
ആമകളെന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു ചിത്രമുണ്ട്. കൈയില്‍ ഒതുങ്ങാവുന്ന ആളെ കണ്ടാല്‍ തല ഉള്ളിലേക്ക് വലിച്ച് ഒളിച്ചിരിക്കുന്നവന്‍. എന്നാല്‍ നാനൂറ് കിലോയിലധികം ഭാരമുള്ള ലോകത്തിലെ ഏറ്റവും ഭാരമുള്ള വിചിത്ര ആമകളെ സംരക്ഷിച്ചുപോരുന്ന ഒരു നാടുണ്ട് ഇക്വഡറില്‍. ഗാലപ്പഗോസ് ദേശീയോദ്യാനം. വംശനാശ ഭീഷണി നേരിടുന്ന ഇവയെ അതീവ ശ്രദ്ധയോടെയാണ് ഇവിടെ സംരക്ഷിച്ചുപോരുന്നത്. ഒപ്പം ഭീമന്‍ ഇഗ്വാനകളുടെ അതീജിവന കേന്ദ്രവും പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ചാള്‍സ് ഡാര്‍വിന്‍ തന്റെ ഗവേഷണ കാലത്ത് സന്ദര്‍ശിച്ച ഇടവുമാണ്. രാജ്യ തലസ്ഥാനമായ ക്വിറ്റോയിൽ നിന്ന് 1300 കിലോമീറ്റര്‍ അകലെയുള്ള ഗാലപ്പഗോസ് ദ്വീപ സമൂഹത്തില്‍ ഉള്‍പ്പെടുന്ന ഈ ദേശീയോദ്യാനത്തിന് ജൈവ സംരക്ഷണത്തിന്റെ വിസ്മയകരമായ കഥ പറയാനുണ്ട്. ഇതിന്റെ വിശേഷമാണ് ഇത്തവണ ബ്യൂട്ടി ആന്‍ഡ് ബീസ്റ്റിൽ.
- ചാള്‍സ് ഡാര്‍വിനും ഗാലപ്പഗോസും
പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ചാള്‍സ് ഡാര്‍വിന്റെ സന്ദര്‍ശനത്തോടെയാണ് ഗാലപ്പഗോസ് ഏറെ പ്രശസ്തമാവുന്നത്. ഒറ്റപ്പെട്ട ദ്വീപ സമൂഹമെന്ന നിലയില്‍ ഇവിടേയുള്ള ജീവിവര്‍ഗങ്ങളും സസ്യങ്ങളുമെല്ലാം വിചിത്രമായിരുന്നു. ഇതായിരുന്നു ചാള്‍സ് ഡാര്‍വിനെ ഗാലപ്പഗോസിലേക്ക് ആകര്‍ഷിച്ചത്. 1831 മുതല്‍ അഞ്ചുവര്‍ഷത്തോളമാണ് ചാള്‍സ് ഡാര്‍വിന്‍ തന്റെ ഗവേഷണത്തിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കപ്പല്‍ യാത്ര നടത്തിയത്. ഈ യാത്രയ്ക്കിടെയാണ് ഗാലപ്പഗോസ് ദ്വീപിലുമെത്തുന്നത്. ഇവിടെ അഞ്ചാഴ്ചയോളമാണ് ഡാര്‍വിന്‍ ചെലവഴിച്ചത്. പിന്നീട് പരിണാമ സിദ്ധാന്ത രൂപീകരണത്തില്‍ ഗാലപ്പഗോസിലെ വിസ്മയകരമായ ജൈവാവസ്ഥയെക്കുറിച്ചുള്ള പഠനം ഡാര്‍വിന് ഏറെ നിര്‍ണായകമാവുകയും ചെയ്തു. ഒറ്റപ്പെട്ട ദ്വീപ സമൂഹമായതുകൊണ്ടു തന്നെ വിവിധങ്ങളായ സസ്യ ജന്തുജാലങ്ങളുടെ കലവറയായിരുന്നു ഗാലപ്പഗോസ്. ഇവിടെയുള്ള ഭീമന്‍ ആമകള്‍,കടല്‍ ഇഗ്വാനകള്‍, മോക്കിങ് പക്ഷികള്‍, വലിയ താടിയുള്ള ഫ്രിഗേറ്റ് പക്ഷികള്‍ എന്നിവയുടേയെല്ലാം സ്വഭാവം, രൂപം, വളര്‍ച്ച എന്നിവയെക്കുറിച്ചെല്ലാം വിശദമായ പഠനം നടത്താന്‍ ഡാര്‍വിന് കഴിഞ്ഞു. ഗാലപ്പഗോസില്‍ ഡാര്‍വിന്‍ കണ്ടെത്തിയ പതിനാലു തരം ഫിഞ്ച് പക്ഷികള്‍ക്ക് അദ്ദേഹത്തിന്റെ സ്മരണാര്‍ഥം പിന്നീട് ഡാര്‍വിന്റെ ഫിഞ്ചുകള്‍ എന്ന വിളിപ്പേര് പോലുമുണ്ടായി.

1831-ഡിസംബര്‍ 27 മുതല്‍ 1836-ഒക്ടോബര്‍ രണ്ടുവരെയുള്ള തന്റെ സമുദ്രപര്യടനത്തില്‍ എച്ച്.എം.എസ്. ബീഗിള്‍ എന്ന ബ്രിട്ടീഷ് കപ്പലില്‍ ചാള്‍സ് ഡാര്‍വിന്‍ 1835 സെപ്റ്റംബര്‍ 15-നാണ് ഗാലപ്പഗോസില്‍ എത്തിയത്. അവിടെ കണ്ട ഭീമന്‍ ആമകളും മറ്റെങ്ങും ഇതുവരെ കാണാത്ത പക്ഷികളും ഗാലപ്പഗോസിനെ വ്യത്യസ്ത ഭൂവിടമായി പരിഗണിക്കാൻ ഡാർവിനെ പ്രേരിപ്പിച്ചു. ഇത് പരിണാമ സിദ്ധാന്തത്തെ വലിയരീതിയില്‍ സ്വാധീനിക്കുകയും ചെയ്തു.
1978-ല്‍ യുനെസ്‌കോ ഗാലപ്പഗോസ് ദ്വീപുകളെ ലോക പൈതൃകസ്ഥാനമായി പ്രഖ്യാപിക്കുകയും ചെയ്തു. ദ്വീപുകള്‍ക്ക് ചുറ്റുമുള്ള കടലില്‍ ജീവിക്കുന്ന ഇരുപത് ശതമാനം ജീവികളെയും ലോകത്തിന്റെ മറ്റൊരു ഭാഗത്തും കാണാന്‍ കഴിയില്ല എന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. കടലില്‍ ജീവിക്കുന്ന ഒരേയൊരു ഇഗ്വാനയും ഇവിടെയാണുള്ളത്. ഭീമന്‍ ആമകള്‍ക്കും കടല്‍ ഇഗ്വാനയ്ക്കും പുറമേ കൗതുകമുണര്‍ത്തുന്ന മറ്റൊരുജീവി ഗാലപ്പഗോസ് പെന്‍ഗ്വിനാണ്.
ഈ ദ്വീപുകളില്‍ മാത്രം കാണാന്‍ കഴിയുന്ന പ്രത്യേക ആവാസ വ്യവസ്ഥയും ജൈവ സാന്നിധ്യവുമായിരുന്നു 'ഓൺ ദ ഒറിജിന്‍ ഓഫ് ദ സ്പിഷീസ് എന്ന പുസ്തകം എഴുതാന്‍ ഡാര്‍വിനെ പ്രേരിപ്പിച്ച സംഗതി. പല ജീവിവര്‍ഗങ്ങളും ഭൂമിയിലെ ഇതര ഭാഗങ്ങളിലെ ജീവികളോട് ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടതായിരുന്നുവെങ്കിലും ഗാലപ്പഗോസില്‍ അവ വളരെ വ്യത്യസ്ത രൂപത്തിലും വിചിത്ര സ്വാഭാവത്തിലും കാണപ്പെടുന്നുവെന്ന് ഡാര്‍വിന്‍ വിലയിരുത്തി. മനുഷ്യരെ പേടിയില്ലാത്ത പക്ഷികള്‍, വലിയ ആമകള്‍, വ്യത്യസ്തമായ ചുണ്ടുകളോടുള്ള ഫിഞ്ച് കുരുവികള്‍ അങ്ങനെ പല തരത്തിലുള്ളവായിരുന്നു അവ . ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇത്തരം വിചിത്ര ജീവിവര്‍ഗങ്ങള്‍ എങ്ങനെ രൂപപ്പെട്ടു എന്നായി ഡാര്‍വിന്റെ ആലോചന. ആ ചിന്തയില്‍ നിന്നാണ് അതിജീവനത്തിന്റെ ഭാഗമായി പുതിയ ജീവി വര്‍ഗങ്ങള്‍ തന്നെ ഭൂമിയില്‍ ഉരുത്തിരിഞ്ഞുവന്നേക്കാം എന്ന ആശയം ഡാര്‍വിന്‍ അവതരിപ്പിച്ചത്. ജീവലോകത്തെ കുറിച്ചുള്ള പഠനത്തിന് ദിശ നൽകിയ ഡാർവിന്റെ പ്രകൃതി നിർധാരണ സിദ്ധാന്തത്തിൻറെ ആരംഭത്തിനും ഈ ദ്വീപും അവിടുത്തെ ജീവജാലങ്ങളുമാണ് വഴിവെച്ചത്. ഡാര്‍വിന്റെ സ്മരണാര്‍ഥം ചാള്‍സ് ഡാര്‍വിന്‍ റിസേര്‍ച്ച് സ്റ്റേഷനും ഗാലപ്പഗോസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

- ഭീമന്‍ ആമകളുടെ വംശനാശ ഭീഷണിയും അതിജീവനവും
ഗാലപ്പഗോസിലെ ഏറ്റവും ആകര്‍ഷകമായ ജീവിവര്‍ഗമാണ് ഭീമന്‍ കരയാമകള്‍ നാനൂറ് കിലോയിലധികമാണ് ഇതിന്റെ ഭാരം കണക്കാക്കുന്നത്. മുപ്പത് ലക്ഷം വര്‍ഷം മുമ്പ് ഉരിത്തിരിഞ്ഞതാണ് ഈ ഭീമന്‍ കരയാമകളെന്നാണ് കണക്കാക്കുന്നത്. തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിനോട് എറ്റവും അടുത്ത് കിടക്കുന്ന എസ്പാനോളയിലും സാന്‍ ക്രിസ്റ്റബാളിലും എത്തപ്പെട്ട ഇവ പിന്നീട് മറ്റ് ദ്വീപുകളിലേക്ക് വ്യാപിക്കുകയായിരുന്നു. ഭക്ഷണവും വെള്ളവുമില്ലാതെ ഒരു വര്‍ഷം വരെ കഴിയാനാകും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ പ്രത്യേകത മുതലെടുത്ത് നാവികര്‍ യാത്രക്കിടയില്‍ മാംസാഹരത്തിനായി ഇവയെ വന്‍തോതില്‍ പിടിച്ചു കൊണ്ടുപോകാന്‍ തുടങ്ങിയതോടെ വംശനാശ ഭീഷണിയും നേരിട്ടു.
പെട്ടെന്നു ചത്തുപോവുന്നില്ല എന്ന കാരണം കൊണ്ട് കപ്പല്‍ യാത്രയ്ക്കിടയില്‍ മാസങ്ങളോളം മാംസം കഴിക്കാമെന്നതായിരുന്നു ഇവ ആക്രമിക്കപ്പെടാന്‍ കാരണം. ബാറ്ററിയും മറ്റും ഇല്ലാത്ത കാലത്ത് കപ്പലിലെ വിളക്ക് കത്തിക്കാനുള്ള എണ്ണയ്ക്കായും ഇവയെ കൊന്നൊടുക്കി. ഏതാണ്ട് ഒരു ലക്ഷത്തിനും രണ്ട് ലക്ഷത്തിനും ഇടയില്‍ കരയാമകള്‍ കഴിഞ്ഞ രണ്ട് നൂറ്റാണ്ടിനിടയില്‍ നശിപ്പിക്കപ്പെട്ടുവെന്ന കണക്കാക്കപ്പെടുന്നത്. മൂന്നിനങ്ങള്‍ ഭൂമുഖത്തു നിന്ന് പൂര്‍ണമായും അപ്രത്യക്ഷമായി. ഇതോടെയാണ് സംരക്ഷണ നടപടികള്‍ക്ക് ഗാലപ്പഗോസ് ദേശീയോദ്യാന അധികൃതര്‍ തുടക്കം കുറിച്ചത്.

ആമകളുടെ വംശവര്‍ധനവ്, സ്വാഭാവിക ആവാസ വ്യവസ്ഥയുടെ പുനരാവിഷ്‌കരണം എന്നിവയുമായെല്ലാം ബന്ധപ്പെട്ട് അന്താരാഷ്ട്ര സംഘടനകളുടെയടക്കം സഹായത്തോടെ നിരവധി പദ്ധതികളാണ് ഇവിടെ ബന്ധപ്പെട്ടവര്‍ നടപ്പിലാക്കിയത്. ഇത് വംശവര്‍ധനയ്ക്ക് വലിയ രീതിയില്‍ സഹായിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി ഗാലപ്പഗോസിലെ വിവിധ ദ്വീപുകളില്‍ ഇവയെ ഇപ്പോള്‍ കൂടുതലായി കാണപ്പെടുകയും ചെയ്യുന്നുണ്ട്. ഭീമന്‍ ആമകളുടെ അതിജീവനത്തിലൂടെ ദ്വീപിലെ മൊത്തം ജൈവാവസ്ഥയാണ് മാറി മറിഞ്ഞത്. അധിനിവേശ സസ്യങ്ങളെ ഇവ ഭക്ഷണമാക്കിയതോടെ സ്ഥലത്തെ സ്വാഭാവികത വീണ്ടെടുക്കാനായി. പുല്ലുകള്‍, കുറ്റിച്ചെടികള്‍, കള്ളിമുള്‍ച്ചെടുകള്‍ എന്നിവയെല്ലാം പ്രധാന ഭക്ഷണമാക്കുന്ന ഇവ വിത്ത് വിതരണത്തിലും പ്രധാന പങ്കുവഹിക്കുന്നുണ്ട്.
ഭക്ഷണത്തിനായി ഏറെ ദൂരം പോവുന്ന ഇവയുടെ സഞ്ചാരവഴിയിലൂടെ നടക്കുന്ന വിത്ത് നിക്ഷേപം പ്രദേശത്തെ ഫലഭൂയിഷ്ഠമാക്കാനും സസ്യജാലങ്ങളുടെ സ്വാഭാവിക വളര്‍ച്ചയ്ക്കും നിര്‍ണായകമാകുന്നുണ്ട്. ഗാലപ്പഗോസിലെ പരിസ്ഥിതി എന്‍ജിനിയര്‍മാര്‍ എന്നും ഇത്തരം ആമകൾ അറിയപ്പെടുന്നുണ്ട്. ഭക്ഷണത്തിനായുള്ള ഇവയുടെ സഞ്ചാരം സസ്യജാലങ്ങളുടെ ഘടനയെ തന്നെ നേരിട്ടോ അല്ലാതെയോ മാറ്റി മറിക്കുന്നുണ്ട്. വലിയ ഭാരമുള്ള ഇവ ഇഴഞ്ഞ് നീങ്ങുമ്പോള്‍ ചില സസ്യങ്ങള്‍ ഇല്ലാതായിപ്പോവുകയും അത് മറ്റുള്ളവയുടെ വളര്‍ച്ചയ്ക്ക് ഗുണകരമാവുകയും ചെയ്യുന്നു. ഒരു കാലത്ത് 250,000-ല്‍ അധികം ഭീമന്‍ ആമകള്‍ ഉണ്ടായിരുന്ന ഭൂമുഖത്ത് ഇന്ന് അവേശിക്കുന്നത് 17000 എണ്ണം മാത്രമാണ്. ഇതില്‍ പലതും ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായി പോയിട്ടുമുണ്ട്.

- കടല്‍ ഇഗ്വാനകളുടെ സ്വര്‍ഗം
ലോകത്ത് ഗാലപ്പഗോസില്‍ മാത്രം കാണാന്‍ കഴിയുന്ന ഇഗ്വാന വര്‍ഗത്തില്‍പെട്ട കടല്‍ ഇഗ്വാനകളുടെ സംരക്ഷണ കേന്ദ്രം കൂടിയാണ് ഗാലപ്പഗോസ് ദ്വീപുകള്‍. കടലില്‍ ഭക്ഷണം തേടുകയും ജീവിക്കുകയും ചെയ്യുന്ന പല്ലിവര്‍ഗത്തില്‍പെട്ട ഏക ഇഗ്വാനയും ഇവയാണ്. ആല്‍ഗകളെ മാത്രം ഭക്ഷണമാക്കുന്ന പൂര്‍ണ സസ്യാഹാരിയായ ഈ ഇഗ്വാനകളുടെ സംരക്ഷണത്തിന് വലിയ പദ്ധതികളാണ് ഇക്വഡര്‍ നടപ്പിലാക്കി വരുന്നത്. ടൂറിസത്തെ നിയന്ത്രിച്ചും ചിലയിടങ്ങളില്‍ പൂര്‍ണ പ്രവേശന നിരോധനമേര്‍പ്പെടുത്തിയുമെല്ലാം ആവാസ വ്യവസ്ഥയെ ഇവിടെ സംരക്ഷിച്ചുപോരുന്നു. മാത്രമല്ല സര്‍ക്കാര്‍ അംഗീകൃത പരിസ്ഥിതി സംരക്ഷകരായ ഗൈഡുമാരുടെ നിര്‍ദേശപ്രകാരം മാത്രമാണ് സന്ദര്‍ശകര്‍ക്ക് പോലും പ്രവേശനം. പരിസ്ഥിതി ലോല പ്രദേശത്തെ സംരക്ഷിക്കുന്നതിനും ഇവിടെയുള്ള വന്യജീവികൾക്ക് ഏറ്റവും കുറഞ്ഞ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുക എന്നതുമാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. ഇത് വിജയകരമായി നടപ്പിലാവുകയും ചെയ്തു.
ഇത്തരം ഇഗ്വാനകള്‍ കടലിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയെ നിലനിര്‍ത്തുന്നതിനും നിര്‍ണായക പങ്കു വഹിക്കുന്നുണ്ട്. ആല്‍ഗകളെ ഭക്ഷണമാക്കുന്നത് വഴി അവയുടെ അമിത വളര്‍ച്ച നിയന്ത്രിക്കുകയും അതുവഴി മറ്റ് സമുദ്ര ജീവജാലങ്ങളുടെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനവും മനുഷ്യ ഇടപെടലും മൂലം ആവാസ വ്യവസ്ഥയ്ക്കുണ്ടാവുന്ന മാറ്റത്തെ കുറിച്ച് കൃത്യമായ പഠനം നടത്താനും കടല്‍ ഇഗ്വാനകള്‍ ഇവിടെ വലിയ രീതിയില്‍ ഗവേഷകരെ സഹായിക്കുന്നുണ്ട്. ഇവയുടെ സ്വഭാവത്തിലും ജീവിത രീതിയിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ കാലാവസ്ഥാ വ്യതിയാനവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

കരയിലേയും കടലിലേയും പോഷക ചക്രം കാത്തുസൂക്ഷിക്കുന്നതിനും ഈ ഇഗ്വാനകകള്‍ നിര്‍ണായക പങ്കു വഹിക്കുന്നുണ്ട്. കടലില്‍ നിന്നും ആല്‍ഗകളെ ഭക്ഷണമാക്കുമ്പോള്‍ ശരീരത്തിനുള്ളിലേക്ക് കടക്കുന്ന അധിക ഉപ്പിന്റെ അംശം ഇവ വിസര്‍ജ്യത്തിലൂടെ കരയിലാണ് നിക്ഷേപിക്കുന്നത്. ഇത് കരയിലെ സസ്യങ്ങളുടെ വളര്‍ച്ചയ്ക്കും അതിന് സഹായിക്കുന്ന മറ്റ് സൂക്ഷ്മജീവികളുടെ ഉത്പാദനത്തിനും നിര്‍ണായകമാണ്. പക്ഷേ, കാലാവസ്ഥാ മാറ്റവും ഭക്ഷ്യലഭ്യതയുടെ കുറവും ഇവയ്ക്ക് തിരിച്ചടിയാവുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു പാര്‍ക്ക് അധികൃതര്‍.
പാര്‍ക്കിലെ പ്രധാന ആകര്‍ഷകങ്ങളിലൊന്നാണ് കടല്‍ ഇഗ്വാനകളെന്നത് കൊണ്ടു തന്നെ ഇവയെ സംരക്ഷിക്കാന്‍ വിവിധങ്ങളായ പദ്ധതികളാണ് ദേശീയോദ്യാന അധികൃതര്‍ സ്വീകരിക്കുന്നത്. ഇതില്‍ പ്രധാനമാണ് ഇഗ്വാനകളുടെ ജീവന് ഭീഷണിയായ എലികളെ തുരത്തുക എന്നത്. തീരത്തിനോട് ചേര്‍ന്നുള്ള മണലിലും പാറക്കെട്ടുകള്‍ക്കിടയിലും കൂടുണ്ടാക്കി മുട്ടയിടുന്ന ഇഗ്വാനകളുടെ ഏറ്റവും പ്രധാന ശത്രുവായിരുന്നു എലികള്‍. മുട്ടകളേയും കുഞ്ഞുങ്ങളേയും വലിയ രീതിയില്‍ ഭക്ഷണമാക്കാന്‍ തുടങ്ങിയതോടെ സ്ഥലത്തെ കടല്‍ ഇഗ്വാനകളുടെ എണ്ണത്തില്‍ വന്‍തോതില്‍ കുറവു വന്നു. തുടര്‍ന്നാണ് അധികൃതര്‍ എലികളെ തുരത്താനുള്ള നടപടികള്‍ ആരംഭിച്ചത്. എലിക്കെണികള്‍, എലികളെ പിടികൂടന്ന മറ്റ് ജീവി വര്‍ഗങ്ങളെ ഉപയോഗിക്കൽ, എലികള്‍ക്ക് രോഗം പരത്തുന്ന ജൈവ കീടാണുക്കള്‍ എന്നിവയെല്ലാം ഉപയോഗിച്ചായിരുന്നു സ്ഥലത്തു നിന്ന് എലികളെ തുരത്തിയിരുന്നത്. ഇത് വിജയിച്ചതോടെ ഇഗ്വാനകളുടെ വംശവര്‍ധനവിലും മാറ്റം വന്നിട്ടുണ്ട്.
ഇതിന് പുറമെ ഇഗ്വാനകളുടെ സ്വഭാവം, എണ്ണം, ജീവിത രീതി എന്നിവയെല്ലാം പഠന വിധേയമാക്കാന്‍ കൃത്യമായ നിരീക്ഷണ സംവിധാനങ്ങളുമുണ്ട്. ചെറിയ മാറ്റം പോലും അതിന്റെ നിലനിനില്‍പ്പിനെ വലിയ തോതില്‍ ബാധിക്കുമെന്നത് കൊണ്ടു തന്നെ നിര്‍ണായകമാണ് ഈ നിരീക്ഷണ സംവിധാനങ്ങള്‍. മാത്രമല്ല പ്രദേശവാസികളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പരിപാലന പദ്ധതികളും ഇഗ്വാനകളെ സംബന്ധിച്ച് നിര്‍ണായകമാണ്. പ്രദേശത്തെ താമസക്കാര്‍, മത്സ്യത്തൊഴിലാളികള്‍, ടൂറിസം ഓപ്പറേറ്റര്‍മാര്‍ എന്നിവരെല്ലാം ഒരുമിച്ച് കൈകോര്‍ക്കുകയും ഇഗ്വാനകളുടെ പ്രധാന്യത്തെ കുറിച്ച് ബോധവത്കരണമടക്കം നടത്തുകയും ചെയ്യുന്നതോടെ വലിയ മാറ്റമാണ് ഇവിടെയുണ്ടായതെന്ന് ചൂണ്ടിക്കാട്ടുന്നു നാഷണല്‍ പാര്‍ക്ക് അധികൃതര്‍. അങ്ങനെ ഇഗ്വാന സംരക്ഷണത്തിലും ഗാലപ്പഗോസ് മാതൃകയായി.

- 1959 മുതല്‍ നാഷണല്‍ പാര്‍ക്ക്
ഇക്വഡോറിലെ ആദ്യ നാഷണല്‍ പാര്‍ക്കായ ഗാലപ്പഗോസ് 1959-ല്‍ ആണ് ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. 1968 മുതല്‍ ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ഗാലപ്പഗോസ് ദ്വീപിന്റെ 97 ശതമാനവും ദേശീയോദ്യാനമാക്കി മാറ്റുകയും ശേഷിക്കുന്ന മൂന്ന് ശതമാനം മാത്രം താമസത്തിനായി വിട്ടുകൊടുക്കുകയുമായിരുന്നു.
തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നു 973 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി പൂര്‍വ പസിഫിക് സമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന ദ്വീപസമൂഹമാണിത്. ഭൂകമ്പങ്ങളുടെയും സ്ഫോടനങ്ങളുടെയും ഫലമായുണ്ടായ ലാവയാല്‍ നിര്‍മിതമായ 19 ദ്വീപുകളുടെ കൂട്ടം. ഭൂമധ്യരേഖയോടു ചേര്‍ന്നു സ്ഥിതിചെയ്യുന്ന ഇവിടുത്തെ സംസാരഭാഷ സ്പാനിഷ് ആണ്. ഗാലപ്പഗോസിലെ ആവാസ വ്യവസ്ഥയെ കുറിച്ച് പഠിക്കാന്‍ സ്ഥാപിച്ചിട്ടുള്ള ചാള്‍സ് ഡാര്‍വിന്‍ റിസേര്‍ച്ച് സ്റ്റേഷനാണ് സ്ഥലത്തെ ഗവേഷകരുടെ ലിവിങ് ലൈബ്രറിയാക്കി മാറ്റുന്നത്. ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക് ഗാലപ്പഗോസ് നടപ്പിലാക്കിയ ജൈവ സംരക്ഷണത്തെ കുറിച്ച് പഠിക്കാനും കണ്ട് മനസിലാക്കാനുമുള്ള അവസരവും ചാള്‍സ് ഡാര്‍വിന്‍ റിസര്‍ച്ച് സ്റ്റേഷന്‍ അവസരമൊരുക്കുന്നുണ്ട്.
Content Highlights: Galapagos The World of Giant Tortoise and marine Iguana
Published: 26 Feb 2024, 01:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented