രഭോജിക്കടുവകളുടെ അന്തകനെന്ന പേരുണ്ടായിരുന്നു ജിം കോര്‍ബെറ്റ് എന്ന ബ്രിട്ടീഷ്-ഇന്ത്യന്‍ നായാട്ടുകാരന്. കുഞ്ഞുന്നാള്‍ മുതലേ കാടിനോടും വന്യജീവികളോടുമുള്ള അടങ്ങാത്ത അഭിനിവേശം പക്ഷേ, പില്‍ക്കാലത്ത് അയാളെ മാറ്റിയത് ഏറ്റവും മികച്ച വേട്ടക്കാരനായിട്ടാണ്. കാട്ടിലെ ഓരോ ഇലയനക്കവും തിരിച്ചറിയാന്‍ കഴിയും വിധമുള്ള തന്റെ കാടറിവുകള്‍ ജിം കോര്‍ബെറ്റിനെ തോക്കെടുക്കാന്‍ നിര്‍ബന്ധിച്ചു. തോക്കെടുത്ത് കടുവവേട്ടയ്ക്ക് തുടക്കം കുറിച്ച ജിം കോര്‍ബെറ്റിന്റെ പേര് പിന്നീട് ഇന്ത്യയിലെ ആദ്യ ദേശീയോദ്യാനത്തിന്റെ പേരായി മാറിയെന്നത് മറ്റൊരു ചരിത്രം. അങ്ങനെ ഹെയ്‌ലി ദേശീയോദ്യാനം ജിം കോര്‍ബെറ്റ് ദേശീയോദ്യാനമായി, കടുവാ സംരക്ഷണത്തില്‍ ലോക മാതൃകയായി. ബംഗാള്‍ കടവുകളുടെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സംരക്ഷണ കേന്ദ്രമായ ജിം കോര്‍ബെറ്റിന്റെ കടുവാ സംരക്ഷണ പദ്ധതികള്‍ ഏറെ ശ്രദ്ധേയാണ്.  ജിം കോര്‍ബെറ്റിന്റെ വിശേഷമാണ് ഇത്തവണ ബ്യൂട്ടി ആന്‍ഡ് ബീറ്റ്‌സില്‍.

To advertise here,
  • കാടിനെ സ്‌നേഹിച്ചു പക്ഷെ വേട്ടക്കാരനായി

ഒരു നായാട്ടുകാരന്റെ പേര് ദേശീയോദ്യാനത്തിന് ലഭിച്ചുവെന്ന കഥ പറയാതെ ജിം കോര്‍ബെറ്റ് ദേശീയോദ്യാനത്തിന്റെ ചരിത്രത്തിന്റെ ആമുഖത്തിലേക്ക് കടക്കാനാവില്ല. കാരണം അതൊരു വിസ്മയകരമായ ചരിത്രമായിരുന്നു. 19-ാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് ഇന്നത്തെ ഉത്തരാഖാണ്ഡില്‍ ബ്രിട്ടീഷ് സര്‍ക്കാരിന് നേരിടേണ്ടി വന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നായിരുന്നു കുമയൂണ്‍ മേഖലയിലെ ചമ്പാവത് എന്ന നരഭോജിക്കടുവയുടെ ആക്രമണം. പ്രദേശവാസികളെ ലക്ഷ്യമിട്ട് ചമ്പാവത് രക്തദാഹിയായതോടെ തുരത്താന്‍ സര്‍ക്കാര്‍ പല മാര്‍ഗങ്ങള്‍ തേടി, പല വേട്ടക്കാരെ പരീക്ഷിച്ചു. പക്ഷേ, പരാജയമായിരുന്നു ഫലം. പ്രദേശവാസികള്‍ ചമ്പാവതിന്റെ പ്രിയപ്പെട്ട ഭക്ഷണമായി മാറി. അങ്ങനെയാണ് സര്‍ക്കാര്‍ ജിം കോര്‍ബെറ്റ് എന്ന നായാട്ടുകാരനെ തേടിയെത്തുന്നത്.

placeholder
ജിംകോർബെറ്റ്| ഫോട്ടോ:  - http://www.giriathrey.com/biographica/corbettalbum.html, Public Domain, https://commons.wikimedia.org/w/index.php?curid=5164466

1875- ജൂലായ് 25 ന് ബ്രിട്ടീഷ് ഇന്ത്യയിലെ നൈനിറ്റാളില്‍ ജനിച്ച ജിം കോര്‍ബെറ്റിന് അത്ഭുതപ്പെടുത്തുന്ന കാടറിവുകളുണ്ടായിരുന്നു. പക്ഷികളുടേയും മൃഗങ്ങളുടേയും കുഞ്ഞുശബ്ദം പോലും തിരിച്ചറിയും. അവയെ പിന്തുടര്‍ന്ന് ഫോട്ടോകള്‍ പകര്‍ത്തും. കാലക്രമേണ മികച്ച വന്യമൃഗ നിരീക്ഷകനും  വേട്ടക്കാരനുമായി. പത്തൊമ്പതാം  നൂറ്റാണ്ടിന്റെ അവസാന കാലത്തും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ കാലത്തിനുമിടയ്ക്ക് 436 പേരുടെ മരണത്തിനിടയാക്കിയ ചമ്പാവതിനെ ഇല്ലാതാക്കാന്‍ അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ കണ്ട വഴിയായിരുന്നു ജിം കോര്‍ബെറ്റെന്ന വേട്ടക്കാരന്‍. അങ്ങനെ 1907-ല്‍ ജിം കോര്‍ബെറ്റ് തന്റെ 31-ാം വയസ്സില്‍ ചമ്പാവത്  പെണ്‍ കടുവയുടെ ഘാതകനായി. ജിം കോര്‍ബെറ്റിനെ രാജ്യം മുഴുവന്‍ പുകഴ്ത്തി.

ചമ്പാവത് തോക്കിന്‍ മുന്നില്‍ തോറ്റതോടെ പിന്നെ നരഭോജികളായ കടുവകളുടേയും പുലികളുടേയുമെല്ലാം പേടി സ്വപ്‌നമായി ജിം കോര്‍ബെറ്റ് അറിയപ്പെട്ടു. പക്ഷെ ഇതേ വേട്ടക്കാരന്‍ പിന്നീട് ഏറ്റവും വലിയ പ്രകൃതി സ്‌നേഹിയും വന്യജീവികളുടേയും കാടിന്റേയും പ്രിയപ്പെട്ട സംരക്ഷകനായി മാറിയെന്നതും വിചിത്രം. ഒരിക്കല്‍ ജിം കോര്‍ബെറ്റ് പറഞ്ഞു കടുവകളുടെ കാല്‍പ്പാട് പോലും കാടിനെ മരണത്തെപോലെ നിശബ്ദനാക്കും. ആ നിശബ്ദതയാണ് എനിക്ക് നായാട്ടിനുള്ള ആത്മവിശ്വാസം നല്‍കിയത്. നരഭോജികളെ വേട്ടയാടിയതിന്റെ പേരില്‍ രാജ്യമെന്നെ വാനോളം പുകഴ്ത്തുമ്പോഴും എന്റെ ജീവിതത്തിലേ ഞാന്‍ ഓര്‍ക്കാനിഷ്ടപ്പെടാത്ത നാളുകളായിരുന്നു ആ വേട്ടയാടല്‍ കാലം. കാരണം ഞാന്‍ കാടിനേയും വന്യജീവികളേയും അത്രത്തോളം സ്‌നേഹിച്ചിരുന്നു. അതിന്റെ ഓരോ ഇഴയനക്കവും എനിക്ക് പ്രിയപ്പെട്ടതായിരുന്നു.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

placeholder
ജിം കോർബെറ്റ്:- http://www.openlibrary.org/details/maneatersofkumao029903mbp, Public Domain, https://commons.wikimedia.org/w/index.php?curid=1714193
  • നായാട്ടുകാരന്‍ ഷാര്‍പ്പ് ഷൂട്ടര്‍

436 പേരുടെ മരണത്തിനിടയാക്കിയ ചമ്പാവത് കടുവയെ വെടിവെച്ച് കൊന്നതോടെ ഷാര്‍പ്പ് ഷൂട്ടര്‍ എന്ന വിളിപ്പേരാണ് ജിം കോര്‍ബെറ്റിന് കിട്ടിയത്. പിന്നീട് നരഭോജികളില്‍ നിന്ന് രക്ഷതേടി ആളുകള്‍ ഇദ്ദേഹത്തെ തേടിയെത്തി. ചാമ്പാവതിനു ശേഷം നാനൂറ് പേരെ കൊന്നുതിന്ന പനാല്‍ പുലിയെ കൊല്ലുകയെന്നതായിരുന്നു ജിം കോര്‍ബെറ്റിന് മുന്നിലെ അടുത്ത ദൗത്യം. ചരിത്രത്തില്‍ തന്നെ മനുഷ്യന് നേരെ നടന്ന ഏറ്റവും വലിയ വന്യമൃഗ ഭീഷണിയായിരുന്നു 1910-ലെ പനാര്‍ പുലിയുടെ ആക്രമണം. ഉറക്കമില്ലാത്ത നിരവധി രാത്രികള്‍ക്ക് ശേഷം കെണിതീര്‍ത്ത് കാത്തിരുന്ന ജിം കോര്‍ബെറ്റിന്റെ തോക്കിന്‍ മുന്നിലേക്ക് പനാര്‍ പുലിയുമെത്തിയതോടെ ആ നരഭോജി പുലിയുടേയും അവസാന രാത്രിയായി. 1910 ഏപ്രില്‍ 14 ന് ആയിരുന്നു പനാര്‍ പുലിയുടെ അന്ത്യം. കേദാര്‍നാഥിലേക്കും ബദ്രിനാഥിലേക്കുമുള്ള തീര്‍ഥാടകരെ കൊന്ന് തിന്നിരുന്ന രുദ്രപ്രയാഗ് പുലിയായിരുന്നു ജിം കോര്‍ബെറ്റിന്റെ അടുത്ത ദൗത്യം. എട്ട് വര്‍ഷക്കാലത്തോളം വിലസി നടന്ന രുദ്രപ്രയാഗ് പുലി 126 പേരെയാണ് ഇരയാക്കിയത്. ബ്രിട്ടീഷ് സര്‍ക്കാര്‍ ഇതിനെ പിടികൂടാന്‍ പലവഴികള്‍ പരീക്ഷിച്ചു. വിഷപ്രയോഗം നടത്തി, സാമ്പത്തിക വാഗ്ദാനം പ്രഖ്യാപിച്ചു. പക്ഷേ, രുദ്രപ്രയാഗിന് മുന്നില്‍ എല്ലാവരും തോറ്റോടി. ഇതോടെയാണ് ദൗത്യം ജിം കോര്‍ബെറ്റിന്റെ മുന്നിലെത്തിയത്. എഴുപത് ദിവസത്തോളമുള്ള നിരന്തര ശ്രമത്തിനിടെ 1926 മെയ് രണ്ടിന് രുദ്രപ്രയാഗും ജിം കോര്‍ബെറ്റിന് മുന്നില്‍ വീണു. 

