രാജ്യത്തെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിരുദ പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തുന്ന ജെ.ഇ.ഇ. (ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ) മെയിൻ 2027-ന് അപേക്ഷിക്കാം.

To advertise here,

പ്രവേശന സ്ഥാപനങ്ങൾ, പ്രോഗ്രാമുകൾ

31 എൻ.ഐ.ടി. (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി)കൾ, 26 ഐ.ഐ.ഐ.ടി. (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി)കൾ, കേന്ദ്ര സഹായധനത്തോടെ പ്രവർത്തിക്കുന്ന സാങ്കേതിക സ്ഥാപനങ്ങൾ (സി.എഫ്.ടി.ഐ.) ഉൾപ്പെടെയുള്ള മുൻനിര സ്ഥാപനങ്ങളിലെ ബി.ഇ./ബി.ടെക്, ബി.ആർക്ക്, ബി.പ്ലാനിങ് പ്രവേശനത്തിന് ഈ പരീക്ഷ നിർണായകമാണ്. കേരളത്തിൽ എൻ.ഐ.ടി. കോഴിക്കോട്, ഐ.ഐ.ഐ.ടി. കോട്ടയം എന്നിവിടങ്ങളിലേക്ക് ജെ.ഇ.ഇ. മെയിൻസ്കോർ അടിസ്ഥാനത്തിലാണ് പ്രവേശനം.

പരീക്ഷാ സെഷനുകൾ

ജെ.ഇ.ഇ. മെയിൻപരീക്ഷ രണ്ട് സെഷനുകളായാണ് നടത്തുന്നത്. വിദ്യാർഥികൾക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് ഒന്നോ രണ്ടോ സെഷനുകളിൽ പങ്കെടുക്കാം. രണ്ട് സെഷനുകളിലും പങ്കെടുക്കുന്നവരുടെ മികച്ച സ്കോർ ആകും അന്തിമ റാങ്ക് പട്ടിക തയ്യാറാക്കുന്നതിനായി പരിഗണിക്കുന്നത്.

• സെഷൻ 1 (ജനുവരി): അപേക്ഷ ഒക്ടോബർ 24 മുതൽ നവംബർ 22-ന് രാത്രി 11:50 വരെ. പരീക്ഷകൾ ജനുവരി 20, 21, 22, 23, 24, 28 എന്നീ തീയതികളിൽ.

• സെഷൻ 2 (ഏപ്രിൽ): അപേക്ഷ ജനുവരി അഞ്ച് മുതൽ ഫെബ്രുവരി മൂന്നു വരെ. പരീക്ഷകൾ ഏപ്രിൽ രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ് തീയതികളിൽ.

യോഗ്യത

2025-ലോ 2026-ലോ പ്ലസ്ടു (10, +2) വിജയിച്ചവർക്കോ അല്ലെങ്കിൽ 2027-ൽ പ്ലസ്ടു പരീക്ഷ എഴുതുന്നവർക്കോ അപേക്ഷിക്കാം. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് തുടങ്ങിയ നിർബന്ധിത വിഷയങ്ങൾ പഠിച്ച് പ്ലസ്ടു പൂർത്തിയാക്കിയവരായിരിക്കണം.

പരീക്ഷാ പേപ്പറുകൾ

പേപ്പർ 1 (ബി.ഇ./ബി.ടെക്) സമ്പൂർണ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്. ഫിസിക്‌സ്, കെമിസ്ട്രി, ഗണിതം എന്നീ മൂന്നു വിഷയങ്ങളിൽ നിന്നായി ആകെ 75 ചോദ്യങ്ങളും 300 മാർക്കുമാണ് ഇതിലുള്ളത്. പേപ്പർ 2എ (ബി.ആർക്ക്) പരീക്ഷയുടെ പാർട്ട് I, II എന്നിവ കംപ്യൂട്ടർ അധിഷ്ഠിതവും പാർട്ട് III ഡ്രോയിങ് പരീക്ഷ ഓഫ്‌ലൈനുമാണ്. പേപ്പർ 2ബി (ബി.പ്ലാനിങ്) സമ്പൂർണ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്. ഇതിൽ ആകെ 100 ചോദ്യങ്ങളും 400 മാർക്കുമാണുള്ളത്.

ഏതെങ്കിലും ചോദ്യത്തിന് ഒന്നിലധികം ശരിയുത്തരങ്ങൾ വരുകയാണെങ്കിൽ, അതിലൊന്ന് തിരഞ്ഞെടുത്ത എല്ലാവർക്കും +4 (പ്ലസ് നാല്) മാർക്ക് ലഭിക്കും. സാങ്കേതികമോ വിഷയപരമോ ആയ തകരാറുകൾമൂലം ഒരു ചോദ്യം ഒഴിവാക്കുകയാണെങ്കിൽ, ആ ഷിഫ്റ്റിൽ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികൾക്കും +4 (പ്ലസ് നാല്) മാർക്ക് വീതം നൽകും. അർഹരായ പി.ഡബ്ല്യു.ഡി./പി.ഡബ്ല്യു.ബി.ഡി. വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് പരീക്ഷാസമയത്തിൽ ഓരോ മണിക്കൂറിനും 20 മിനിറ്റ് വീതം അധികസമയം അനുവദിക്കും. വിശദമായ സിലബസ് വെബ്‌സൈറ്റിലുണ്ട്.

മലയാളം ഉൾപ്പെടെ 13 പ്രാദേശിക -ദേശീയ ഭാഷകളിൽ പരീക്ഷ അഭിമുഖീകരിക്കാം. കേരളത്തിലും ലക്ഷദ്വീപിലുമുള്ള പരീക്ഷാകേന്ദ്രങ്ങളിൽ ഇംഗ്ലീഷിനൊപ്പം മലയാളത്തിലും ചോദ്യപ്പേപ്പറുകൾ ലഭ്യമാകുന്നതാണ്. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ/ചെങ്ങന്നൂർ, കോട്ടയം, എറണാകുളം/മൂവാറ്റുപുഴ, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട്, പത്തനംതിട്ട എന്നീ പ്രധാന നഗരങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്. അപേക്ഷ സമർപ്പിക്കുമ്പോൾ സൗകര്യപ്രദമായ നാല് നഗരങ്ങൾ മുൻഗണനാക്രമത്തിൽ തിരഞ്ഞെടുക്കാം.

അപേക്ഷ

jeemain.nta.nic.in വഴി അപേക്ഷിക്കാനും ഫീസടയ്ക്കാനുമുള്ള അവസാനതീയതി നവംബർ 22-ന് രാത്രി 11:50 വരെ. 500 രൂപ പിഴയോടെ 23 മുതൽ 26 വരെ അപേക്ഷിക്കാം. തിരുത്തലുകൾ 27 മുതൽ 29 വരെ വരുത്താം. പരീക്ഷാ നഗരവിവരം ഡിസംബർ 30-നും അഡ്മിറ്റ് കാർഡ് ജനുവരി 13-നും ലഭ്യമാകും.

തിരഞ്ഞെടുത്ത പേപ്പറുകൾ, സംവരണവിഭാഗം, ലിംഗഭേദം, പരീക്ഷാകേന്ദ്രം എന്നിവയെ ആശ്രയിച്ചാണു അപേക്ഷാ ഫീസ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയിലെ കേന്ദ്രങ്ങളിൽ ഒരു പേപ്പറിന് ജനറൽ ആൺകുട്ടികൾക്ക് 1,000 രൂപയും പെൺകുട്ടികൾക്ക് 800 രൂപയും. ഇ.ഡബ്ല്യു.എസ്./ഒ.ബി.സി.-എൻ.സി.എൽ. ആൺകുട്ടികൾക്ക് 900 രൂപയും പെൺകുട്ടികൾക്ക് 800 രൂപയും. എസ്.സി./എസ്.ടി./പി.ഡബ്ല്യു.ഡി./തേർഡ് ജെൻഡർ വിഭാഗങ്ങൾക്ക് 500 രൂപയുമാണ് ഫീസ്. ഒന്നിലധികം പേപ്പറുകൾ തിരഞ്ഞെടുക്കുമ്പോൾ ഇന്ത്യയിൽ ജനറൽ/ഇ.ഡബ്ല്യു.എസ്./ഒ.ബി.സി. ആൺ കുട്ടികൾക്ക് 2,000 രൂപയും പെൺകുട്ടികൾക്ക് 1,600 രൂപയും. എസ്.സി./എസ്.ടി./പി.ഡബ്ല്യു.ഡി./ട്രാൻസ്‌ ജെൻഡർ വിഭാഗങ്ങൾക്ക് 1,000 രൂപയും.

വിദേശ കേന്ദ്രങ്ങളിൽ ഒരു പേപ്പറിന് ജനറൽ ആൺ കുട്ടികൾക്ക് 5,000 രൂപയും (പെൺകുട്ടികൾ 4000 രൂപ), ഇ.ഡബ്ല്യു.എസ്./ഒ.ബി.സി. (ആൺ) 4,500 രൂപയും. പെൺകുട്ടികൾക്ക് 4,000 രൂപ. എസ്.സി./എസ്.ടി./പി.ഡബ്ല്യു.ഡി./ട്രാൻസ്‌ ജെൻഡർ വിഭാഗങ്ങൾക്ക് 2,500 രൂപ. ഒന്നിലധികം പേപ്പറുകൾക്ക് വിദേശത്ത് ജനറൽ/ഒ.ബി.സി. ആൺകുട്ടികൾക്ക് 10,000 രൂപയും പെൺകുട്ടികൾക്ക് 8,000 രൂപയും. എസ്.സി./എസ്.ടി./പി.ഡബ്ല്യു.ഡി./ട്രാൻസ്‌ ജെൻഡർ വിഭാഗങ്ങൾക്ക് 5,000 രൂപ. നിശ്ചിത തീയതിക്കു ശേഷം അപേക്ഷ സമർപ്പിക്കുന്ന എല്ലാവിഭാഗം വിദ്യാർഥികളും 500 രൂപ വീതം അധിക ലേറ്റ് ഫീസ് അടയ്ക്കണം.

സെഷൻ II-ന് (ഏപ്രിൽ) അപേക്ഷിക്കാനുള്ള സൗകര്യം പിന്നീട് ലഭ്യമാകും. ആ സമയം മുൻപ് ലഭിച്ച ഇതേ അപേക്ഷാ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഫീസടച്ച് അപേക്ഷിക്കാം. ഇതിനു മാത്രം അപേക്ഷിക്കുന്നവർ അതിനായുള്ള വിജ്ഞാപനത്തിനു ശേഷം പുതിയ രജിസ്‌ട്രേഷൻ നടത്തണം. ഒന്നിലധികം അപേക്ഷകൾ സമർപ്പിച്ചാൽ പരീക്ഷാഫലം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശനമായ നടപടികൾ നേരിടേണ്ടിവരും.

ജെ.ഇ.ഇ. അഡ്വാൻസ്ഡ്

ജെ.ഇ.ഇ. മെയിൻ പേപ്പർ-1 (ബി.ഇ./ബി.ടെക്) പരീക്ഷയിൽ മികച്ച വിജയം നേടുന്ന ആദ്യ 2,50,000 റാങ്കുകളിലെത്തുന്നവർക്കാണ് അഡ്വാൻസ്ഡ് എഴുതാൻ യോഗ്യത. ഇവർ അഡ്വാൻസ്ഡിന് പ്രത്യേകം രജിസ്റ്റർചെയ്ത് പരീക്ഷ അഭിമുഖീകരിക്കണം. ഐ.ഐ.ടി. (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) യിലെ എൻജിനിയറിങ്, സയൻസ്, ആർക്കിടെക്ചർ (അഭിരുചി പരീക്ഷാ യോഗ്യതയ്ക്കു വിധേയമായി) എന്നീ ബിരുദതല പ്രോഗ്രാമുകളിലെ പ്രവേശനങ്ങൾക്കാണ് അഡ്വാൻസ്ഡ് നടത്തുന്നത്. വിവരങ്ങൾക്ക്: jeeadv.ac.in