ്പയിലേയ്ക്ക് നീങ്ങവേ താഴ്ത്തിവച്ചിരുന്ന ഗ്‌ളാസ്സുകളിലൂടെ തിക്കിക്കയറിയ കാറ്റിന്റെ മൂളിച്ചയിൽ കാതുകൾക്ക് വേർതിരിച്ചറിയാനാകാത്ത കുറെ നെടുവീർപ്പുകൾ നിറഞ്ഞിരുന്നതുപോലെ. റോഡിന് മറുവശത്തെ ഭൂലോക ലക്ഷ്മി താമസിച്ചിരുന്ന ക്വാർട്ടേഴ്‌സിൽ നിന്ന് അഞ്ഞൂറ് മീറ്റർ മാത്രം മാറി വരയാടുംകൊക്കയിലെ ഇരുട്ട് മാറാത്ത അഗാധത. അവിടെ ചുറ്റിവീശുന്ന കാറ്റിൽ ഹതഭാഗ്യയായ ആ സ്ത്രീയുടെ നിലയ്ക്കാത്ത തേങ്ങലുകൾ കേട്ടപോലെ.
ഗവിക്കുള്ള വഴിയിൽ, ഭൂലോകലക്ഷ്മി വർഷങ്ങൾക്ക് മുൻപ് ജോലി ചെയ്തിരുന്ന കൊച്ചുപമ്പയിലെ കെ എഫി ഡി സിയുടെ സബ് യൂണിറ്റ് ഓഫീസിന് മുന്നിൽ ഭക്ഷണം കഴിക്കാനെന്ന് സഹധർമ്മിണിയോട് പറഞ്ഞ് വണ്ടി ഒതുക്കി നിറുത്തി. ഗവി ഇക്കോടൂറിസത്തിന്റെ ഭാഗമായുള്ള യാത്രക്കാരുടെ വണ്ടികൾ ഉച്ചയ്ക്കുള്ള ആഹാരത്തിനായി അവിടെ നിറുത്തിയിട്ടിരിക്കുന്നത് കണ്ടു. അപ്പോൾ ദശാബ്ദത്തിനും മുമ്പ് സംഭവിച്ച ഭൂലോക ലക്ഷ്മിയുടെ തിരോധാനവും ഓർമയിലെത്തി. ടോൾ ഫ്രീയിൽ വന്ന പരാതി അന്വേഷിക്കാനെത്തിയ റാന്നി ഫ്‌ളൈയ്യിംഗ് സ്‌ക്വാഡിലെ ദിനങ്ങൾ മനസ്സിലേയ്ക്ക് തിക്കിക്കയറി വന്നു. അന്നൊക്കെ എന്തിനും ഏതിനും തയ്യാറായി കൂടെ ഉണ്ടാകാറുണ്ടായിരുന്ന ഡ്രൈവർ രാജീവിനേയും ഫോറസ്റ്ററന്മാരായ ജോയിയേയും പ്രകാശിനേയും അനിലിനേയും മനോജിനേയും ഒക്കെ ഓർത്തു. അനന്തരം ടാറിളകി മെറ്റലുകൾ എഴുന്ന് നിൽക്കുന്ന റോഡിലൂടെ ചാഞ്ഞും കുലുങ്ങിയും വണ്ടി മുന്നോട്ട് പോകവേ മനസ്സ് പറഞ്ഞു. 'തെളിവുകളുടെ പിൻബലമില്ലെങ്കിൽക്കൂടി പച്ചക്കാനത്തെ നിബിഡ വനസ്ഥലികളിൽ മറഞ്ഞിരിക്കുന്ന ഇടുങ്ങിയ അള്ളുകളിലെ വെളിച്ചം കടക്കാത്ത മൂലകളിൽ എവിടെയോ ആ രഹസ്യം ഇന്നും പതിയിരിക്കുന്നുണ്ട്. എന്നെങ്കിലും തന്നെ തേടിയെത്തുന്ന അപസർപ്പകന്റെ കൂർമ്മബുദ്ധിയ്ക്ക് മുന്നിൽ വെളിപ്പെടാനുള്ള നിയോഗവും പേറി!'
(അവസാനിക്കുന്നില്ല)
Content Highlights: The mysterious 2011 disappearance of KFDC employee Bhoolokalakshmi from Pachakkanam quarters., Flawed police and Crime Branch investigations, including false confessions and registry tampering., Unresolved status of the case even after 15 years, with the official death unconfirmed., Recent administrative attention sparked by IFS officer Raju K Francis in 2026.
Published: 24 Aug 2026, 12:35 pm IST
ABOUT THE AUTHOR
കേരള വനം വകുപ്പില് നിന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് കണ്സര്വ്വേറ്ററായി വിരമിച്ചു. ചിന്ത പബ്ലിഷേഴ്സ് വഴി കാട് പറഞ്ഞ കഥകള്, ആരണ്യകാണ്ഡം എന്നീ കഥാ സമാഹാരങ്ങളും ലോഗോസ് ബുക്ക്സ് വഴി കാട്ടിലേയ്ക്ക് പോകാം എന്നൊരു യാത്രാവിവരണവും മാതൃഭൂമി ബുക്ക്സ് വഴി നാഗമാണിക്യം, ഗജമുത്ത്, വെള്ളിമൂങ്ങ- വനം കള്ളക്കടത്തിന്റെ കാണാപ്പുറങ്ങള് എന്നൊരു അനുഭവകഥയും കേരള
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented