ദേശീയ തലത്തിലുള്ള പരീക്ഷാ പരിഷ്കരണങ്ങൾക്കായി രൂപീകരിച്ച നന്ദൻ നിലേകനിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര ടാസ്ക് ഫോഴ്സിന്റെ കാലാവധി കേന്ദ്ര സർക്കാർ 2027 ജനുവരിവരെ നീട്ടി നൽകി. നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് കഴിഞ്ഞ ജൂലൈയിലാണ് ആറംഗ പാനൽ രൂപീകരിച്ചത്. വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിദഗ്ധർ എന്നിവരിൽ നിന്നായി 50,000-ത്തിലധികം നിർദേശങ്ങളാണ് പാനലിന് ലഭിച്ചിട്ടുള്ളത്.
2026 ഒക്ടോബറിൽ റിപ്പോർട്ട് സമർപ്പിക്കേണ്ടിയിരുന്ന പാനലിന്, വിവിധ മേഖലകളിലുള്ളവരുമായുള്ള ചർച്ചകൾ പൂർത്തിയാകാത്തതിനെ തുടർന്നാണ് കൂടുതൽ സമയം അനുവദിച്ചത്. പാനലിന്റെ പുരോഗതി വിവരിക്കുന്ന സത്യവാങ്മൂലം കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
-
ക്വസ്റ്റ്യൻ വോൾട്ട് സംവിധാനം: ചോദ്യപേപ്പർ ചോർച്ച തടയാൻ ഒരു വലിയ ചോദ്യശേഖരം തയ്യാറാക്കാനാണ് പാനൽ ആലോചിക്കുന്നത്. വിഷയാധിഷ്ഠിതമായി തയ്യാറാക്കുന്ന ചോദ്യങ്ങൾ ഡിജിറ്റൽ വോൾട്ടിൽ സൂക്ഷിക്കുകയും പരീക്ഷാ സമയത്ത് ബ്ലൂപ്രിന്റ് അനുസരിച്ച് കമ്പ്യൂട്ടർ വഴി റാൻഡമായി ചോദ്യങ്ങൾ തിരഞ്ഞെടുക്കുകയും ചെയ്യും.
-
ഡിജിറ്റൽ വിതരണം: ചോദ്യപേപ്പറുകൾ മുൻകൂട്ടി അച്ചടിക്കുന്നതിന് പകരം, പരീക്ഷയ്ക്ക് തൊട്ടുമുമ്പ് എൻക്രിപ്റ്റ് ചെയ്ത് കേന്ദ്രങ്ങളിലേക്ക് ഡിജിറ്റലായി അയയ്ക്കും.
-
ചുമതലകളുടെ വികേന്ദ്രീകരണം: പരീക്ഷ നടത്തിപ്പ്, ചോദ്യപേപ്പർ തയ്യാറാക്കൽ, കേന്ദ്രങ്ങളുടെ മാനേജ്മെന്റ് എന്നിവ ഒരൊറ്റ ഏജൻസിക്ക് നൽകുന്നതിന് പകരം വെവ്വേറെ ഏജൻസികളെ ഏൽപ്പിക്കാനും നിർദേശമുണ്ട്.
-
നീറ്റ് പരീക്ഷ സി.ബി.ടി. രൂപത്തിലേക്ക്: 2027 മുതൽ നീറ്റ് പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലേക്ക് മാറ്റുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനിക്ക് പുറമേ മുൻ ഐ.എസ്.ആർ.ഒ. ചെയർമാൻ എസ്. സോമനാഥ്, മുൻ ഐ.ബി. ഡയറക്ടർ തപൻ ദേക്ക, ഐ.ഐ.ടി. മദ്രാസ് ഡയറക്ടർ വി. കാമകോടി, മുൻ വിദ്യാഭ്യാസ സെക്രട്ടറി അനിത കർവാൾ, ലോജിസ്റ്റിക്സ് വിദഗ്ധൻ അമൃത് ലാൽ മീന എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.
Published: 02 Nov 2026, 11:31 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented