കേരള സംസ്ഥാന പട്ടികജാതി വികസന വകുപ്പിൽ പ്രമോട്ടറുടെ 1216 ഒഴിവിലേക്കും ക്ലറിക്കൽ അസിസ്റ്റന്റിന്റെ 225 ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു. വിവിധ ജില്ലകളിലായാണ് ഒഴിവുകൾ. പ്രമോട്ടർക്ക് പ്ലസ്ടുവും ക്ലറിക്കൽ അസിസ്റ്റന്റിന് ബിരുദവുമാണ് യോഗ്യത. പ്രമോട്ടർക്ക് 11,000 രൂപയും ക്ലറിക്കൽ അസിസ്റ്റന്റിന് 12,000 രൂപയും പ്രതിമാസ ഓണറേറിയം ലഭിക്കും. കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിൽ (ബി.ഇ.എൽ.) പ്രോജക്ട് എൻജിനിയർമാരുടെ 350 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചതാണ് ഈയാഴ്ചയിലെ മറ്റൊരു പ്രധാന തൊഴിൽവിജ്ഞാപനം. എൻജിനിയറിങ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. വിവിധ സംസ്ഥാനങ്ങളിലായാണ് നിയമനം.
നവംബർ രണ്ടിന് പുറത്തിറങ്ങിയ പുതിയ ലക്കം മാതൃഭൂമി തൊഴിൽവാർത്തയിൽ, ഇപ്പറഞ്ഞവ ഉൾപ്പെടെ ഒട്ടേറെ തൊഴിലവസരങ്ങളുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ തസ്തികകളിലേക്കുള്ള പി.എസ്.സി. യുടെ പുതിയ വിജ്ഞാപനത്തിന്റെ വിശദവിവരങ്ങളും ഈ ലക്കത്തിലുണ്ട്. 12 കാറ്റഗറികളിലേക്കാണ് വിജ്ഞാപനം. 2027 ജനുവരിയിൽ കേരള പി.എസ്.സി. നടത്തുന്ന പരീക്ഷകളുടെ തീയതികളും ഈ ലക്കത്തിൽ വിശദമായി ചേർത്തിട്ടുണ്ട്.
പി.എസ്.സി. റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും നിയമനത്തിനായി ഉദ്യോഗാർഥികൾക്ക് കോടതി കയറേണ്ടി വരുന്നതിനെക്കുറിച്ചുള്ള പരമ്പരയുടെ രണ്ടാംഭാഗം ഈ ലക്കത്തിലുണ്ട്. കേസിൽ കുരുക്കുന്ന പി.എസ്.സി. ‘പരീക്ഷണങ്ങൾ’ എന്ന പേരിലുള്ള ഈ പരമ്പരയുടെ ഭാഗമായി ഉദ്യോഗാർഥികൾക്ക് അവരുടെ അനുഭവങ്ങളറിയിക്കാനും അവസരമുണ്ട്.
ഒക്ടോബർ 31-ന് നടന്ന വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പരീക്ഷയുടെയും ഒക്ടോബർ 28-ന് നടന്ന സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് (എസ്.ബി.സി.ഐ.ഡി.) പരീക്ഷയുടെയും സോൾവ്ഡ് പേപ്പർ ഈ ലക്കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നവംബർ 11-ന് നടത്തുന്ന അസിസ്റ്റന്റ് ജയിലർ (മെയ്ൻ), നവംബർ 17-ന് നടത്തുന്ന എക്സൈസ് ഇൻസ്‌പെക്ടർ (മെയ്ൻ), ഡിസംബർ 5, 19 തീയതികളിൽ നടത്തുന്ന കമ്പനി/കോർപ്പറേഷൻ അസിസ്റ്റന്റ് (മെയ്ൻ) എന്നീ പരീക്ഷകൾക്കുള്ള മോക് ടെസ്റ്റ് ഈ ലക്കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പി.എസ്.സി. ഡിഗ്രി ലെവൽ മെയ്ൻ പരീക്ഷകൾക്കായി പ്രത്യേകം ഫോക്കസ് നൽകി, കൂടുതൽ പേജുകളിലായി പരിശീലനവുമുണ്ട്.
കൂടാതെ ഡ്രൈവർ, ടൈപ്പിസ്റ്റ്/കംപ്യൂട്ടർ അസിസ്റ്റന്റ്, എക്സൈസ് ഇൻസ്‌പെക്ടർ (ട്രെയിനി), ഇൻസ്‌പെക്ടിങ് അസിസ്റ്റന്റ് (ലീഗൽ മെട്രോളജി) എന്നീ പരീക്ഷകൾക്കുള്ള പരിശീലനവുമുണ്ട്. ഇതോടൊപ്പം കേരളത്തിലും പുറത്തുമുള്ള പുതിയ കോഴ്‌സുകൾ, സർവീസ് സംബന്ധമായ വാർത്തകൾ, പി.എസ്.സി. സംബന്ധമായ സംശയങ്ങൾ, അവയ്ക്കുള്ള മറുപടി തുടങ്ങി ഉദ്യോഗാർഥികൾക്ക് ആവശ്യമായ ഒട്ടേറെ വിവരങ്ങളും തൊഴിൽവാർത്തയിൽ വായിക്കാം. മാതൃഭൂമി തൊഴിൽവാർത്തയുടെ വരിക്കാരാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://digital.mathrubhumi.com

To advertise here,