ആകാശം അതിരുടന്ന പച്ചപ്പിന്റെ, വന്യതയുടെ വിസ്മയലോകമാണ് കെനിയയിലെ മസായ് മാര ദേശീയോദ്യാനം. മലയാളിയെ ലോകം കാണിച്ച പ്രിയപ്പെട്ട എഴുത്തുകാരന്‍ എസ്.കെ. പൊറ്റക്കാടിന്റെ വാക്കുകള്‍ കടമെടുത്താല്‍ സിംഹഭൂമി. പേരിന്റെ ഗാംഭീര്യം പോലെ, വംശനാശ ഭീഷണിയിലേക്ക് പോയ്‌കൊണ്ടിരിക്കുന്ന വനരാജാക്കന്‍മാരുടെ ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ സംരക്ഷണകേന്ദ്രം കൂടിയാണിവിടം. ആഫ്രിക്കന്‍ പുല്‍മേടുകള്‍ക്ക് ജീവനും രക്തവുമാവുന്ന മാരാ നദി, ലോകവിസ്മയങ്ങളില്‍ ഇടംപിടിച്ച വിൽഡെബീസ്റ്റുകളുടെ (wildebeest) ഗ്രേറ്റ്‌ മൈഗ്രേഷന്‍ (കൂട്ടപ്പലായനം), അതിലൂടെ ഉത്തേജകമാകുന്ന ഭൂമി. അതിനപ്പുറം ജൈവവൈവിധ്യങ്ങളേയും ആവാസവ്യവസ്ഥയേയും പൊന്നുപോലെ കാത്തുസൂക്ഷിക്കുന്നയിടവും യാത്രികരുടെ പ്രിയപ്പെട്ട കേന്ദ്രവും. ഈ മസായ് മാരയുടെ വിസ്മയകഥയാണ് ബ്യൂട്ടി ആന്‍ഡ് ദി ബീസ്റ്റ്സിൽ ഇത്തവണ. കൂട്ടപ്പലായനമെന്നത് വെറും കാഴ്ചയ്ക്കപ്പുറം ഭൂമിയുടെ നിലനിൽപ്പിനെ എങ്ങനെ സ്വാധീനിക്കുന്നുവന്ന് മസായ് മാര ലോകത്തിന് കാണിച്ചുകൊടുക്കുന്നു. ഇക്കാലത്ത് വിൽഡെബീസ്റ്റുകളടക്കം ലക്ഷക്കണക്കിന് മൃഗങ്ങൾ ഈ ഭൂമിയിൽ നിക്ഷേപിക്കുന്ന വിസർജ്യം എങ്ങനെ മണ്ണിനെ ഫലഭൂയിഷ്ഠമാക്കുന്നുവെന്നും അത് ഭാവിയെ എങ്ങനെ ചേർത്തുപിടിക്കുന്നുവെന്നും മസായ് മാര തെളിവാണ്.

To advertise here,

 ഗ്രേറ്റ് മൈഗ്രേഷനെന്ന ലോകവിസ്മയം

പുഴപോലെ ഒഴുകിയെത്തുന്ന കാട്ടുപോത്തിന്റെ രൂപമുള്ള ലക്ഷക്കണക്കിന് വിൽഡെബീസ്റ്റുകളുടെ ഗ്രേറ്റ്‌മൈഗ്രേഷനാണ് (കൂട്ടപ്പലായനം) മസായ് മാരയിലെ വിസ്മയങ്ങളില്‍ ഏറ്റവും പ്രധാനം. ലോകത്തിലെ ആദ്യ പത്ത് പ്രകൃതിവിസ്മയങ്ങളുടെ പട്ടികയെടുത്താൽ അതില്‍ മുന്നില്‍ നില്‍ക്കുന്നതും വിൽഡെബീസ്റ്റുകളുടെ ഈ അതിജീവന യാത്രയാണ്. മരണത്തിനും ജീവിതത്തിനുമിടയിലെ നൂല്‍പാലമായ കുത്തിയൊഴുകുന്ന മാരാനദി കടന്ന് ഓരോ വര്‍ഷവും മുറതെറ്റാതെ ലക്ഷക്കണക്കിന് വിൽഡെബീസ്റ്റുകളാണ് ടാന്‍സാനിയിലെ തെക്കന്‍ സെറന്‍ഗെറ്റി നാഷണല്‍ പാര്‍ക്കിനോട് ചേര്‍ന്ന ങ്കൊറോങ്കോറോ സംരക്ഷണ കേന്ദ്രത്തില്‍നിന്നു  മസായ് മാരയിലേക്കും സെറന്‍ഗെറ്റിയിലേക്കും എത്തുന്നത്.

ഇവരുടെ വരവുകാത്ത് മാരാ നദിയില്‍ ഒളിച്ചിരിക്കുന്ന കൊലയാളി മുതലകളേയും കരയില്‍ ഒളിച്ചിരിക്കുന്ന സിംഹരാജാക്കന്‍മാരേയും അതിജീവിച്ച് പുല്‍മേടുകളിലെത്തുന്ന വിൽഡെബീസ്റ്റുകള്‍ ആവാസ വ്യവസ്ഥയുടെ കാവലാള്‍ കൂടിയാണ്. അതുകൊണ്ടു തന്നെ വന്യതയുടെ ഐതിഹാസിക യാത്രയെന്നും ഈ കൂട്ടപ്പലായനത്തെ ലോകം വിശേഷിപ്പിക്കുന്നു. ജൂലായ്-ഒക്ടോബര്‍ മാസങ്ങളിലാണ് വിൽഡെബീസ്റ്റുകൾ മസായ് മാരയിലെത്തുന്നത്. എണ്ണം കൊണ്ട് ഏറ്റവും കൂടുതൽ വിൽഡെബീസ്റ്റുകൾ എത്തുന്നത് മസായ് മാരയിലാണെങ്കിലും കൂടുതൽ കാലം നീണ്ടുനിൽക്കുന്നത് സെറംഗെറ്റിയിലാണ്. 

ഉയര്‍ന്ന കുന്നിന്‍പുറം ചാടിയിറങ്ങി ഉറുമ്പുകൂട്ടം കണക്കെ വിൽഡെബീസ്റ്റുകള്‍, ഇടിച്ചുകുത്തിയൊഴുകുന്ന മാരാനദി മുറിച്ചുകടക്കുമ്പോള്‍ ആദ്യ പരീക്ഷണം നേരിടുന്നത് നദിയിലെ പ്രധാന താമസക്കാരനായ മുതലക്കൂട്ടങ്ങളില്‍ നിന്നാണ്. ശേഷം മാരയിലെ സ്ഥിരവാസികളായ സിംഹം, ചീറ്റ, പുള്ളിപ്പുലി എന്നിവരില്‍ നിന്നെല്ലാം രക്ഷപ്പെടണം. ജീവന്‍ പണയം വെച്ചുള്ള അതിജീവന യാത്രയുടെ തിരക്കില്‍ പെട്ടും പരിക്കുപറ്റിയും മരണമടയുന്നവരും ഏറെ. കൂടെയുള്ളവരുടെ വീഴ്ചയെപ്പറ്റി വേവലാതിപ്പെടാതെ സ്വയരക്ഷ നോക്കി മാരായിലെത്തുന്ന ഇവരുടെ ഈ യാത്ര തന്നെയാണ് ഗ്രേറ്റ് മൈഗ്രേഷനെ ലോകവിസ്മയ പട്ടികയില്‍ പെടുത്തിയത്. വിൽഡെബീസ്റ്റുകളാണ് പ്രധാന കൂട്ടപ്പലായനക്കാരെങ്കിലും സീബ്രയടക്കമുള്ള നൂറുകണക്കിന് വന്യജീവികളാണ് ജലവും ഭക്ഷണവും തേടി ഓരോ വര്‍ഷവും മസായ് മാരയിലെത്തുന്നത്. ശ്വാസമടക്കിപ്പിടിച്ച് മാത്രം കാണാനാവുന്ന അപൂർവ കാഴ്ചയാണത്. ഈ കൂട്ടപ്പലായനം കഴിയുമ്പോള്‍ മാരാ നദിക്കും മസായ് മാരയ്ക്കും ചോരയുടെ മണമായിരിക്കും. വേനല്‍ക്കാലം കഴിയുന്നതുവരെ ഇവിടെ കഴിയുന്ന പലായനക്കാര്‍ വീണ്ടും സ്വദേശത്തേക്ക്  തിരിച്ചെത്തും.

ഒരേസമയം 13ലക്ഷം ബ്ലൂ വിൽഡെബീസ്റ്റുകള്‍, 4.7 ലക്ഷം കലമാനുകള്‍, 2.6 ലക്ഷം സീബ്രകള്‍, 1.8 ലക്ഷം കോമണ്‍ എലന്‍ഡ്‌സ് വിഭാഗത്തില്‍ പെടുന്ന മാനുകള്‍, 97000 ടോപികള്‍ എന്നിവയെല്ലാം ഇവിടെയെത്തും. ജനുവരി മുതല്‍ തുടങ്ങുന്ന കൂട്ടപ്പലായനം വിൽഡെബീസ്റ്റുകള്‍ എത്തുന്ന ജൂലായ് മുതല്‍ ഒക്ടോബര്‍ വരേയുള്ള കാലയളവില്‍ നീണ്ടുനില്‍ക്കും. പലപ്പോഴും വിൽഡെബീസ്റ്റുകളുടെ പ്രസവം നടക്കുന്നത് ഇക്കാലത്താണ്. പെട്ടെന്ന് സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിവ് തേടുന്ന കുഞ്ഞുങ്ങളാണ് ഇതിന്റെ പ്രത്യേകത.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

placeholder
https://www.facebook.com/photo/?fbid=1918699361725781&set=pb.100064761726857.-2207520000

 കൂട്ടപ്പലായനവും ആവാസ വ്യവസ്ഥയുടെ നിലനില്‍പ്പും

മസായ് മാരയിലേയും സെറന്‍ഗെറ്റിയിലേയും ആവാസ വ്യവസ്ഥയുടെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുന്നതിന് ഈ കൂട്ടപ്പലായനം നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. പുല്‍മേടുകളുടെ അനിയന്ത്രിതമായ വളര്‍ച്ച തടയുന്നതിനൊപ്പം പുതിയ സസ്യജാലങ്ങളുടെ രൂപപ്പെടലിനും വളര്‍ച്ചയ്ക്കും ഈ കൂട്ടപ്പലായനം വഴിയൊരുക്കുന്നു. ഒപ്പം കുറഞ്ഞകാലം കൊണ്ട് ഈ വന്യമൃഗങ്ങള്‍ നിക്ഷേപിക്കുന്ന വിസര്‍ജ്യം മണ്ണിന്റെ ഫലഭൂയിഷ്ഠത ഉറപ്പാക്കുകയും ഇത് ആവാസ വ്യവസ്ഥയെ കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. മാത്രമല്ല, ഇവിടങ്ങളില്‍ സംരക്ഷിച്ച് പോരുന്ന മാംസഭുക്കുകളായ സിംഹത്തേയും ചീറ്റയേയും കഴുതപ്പുലിയെയും പോലുള്ള മാംസഭുക്കുകളായ ചെറുജീവികളുടേയും ഭക്ഷ്യലഭ്യതയും ഉറപ്പാക്കുന്നുണ്ട്. അങ്ങനെ സ്ഥലത്തെ മാംസ-സസ്യഭുക്കുകളുടെ ജീവിതക്രമം തെറ്റാതെ കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു.

placeholder
മസായ് മാരയിൽ വിൽഡെബീസ്റ്റുകളെ വേട്ടയാടുന്ന സിംഹം | ഫോട്ടോ :ഗെറ്റി ഇമേജസ്

ബിഗ് ഫൈവ് എന്ന കണക്കില്‍ ഉള്‍പ്പെടുന്ന സിംഹം, ആഫ്രിക്കന്‍ പുള്ളിപ്പുലി, ആഫ്രിക്കന്‍ ആനകള്‍, ആഫ്രിക്കന്‍ കാട്ടുപോത്തുകള്‍, വെള്ളയും കറുപ്പും കണ്ടാമൃഗം  ഇവയുടേയെല്ലാം സുഖവാസ കേന്ദ്രമാണ് മസായ് മാര. ഒപ്പം മാംസഭുക്ക് വിഭാഗത്തില്‍ പെടുന്ന ചെറുജീവികളായ ആഫ്രിക്കന്‍ ചെന്നായ, ബ്ലാക് ബാക്ഡ് ജക്കാൾസ്, ആഫ്രിക്കന്‍ സ്ട്രിപ്ഡ് വെസല്‍സ്, ആഫ്രിക്കന്‍ വൈല്‍ഡ് കാറ്റ്‌സ് തുടങ്ങിയവയുടേയെല്ലാം സംരക്ഷണ കേന്ദ്രം കൂടിയാണ്. ഏകദേശം 470 വിഭാഗത്തില്‍ പെടുന്ന പക്ഷിവര്‍ഗങ്ങളും ഇവിടെയുണ്ട്. 

വന്യമൃഗങ്ങളുടെ സുഖവാസ കേന്ദ്രം എന്നതിനപ്പുറം കെനിയന്‍ സമ്പദ് വ്യവസ്ഥയ്ക്ക് നിര്‍ണായക സംഭാവനയും ഈ ദേശീയോദ്യാനങ്ങള്‍ നല്‍കുന്നുണ്ട്. പ്രകൃതിയും വനസമ്പത്തും ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റ് ചെയ്യപ്പെടുന്ന രാജ്യമാണ് കെനിയ. വൈല്‍ഡ് ലൈഫ് ടൂറിസത്തെ പ്രധാന വരുമാനമാര്‍ഗമായി കാണുന്ന രാജ്യങ്ങളില്‍ ഒന്ന്. കെനിയ ലോകത്തിനു മുന്നില്‍ കാഴ്ചവെക്കുന്ന അത്ഭുതം കൂടിയാണ് 'മസായ് മാര'. ആഫ്രിക്കയിലെ ഏറ്റവും വിഖ്യാതമായ ദേശീയോദ്യാനമെന്നും ഇതിനെ അറിയപ്പെടുന്നു. മൃഗങ്ങളുമായി ബന്ധപ്പെട്ട് ലോകത്ത് സംപ്രേഷണം ചെയ്യപ്പെടുന്ന ബഹുഭൂരിപക്ഷം പ്രോഗ്രാമുകളും ഷൂട്ട് ചെയ്യപ്പെടുന്ന ഇടം കൂടിയാണ് ഇത്. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫര്‍മാരുടെ ഏറ്റവും ഇഷ്ടപ്പെട്ട ലൊക്കേഷന്‍.

placeholder
മസായ് മാരയിലെ ഇംപാലകൾ| ഫോട്ടോ: ഗെറ്റി ഇമേജസ്

കെനിയയിലെ ഏറ്റവും വലിയ  ഗെയിം റിസര്‍വ് സെന്റര്‍

കെനിയയിലെ നാരോക് കൗണ്ടിയില്‍ പെടുന്ന മസായ് മാര ഏറ്റവും വലിയ ഗെയിം റിസര്‍വ് സെന്റര്‍ കൂടിയാണ്. വന്യമൃഗങ്ങള്‍ക്ക് സുരക്ഷിതമായ സംരക്ഷണ കേന്ദ്രമൊരുക്കുക എന്നതിലപ്പുറം ഇവയുടെ എണ്ണം വര്‍ധിക്കുമ്പോള്‍ നിയന്ത്രിത വേട്ടയ്ക്ക് അനുവദിക്കുന്ന (കള്ളിങ്) സ്ഥലത്തെയാണ് ഗെയിം റിസര്‍വ് എന്നറിയപ്പെടുന്നത്. ഇതിലൂടെ വരുമാനം കണ്ടെത്തുന്നതിനൊപ്പം വന്യമൃഗങ്ങളുടെ എണ്ണം സ്ഥലപരിമിതികള്‍ക്കനുസരിച്ച് കാത്തുസൂക്ഷിക്കാനും ഇതിലൂടെ കഴിയുന്നു. അതുവഴി സംരക്ഷിച്ച് പോരുന്ന വംശനാശ ഭീഷണിയുള്ള വന്യമൃഗങ്ങളുടെ സുരക്ഷയും ഉറപ്പാക്കുന്നു.

പ്രീമിയം ആർട്ടിക്കിളുകൾ വായിക്കാൻ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ https://mbi.page.link/mbplus

സ്ഥലത്തെ പാരമ്പര്യവാസികളായ മസായ് വംശജരോടുള്ള ആദരവായിട്ടാണ് ദേശീയോദ്യാനത്തിന് മസായ് മാര എന്ന പേര് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. അത്ര നിര്‍ണായകമാണ് മസായ് മാര സംരക്ഷണത്തിന് പ്രദേശവാസികള്‍ നല്‍കുന്ന സംഭാവന. സിംഹങ്ങളുടെ എണ്ണം വലിയ തോതില്‍ ഉണ്ടായിരുന്ന പണ്ടു കാലത്ത് തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ കൊന്ന് തിന്നവയെ മസായ് വംശജര്‍ വേട്ടയാടിരുന്നു. സിംഹങ്ങളുടെ ആക്രമണം പതിവായതോടെ ഇവരെ രക്ഷിക്കാനായി 90 ദിവസം കൊണ്ട് ബ്രിട്ടീഷ് സര്‍ക്കാര്‍ നിയോഗിച്ച ജെ.ഹണ്ടര്‍ എന്ന ശിക്കാരി 88 സിംഹങ്ങളെ കൊന്നൊടുക്കിയ പഴയകാല ചരിത്രം മസായ് മാരയ്ക്ക് പറയാനുണ്ട്. ഇതിന് പുറമെ ബ്രീട്ടീഷ് സായിപ്പന്‍മാരും വിനോദത്തിന്റെ പേരില്‍ സിംഹങ്ങളെ വലിയ രീതിയില്‍ കൊന്നൊടുക്കിയിരുന്നു. ഇത് ഇവയുടെ വംശനാശഭീഷണിയിലേക്ക് നയിച്ചു. എന്നാല്‍ ഇന്ന് കഥയാകെ മാറി. മസായ് ജനങ്ങള്‍ വന്യജീവികളുടേയും വനസമ്പത്തിന്റേയും പ്രധാന സംരക്ഷകരായി മാറി. അങ്ങനെയാണ് ഈ ദേശീയോദ്യാനത്തിന് മസായ് മാര എന്ന പേര് പോലും ലഭിച്ചത്. 

placeholder
മസായ് മാരയിലെ സിംഹം| ഫോട്ടോ: അസീസ് മാഹി

അല്‍പം ചരിത്രം

1961-ല്‍ വന്യജീവി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ചപ്പോള്‍ മസായ് മാരയ്ക്ക് 520 ചതുരശ്ര കിലോ മീറ്റര്‍ വിസ്തൃതി ഉണ്ടായിരുന്നു. എന്നാല്‍ 1961-ല്‍ തന്നെ ഗെയിം റിസര്‍വായി മാറ്റിയതോടെ 1821 സ്‌ക്വയര്‍ കിലോമീറ്ററായി വിസ്തൃതി കൂട്ടി. കെനിയയിലെ തന്നെ നാരോക് കൗണ്ടിക്കാണ് സംരക്ഷണ ചുമതല. 1974-ല്‍ ആണ് പാര്‍ക്കിന്റെ ഒരു ഭാഗത്തിന് നാഷണല്‍ റിസര്‍വ് പദവി നല്‍കിയത്. 159 ചതുരശ്ര കിലോമീറ്റര്‍ പ്രദേശവാസികള്‍ക്ക് തിരിച്ചുകൊടുക്കുകയും ചെയ്തു. 162 സ്‌ക്വയര്‍ കിലോമീറ്റര്‍ 1976 ല്‍ സംരക്ഷണ വിഭാഗത്തില്‍നിന്നു നീക്കിയതോടെ 1984-ല്‍ ഇത് 1510 സ്‌ക്വയര്‍ കിലോ മീറ്ററായി കുറയും ചെയ്തു. ടാന്‍സാനിയക്കും കെനിയക്കുമിടയില്‍ മാര-സെരംഗേറ്റി നാഷണല്‍ റിസര്‍വുകള്‍ ഏകദേശം 25,000 സ്‌ക്വയര്‍ കിലോമീറ്ററിലാണ് വ്യാപിച്ച് കിടക്കുന്നത്. 

വന്യമൃഗങ്ങളുടെ പ്രധാന സംരക്ഷണ കേന്ദ്രമെന്നത് കൊണ്ടു തന്നെ നിരവധി ഗവേഷണങ്ങളും സ്ഥലത്ത് നടക്കുന്നുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സിംഹങ്ങളുടെ എണ്ണത്തെ കുറിച്ചും അവയുടെ മസായ് മാരയിലെ ജീവിതത്തെ കുറിച്ചും ഗവേഷണം നടത്തുന്ന മാര പ്രിഡേറ്റര്‍ പ്രോജക്ട്. സിംഹങ്ങളെ പ്രത്യേകമായെടുത്ത് കൃത്യമായ പഠനമാണ് പദ്ധതിയുടെ കീഴില്‍ നടക്കുന്നത്. ഇതുവഴി ഇവയുടെ സംരക്ഷണം  ഉറപ്പാക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാരിന് കഴിയുന്നു. സ്‌പോട്ടഡ് ഹൈനയെ കുറിച്ച് വിശദമായ പഠനം നടക്കുന്ന ലോകത്തിലെ തന്നെ പ്രധാന കേന്ദ്രങ്ങളിലൊന്നും മസായ് മാരയാണ്. കഴുതപ്പുലികളുടെ പ്രധാന സംരക്ഷണ കേന്ദ്രകൂടിയാണിവിടം. 2012 ഒക്ടോബര്‍ മുതല്‍ മാര-മെരു ചീറ്റ പ്രോജക്ടും ഇവിടെ നടക്കുന്നുണ്ട്. 

placeholder
മസായ് വംശജർ | ഫോട്ടോ: മാതൃഭൂമി

നിര്‍ണായക പങ്കുവഹിക്കുന്ന മസായ് ജനങ്ങള്‍

മസായ് മാരയെ സംബന്ധിച്ചിടത്തോളം ഇതിന്റെ നിലനില്‍പ്പിന് തന്നെ നിര്‍ണായ പങ്കുവഹിക്കുന്നവരാണ് മസായ് ജനങ്ങള്‍. വന്യജീവികളെ ബഹുമാനിക്കുന്ന ഇവരുടെ പാരമ്പരാഗത സംസ്‌കാരം മസായ് മാരയ്ക്ക് നല്‍കിയത് പുതിയ ഉള്‍ക്കാഴ്ച തന്നെയായിരുന്നു. പരമ്പരാഗതമായി വന്യമൃഗങ്ങളുമൊത്തുള്ള സഹവര്‍ത്തിത്വത്തിന്റെ കഥയാണ് ഇവര്‍ക്ക് പറയാനുള്ളത്. അതുകൊണ്ടു തന്നെ അതിന്റെ നിലനില്‍പ്പും പ്രാധാന്യവും കൃത്യമായി തിരിച്ചറിയുന്നവരുമാണ്. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഇവരുടെ പാരമ്പര്യ അറിവുകളെ കൃത്യമായി ഉപയോഗപ്പെടുത്തുന്ന അധികൃതര്‍ ഏറെ വിജയകരമായിട്ടാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്. ബോധവത്ക്കരണ പരിപാടികളിലടക്കം സജീവമായി പങ്കെടുക്കുന്ന മസായ് ജനങ്ങള്‍ സ്വന്തം നിലയ്ക്കുള്ള സംരക്ഷണ പദ്ധതികളും പലയിടങ്ങളിലും നടപ്പിലാക്കുന്നുണ്ട്. 

വന്യജീവി പരിപാലനത്തിന്‍ നിര്‍ണായക പങ്കുവഹിക്കാനും അതില്‍നിന്ന് നേരിട്ട് സാമ്പത്തിക പ്രയോജനം നേടാനും സംരക്ഷണ കേന്ദ്രങ്ങള്‍ പ്രാദേശിക സമൂഹങ്ങളെ പ്രാപ്തരാക്കുന്നു. ഇത് പ്രകൃതി സംരക്ഷണത്തില്‍ ഇവരെ കൂടുതല്‍ താല്‍പര്യമുണ്ടാക്കുകയും ചെയുന്നുണ്ട്. കണ്‍സര്‍വന്‍സി ഫീസ്, ടൂറിസം, മറ്റ് സുസ്ഥിര സമ്പ്രദായങ്ങള്‍ എന്നിവയില്‍ നിന്ന് ലഭിക്കുന്ന വരുമാനം പലപ്പോഴും കമ്യൂണിറ്റി വികസന പദ്ധതികളില്‍ തന്നെ നിക്ഷേപിക്കപ്പെടുകയും ചെയ്യുന്നു. 

placeholder
കടുത്ത വരൾച്ചയെ തുടർന്ന് കൊല്ലപ്പെട്ട വിൽഡെബീസ്റ്റുകൾ | ഫോട്ടോ: ഗെറ്റി ഇമേജസ്

കാലാവസ്ഥാ മാറ്റവും വെല്ലുവിളിയും

ലോകത്തെല്ലായിടത്തുമെന്നപോലെ കാലാവസ്ഥാ മാറ്റം വലിയ തോതിലാണ് മസായ് മാരയേയും ബാധിച്ചിരിക്കുന്നത്. മഴക്കുറവ് ഇവിടെയുള്ള പ്രധാന ഭക്ഷ്യ ശ്യംഖലയായി മാറിയിട്ടുള്ള വിൽഡെബീസ്റ്റിന്റെ ഗ്രേറ്റ്‌ മൈഗ്രേഷനില്‍ പോലും മാറ്റം വരുത്തിയിട്ടുണ്ടെന്നാണ് പഠനങ്ങള്‍ ചൂണ്ടികാട്ടുന്നത്. വിൽഡെബീസ്റ്റുകളുടെ കൂട്ടത്തോടെയുള്ള വരവും നാല് മാസത്തോളമുള്ള ഇവയുടെ ഇവിടത്തെ കഴിഞ്ഞു കൂടുതലും സ്ഥലത്തെ എണ്ണക്കൂടുതലുള്ള ചെറുതും വലുതുമായ മാംസഭുക്കുകളുടെ പ്രധാന ഭക്ഷണസ്രോതസ്സുകള്‍ കൂടിയായിരുന്നു. എന്നാല്‍ ഇവയുടെ വരവ് കുറയുന്നത് വലിയ ഭീഷണികൂടിയാണ് മുന്നോട്ടുവെക്കുന്നതെന്ന് പറയുന്നു മാര പ്രിഡേറ്റര്‍ കണ്‍സര്‍വേഷന്‍ പ്രോജക്ട് ഗവേഷകന്‍ സിറ്റോട്ടി സിലാന്റോയ്. ഇവയുടെ എണ്ണത്തില്‍ കുറവുണ്ടായാല്‍ ഇത്തരം മാംസഭുക്കുകളുടെ ജീവിതക്രമം തന്നെ തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ജലസ്രോതസ്സുകളുടേയും ഭക്ഷണത്തിന്റേയും കുറവ് മൃഗങ്ങളെ ഇത് തേടി പുറത്തേക്കിറങ്ങാന്‍ പ്രേരിപ്പിക്കും. ഇത് മനുഷ്യ-വന്യമൃഗ സംഘര്‍ഷത്തിലേക്ക് പോലും നയിച്ചേക്കാമെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.

കെനിയ, എത്യോപ്യ, സൊമാലിയ പോലുള്ള തെക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ നിലവില്‍ വലിയ കാലാവസ്ഥാ വെല്ലുവിളിയെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. അപ്രതീക്ഷിത മഴയും പ്രളയവും വരള്‍ച്ചയും മൊത്തം ജീവിതാവസ്ഥയെ മാറ്റിമറിച്ചു. വരള്‍ച്ച വര്‍ധിച്ചതോടെ സ്ഥലത്തെ സസ്യഭുക്കുകളായ മൃഗങ്ങള്‍ മറ്റിടങ്ങള്‍ തേടിപ്പോവുകയാണ്‌. ഇവയെ തേടിപ്പോവുന്ന മാംസഭുക്കുകളായ മൃഗങ്ങള്‍ കന്നുകാലികളേയും മറ്റും ആക്രമിക്കാന്‍ തുടങ്ങിയതോടെ മനുഷ്യ- വന്യമൃഗ സംഘര്‍ഷത്തിനും പലപ്പോഴും കാരണമാവുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നാച്വര്‍ എന്ന സന്നദ്ധ സംഘടന. ഇതിന് പുറമെ വന്യമൃഗങ്ങളുടെ എണ്ണം വലിയ രീതിയില്‍ കുറഞ്ഞുവരുന്നുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വന്യമൃഗ ശല്യം രൂക്ഷമാവാന്‍ തുടങ്ങിയതോടെ പ്രദേശവാസികള്‍ പശു, ആട്, ചെമ്മരിയാട് എന്നിവയെ  വളര്‍ത്തുന്നതില്‍നിന്നു പുറകോട്ട് പോവുകയാണ്. പകരം മറ്റ് വഴികള്‍ തേടുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു മാരാ പ്രിഡേറ്റര്‍ കണ്‍സര്‍വേഷന്‍ പ്രോജക്ട് ഗവേഷകന്‍ കസെയിന്‍ സങ്കന്‍.         

ചെറിയ വരള്‍ച്ചയുണ്ടായാല്‍ പോലും മസായ് മാരയിലെ ജീവിവര്‍ഗങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കാന്‍ മറ്റ് സ്ഥലമില്ലാതായി മാറും. സമാന അവസ്ഥ തുടരുകയാണെങ്കില്‍ 2050-ഓടെ മസായ് മാര വലിയ ദുരന്തത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും ഗവേഷകര്‍ നല്‍കുന്നുണ്ട്.