
ആടുകളെക്കൊണ്ട് തോറ്റുപോയ ഒരിടമുണ്ട് അങ്ങ് തെക്കേ അമേരിക്കയിൽ. ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തിന് വഴിത്തിരിവായ, ഭീമന്‍ ആമകളുടെയും കടല്‍ ഇഗ്വാനകളുടെയും സുഖവാസകേന്ദ്രമായ എക്വഡറിലെ ഗാലപഗോസ് ദേശീയോദ്യാനം. അതിഥിയായാണ് ആടുകളാദ്യം അവിടെ എത്തിയത്. പിന്നെ ശല്യക്കാരനും ദ്വീപിലെ ജീവജാലങ്ങളാശ്രയിക്കുന്ന പച്ചപ്പിന്റെ അന്തകരുമായി. പരിസ്ഥിതിക്കു തന്നെ തീരാവെല്ലുവിളിയായി. പൊറുതി മുട്ടിയപ്പോൾ ഗാലപ്പഗോസ് ദേശീയോദ്യാനത്തിലെ സംരക്ഷകർ ഉൻമൂലനമെന്ന കടുത്ത തീരുമാനമെടുത്തു. അതിനായവർ കോടികൾ ചെലവിട്ടു. 'മിഷന്‍ ഇസബെല്ല'യെന്ന് പേരിട്ട ആ യുദ്ധത്തിന്റെയും ആടുകളുടെ ഉൻമൂലനത്തിന്റെയും കഥയാണ് Beauty & the beasts ഇത്തവണ.
വിരുന്നുകാരായെത്തി വിനാശം വിതച്ചവർ
മാന്ത്രികക്കഥകളിലെ ജീവജാലങ്ങളെ പോലെ വിസ്മയകരമായ ജീവിവര്‍ഗങ്ങളുടെ ആവാസകേന്ദ്രമാണ് ഗാലപഗോസ് ദേശീയോദ്യാനം. നാനൂറ് കിലോയോളം വരുന്ന ആമകള്‍, സ്വൈര്യവിഹാരം നടത്തുന്ന ഭീമന്‍ കടല്‍ ഇഗ്വാനകള്‍, വലിയ താടിയുള്ള ഫ്രിഗേറ്റ് പക്ഷികള്‍, അതിവിരളമായ സസ്യജാലങ്ങള്‍ എന്നിവയുടെയെല്ലാം കേന്ദ്രം. ഒപ്പം പരിണാമ സിദ്ധാത്തിന്റെ ഉപജ്ഞാതാവ് ചാള്‍സ് ഡാര്‍വിന്‍ തന്റെ ഗവേഷണകാലത്ത് ദിവസമങ്ങളോളം താമസിച്ചയിടം. ഡാര്‍വിന്‍സ് കോര്‍ണര്‍ എന്ന് വിളിപ്പേരുള്ള വിനോദ സഞ്ചാരകേന്ദ്രം. ഇവിടേക്കായിരുന്നു 1850 മുതല്‍ 1860 മുതലുള്ള കാലത്ത് യൂറോപ്യന്‍ കുടിയേറ്റക്കാരുടെയും നാവികരുടെയും നേതൃത്വത്തില്‍ ആടുകളെയെത്തിച്ചത്. പ്രധാനമായും ഭക്ഷണത്തിനായിട്ടായിരുന്നു ഇവയെ ഉപയോഗിച്ചത്. പക്ഷെ, അതിഥിയായെത്തിയ ഇതേ ആടുകള്‍ ഒരാവാസ വ്യവസ്ഥയെ ആപ്പാടെ ഇല്ലാതാക്കുന്ന കാഴ്ചയ്ക്ക് പിന്നീട് ഗാലപഗോസ് സാക്ഷിയായി. കൂട്ടത്തോടെയുള്ള അനിയന്ത്രിതമായ മേയല്‍ സ്വാഭാവിക പുല്‍മേടുകളുടെ വളര്‍ച്ചയെ പൂര്‍ണമായും ഇല്ലാതാക്കി. അങ്ങനെ പച്ചപ്പ് കാണാക്കനിയായി. പച്ചപ്പിന്റെ നാശം അവിടുത്തെ തദ്ദേശജീവികളുടെ നിലനിൽപിനെ ബാധിച്ചു. ഏകദേശം ഒരു ലക്ഷത്തില്‍ അധികമായിരുന്നു 19-ാം നൂറ്റാണ്ടിന്റെ ആദ്യമാവുമ്പോഴേക്കും ആടുകളുടെ എണ്ണം. ആടുകളെ ഇരായാക്കുന്ന വന്യജീവികളുടെ എണ്ണക്കുറവായിരുന്നു പെറ്റുപെരുകലിന് കാരണമായത്.

ആടുകളെ കൊന്നൊടുക്കിയ മിഷന്‍ ഇസബെല്ല
സ്വാഭാവിക പച്ചപ്പിന്റേയും കുറ്റിച്ചെടികളുടേയും ബലത്തില്‍ പ്രകൃതിദുരന്തങ്ങളെയടക്കം അതിജീവിച്ച ഇടമായിരുന്നു ഗാലപഗോസ്. എന്നാൽ, ആടുകളുടെ വരവോടെ മണ്ണൊലിപ്പും അപ്രതീക്ഷിത മണ്ണിടിച്ചിലുമുണ്ടായി. ഇത് അധിനിവേശ സസ്യങ്ങളുടെ വളര്‍ച്ചയ്ക്കു കാരണമായി. സ്ഥലത്തെ സ്വാഭാവിക പച്ചപ്പ് ഇല്ലതായതോടെ ഇതിനെ ആശ്രയിച്ച് കഴിഞ്ഞിരുന്ന ഒരുപാട് ജീവി വര്‍ഗങ്ങളും സൂക്ഷ്മ ജീവികളും ഇല്ലാതായി. ഇത് ഇവയെ ഭക്ഷണമാക്കിയിരുന്ന ഭീമന്‍ ആമകള്‍ക്കും കടല്‍ ഇഗ്വാനകള്‍ക്കും വരെ തിരിച്ചടിയായി. മാത്രമല്ല, ഭക്ഷണത്തിനും വെള്ളത്തിനുമായി തദ്ദേശീയ ജീവിവര്‍ഗങ്ങള്‍ക്ക് ആടുകളുമായി ഏറ്റുമുണ്ടേണ്ടി വന്നു. ഇത് ഭക്ഷ്യശ്യംഖലയെ അപ്പാടെ ബാധിച്ചു.
അങ്ങനെയാണ് അധികൃതർ ആടുകളെ കൊന്നൊടുക്കുക എന്ന കടുത്ത തീരുമാനത്തിലേക്കെത്തുന്നത്. ആടുകളടക്കമുള്ള അധനിവേശ മൃഗങ്ങളെ ഉന്മൂലനം ചെയ്യാന്‍ 1997-ല്‍ 'മിഷന്‍ ഇസബെല്ല'യ്ക്ക് ഇക്വഡര്‍ സര്‍ക്കാര്‍ തുടക്കം കുറിച്ചു. ഇക്വഡര്‍ പരിസ്ഥിതി മന്ത്രാലായം, ഗാലപഗോസ് നാഷണല്‍ പാര്‍ക്ക് ഡയറക്ടറേറ്റ്, ഗാലപഗോസ് കണ്‍സര്‍വന്‍സി, ചാള്‍സ് ഡാര്‍വിന്‍ ഫൗണ്ടേഷന്‍ എന്നിവരുടേയെല്ലാം നേതൃത്വത്തിലായിരുന്നു പ്രോജക്ട് ഇസബെല്ലയ്ക്ക് തുടക്കം കുറിച്ചത്. 1997 മുതല്‍ 2006 വരെയുള്ള ഒമ്പത് വര്‍ഷത്തോളം പദ്ധതി നീണ്ടുനില്‍ക്കുകയും ചെയ്തു. കരയില്‍നിന്നുള്ള വേട്ടയാടല്‍, ആകാശമാര്‍ഗമുള്ള വെടിവെക്കല്‍, ആണ്‍ആടുകളെ ആകര്‍ഷിച്ച് പുറത്തെത്തിക്കാന്‍ വന്ധ്യംകരണം നടത്തിയ പെണ്‍ആടുകളെ റേഡിയോ കോളര്‍ ധരിപ്പിച്ച് പറഞ്ഞുവിടുന്ന ദൗത്യം, ഫെന്‍സിങ്, ആടുകളുടെ വളര്‍ച്ച തടയാന്‍ ചില ഈച്ചകളുടെ ഉപയോഗം ഇങ്ങനെ വിവിധങ്ങളായ പദ്ധതികളായിരുന്നു മുന്നിലുണ്ടായിരുന്നത്. അത് വലിയ തോതില്‍ വിജയം കാണുകയും ചെയ്തു. 2006 ആവുമ്പോഴേക്കും 250,000 ആടുകളെയാണ് പദ്ധതിയുടെ ഭാഗമായി അധികൃതര്‍ കൊന്നൊടുക്കിയത്. ഇതോടെ തദ്ദേശീയ ആവാസ വ്യവസ്ഥ തിരിച്ചുപിടിക്കാനായി. 2006-ല്‍ ഗാലപഗോസിനെ ആടില്ലാ ദ്വീപായി പ്രഖ്യാപിക്കുകയും ചെയ്തു

- ആടുകളെ വീഴ്ത്തിയ 'യൂദാസ് ഗോട്ട്‌സ്'
ഡാര്‍വിന്റെ സന്ദര്‍ശനം കൊണ്ടും അത്ഭുതജീവികളുടെ സുഖവാസകേന്ദ്രം കൊണ്ടും പ്രശസ്തമായിരുന്നെങ്കിലും ടൂറിസത്തിന്റെ അതിപ്രസരം കൊണ്ട് ഗാലപഗോസിനും ശ്വാസം മുട്ടിയിരുന്നു. ഇവിടേക്കായിരുന്നു ആടുകളുടെ വരവും വെല്ലുവിളിയും. ആടുകളെ നേരിടാന്‍ തയ്യാറാക്കിയ പദ്ധതികളില്‍ ഏറ്റവും ഫലപ്രദം പെണ്‍ആടുകളെ ഉപയോഗിച്ചുള്ള ചതിപ്രയോഗമാണ്. ആ ഉപപദ്ധതിക്കവർ പ്രത്യേക പേരുമിട്ടു യൂദാസ് ഗോട്ട്‌സ്.
കരമാര്‍ഗവും ആകാശമാര്‍ഗവും നടത്തിയ വെടിവെപ്പിലൂടെയായിരുന്നു ഗാലപഗോസിലെ ആടുകളെ പ്രധാനമായും കൊന്നൊടുക്കിയതെങ്കിലും അത് പൂര്‍ണതോതില്‍ ഫലപ്രദമാവില്ലെന്ന് കണ്ടതോടെയാണ് 'യൂദാസ് ഗോട്സ്' പ്രയോഗത്തിലേക്ക് കടന്നത്. വന്ധ്യംകരിച്ച് റേഡിയോ കോളര്‍ ഘടിപ്പിച്ച പെണ്‍ആടുകളെ മറ്റ് ആടുകള്‍ക്കൊപ്പം വിടുന്നതായിരുന്നു ഈ ദൗത്യം. ഇവയെ തേടി ബാക്കിയുള്ള ആണ്‍ആടുകളെത്തുമെന്നതായിരുന്നു അധികൃതരുടെ കണക്കുകൂട്ടല്‍.
റേഡിയോ കോളര്‍ ധരിപ്പിച്ച പെണ്‍ആടുകളുടെ മേല്‍ ആണ്‍ആടുകളെ ആകര്‍ഷിക്കാനുള്ള ഹോര്‍മോണ്‍ പ്രയോഗം നടത്തുകയായിരുന്നു ആദ്യം ചെയ്തത്. ഹോര്‍മോണ്‍ പ്രയോഗത്തിലൂടെയുണ്ടാക്കുന്ന ചൂര് തേടിയെത്തുന്ന ആണ്‍ആടുകളെ കാത്ത് പുറത്തു നിന്ന ഷൂട്ടര്‍മാര്‍ ഇവയെ വെടിവെച്ച് കൊലപ്പെടുത്തുകയും ചെയ്തു. അതേസമയം ഈ റേഡിയോ കോളര്‍ ധരിപ്പിച്ച പെണ്‍ആടുകളെ രക്ഷപ്പെടുത്തുകയും ദൗത്യത്തിനായി വീണ്ടും ഉപയോഗിക്കുകയും ചെയ്യും. അത് ആടുകളെ ഉന്‍മൂലനം ചെയ്യുന്നതില്‍ പ്രധാന പങ്കുവഹിച്ചു. ഇതിന് പുറമെ റേഡിയോ കോളറിലൂടെ ആടുകളുടെ വംശവര്‍ധന നിരീക്ഷിക്കുന്നതിനും ഒളിച്ചിരിക്കുന്ന ആടുകളെ കണ്ടെത്താനും യൂദാസ് ഗോട്‌സിലൂടെ അധികൃതര്‍ക്ക് സാധിച്ചു.
ഗാലപഗോസിലെ സാന്റിയാഗോയില്‍ മാത്രം 213 യൂദാസ് ആടുകളെയാണ് പദ്ധതിക്കായി ഉപയോഗിച്ചത്. ഇതിലൂടെ 2004 മുതല്‍ 2005 വരെയുള്ള കാലയളവില്‍ 1174 ആടുകളെ കൊന്നൊടുക്കാൻ പറ്റിയെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. 2005-ല്‍ സാന്റിയോഗോയെ ആടില്ലാദ്വീപായി പ്രഖ്യാപിച്ചു. ഇസബെല്ല ദ്വീപില്‍ 770 യൂദാസ് ആടുകളായിരുന്നു ദൗത്യത്തില്‍. 2006-ല്‍ ഇസബല്ലയും ആടില്ലാദ്വീപായി പ്രഖ്യപിക്കപ്പെട്ടു. 2003-ല്‍ ആണ് പിന്റ ദ്വീപിനെ ആടില്ലാദ്വീപായി പ്രഖ്യാപിച്ചത്.

കൂടുതൽ പ്രീമിയം ലേഖനങ്ങൾ വായിക്കാൻ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരുക
ഉന്മൂലനത്തില്‍ പങ്കാളികളായ പ്രദേശവാസികള്‍
പ്രൊഫഷണല്‍ വേട്ടക്കാര്‍ക്കൊപ്പം ആടുകളെ ഉന്മൂലനം ചെയ്യാന്‍ പ്രദേശവാസികളെയും ബന്ധപ്പെട്ടവര്‍ അനുവദിച്ചിരുന്നു. അങ്ങനെ ഒരിക്കല്‍ പോലും വേട്ടയ്ക്ക് പോവാത്തവര്‍ പോലും ആടുകളെ തേടിയെത്തി. ചിലര്‍ ഒരു ഗെയിം എന്ന രീതിയില്‍ വേട്ട നടത്തി. നിര്‍ദാക്ഷിണ്യം കൊന്നു തള്ളി ഇറച്ചിക്കായും രോമങ്ങള്‍ക്കായും തോലുകള്‍ക്കായും ഉപയോഗിക്കപ്പെട്ടു. പ്രദേശവാസികള്‍ക്ക് വേട്ടയില്‍ പരിശീലനം നല്‍കാന്‍ പോലും അധികൃതര്‍ തയ്യാറായി. അങ്ങനെ തോക്കും, വേട്ടനായ്ക്കളും, താല്‍ക്കാലിക ജി.പി.എസ്. സംവിധാനവുമെല്ലാമായി നിലയ്ക്കാത്ത വേട്ട നടന്നു. രണ്ട് വര്‍ഷത്തോളമാണ് കരയില്‍ നിന്നുള്ള ആട് വേട്ട നീണ്ട് നിന്നത്. ഇതിലൂടെ 53782 ആടുകളെ കൊന്നൊടുക്കാനായി. രണ്ടാംഘട്ടത്തിലാണ് ആകാശമാര്‍ഗം ഹെലികോപറ്ററില്‍ നിന്നുള്ള വേട്ടയാടല്‍ നടന്നത്. ഇത് ഏകദേശം മൂന്ന് മാസത്തോളമാണ് നീണ്ട് നിന്നത്. ഇതിനായി പ്രൊഷണല്‍ വേട്ടക്കാര്‍ തന്നെ ഗാലപഗോസില്‍ എത്തി.
ആടുകളെ പൂര്‍ണമായും ഉന്‍മൂലനം ചെയ്തതോടെ ഗാലപഗോസിന്റെ തദ്ദേശീയ സസ്യജാലങ്ങളുടെ തിരിച്ചുവരവ് ശാസ്ത്രജ്ഞരില്‍ പോലും ആശ്ചര്യമുണ്ടാക്കി. ആടുകള്‍ ഉപേക്ഷിച്ച മരങ്ങളുടെ തളിരില്‍ നിന്നും പുതിയ ചെടികള്‍ വളരെ പെട്ടെന്ന് തളിര്‍ത്തു വന്നു. തദ്ദേശീയ മുള്‍ചെടികള്‍ പൂര്‍വാധികം ശക്തിയോടെ വളര്‍ന്നു. ഭക്ഷണവും വെള്ളവും ഉറപ്പായതോടെ ഇവയെ ആശ്രയിച്ച് കഴിഞ്ഞിരുന്ന മറ്റ് ജീവി വര്‍ഗങ്ങളുടേയും എണ്ണം വര്‍ധിച്ചു. ഇതോടെ ദ്വീപിലെ മുഴുവന്‍ ആവാസവ്യവസ്ഥയും പഴയരൂപത്തിലേക്ക് മാറുകയായിരുന്നു. ഗാലപഗോസ് ആമകളുടെ എണ്ണം 3,000-ല്‍ നിന്ന് 19,000 ആയി ഉയര്‍ന്നു. അങ്ങനെ പ്രോജക്ട് ഇസബെല്ല അധിനിവേശ ജീവികള്‍ക്കെതിരേയുള്ള ഏറ്റവും വലിയ ഉന്മൂലന പദ്ധതിയായി മാറി.

- ചാള്‍സ് ഡാര്‍വിനും ഗാലപ്പഗോസും
പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ചാള്‍സ് ഡാര്‍വിന്റെ സന്ദര്‍ശനത്തോടെയാണ് ഗാലപ്പഗോസ് ലോക ശ്രദ്ധയിലേക്കെത്തുന്നത്. ഒറ്റപ്പെട്ട ദ്വീപ് സമൂഹമെന്ന നിലയില്‍ ഇവിടേയുള്ള ജീവിവര്‍ഗങ്ങളും സസ്യങ്ങളുമെല്ലാം വിചിത്രമായിരുന്നു. ഇതായിരുന്നു ചാള്‍സ് ഡാര്‍വിനെ ഗാലപ്പഗോസിലേക്ക് ആകര്‍ഷിച്ചത്. 1831 മുതല്‍ അഞ്ചുവര്‍ഷത്തോളമാണ് ചാള്‍സ് ഡാര്‍വിന്‍ തന്റെ ഗവേഷണത്തിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കപ്പല്‍ യാത്ര നടത്തിയത്. ഈ യാത്രയ്ക്കിടെയാണ് ഗാലപ്പഗോസ് ദ്വീപിലുമെത്തുന്നത്. ഇവിടെ അഞ്ചാഴ്ചയോളമാണ് ഡാര്‍വിന്‍ ചെലവഴിച്ചത്. പിന്നീട് പരിണാമ സിദ്ധാന്ത രൂപീകരണത്തില്‍ ഗാലപ്പഗോസിലെ വിസ്മയകരമായ ജൈവാവസ്ഥയെക്കുറിച്ചുള്ള പഠനം ഡാര്‍വിന് ഏറെ നിര്‍ണായകമാവുകയും ചെയ്തു. ഒറ്റപ്പെട്ട ദ്വീപ സമൂഹമായതുകൊണ്ടു തന്നെ വിവിധങ്ങളായ സസ്യ ജന്തുജാലങ്ങളുടെ കലവറയായിരുന്നു ഗാലപ്പഗോസ്. ഇവിടെയുള്ള ഭീമന്‍ ആമകള്‍,കടല്‍ ഇഗ്വാനകള്‍, മോക്കിങ് പക്ഷികള്‍, വലിയ താടിയുള്ള ഫ്രിഗേറ്റ് പക്ഷികള്‍ എന്നിവയുടേയെല്ലാം സ്വഭാവം, രൂപം, വളര്‍ച്ച എന്നിവയെക്കുറിച്ചെല്ലാം വിശദമായ പഠനം നടത്താന്‍ ഡാര്‍വിന് കഴിഞ്ഞു. ഗാലപ്പഗോസില്‍ ഡാര്‍വിന്‍ കണ്ടെത്തിയ പതിനാലു തരം ഫിഞ്ച് പക്ഷികള്‍ക്ക് അദ്ദേഹത്തിന്റെ സ്മരണാര്‍ഥം പിന്നീട് ഡാര്‍വിന്റെ ഫിഞ്ചുകള്‍ എന്ന വിളിപ്പേര് പോലുമുണ്ടായി.
1831-ഡിസംബര്‍ 27 മുതല്‍ 1836-ഒക്ടോബര്‍ രണ്ടുവരെയുള്ള തന്റെ സമുദ്രപര്യടനത്തില്‍ എച്ച്.എം.എസ്. ബീഗിള്‍ എന്ന ബ്രിട്ടീഷ് കപ്പലില്‍ ചാള്‍സ് ഡാര്‍വിന്‍ 1835 സെപ്റ്റംബര്‍ 15-നാണ് ഗാലപ്പഗോസില്‍ എത്തിയത്. അവിടെ കണ്ട ഭീമന്‍ ആമകളും മറ്റെങ്ങും ഇതുവരെ കാണാത്ത പക്ഷികളും ഗാലപ്പഗോസിനെ വ്യത്യസ്ത ഭൂവിടമായി പരിഗണിക്കാന്‍ ഡാര്‍വിനെ പ്രേരിപ്പിച്ചു. ഇത് പരിണാമ സിദ്ധാന്തത്തെ വലിയരീതിയില്‍ സ്വാധീനിക്കുകയും ചെയ്തു.

1978-ല്‍ യുനെസ്‌കോ ഗാലപ്പഗോസ് ദ്വീപുകളെ ലോക പൈതൃകസ്ഥാനമായി പ്രഖ്യാപിക്കുകയും ചെയ്തു. ദ്വീപുകള്‍ക്ക് ചുറ്റുമുള്ള കടലില്‍ ജീവിക്കുന്ന ഇരുപത് ശതമാനം ജീവികളെയും ലോകത്തിന്റെ മറ്റൊരു ഭാഗത്തും കാണാന്‍ കഴിയില്ല എന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. കടലില്‍ ജീവിക്കുന്ന ഒരേയൊരു ഇഗ്വാനയും ഇവിടെയാണുള്ളത്. ഭീമന്‍ ആമകള്‍ക്കും കടല്‍ ഇഗ്വാനയ്ക്കും പുറമേ കൗതുകമുണര്‍ത്തുന്ന മറ്റൊരുജീവി ഗാലപ്പഗോസ് പെന്‍ഗ്വിനാണ്.
ഈ ദ്വീപുകളില്‍ മാത്രം കാണാന്‍ കഴിയുന്ന പ്രത്യേക ആവാസ വ്യവസ്ഥയും ജൈവ സാന്നിധ്യവുമായിരുന്നു 'ഓണ്‍ ദ ഒറിജിന്‍ ഓഫ് ദ സ്പിഷീസ് എന്ന പുസ്തകം എഴുതാന്‍ ഡാര്‍വിനെ പ്രേരിപ്പിച്ച സംഗതി. പല ജീവിവര്‍ഗങ്ങളും ഭൂമിയിലെ ഇതര ഭാഗങ്ങളിലെ ജീവികളോട് ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടതായിരുന്നുവെങ്കിലും ഗാലപ്പഗോസില്‍ അവ വളരെ വ്യത്യസ്ത രൂപത്തിലും വിചിത്ര സ്വാഭാവത്തിലും കാണപ്പെടുന്നുവെന്ന് ഡാര്‍വിന്‍ വിലയിരുത്തി.
മനുഷ്യരെ പേടിയില്ലാത്ത പക്ഷികള്‍, വലിയ ആമകള്‍, വ്യത്യസ്തമായ ചുണ്ടുകളോടുള്ള ഫിഞ്ച് കുരുവികള്‍ അങ്ങനെ പല തരത്തിലുള്ളവായിരുന്നു അവ . ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇത്തരം വിചിത്ര ജീവിവര്‍ഗങ്ങള്‍ എങ്ങനെ രൂപപ്പെട്ടു എന്നായി ഡാര്‍വിന്റെ ആലോചന. ആ ചിന്തയില്‍ നിന്നാണ് അതിജീവനത്തിന്റെ ഭാഗമായി പുതിയ ജീവി വര്‍ഗങ്ങള്‍ തന്നെ ഭൂമിയില്‍ ഉരുത്തിരിഞ്ഞുവന്നേക്കാം എന്ന ആശയം ഡാര്‍വിന്‍ അവതരിപ്പിച്ചത്. ജീവലോകത്തെ കുറിച്ചുള്ള പഠനത്തിന് ദിശ നല്‍കിയ ഡാര്‍വിന്റെ പ്രകൃതി നിര്‍ധാരണ സിദ്ധാന്തത്തിന്റെ ആരംഭത്തിനും ഈ ദ്വീപും അവിടുത്തെ ജീവജാലങ്ങളുമാണ് വഴിവെച്ചത്. ഡാര്‍വിന്റെ സ്മരണാര്‍ഥം ചാള്‍സ് ഡാര്‍വിന്‍ റിസേര്‍ച്ച് സ്റ്റേഷനും ഗാലപ്പഗോസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
References
Content Highlights: Galapagos goat eradication projects and its return beauty and beasts
Published: 04 Jul 2024, 12:30 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented