കൊച്ചി: നഗരത്തിന്റെ വികസന നയം രൂപീകരിക്കുന്നതിന്റെ ഭാഗമായി കൊച്ചി കോർപ്പറേഷനും ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഫ്യൂച്ചർ കൊച്ചി കോൺക്ലേവ് നവംബർ 6, 7 തീയതികളിൽ നടക്കും. യു.കെയിലെ കാർഡിഫ് യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ ജെയിൻ സർവകലാശാല ക്യാമ്പസിൽ നടക്കുന്ന കോൺക്ലേവ് തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജി ഉദ്ഘാടനം ചെയ്യും. രണ്ടാം ദിനം രാവിലെ മുഖ്യമന്ത്രി വി.ഡി. സതീശൻ മുഖ്യപ്രഭാഷണം നടത്തും. ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ എന്നിവരും വിവിധ സെഷനുകളിൽ പങ്കെടുക്കും. തദ്ദേശ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ മേയർമാർ മികച്ച ഭരണമാതൃകകൾ പങ്കുവെക്കുന്ന പാനൽ ചർച്ച കോൺക്ലേവിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. കൊച്ചി കോർപ്പറേഷനും സമീപ പ്രദേശങ്ങളിലെ നഗരസഭകളും തമ്മിലുള്ള ഏകോപനവും സഹകരണവും കൂടുതൽ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ സമീപ നഗരസഭാ അധ്യക്ഷന്മാർ പങ്കെടുക്കുന്ന പ്രത്യേക സെഷനും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
നഗരത്തിനായി സമഗ്ര വികസന നയം രൂപീകരിക്കുമെന്ന് കൊച്ചി കോർപ്പറേഷൻ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഈ നയം രൂപീകരിക്കുന്നതിൽ കോർപ്പറേഷന് ആവശ്യമായ പിന്തുണ നൽകുകയാണ് കോൺക്ലേവിന്റെ പ്രധാന ലക്ഷ്യമെന്ന് ഫ്യൂച്ചർ കേരള മിഷൻ ചെയർമാനും മുൻ അംബാസഡറുമായ വേണു രാജാമണി പറഞ്ഞു. കൊച്ചിയെ സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതും ആഗോള തലത്തിൽ മത്സരക്ഷമവുമായ ഒരു മെട്രോ നഗരമാക്കി മാറ്റുന്നതിനുള്ള ആശയവിനിമയങ്ങൾക്കും വിജ്ഞാന കൈമാറ്റങ്ങൾക്കും ഈ കൂട്ടായ്മ വേദിയാകും. "ഒരു നഗരത്തിന്റെ വികസനത്തിൽ അക്കാദമിക സമൂഹത്തിന് വലിയ പങ്കുവഹിക്കാനുണ്ട്. നഗരത്തിന്റെ ഭാവി നിർണയിക്കുന്നതിൽ യുവതലമുറയുടെ നൈപുണ്യത്തിനും കർമ്മോത്സുകതയ്ക്കും നിർണായക സ്ഥാനമാണുള്ളത്. യുവത്വത്തിന്റെ ഈ പ്രതിഭയെയും ഊർജ്ജത്തെയും നഗരവികസനത്തിനായി ഫലപ്രദമായി പ്രയോജനപ്പെടുത്താൻ കൂടി ലക്ഷ്യമിട്ടാണ് ഈ വേദി ഒരുക്കിയിരിക്കുന്നത്. കേവലം അടിസ്ഥാന സൗകര്യ വികസനത്തിൽ മാത്രം ഒതുങ്ങാതെ എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ വികസന മാതൃക കൊച്ചിക്കായി രൂപപ്പെടുത്തണം. അതിനായി നയരൂപകർത്താക്കൾക്കും ഭരണകർത്താക്കൾക്കുമിടയിൽ നൂതന ആശയങ്ങളുടെയും അക്കാദമിക ഗവേഷണങ്ങളുടെയും വിനിമയം സാധ്യമാക്കുന്ന വേദിയായി ഫ്യൂച്ചർ കൊച്ചി കോൺക്ലേവിനെ മാറ്റുകയാണ് ജെയിൻ സർവകലാശാലയുടെ ലക്ഷ്യം. നഗരത്തിന്റെ പ്രശ്നങ്ങൾക്ക് പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്താൻ സർവകലാശാലയുടെ ഈ ഇടപെടലുകൾക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ."-ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനീഷ്യേറ്റീവ്സ് ഡയറക്ടറും ഫ്യൂച്ചർ കേരള മിഷൻ ചീഫ് ഫെസിലിറ്റേറ്ററുമായ ഡോ. ടോം എം. ജോസഫ് പറഞ്ഞു.
നഗര ഭരണസംവിധാനം, മാലിന്യ സംസ്കരണം, നഗര ധനകാര്യം, കാലാവസ്ഥാ അതിജീവനം, പൈതൃക സംരക്ഷണം, പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ പ്രശ്നങ്ങൾ തുടങ്ങിയ സുപ്രധാന വിഷയങ്ങളാണ് രണ്ടു ദിവസങ്ങളിലായി ചർച്ച ചെയ്യുന്നത്. രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള വിദഗ്ധർ പങ്കെടുക്കും. നഗരത്തിന്റെ ഭാവി വികസനത്തിനായി കോൺക്ലേവ് മുന്നോട്ടുവെക്കുന്ന നിർദേശങ്ങൾ സമാപന സമ്മേളനത്തിൽ സംസ്ഥാന സർക്കാരിന് കൈമാറും. പങ്കെടുക്കാൻ താത്പര്യമുള്ളവർ hashin.jithu@futurekerala.org.in എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
Content Highlights: Future Kochi Conclave scheduled for November 6 and 7., Organized jointly by Kochi Corporation and Jain University's Future Kerala Mission with Cardiff University's support
Published: 02 Nov 2026, 04:28 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented