ന്യൂഡൽഹി: നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തുന്ന വിവിധ മത്സരപ്പരീക്ഷകളുമായി ബന്ധപ്പെട്ട വിദ്യാർഥികളുടെ സംശയങ്ങൾക്ക് ഇനി എ.ഐ. സാങ്കേതികവിദ്യയിലൂടെ മറുപടി ലഭിക്കും. ഇതിനായി പ്രത്യേക എഐ അധിഷ്ഠിത ഹെൽപ്പ്‌ലൈൻ സംവിധാനം ഒരുക്കുകയാണ് കേന്ദ്ര സർക്കാർ.

To advertise here,

നന്ദൻ നിലേകനിയുടെ നേതൃത്വത്തിലുള്ള ഹൈ പവർ ടാസ്‌ക് ഫോഴ്‌സ് പരീക്ഷാ പരിഷ്കരണങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്നും വിദഗ്ധരിൽ നിന്നും നിർദേശങ്ങൾ സ്വീകരിക്കാൻ ഉപയോഗിച്ചിരുന്ന ടോൾ ഫ്രീ നമ്പറാണ് (1800 180 47 47) ഇതിനായി പുനഃക്രമീകരിക്കുന്നത്.

പ്രാദേശിക ഭാഷകൾ സംസാരിക്കുന്ന വിദ്യാർഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ഏത് ഭാഷയിലും ചോദ്യങ്ങൾ ചോദിക്കാനും അതിനനുസരിച്ച് മറുപടി ലഭ്യമാക്കാനും എഐ ഹെൽപ്പ്‌ലൈൻ വഴി സാധിക്കും.

JEE, UGC-NET തുടങ്ങിയ പരീക്ഷകൾ എപ്പോഴാണ്, അപേക്ഷ എങ്ങനെ സമർപ്പിക്കണം, അടയ്‌ക്കേണ്ട ഫീസ് എത്ര, ആവശ്യമായ രേഖകൾ ഏതൊക്കെ, അവസാന തീയതി, യോഗ്യതാ മാനദണ്ഡങ്ങൾ തുടങ്ങി എല്ലാ സംശയങ്ങൾക്കും നമ്പറിലൂടെ തത്സമയം ഉത്തരം ലഭിക്കും.

ഹെൽപ്പ്‌ലൈൻ സേവനത്തിന്റെയും എഐ ഫീച്ചറുകളുടെയും പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്. പരീക്ഷണം പൂർത്തിയാകുന്നതോടെ സേവനം ഔദ്യോഗികമായി പൊതുജനങ്ങൾക്ക് ലഭ്യമാക്കും.

നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും പിന്നാലെ എൻ.ടി.എയുടെ പ്രവർത്തനങ്ങളിൽ സുതാര്യതയും പരിഷ്കരണവും വരുത്തുന്നതിന്റെ ഭാഗമായാണ് ആറംഗ ടാസ്‌ക് ഫോഴ്‌സിന്റെ മേൽനോട്ടത്തിൽ പുതിയ മാറ്റം നടപ്പിലാക്കുന്നത്.