കറതീര്‍ന്ന വേട്ടക്കാരന്‍ എന്ന നിലയില്‍ അറിയപ്പെടുമ്പോഴും ജിം കോര്‍ബെറ്റ് എന്ന മനുഷ്യനെയും അദ്ദേഹത്തിന്റെ പ്രകൃതിസ്നേഹത്തെയും എല്ലാവരും തിരിച്ചറിഞ്ഞിരുന്നു. ബ്രിട്ടീഷ് ഇന്ത്യന്‍ പട്ടാളത്തില്‍ കേണല്‍ റാങ്കുണ്ടായിരുന്ന ജിമ്മിനെ സര്‍ക്കാര്‍ ഇടക്കിടയ്ക്ക് വന്യജീവികളുടെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കാനായി വിളിച്ചു വരുത്തുമായിരുന്നു. പില്‍ക്കാലത്ത് അദ്ദേഹം ഒരു നല്ല ഫോട്ടോഗ്രാഫറായി മാറുകയും വന്യജീവിസംരക്ഷണത്തിന്റെ പ്രചാരകനായി പ്രവര്‍ത്തിക്കുകയും ചെയ്തു. ഇതിനിടെ പുസ്തകരചനയിലേക്കും കടന്നു.  

placeholder
അമ്മക്കടുവയും കുഞ്ഞും|ഫോട്ടോ:പി.ടി.ഐ

നരഭോജികളായ കടുവകളുമായി ഏറ്റുമുട്ടിയതിന്റെ ആവേശജനകമായ അനുഭവക്കുറിപ്പുകളാണ് ജിം കോര്‍ബെറ്റിന്റെ പുസ്തകങ്ങള്‍. ക്ഷേത്രക്കടുവയും കുമയോണിലെ നരഭോജികളും, കുമയോണിലെ നരഭോജികള്‍, രുദ്രപ്രയാഗിലെ നരഭോജി തുടങ്ങി നിരവധി പുസ്തകങ്ങള്‍ ആരെയും ആവേശത്തിലാക്കുന്നതാണ്. മനുഷ്യരുടെ ജീവന് ഭീഷണിയായിരുന്ന കടുവകളെ വെടിവെച്ചുകൊന്നിരുന്നുവെങ്കിലും കടുവകളെ കോര്‍ബറ്റിനു വളരെ ബഹുമാനമായിരുന്നു. തന്റെ പുസ്തകത്തില്‍ അദ്ദേഹം കടുവകളെ വിശേഷിപ്പിച്ചത്, 'അസാമാന്യ ധൈര്യമുള്ള, വിശാലഹൃദയരായ മാന്യര്‍' എന്നാണ്. ജിം കോര്‍ബെറ്റ് വേട്ട ആവസാനിപ്പിക്കുമ്പോഴേക്കും ഏകദേശം 19 കടുവകളും 14 പുലികളുമാണ് തന്റെ തോക്കിന്‍ മുനിയില്‍ തീര്‍ന്നത്. അപ്പോഴേക്കും 1200 മനുഷ്യര്‍ ഈ നിരഭോജികളുടെ അക്രമണത്തിന് ഇരയാവുകയും ചെയ്തിരുന്നു. 

  • പ്രോജക്ട് ടൈഗറിന്റെ പ്രഥമയിടം

മനുഷ്യമൃഗ സംഘര്‍ഷം, വേട്ടയാടല്‍, ആവാസ വ്യവസ്ഥയുടെ ഇല്ലാതാകല്‍ എന്നിവയെല്ലാം കൊണ്ട് ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ തന്നെ രാജ്യത്തെ കടുവകളുടെ എണ്ണത്തില്‍ വലിയ രീതിയിലായിരുന്നു ഇടിവുണ്ടായത്. ഇതോടെയാണ് കടുവാ സംരക്ഷണത്തിന് ഒരു അടിയന്തര പദ്ധതിയുണ്ടാവണമെന്ന തിരിച്ചറിവില്‍ പ്രോജക്ട് ടൈഗറിന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ തുടക്കമാവുന്നത്. 1972 ല്‍ തുടങ്ങി 1973 ഏപ്രില്‍ ഒന്നിന് ആദ്യ പ്രോജക്ട് ടൈഗര്‍ പദ്ധതിക്ക് തുടക്കമായപ്പോള്‍ അതിന് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ദേശീയോദ്യാനങ്ങളിലൊന്നായി  ജിം കോര്‍ബെറ്റ് മാറി. 1947-ല്‍ ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍ 40,000 കടുവകള്‍ രാജ്യത്തുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ 1970 ആകുമ്പോഴേക്കും വേട്ടയാടലും ആവാസ വ്യവസ്ഥയുടെ നാശവും കാരണം ഇവയുടെ എണ്ണം 2000 ല്‍ താഴെയായി. ഇതോടെ കടുവകളെ വംശനാശ ഭീഷണി നേരിടുന്നവയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. തുടര്‍ന്നാണ് പ്രോജക്ട് ടൈഗര്‍ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. 

പ്രോജക്ട് ടൈഗര്‍ എന്ന പദ്ധതി വിജകരയമായതിന്റെ തെളിവ് കൂടിയാണ് രാജ്യത്ത് ഏറി വരുന്ന കടുവകളുടെ എണ്ണം. അസം, ബിഹാര്‍, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ തുടങ്ങിയിടങ്ങളിലെ ഒന്‍പത് കടുവ സങ്കേതങ്ങളിലായിട്ടാണ് ആദ്യം പദ്ധതി അവതരിപ്പിച്ചത്. 1973-ല്‍ ഒന്‍പത് കടുവ സങ്കേതങ്ങളെന്നത് ഇന്ന് വളര്‍ന്ന് 53 സംരക്ഷിത മേഖലകള്‍ എന്നതിലേക്ക് എത്തുകയും ചെയ്തു. പ്രൊജക്ട് ടൈഗറെന്ന പദ്ധതി ഇല്ലായിരുന്നെങ്കില്‍ രാജ്യത്ത് നിന്നും ഇക്കൂട്ടര്‍ തുടച്ചുനീക്കപ്പെട്ടേനേ. കടുവകളുടെ ആവാസ വ്യവസ്ഥയ്ക്ക് തിരിച്ചടിയാവുന്ന കാര്യങ്ങളെ കണ്ടുപിടിക്കുകയും അവയെ ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളില്‍ പുനരധിവസിപ്പിച്ച് ഇവയുടെ എണ്ണം തിരിച്ചുപിടിക്കുകയെന്നതുമായിരുന്നു പദ്ധതിയുടെ ലക്ഷ്യം. അത് വിജയകരമായി മുന്നോട്ടുപോവുകയും ചെയ്തു.

placeholder
പ്രോജക്ട് ടൈഗറിന്റെ അമ്പതാം വര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രോജക്ട് ടൈഗര്‍ കോയിന്‍ അവതരിപ്പിക്കുന്നു| ഫോട്ടോ: എ.എന്‍.ഐ

ജിം കോര്‍ബെറ്റ് നാഷണല്‍ പാര്‍ക്കിലെ കടുവാ സംരക്ഷണത്തിനും വിജയകരമായ അതിജീവന കഥ പറയാനുണ്ട്. നാമാവശേഷമായിപ്പോവുന്നയിടത്ത് നിന്ന് തിരിച്ചെത്തിയ കഥ. നേരത്തെ ശാരീരിക ഭാഗങ്ങള്‍ക്ക് വേണ്ടി വലിയതോതില്‍ വേട്ടയാടലുകള്‍ക്ക് വിധേയമായിരുന്നു ജിം കോര്‍ബെറ്റിലെ ബംഗാള്‍ കടുവകള്‍. പാരമ്പര്യ ചൈനീസ് മരുന്നുകള്‍ക്ക് വേണ്ടി വന്‍തോതില്‍ ഇവയെ കയറ്റി അയക്കുന്ന പ്രവണ വര്‍ധിച്ചതോടെ  വേട്ടയാടലും വര്‍ധിച്ചിരുന്നു. ഇത് വംശനാശത്തിന് വരെ കാരണമായേക്കുമെന്ന് വിലയിരുത്തപ്പെട്ടു. ഇതോടെയാണ് വേട്ടയാടല്‍ നിരോധനമടക്കം കൊണ്ടുവന്ന് ജിംകോര്‍ബെറ്റിലെ കടുവകളെ സംരക്ഷിച്ച് പോന്നത്. ആധുനിക നിരീക്ഷണ ഉപകരണങ്ങള്‍ സ്ഥാപിച്ച് നിരീക്ഷണത്തിനായി പ്രത്യേകം വനപാലകരെ നിയോഗിച്ചു. കടുവാ സംരക്ഷണം ജിം കോര്‍ബെറ്റിലെ ജൈവവൈവിധ്യങ്ങളുടെ നിലനില്‍പ്പിന് എത്രത്തോളം അത്യന്താപേക്ഷിതമാണെന്ന തരത്തില്‍ പ്രദേശവാസികളില്‍ ബോധവത്കരണമുണ്ടാക്കിയതോടെ ജനങ്ങളില്‍ നിന്ന് വലിയ പിന്തുണയും ലഭിച്ചു. ഇതിന് പുറമെ കടുവയുടെ നിലനില്‍പ്പിന് ആവശ്യമായ ആവാസ വ്യവസ്ഥയൊരുക്കുന്നതിലും ജിം കോര്‍ബറ്റ് മാനേജ്‌മെന്റ് വിജയിച്ചു.

കയ്യേറ്റങ്ങള്‍ തടയുക, വിനോദ സഞ്ചാരങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക, കടുവകളുടെ നിലനില്‍പ്പിന് ആവശ്യമായ ചെറുജീവികളെ ആകര്‍ഷിക്കാന്‍ പച്ചപ്പുകളും വനവത്ക്കരണവും നടപ്പിലാക്കുക, വനനശീകരണം തടയുക തുടങ്ങിയ നിരവധിയായ പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കിയതോടെ അത് കടുവകളുടെ സ്വാഭാവിക വര്‍ധനവിന് കാരണമാവുകയും ചെയ്തു. ജിം കോര്‍ബെറ്റിലെ കടുവാ സംരക്ഷണ പദ്ധതിയില്‍ നിര്‍ണായകമായ മറ്റൊന്നാണ് ഉത്തരവാദിത്ത ടൂറിസം നടപ്പാക്കല്‍. സന്ദര്‍ശകരുടെ എണ്ണത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നും സഫാരി റൂട്ടുകളിലടക്കം കടുവകളുടെ സ്വൈര്യജീവിതത്തിന് തടസ്സമാവാത്ത വിധം ശബ്ദനിയന്ത്രണമേര്‍പ്പെടുത്തിയുമെല്ലാം ജിം കോര്‍ബെറ്റില്‍ കടുവകള്‍ക്ക് സംരക്ഷണം നല്‍കുന്നുണ്ട്. കടുവകളുടെ സ്വഭാവം, നീക്കം, വംശവര്‍ധനവ്, എന്നിവയെല്ലാം നിരീക്ഷിക്കാന്‍ ആധുനിക ഉപകരണങ്ങളും ഇവര്‍ ഉപയോഗിക്കുന്നു. കാമറകള്‍, സാറ്റലൈറ്റ് സംവിധാനങ്ങള്‍ എന്നിവയെല്ലാം ഉപയോഗിച്ചുള്ള സ്ഥിര നിരീക്ഷണം ഇവയുടെ വംശവര്‍ധനവിനേയടക്കം വലിയതോതില്‍ സ്വാധീനിക്കുന്നുമുണ്ട്.

placeholder
https://www.instagram.com/p/Cp_3OmcvunI/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
  • കടുവകളുടെ പ്രിയപ്പെട്ട കേന്ദ്രം

നൈനിറ്റാളിലെ ടൂറിസ്റ്റ് ഹില്‍ സ്റ്റേഷന് സമീപം ഹിമാലയന്‍ താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക് 520 ചതുരശ്ര കിലോമീറ്ററിലാണ് വ്യാപിച്ചുകിടക്കുന്നത്. 1,288 ചതുരശ്ര കിലോമീറ്ററില്‍ പരന്നുകിടക്കുന്ന കോര്‍ബറ്റ് ടൈഗര്‍ റിസര്‍വിന്റെ ഭാഗം കൂടിയാണിത്. ദേശീയോദ്യാനവും 301 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള സോനാനദി വന്യജീവി സങ്കേതവും ചേര്‍ന്നയിടം കടുവകളുടെ ഏറ്റവും നിര്‍ണായക ആവാസകേന്ദ്രമാക്കി മാറ്റുകയും ചെയ്യുന്നു. പുല്‍മേടുകളും മലനിരകളും അരുവികളും നിറഞ്ഞയിടമായതുകൊണ്ടു തന്നെ കടുവകളുടെ പ്രിയപ്പെട്ട കേന്ദ്രം കൂടിയാണിവിടം. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അവസാനം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം  252 കടുവകളാണ് പാര്‍ക്കിനുള്ളില്‍ ജീവിക്കുന്നത്. 266 എണ്ണം പാര്‍ക്കിനെ സമാന്തരമായി ഉപയോഗിക്കുന്നുമുണ്ട്. ഇതിന് പുറമെ ക്രസ്റ്റഡ് സെര്‍പ്പെന്‍ഡ് ഈഗിള്‍, ഹിമാലയന്‍ ബ്ലാക് ബെയര്‍, ഇന്ത്യന്‍ കാട്ടാനകള്‍ പോലുള്ള വന്യമൃഗങ്ങളുടേയും വംശനാശ ഭീഷണി നേരിടുന്ന സസ്യജാലങ്ങളുടേയടക്കം നിര്‍ണായക ആവാസയിടം കൂടിയാണ് ജിം കോര്‍ബെറ്റ്.

അമ്പതിലധികമുള്ള വന്യമൃഗങ്ങള്‍, 580 ല്‍ അധികം പക്ഷി വിഭാഗങ്ങള്‍, 25-ല്‍ അധികം ഉഭയജീവികള്‍ എന്നിവയെ എല്ലാം പാര്‍ക്കില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പച്ചപ്പും വനമേഖലയും നിറഞ്ഞ ഇടം മാന്‍ കൂട്ടങ്ങളുടേയും കാട്ടുപന്നികളുടേയും മറ്റ് ചെറുജീവികളുടേയും പ്രിയപ്പെട്ട സ്ഥലമായതുകൊണ്ടു തന്നെ  ഇവിടേയുള്ള കടുവകളുടെ നിലനില്‍പ്പും ഇവയെ ആശ്രയിച്ചാണ്. അതുകൊണ്ടു തന്നെ ജിം കോര്‍ബെറ്റിനെ കടുവകളുടെ സ്വര്‍ഗമെന്നും വിശേഷിപ്പിക്കുന്നു.

രാജ്യത്ത് ഇന്ന് 54 കടുവാ സംരക്ഷണ കേന്ദ്രങ്ങളുണ്ട്. ഇത് 75000 സ്‌ക്വയര്‍ കിലോമീറ്ററില്‍ വ്യാപിച്ച് കിടക്കുകയും ചെയ്യുന്നു. 2006-ല്‍ 1411 കടുവകള്‍ മാത്രമുണ്ടായിടത്ത് നിന്ന് ഇന്ന് 3167 കടുകവകളാണുള്ളത്. 2010 ല്‍ 1706, 2014 ല്‍ 2226, 2022 ല്‍ 3167 ഇങ്ങനെയാണ് ഇവയുടെ എണ്ണത്തിലുണ്ടായ വര്‍ധനവ്. പ്രോജക്ട് ടൈഗര്‍ പദ്ധതി അമ്പത്തിയൊന്ന് വര്‍ഷം പിന്നിടുമ്പോള്‍ ലോകത്തിലെ കടുവകളുടെ എണ്ണത്തില്‍ 75 ശതമാനവും ഇന്ത്യയിലാണ് എന്നതും അഭിമാനിക്കാവുന്ന നേട്ടമാണ്. 

ജിം കോര്‍ബെറ്റിന്റെ പുസ്തകങ്ങള്‍ വാങ്ങാം