ആഫ്രിക്കയിലെ കോംഗോ നദീതടത്തിലെ മഴക്കാടുകൾ ഇന്നും ഭൂമിയിലെ ഏറ്റവും വലിയ ജൈവനിഗൂഢതകളുടെ കേന്ദ്രമാണ്. മനുഷ്യന്റെ കണ്ണുകൾക്കോ ശാസ്ത്രത്തിന്റെ ക്യാമറകൾക്കോ പൂർണമായി എത്തിപ്പിടിക്കാനാവാത്ത വിധം നിബിഡമായ ഈ വനത്തിൽ ലക്ഷക്കണക്കിന് വർഷങ്ങളായി സ്വതന്ത്രമായി പരിണമിച്ച് അതിജീവിക്കുന്ന അനേകം ജീവികളുണ്ട്, സസ്യങ്ങളുണ്ട്. എങ്കിലും പ്രൈമേറ്റുകളേപ്പോലെ വലിപ്പമുള്ള സസ്തനിയിനങ്ങളെയെല്ലാം ഇതിനകം ശാസ്ത്രലോകം തിരിച്ചറിഞ്ഞുകഴിഞ്ഞിരുന്നു എന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ, പുതിയ ആഫ്രിക്കൻ കുരങ്ങ് വർഗ്ഗത്തെ (Monkey species) ഔദ്യോഗികമായി ലോകത്തിന് മുന്നിൽ ഇപ്പോൾ പരിചയപ്പെടുത്തിയതോടെ ആ ധാരണകൾ തെറ്റി. 

To advertise here,

അന്താരാഷ്ട്ര ശാസ്ത്ര ജേണലായ പ്ലോസ് വൺ PLOS ONE-ൽ 2026 ജൂലൈ 15-ന് പ്രസിദ്ധീകരിച്ച സമഗ്ര ഗവേഷണ പ്രബന്ധത്തിലൂടെയും നാച്വർ അടക്കമുള്ള ശാസ്ത്രജേണലുകളിലെ റിപ്പോർട്ടുകളിലൂടെയുമാണ് ഈ കണ്ടെത്തൽ പുറത്തുവന്നത്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ പ്രശസ്തമായ ലൊമാമി നാഷണൽ പാർക്കിന്റെയും അതിന്റെ ബഫർ സോണിന്റെയും ഉയർന്ന വനമേഖലയിൽനിന്നാണ് ഈ പുതിയ കൊളോബസ് കുരങ്ങിനെ തിരിച്ചറിഞ്ഞിട്ടുള്ളത്. ലിക്വേലി (Likweli) എന്നാണ് പേരിട്ടിരിക്കുന്നത്. ശാസ്ത്രീയ നാമമായി നൽകിയിരിക്കുന്നത് കോളോബസ് കോങോയെൻസിസ് എന്നും (Colobus congoensis). 2008-ൽ കോംഗോയിലെ ഷ്വാപ്പ-ലൊമാമി-ലുവാലബ നദീതട മേഖലയിൽ ലുക്കുരു വൈൽഡ്ലൈഫ് റിസർച്ച് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്ന ഫീൽഡ് പര്യവേക്ഷണത്തിനിടയിലാണ് ഈ കുരങ്ങിന്റെ ആദ്യചിത്രം ക്യാമറയിൽ പതിയുന്നത്.

ചിത്രം വളരെ അവ്യക്തമായിരുന്നെങ്കിലും, ശാസ്ത്രത്തിന് അന്നുവരെ പരിചിതമായിരുന്ന കൊളോബസ് കുരങ്ങുകളുടെ ബാഹ്യഘടനയുമായി അതിന് കാര്യമായ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു. മങ്ങിയ ചിത്രം മാത്രംവെച്ച് ശാസ്ത്രീയമായി പുതിയ സ്പീഷീസിനെ നാമകരണം ചെയ്യാനാവില്ലല്ലോ. ഒരു ദശാബ്ദത്തിന് ശേഷം, 2018-ലാണ് ഇവയെ വീണ്ടും വ്യക്തതയോടെ നിരീക്ഷിക്കാൻ സാധിക്കുന്നത്. തുടർന്ന് 2018 മുതൽ 2022 വരെയുള്ള കാലയളവിൽ ഡോ. ജോൺ ഹാർട്ട്, ജൂനിയർ അംബോക്കോ, കേറ്റ് ഡെറ്റ്വിലർ തുടങ്ങിയ അന്താരാഷ്ട്ര ശാസ്ത്രജ്ഞരുടെ സംഘം പ്രദേശത്ത് വിപുലമായ പഠനങ്ങൾ നടത്തി. 114 ഫീൽഡ് നിരീക്ഷണങ്ങളിലൂടെ ഏകദേശം 1,700 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വളരെ പരിമിതമായ വനമേഖലയിൽ മാത്രമാണ് ഇവ ഒതുങ്ങിനിൽക്കുന്നതെന്ന് ഗവേഷകർ കൃത്യമായി മാപ്പ് ചെയ്തു.

ശരീരഘടനയിലും വർണ്ണവിന്യാസത്തിലും മറ്റ് കൊളോബസ് കുരങ്ങുകളിൽനിന്ന് തികച്ചും വേറിട്ടുനിൽക്കുന്ന രൂപഭാവമാണ് ലിക്വേലിയുടേത്. കറുത്ത ഉടലും മുഖത്തെ ഓറഞ്ച് അടയാളങ്ങളും ആണ് പെട്ടെന്ന് തിരിച്ചറിയാൻ സഹായിച്ചത്. തിളങ്ങുന്ന കറുത്ത രോമാവൃതമായ ശരീരമാണെങ്കിലും, ഇവരുടെ വായയ്ക്കും മൂക്കിന്റെ താഴ്ഭാഗത്തിനു ചുറ്റുമായി ഓറഞ്ച്-ക്രീം അടയാളം ഉണ്ട്. കൊളോബസ് ജനുസ്സിലെ അറിയപ്പെടുന്ന മറ്റ് കുരങ്ങന്മാരിൽനിന്നൊക്കെ വളരെ വലിപ്പം കുറവാണ് ഇവർക്ക്. ശരാശരി ഏഴു കിലോഗ്രാം മാത്രം ശരീരഭാരമേ ലിക്വേലി കുരങ്ങിനുള്ളു.

ആൺകുരങ്ങുകളുടെ പൃഷ്ടഭാഗത്തിൽ ഗുദത്തിന് ചുറ്റുമായി വെളുത്ത അടയാളമുണ്ട്. ഇത് നേർത്ത വെളുത്ത രോമങ്ങളാൽ മൂടപ്പെട്ടതാണ്. എന്നാൽ, പെൺകുരങ്ങുകളിൽ ആ ഭാഗത്ത് രോമമില്ല. പ്രധാനമായും വനത്തിന്റെ ഉയർന്ന മേലാപ്പുകളിൽ ജീവിക്കുന്ന ഇവ ശരാശരി ആറു കുരങ്ങുകളടങ്ങുന്ന ചെറിയ കൂട്ടങ്ങളായാണ് സഞ്ചരിക്കുന്നത്. പാർമെന്റിയർ റെഡ് കൊളോബസ് (Piliocolobus parmentieri), അംഗോള കൊളോബസ് (Colobus angolensis) തുടങ്ങിയ മറ്റ് കുരങ്ങുകളോടൊപ്പം ചേർന്നുള്ള മിശ്രസംഘങ്ങളായും ഇവയെ നിരീക്ഷിച്ചിട്ടുണ്ട്.

കേവലം ബാഹ്യരൂപത്തിലെ വ്യത്യാസവും മുഖത്തെ ചില നിറങ്ങളും മാത്രംവെച്ച് പുതിയ ജീവവർഗത്തെ തീരുമാനിക്കാൻ പറ്റില്ല. ഇന്റഗ്രേറ്റീവ് ടാക്‌സോണമി (Integrative Taxonomy) എന്ന ആധുനിക സമീപനത്തിലൂടെ വിവിധ ശാസ്ത്രശാഖകളെ സംയോജിപ്പിച്ചാണ് Colobus congoensis-ന്റെ കണ്ടെത്തൽ ഉറപ്പിച്ചത്. മറ്റ് കൊളോബസ് കുരങ്ങുകളിൽനിന്നും ഇവയുടെ തലയോട്ടിയുടെ അസ്ഥിഘടന, പല്ലുകളുടെ വിന്യാസം, ചെറിയ ശരീരപ്രകൃതത്തിലെ സൂക്ഷ്മ വ്യത്യാസങ്ങൾ ഒക്കെ പരിഗണിച്ചാണ് ഇവ മറ്റൊരു ഇനമാകാം എന്ന ചിന്തയിലെക്ക് ആദ്യം എത്തുന്നത്. മൈറ്റോകോൺഡ്രിയൽ ഡി.എൻ.എ വിശകലനത്തിൽ, ഗാബോണിലും കാമറൂണിലും കാണപ്പെടുന്ന ബ്ലാക്ക് കൊളോബസ് (Colobus satanas) ആണ് ഇതിന്റെ ഏറ്റവും അടുത്ത സിസ്റ്റർ സ്പീഷീസ് എന്ന് തെളിഞ്ഞു. കാട്ടിൽ ഇവ പുറപ്പെടുവിക്കുന്ന പ്രത്യേക ശബ്ദങ്ങൾ മറ്റ് കൊളോബസ് കുരങ്ങുകളിൽനിന്ന് വ്യത്യസ്തവും ബ്ലാക്ക് കൊളോബസിനോട് സാമ്യമുള്ളതുമാണ്. ജനിതകമായി അടുത്ത ബന്ധമുള്ള Colobus satanas-ൽ നിന്ന് 1,200 കിലോ മീറ്ററിലധികം ഭൂമിശാസ്ത്രപരമായി ദൂരെയുള്ള ലൊമാമി നദീതടത്തിൽ ലിക്വേലി ഒറ്റപ്പെട്ടു കഴിയുന്നതുമാണ്. ഏകദേശം 41 ലക്ഷം മുതൽ 50 ലക്ഷം വർഷങ്ങൾക്ക് മുമ്പാണ് ഈ രണ്ട് പരിണാമ ശാഖകളും പരസ്പരം വേർതിരിഞ്ഞത് എന്നാണ് ഗവേഷകർ കണക്കാക്കുന്നത്.

ശാസ്ത്രം ഒരു ജീവിയെ ആദ്യമായി രേഖപ്പെടുത്തുന്നു എന്നതിനർത്ഥം മനുഷ്യരാരും അതിനെ മുൻപ് കണ്ടിട്ടില്ല എന്നല്ല. ലൊമാമി വനമേഖലയോട് ചേർന്ന് ജീവിക്കുന്ന തദ്ദേശീയ ജനവിഭാഗങ്ങൾക്ക് തലമുറകളായി ഈ അപൂർവ്വ കുരങ്ങിനെക്കുറിച്ച് അറിവുണ്ടായിരുന്നു. മിട്ടുക്കു വിഭാഗക്കാർ അവരുടെ നാട്ടുഭാഷയിൽ ഇവരെ വിളിച്ചിരുന്നത് കസാബ കോണി (kasaba nkoni) എന്നായിരുന്നു. അതിനർത്ഥം കൊമ്പുകുലുക്കന്മാർ എന്നായിരുന്നു. ബലാംഗ വിഭാഗക്കാർ നാട്ടുഭാഷയിൽ വിളിച്ചിരുന്ന പേരാണ് 'ലിക്വേലി' (Likweli). തദ്ദേശീയ ജനതയുടെ പരമ്പരാഗത പാരിസ്ഥിതിക അറിവിനെ മാനിച്ചുകൊണ്ട് ഗവേഷകർ ലിക്വേലി എന്ന പേരുതന്നെ ജീവിയുടെ ഔദ്യോഗിക പൊതുനാമമായി നിർദ്ദേശിക്കുകയായിരുന്നു.

കഴിഞ്ഞ 75 വർഷത്തിനിടയിൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽനിന്ന് ശാസ്ത്രലോകം പുതിയതായി കണ്ടെത്തുന്ന അഞ്ചാമത്തെ കുരങ്ങുവർഗമാണ് ലിക്വേലി. 2012-ൽ ഇതേ ലൊമാമി വനമേഖലയിൽ നിന്ന് കണ്ടെത്തിയ 'ലെസുല' (Cercopithecus lomamiensis) എന്ന പ്രശസ്തമായ കുരങ്ങിന് ശേഷം അതേ ഭൂപ്രകൃതിയിൽനിന്ന് പുറത്തുവരുന്ന വമ്പൻ പ്രൈമറ്റോളജി നാഴികക്കല്ലാണിത്.

ലിക്വേലിയുടെ നിലനിൽപ്പ് വലിയ വിഷയം തന്നെയാണ്‌. വെറും 1,700 ചതുരശ്ര കിലോ മീറ്റർ വിസ്താരമുള്ള പ്രദേശത്ത് മാത്രമേ ഇവയുള്ളു. കാട്ടുമാംസ വ്യാപാരത്തിനായി നടക്കുന്ന അനിയന്ത്രിതമായ വേട്ടയാടൽ ഇവയുടെ ചെറിയ പോപ്പുലേഷനെ എളുപ്പത്തിൽ ഇല്ലാതാക്കാൻ സാദ്ധ്യത ഉണ്ട്.

ഈ വലിയ ഭീഷണികളും ചെറിയ ഭൂമിശാസ്ത്ര പരിധിയും കണക്കിലെടുത്ത്, ഈ പുതിയ സ്പീഷീസിന് IUCN റെഡ് ലിസ്റ്റിൽ വംശനാശഭീഷണി നേരിടുന്ന വിഭാഗത്തിൽ (Endangered - EN) സംരക്ഷണ പദവി നൽകണമെന്ന് ഗവേഷകർ ശുപാർശ ചെയ്യുന്നുണ്ട്.

ഇനിയും നമ്മൾ അറിയാത്ത പലതരം ജീവികൾ ആ കാടുകളിൽ ബാക്കിയുണ്ടാവാം എന്നതിന്റെ തെളിവുകൂടിയാണിത്. ആഫ്രിക്കൻ മഴക്കാടുകളുടെ സംരക്ഷണത്തിന്റെ അടിയന്തര പ്രാധാന്യമാണ് ഈ കണ്ടെത്തൽ നമ്മെ വീണ്ടും ഓർമ്മിപ്പിക്കുന്നത്.

റഫറൻസ് :

1.https://journals.plos.org/plosone/article?id=10.1371%2Fjournal.pone.0349857&utm_source=chatgpt.com

2.https://www.nature.com/articles/d44148-026-00200-1?utm_source=chatgpt.com