ഈ വര്‍ഷത്തേക്കുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ച് എന്‍ടിഎ. രാജ്യത്തെ വിവിധ കോളേജുകളിലേക്കുള്ള പിജി പഠനത്തിനായി നടത്തുന്ന കോമണ്‍ യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ ടെസ്റ്റിനാണ് അപേക്ഷ ക്ഷണിച്ചത്. അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്ക് എന്‍ടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റായ exams.nta.nic.in/cuet-pg വഴി അപേക്ഷിക്കാം.

To advertise here,

ഡിസംബര്‍ 14 മുതല്‍ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ അയക്കാം. എന്‍ടിഎ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പ് പ്രകാരം 2026 ജനുവരി 12 വരെ അപേക്ഷിക്കാന്‍ അവസരമുണ്ട്. രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് ശേഷം ജനുവരി 18 മുതല്‍ 20 വരെ അപേക്ഷയിലെ തെറ്റുകള്‍ തിരുത്താനുള്ള അവസരവും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. 2026 മാര്‍ച്ചില്‍ പരീക്ഷ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരീക്ഷയുമായി ബന്ധപ്പെട്ട പരീക്ഷാകേന്ദ്രം, പരീക്ഷാസമയം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ പിന്നീട് പ്രസിദ്ധീകരിക്കുന്ന അഡ്മിറ്റ് കാര്‍ഡില്‍ ഉള്‍പ്പെടുത്തും.

157 വിഷയങ്ങളിലേക്കുള്ള ബിരുദാനന്തരബിരുദ പ്രവേശത്തിനായി കമ്പ്യൂട്ടര്‍ അധിഷ്ഠിതമായിട്ടാണ്‌ പരീക്ഷ നടത്തുന്നത്. രാജ്യത്തിന് പുറത്തും 16 പരീക്ഷാകേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. രണ്ട് വിഷയങ്ങളുടെ പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ ജനറല്‍ വിഭാഗത്തിന് 1,400 രൂപയാണ് അപേക്ഷാഫീസ് വരുന്നത്. ഇഡബ്ല്യൂഎസ്, ഒബിസി/എന്‍സിഎല്‍-1,200, എസ്‌സി, എസ്ടി, ട്രാന്‍സ്‌ജെന്‍ഡര്‍- 1,100, പിഡബ്ല്യുഡി/പിഡബ്ല്യുബിഡി- 1,000 രൂപയുമാണ് ഫീസ്. വിദേശരാജ്യങ്ങളില്‍ നിന്നും അപേക്ഷിക്കുന്നവര്‍ 7,000 രൂപ ഫീസ് അടയ്ക്കണം. രണ്ടില്‍ കൂടുതല്‍ വിഷയങ്ങള്‍ക്ക് പരീക്ഷ എഴുതാന്‍ രജിസ്ട്രര്‍ ചെയ്യുന്നവര്‍ അധികഫീസ് നല്‍കണം.