ഗവിയെക്കുറിച്ച് പറഞ്ഞപ്പോൾ റാന്നി ഫ്‌ളൈയിങ്‌ സ്‌ക്വാഡിൽ ആയിരിക്കുമ്പോൾ കേസന്വേഷണത്തിന്റെ ഭാഗമായി പലപ്പോഴും അവിടേയ്ക്കും പച്ചക്കാനത്തേയ്ക്കും പോയതാണ് ഓർമ വന്നത്. മുമ്പ് സൂചിപ്പിച്ചത് മാതിരി ജോയി, പ്രകാശ്, മനോജ്. അനിൽകുമാർ എന്നിവരും സാരഥിയായി രാജീവും ആണ് പതിവായി ഉണ്ടാകാറുള്ളത്. മിക്ക ദിവസങ്ങളിലും അന്വേഷണവും മൊഴി രേഖപ്പെടുത്തലും ഒക്കെക്കഴിഞ്ഞ് പച്ചക്കാനത്തുനിന്നോ ഗവിയിൽനിന്നോ ഞങ്ങളുടെ ലാവണമായ റാന്നിക്ക് തിരിക്കുമ്പോൾ ഉച്ച കഴിഞ്ഞിരിക്കും. ഉച്ച എന്ന് പറയുമ്പോൾ അന്നൊക്കെ കിട്ടിയിരുന്ന രുചിയേറിയ ഊണിന്റെ കാര്യവും കൂടി പറയണമല്ലോ. കൊച്ചുപമ്പയിലെ കേരള ഇലക്ട്രിസിറ്റി ബോർഡിന്റെ ക്യാന്റീനിലെ സ്വാദിഷ്ടമായ ഉച്ചയൂണ്! പച്ചക്കാനത്തെ ആസ്വാദ്യകരമായ തണുത്ത അന്തരീക്ഷത്തിൽ അതിന് സ്വാദ് കൂടുതലായിരുന്നു. അധികം വിഭവങ്ങളൊന്നും ഇല്ലെങ്കിലും കുത്തരിച്ചോറിനോടൊപ്പമുള്ള സാമ്പാറും രസവും മികച്ചതായിരുന്നു. ബുക്ക് ചെയ്യണമെന്ന നിബന്ധന മാത്രം കർശനമായി പാലിക്കണം. ഇന്ന് കെ.എഫ്.ഡി.സിയുടെ പാക്കേജിൽ വരുന്നവർക്ക് പഴയ കൊച്ചുപമ്പയിലെ സബ് യൂണിറ്റ് ഓഫീസിൽ ആഹാരം കൊടുക്കുന്നുണ്ട്. നമ്മൾ അവിടേയ്ക്ക് പോകുന്ന സഞ്ചാരികൾ വശമോ രാവിലെ പോകുന്ന ബസ്സിലോ അതുമല്ലെങ്കിൽ പച്ചക്കാനത്തെ സ്റ്റാഫുകളെ അറിയിച്ചോ അഞ്ചോ ആറോ പേർക്കുള്ള ഉച്ചഭക്ഷണം കരുതി വയ്ക്കണമെന്ന് പറയുകയായിരുന്നു അന്നൊക്കെ പതിവ്. ഇത് പറയുമ്പോഴാണ് പതിറ്റാണ്ടുകൾക്ക് മുൻപ് തൃശൂരിലെ കാർഷിക സർവ്വകലാശാലയിൽ ഫോറസ്ട്രിക്ക് പഠിച്ചിരുന്നപ്പോൾ ഹോസ്റ്റൽ മെസ്സിൽ സമരം ഉണ്ടാകുന്ന അവസരങ്ങളിൽ ചിറക്കേക്കോട് എന്ന സ്ഥലത്ത് അമ്മാവൻ എന്ന് വിളിക്കുന്ന ഒരാളും (അദ്ദേഹത്തിന്റെ പേര് ഓർമ്മയിലില്ല) ഭാര്യയും ചേർന്ന് നടത്തിയിരുന്ന ചെറിയ ഹോട്ടലിലെ ഊണിന്റെ രുചിയും ഓർമ വരുന്നത്. അവ രണ്ടും ഏതാണ്ട് സമാനമായിരുന്നു. അന്ന് മീൻ പൊരിച്ചതോട് കൂടിയ ഊണിന് പതിനഞ്ചോ ഇരുപതോ രൂപ ആയിരുന്നു നിരക്ക് എന്നാണ് ഓർമ. (മീൻ പൊരിച്ചതിന് മീൻ വറവ് എന്നാണ് അമ്മാവൻ തൃശൂർ ഭാഷയിൽ പറയുക. ചോറിനൊപ്പം അമ്മാവൻ ആദ്യം ഉപ്പേരി വിളമ്പുന്നുവെന്ന് പറഞ്ഞ് കേട്ടപ്പോൾ ഞാൻ ഏത്തക്കായ വറുത്തുണ്ടാക്കുന്ന ചിപ്‌സ് ആണെന്നാണ് കരുതിയത്. പിന്നീടാണ് അത് തോരനോ മെഴുക്കുപുരട്ടിയോ ആണെന്ന് മനസ്സിലായത്. )

To advertise here,

സാധാരണയായി കാട്ടാനയെ റോഡിൽ കണ്ടാൽ വണ്ടിയുടെ എഞ്ചിൻ ഓഫാക്കാതെതന്നെ നിറുത്തിയിടുകയാണ് വേണ്ടത് എന്നറിയാമല്ലോ. രാത്രി കാലങ്ങളിൽ ആണെങ്കിൽ വണ്ടിയുടെ ഹെഡ് ലൈറ്റ് ഓഫാക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. കാഴ്ചശക്തി കുറവാണെങ്കിലും ശബ്ദവും ഗന്ധവും പിടിച്ചെടുക്കാൻ ആനകൾക്ക് കഴിവ് ഏറെയാണ്. ശരീരവലിപ്പം കൊണ്ടുതന്നെ അവയ്ക്ക് അത്രവേഗത്തിൽ റോഡിൽനിന്ന് മാറാനും ആകില്ല. പതിയെ നടന്ന് സുരക്ഷിതമെന്ന് കാണുന്ന ഇടം കണ്ടെത്തുമ്പോൾ വഴിയിൽനിന്ന് ആനകൾ സാവധാനം കാട്ടിലേയ്ക്ക് കയറുകയാണ് പതിവ്. അപ്പോൾ നമുക്ക് സുരക്ഷിതമായി കടന്നുപോകാം. അപൂർവ്വം ചില ആനകൾ നിത്യപരിചയം കൊണ്ടെന്ന പോലെ കുറച്ചുദൂരം നടന്നിട്ട് വനാന്തരത്തിലൂടെ പോകുന്ന റോഡിന്റെ ഏതെങ്കിലും വശത്തേയ്ക്ക് നീങ്ങി തല അകത്തേയ്ക്ക് നീട്ടിപ്പിടിച്ച് റോഡിലേയ്ക്ക് പുറംതിരിഞ്ഞുനിന്ന് വണ്ടിക്ക് കടന്ന് പോകാനായി വഴിയൊഴിഞ്ഞ് നിൽക്കുന്നതും കണ്ടിട്ടുണ്ട്. എന്നാലും സാധാരണ രീതിയിൽ അത് പ്രതീക്ഷിക്കാൻ വയ്യ. മുഴുവൻ വണ്ടികളും കടന്ന് പോകുന്നത് വരെ ക്ഷമയോടെ മുഖം തിരിച്ച് നിൽക്കുന്ന കാട്ടുകൊമ്പനെപ്പറ്റി അന്ന് കൂടെ ജോലി ചെയ്തിരുന്ന ളാഹ സ്വദേശിയായ മനോജ് എന്ന ഫോറസ്റ്റർ ഈയ്യടുത്ത് വിളിച്ചപ്പോഴും പറഞ്ഞു. ശരിക്കും ഗോത്രവർഗ്ഗക്കാരനായ മനോജിന്റെ മനോധൈര്യം വെളിപ്പെട്ട സന്ദർഭം കൂടി പറയാമെന്ന് കരുതുന്നു. റാന്നി സ്‌ക്വാഡിൽ ജോലി ചെയ്യുമ്പോൾ കലശലായ കഴുത്തുവേദന കാരണം എന്റെ പിടലി തിരിക്കാനാകാതെ ഇരിക്കുകയായിരുന്നു. കഴുത്ത് തിരിച്ച് ആരേയും നോക്കാനാകില്ല. വണ്ടിയിലിരുന്നു കുടുങ്ങിയാൽപ്പോലും ഇലക്ട്രിക്ക് ഷോക്ക് അടിക്കുന്നത് മാതിരി തലയിലേയ്ക്ക് കഠിനമായ വേദന തുളഞ്ഞ് കയറുമായിരുന്നു. അന്ന് ചന്നംപിന്നം മഴ ചാറിക്കൊണ്ടിരുന്ന പകലാണ്. ഉച്ചയ്ക്ക് നേരത്തെ പറഞ്ഞ കെ.എസ്.ഇ.ബിയുടെ ക്യാന്റീനിൽനിന്ന് ശാപ്പാടും തെല്ല് വിശ്രമവും കഴിഞ്ഞ് പുറപ്പെട്ടു. വല്ലാത്ത നടുവേദനയും കഴുത്തുവേദനയും കൊണ്ട് വശം കെട്ടിരുന്നു. ജീപ്പിൽ ചെറിയ തലയിണവച്ചത് ചെറിയ ആശ്വാസമുണ്ടാക്കി. അങ്ങനെ സ്റ്റാഫിനോടൊപ്പം അന്നത്തെ പച്ചക്കാനം സ്റ്റേഷൻ എത്തുന്നതിന് മുമ്പ് കക്കി ഡാമിനേയും ആനത്തോട് ഡാമിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന 'ഐസി' ടണൽ (Interconnected) എന്ന് പറയുന്ന സ്ഥലത്തേയ്ക്ക് തിരിച്ചു. കൂടെ പച്ചക്കാനം സ്റ്റേഷനിലെ ഒന്നുരണ്ട് ഫീൽഡ് സ്റ്റാഫുകളും ഉണ്ടായിരുന്നു.

ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ അത്രമേൽ ശുഷ്‌കാന്തി ഉണ്ടെന്നോ ആത്മാർത്ഥതയുടെ നിറകുടമാണെന്നോ വായനക്കാർ ധരിക്കാൻ വരട്ടെ. സത്യത്തിൽ താഴെ നല്ല തടാകമുണ്ടെന്നും അതിന് ചുറ്റുമായി ചേതോഹരമായ പുൽമേടുണ്ടെന്നും ഡെപ്യൂട്ടി റേഞ്ചർ പ്രലോഭിപ്പിച്ചപ്പോൾ കഴുത്ത് തിരിക്കാൻ വയ്യെങ്കിലും സാഹസപ്പെട്ട് ഇറങ്ങിയതാണ്! എഴുന്ന് നിൽക്കുന്ന കല്ലുകൾ നിറഞ്ഞ വഴിയിലൂടെ ഇറക്കം ഇറങ്ങവേ ആടിയുലയുന്ന ജീപ്പിൽ മുൻസീറ്റിലിരുന്ന് മുന്നിലത്തേയും ഇടതുവശത്തേയും (ഹാൻഡിൽ) കമ്പികളിൽ തിരുപ്പിടിച്ച് ശരീരത്തിന് വലിയ ആഘാതം ഏൽപ്പിക്കാതെ ഇരിക്കുകയായിരുന്നു.

എന്നിരുന്നാലും ചാറ്റൽ മഴയേറ്റ് മിനുസമായി കിടക്കുന്ന മൺറോഡിലൂടെ ഇടയ്ക്ക് നിരങ്ങി നീങ്ങുന്ന വണ്ടിക്കനുസരിച്ച് ശരീരം ഉലയുമ്പോൾ കഴുത്തിൽ കഠിനമായ വേദന തോന്നി. ചെറിയ വളവെത്തിയപ്പോഴാണ് വലതുവശത്തെ ചരിഞ്ഞ പുൽമേട്ടിൽ മേഞ്ഞുകൊണ്ടിരുന്ന ആ ഒറ്റയാനെ ഞങ്ങൾ കാണുന്നത്!

ജീപ്പിന്റെ ശബ്ദം അടുത്തുചെന്നപ്പോൾ അവൻ തീറ്റ മതിയാക്കി നിശ്ചലനായി നിൽക്കുന്നു. 'രാജീവേട്ടാ.. നോക്കിപ്പോണേ.. അവൻ പ്രശ്‌നക്കാരനാണ്!' പിന്നിലിരുന്ന മനോജിന്റെ ശബ്ദം വ്യക്തമായി കേട്ടു. കഴുത്ത് വേദനയോടെ ഞാൻ വശത്തേയ്ക്ക് നോക്കുമ്പോൾ അവൻ തിരിഞ്ഞ് ഞങ്ങളെ നോക്കി നിൽക്കുകയാണ്. എന്തോ ആലോചിക്കുന്ന മട്ടിൽ. പിന്നെ പതിയെ തുമ്പിക്കൈ അന്തരീക്ഷത്തിലേയ്ക്ക് ഉയർത്തിപ്പിടിച്ചു. ഞങ്ങൾ അപ്പോൾ അങ്ങോട്ട് ചെന്നത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ട മട്ടില്ല. 'അവനത്ര സുഖത്തിലല്ല. എന്തെന്നറിയാൻ വാടയെടുക്കുകയാണ്...' മനോജ് വീണ്ടും പറഞ്ഞു.

ആനകൾക്ക് തീക്ഷ്ണമായ ഘ്രാണശക്തിയാണുള്ളതെന്ന് കേട്ടിട്ടുണ്ട്. കാഴ്ചശക്തി താരതമ്യേന കുറവും. കാറ്റിനനുസരിച്ച് തുമ്പിയുയർത്തി ആന ഗന്ധം പിടിക്കുന്നതിനെയാണ് അവൻ 'വാടയെടുക്കുന്നു' എന്നത് കൊണ്ട് ഉദ്ദേശിച്ചതും! അടുത്തനിമിഷം കാട്ടുകൊമ്പന്റെ ശരീരം ഉരുണ്ട് പന്തുപോലെയാകുന്നു. ഉയർന്ന വാലും വിടർന്ന ചെവികളും. തുമ്പി അല്പം കൂടി മുന്നിലോട്ട് നീട്ടിപ്പിടിക്കുന്നത് പോലെ. അടുത്ത നിമിഷം ഭീമൻമസ്തകം കുലുക്കിക്കൊണ്ട് അവൻ വലിയ ഗോളം മാതിരി മുന്നോട്ടു കുതിച്ചു! മൺറോഡിൽ നിറഞ്ഞ് കിടക്കുന്ന കല്ലുകൾക്കിടയിലൂടെ ചാടിച്ച് ഇറക്കം ഇറങ്ങിക്കൊണ്ടിരുന്ന രാജീവ് അതുകണ്ടു. അയാൾ വണ്ടിക്ക് തെല്ല് വേഗം കൂട്ടി. അതിനപ്പുറം വേഗം കൂട്ടിയാൽ വണ്ടി കയ്യിൽ നിൽക്കില്ലെന്ന് ഉറപ്പായിരുന്നു. ആ ഭയാനകമായ കാഴ്ച രാജീവ് മാത്രമല്ല, മുതുകിൽ താങ്ങായി കുഷ്യനുംവച്ച് മുന്നിലെ സീറ്റിൽ ഗമയിൽ ഇരുന്നിരുന്ന ഞാനും കാണാതിരുന്നില്ല. സ്വതേ ഭീരു, അതിനൊപ്പം കഴുത്തുളുക്കിയിരിക്കുന്ന അവസ്ഥയും. പോരെ? 'സ്വർഗ്ഗം കണ്ടെന്ന്' പറഞ്ഞാൽ മതിയല്ലോ. വരാൻ പോകുന്ന ഭവിഷ്യത്തുകളെക്കുറിച്ചായിരുന്നു ഞാനാലോചിച്ചത്. ആ വഴി അമ്പത് മീറ്റർ മുന്നോട്ട് ചെന്നാൽ നേരത്തെ പറഞ്ഞത് മാതിരി തടാകമാണ്. അവിടെച്ചെല്ലുമ്പോൾ ആ മൺറോഡ് അവസാനിക്കും. കാട്ടാന പുറകെ വന്നാൽ എല്ലാരും ഓടും എന്നതിൽ സംശയമില്ലല്ലോ. അപ്പോൾ 'മീശമാധവൻ' സിനിമയിൽ പറയുന്നത് പോലെ 'പിടലിയായ' ഞാൻ....? ഇനി എങ്ങനെയെങ്കിലും ഇറങ്ങി ഓടി തണുത്തുറഞ്ഞ് കിടക്കുന്ന ആ തടാകത്തിൽ ചാടിയാലും നീന്തലറിയാതെ മുങ്ങിച്ചാവുകയേ ഉള്ളൂ. ചെകുത്താനും കടലിനും ഇടയിലെന്നു പറയുന്നത് പോലെ. എന്തൊക്കെ ചിന്തകളാണ് ആ നിമിഷം എന്റെ മനസ്സിലൂടെ കടന്ന് പോയതെന്ന് ഇപ്പോൾ പറയാൻ വയ്യ. എന്തായാലും കാട്ടാന ഇരുപതടി അടുത്തെത്തിയപ്പോഴേയ്ക്കും ജീപ്പ് മുന്നിലേയ്ക്ക് പോയിക്കഴിഞ്ഞിരുന്നു. പിന്നിൽ നൈരാശ്യത്തിന്റേയോ ഈർഷ്യയുടേയോ ഒക്കെ പ്രതിഫലനമെന്നോണം ചിന്നംവിളി മുഴങ്ങിക്കേട്ടു. ഞാൻ വയ്യാത്ത കഴുത്ത് വല്ലവിധേനയും തിരിച്ച് നോക്കുമ്പോൾ അക്ഷോഭ്യനായി ഇരിക്കുകയാണ് രാജീവ്. ആന വന്നുനിന്ന സ്ഥലത്ത് ചെറിയ കട്ടിംഗ് ഉണ്ടായിരുന്നത് അപ്പോഴാണ് ശരിക്കും കണ്ടത് തന്നെ!

അതാണ് പെട്ടെന്നവൻ റോഡിലേയ്ക്ക് ഇറങ്ങാത്തത്. തടാകക്കരയിൽ കുറച്ചുനേരം ചെലവിട്ടു. എനിക്ക് തിരിച്ച് പോകുന്ന കാര്യം ആലോചിക്കുമ്പോൾ വല്ലാത്ത ആധിയായിരുന്നു. അതുകൊണ്ട് തന്നെ അവിടത്തെ കാഴ്ചകൾ ഒന്നും ആസ്വദിക്കാനായില്ല. പത്തുപതിനഞ്ച് മിനിട്ടുകൾ കഴിഞ്ഞപ്പോൾ വല്ലവിധേനയും വണ്ടിയിൽ കയറി പഴയ സീറ്റിൽത്തന്നെ ഇരുപ്പായി. കലശലായ പ്രാണഭയം ഉണ്ടെന്നും വകുപ്പിലെ ഹൈറാർക്കിയൊക്കെ (Hierarchy) മറന്ന് മറ്റാരെങ്കിലും മുന്നിൽ വന്നിരുന്നെങ്കിൽ നന്നായേനേ എന്നുമൊക്കെ ചിന്തിച്ച് കൂട്ടി. പക്ഷെ, ദുരഭിമാനവും പേടിത്തൊണ്ടനെന്ന പട്ടം സ്ഥിരമായ ചാർത്തിക്കിട്ടിയാലോയെന്നും ഭയന്ന് ഞാൻ അവിടെത്തന്നെ 'പ്രതിഷ്ഠയായി.' വണ്ടി വന്ന വഴി വീണ്ടും ചാടിയും കിതച്ചും മുകളിലേയ്ക്ക് കയറിക്കൊണ്ടിരുന്നു. ആനയെ കണ്ട സ്ഥലത്തെ ആ വളവ് എത്താറായി. അപ്പോൾ പിന്നിലിരുന്ന മനോജ് പറഞ്ഞു. 'രാജീവേട്ടാ... വണ്ടി ഒന്ന് സൈഡാക്ക്. ഞാനൊന്നിറങ്ങി മുന്നോട്ട് നടന്ന് നോക്കാം. അവൻ അവിടെത്തന്നെ നിൽപ്പുണ്ടെങ്കിൽ നമ്മൾ മുന്നിൽച്ചെന്ന് കേറിക്കൊടുക്കരുതല്ലോ..' സത്യത്തിൽ മനോജിനെപ്പിടിച്ച് മുത്തം കൊടുക്കാനാണ് തോന്നിയത്. അത്രമേൽ കേൾക്കാൻ ആഗ്രഹിച്ചിരുന്ന വാചകങ്ങളാണ് അവന്റെ വായിൽനിന്നും അപ്പോൾ ഉതിർന്നത്. രാജീവ് വണ്ടിനിറുത്തി. ആരും ഒന്നും മിണ്ടിയില്ല.

'ഞാനും വരാം...' പുറകിൽനിന്നു മറ്റൊരു ശബ്ദം. അന്നത്തെ പച്ചക്കാനം ഫോറസ്റ്റ്‌ സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ചറാണ്. എന്തിനും ഏതിനും പോന്ന ഓഫിസറായിരുന്നു അദ്ദേഹം. അന്നൊക്കെ പച്ചക്കാനത്ത് എത്തുമ്പോൾ ഞങ്ങളുടെ സന്തത സഹാചാരിയും. അദ്ദേഹത്തെക്കുറിച്ച് ഏറെ പറയാനും ഉണ്ട്. പേര് പറയുന്നില്ല. (അദ്ദേഹം പിന്നീട് റെയ്ഞ്ച് ഓഫീസറായി വിരമിച്ചു.) അവർ ഇരുവരും പുറത്തേയ്ക്കിറങ്ങി. കാറ്റിന്റെ അലകളെ മണക്കുന്നത് മാതിരി മനോജ് മൂക്കുയർത്തിപ്പിടിച്ച് തെല്ലിട നിന്നു. പിന്നെ നിലത്ത് പുല്ലിന്റെ ചുവടിളക്കി നിന്ന് വലത് കൈപ്പിടിയിൽ കുറച്ച് നനയാത്ത ചെമ്മണ്ണ് മാന്തിയെടുത്ത് കയ്യ് മുകളിലേയ്ക്ക് നീട്ടിയുയർത്തിപ്പിടിച്ച് അന്തരീക്ഷത്തിലേയ്ക്ക് ഉതിർത്തു. വായുവിന്റെ ചലനത്തിൽ അത് ഏത് ദിശയിലേയ്ക്കാണ് പാറുന്നതെന്ന് സശ്രദ്ധം നോക്കി. പിന്നീട് ഇരുവരും അവർ ധരിച്ചിരുന്ന കാക്കിയുടുപ്പുകൾ അഴിച്ചെടുത്ത് ജീപ്പിനുള്ളിലേയ്ക്ക് തിരുകി വച്ചു.

'കാറ്റ് അവന് അനുകൂലമാണ്! ഉടുപ്പിട്ടാൽ അവന് നമ്മുടെ വിയർപ്പിന്റെ മണം കിട്ടാനും എളുപ്പമാണ്.' മനോജ് ഞങ്ങളോടായി പറഞ്ഞു. പിന്നെ പതിയെ ചുവടുകൾ പെറുക്കിവച്ച് അവനും ആ ഡെപ്യൂട്ടി റേഞ്ചറും മുന്നോട്ട് നടന്നു! വളരെ സാവധാനം അവരിരുവരും നടന്ന് വളവ് തിരിയുന്നത് ഭയവും ഉദ്വേഗവും നിറഞ്ഞ മനസ്സുമായി ഞാൻ നോക്കിയിരുന്നു. ലേശം കഴിഞ്ഞാണ് മനോജ് മുന്നിൽനിന്ന് ഞങ്ങളോട് പെട്ടെന്ന് വണ്ടിയെടുത്ത് ചെല്ലാൻ കൈകൊണ്ട് ആംഗ്യം കാട്ടി പറഞ്ഞത്. എഞ്ചിൻ ഓഫാക്കാതെ നിർത്തിയിരുന്ന വണ്ടി വീണ്ടും കുടുങ്ങിക്കുടുങ്ങി കല്ലുകളിൽ കയറിയും ഇറങ്ങിയും ചാഞ്ഞും ചരിഞ്ഞും മുന്നോട്ട്! 'അവനതാ മുകളിലാണ്. കാറ്റിപ്പോൾ മാറി വീശുകയാണ്. പെട്ടെന്നാവട്ടെ രാജീവേട്ടാ...'

അത്രയും പറയുന്നതിനിടയിൽത്തന്നെ മനോജും ഡെപ്യൂട്ടിയും വണ്ടിയ്ക്കകത്തേയ്ക്ക് കടന്നിരുന്നു. അപ്പോൾ എന്റെ ഇടത് വശത്തായി ആ കാട്ടാന പുറംതിരിഞ്ഞ് മേഞ്ഞ് നിന്നിരുന്നു. ഞങ്ങളുടെ ജീപ്പ് ആയാസപ്പെട്ട് കയറ്റം കയറുന്ന ശബ്ദം എനിക്ക് തന്നെ അസഹനീയമായിരുന്നു. പക്ഷെ, അവനപ്പോൾ തിരിഞ്ഞ് നോക്കിയതേയില്ല. ഒരുവേള കാറ്റ് ദിശ മാറി വീശുന്നത് കാരണം ശബ്ദം കേൾക്കാൻ ആകാഞ്ഞതാണോ അതോ കഴുത്ത് വെട്ടി അനങ്ങാനാകാതെ ഇരിക്കുന്ന എന്റെ പ്രാർത്ഥനയാണോ അതിന് പിന്നിലെന്ന് അറിയില്ല. നമ്മുടെ ഗോത്രവർഗ്ഗക്കാർ സഹജാവബോധത്താൽ ആർജ്ജിക്കുന്ന അനന്യസാധാരണമായ കഴിവുകളെക്കുറിച്ചും പരമ്പരാഗതമായി കൈമാറിവരുന്ന കാട്ടറിവുകളെക്കുറിച്ചും സൂചിപ്പിക്കാനായി ഈ സംഭവം വിവരിച്ചുവെന്നേയുള്ളൂ. ആദിവാസികളിൽനിന്നും അഞ്ഞൂറോളം ബീറ്റ് ഫോറസ്റ്റ് ഓഫീസറന്മാരെ എടുത്ത സർക്കാർ നടപടിയെ പ്രകീർത്തിച്ച് മുമ്പെഴുതിയ ലേഖനത്തിലും ഞാനീ സംഭവം പറഞ്ഞിട്ടുണ്ട്.

അന്നൊക്കെ രാത്രി റാന്നി വനം ഡിവിഷന്റെ കീഴിൽപ്പെടുന്ന രാജാംപാറ, കണമല റൂട്ടുകളിൽ രാത്രി പട്രോളിങ്ങിനായി ശബരിമല റോഡിലൂടെ പോകുക പതിവായിരുന്നു. സീസൺ അല്ലാത്തപ്പോൾ തീർത്തും വിജനമായ ആ റോഡിൽ ആനയുൾപ്പടെയുള്ള മൃഗങ്ങളെ കാണാനുള്ള സാധ്യത ഏറെയായിരുന്നു. അതിനാലാണ് ആ റൂട്ട് കൂടുതലായി തിരഞ്ഞെടുത്തിരുന്നത്. അതിൽ റാന്നി സ്‌ക്വാഡിലെ ഡ്രൈവറായിരുന്ന എറണാകുളം സ്വദേശി രാജീവിന്റെ താൽപര്യം വലിയ ഘടകമായിരുന്നുവെന്ന് പറയാതെ വയ്യ.

പ്‌ളാപ്പള്ളി കഴിഞ്ഞ് പമ്പയിലേയ്ക്കുള്ള വഴിയിൽ തണുപ്പ്കാലത്ത് കോടയിറങ്ങുക പതിവാണ്. അത്തരം അവസരത്തിൽ വടശ്ശേരിക്കരക്കാരായ രണ്ട് ചെറുപ്പക്കാർക്ക് പിണഞ്ഞ അമളിയുടെ കഥ മനോജ് തന്നെയാണ് പറഞ്ഞത്. പമ്പയിൽനിന്ന് ഇരുചക്രവാഹനത്തിൽ സ്പീഡിൽ വരികയായിരുന്ന ചെറുപ്പക്കാർ കോടമൂടിയ റോഡിലൂടെ മുന്നേ നടന്നിരുന്ന ആനയുടെ പിൻകാലുകൾക്കിടയിലേയ്ക്ക് ബൈക്ക് ഇടിച്ച് കയറ്റുകയായിരുന്നുവത്രേ! അത് ആനയായിരുന്നുവെന്ന് അവർ അറിയുന്നതും അപ്പോഴാണ്. ഒരുപക്ഷെ കാട്ടാനപോലും പ്രതീക്ഷിക്കാത്തതായിരുന്നു ആ കൊടുംചെയ്ത്ത്! ഞെട്ടിപ്പോയ കരിവീരൻ ഭയന്ന് നിലവിളിച്ചുകൊണ്ട് അവർക്ക് നേരെ തിരിഞ്ഞപ്പോൾ പുറകിലിരുന്നവൻ റോഡിന്റെ ഇടത് വശത്തുള്ള ഈറ്റകൾക്കിടയിലൂടെ താഴെ കട്ടിംഗിലേയ്ക്ക് ചാടി (അതോ വീണതോ). ഓടിച്ചിരുന്നയാൾ ബൈക്കിനോടൊത്ത് വീണിടത്തുനിന്നു പിടഞ്ഞെണീറ്റ് കണ്ണു കാണില്ലെങ്കിലും വന്ന റോഡിലൂടെ തപ്പിപ്പിടിച്ച് മുടന്തിമുടന്തി എങ്ങോട്ടെന്നില്ലാതെ ഓടി.

അതിലൂടെ ജീപ്പോടിച്ച് വന്ന മനോജും സ്റ്റാഫുകളും മഞ്ഞിൻ പാളികൾക്കിടയിലൂടെ കാണുന്നത് എഞ്ചിൻ ഓഫാവാതിരുന്നതും ഹെഡ് ലൈറ്റ് കത്തിക്കിടന്നിരുന്നതുമായ ആ ബൈക്കിനെ 'കലിപ്പ്' തീരാതെ കാട്ടാന റോഡിലിട്ട് തട്ടിക്കളിക്കുന്നതായിരുന്നു! എത്ര ആനകൾ അവിടെ ഉണ്ടെന്നറിയാതെ നിറുത്തിയ ജീപ്പിലുള്ളവരും പുറത്ത് ചാടി ഓടുകയായിരുന്നു എന്നാണ് മനോജ് പറഞ്ഞത്. അല്ലെങ്കിലും ഫോറസ്റ്റുകാരാണ് വന്നിരിക്കുന്നതെന്ന് കാട്ടാനകൾക്ക് അറിയില്ലല്ലോ. അതിലും ഗതികേടായത് മനോജ് ഓടിച്ചിരുന്ന രാജാംപാറ സ്റ്റേഷനിലെ അന്നത്തെ പഴയ ജീപ്പിന് സെൽഫ് സ്റ്റാർട്ട് ഇല്ലായിരുന്നുവെന്നതാണ്. അതുകൊണ്ട് ജീപ്പിൽ ശ്വാസം വിടാതെ ഇരുന്ന മനോജിനെ ആ വെപ്രാളത്തിൽ കാട്ടാന കണ്ടില്ല എന്നത് വലിയ ആശ്വാസമായി. ഇതെഴുതുമ്പോഴും മനോജിനെ ഞാൻ വിളിച്ചിരുന്നു. അയാൾ പറയുന്നത് റോഡിന് ഇരുവശത്തും പാറ കൊണ്ട് കെട്ടിയ മതിലുകളാകയാൽ വഴിതെറ്റി റോഡിലേയ്ക്കിറങ്ങുന്ന കാട്ടാനകൾക്ക് ലേശം നടന്ന് രണ്ട് സ്ഥലങ്ങളിലൂടെ മാത്രമേ തിരികെ കാട്ടിലേയ്ക്ക് കയറാനാകൂ എന്നാണ്. അതുകൊണ്ട് ക്ഷമയോടെ കാത്തിരിക്കാതെ മറ്റ് വഴികൾ ഒന്നും അപ്പോൾ ഉണ്ടായിരുന്നില്ലത്രേ! പിന്നീട് പയ്യന്മാരെ കണ്ടെത്തുമ്പോൾ കട്ടിംഗിൽനിന്ന് ചാടിയവന്റെ വലത്തേ കൈ ഒടിഞ്ഞ് തൂങ്ങിയ നിലയിലായിരുന്നു. പുറകിലെ മഞ്ഞിന്റെ പാളികൾക്കുള്ളിലേയ്ക്ക് ഓടിക്കയറിയവനെയാകട്ടെ കണ്ണു കാണാത്തതിനാൽ ആ കാട്ടാന പിന്തുടരാനൊട്ട് ശ്രമിച്ചതുമില്ല!

(അവസാനിക്കുന്നില്ല)