ചാറ്റ് ജി.പി.ടിയോട് ചോദിച്ചാൽ സെക്കൻഡുകൾക്കകം നോട്‌സും സംഗ്രഹങ്ങളും തയാറാക്കിത്തരുന്ന ഇക്കാലത്ത്, ഹാർവാർഡ് സർവകലാശാലയിലെ ഈ കോഴ്‌സ് എടുത്ത വിദ്യാർഥികൾ പുസ്തകങ്ങൾക്ക് പിന്നാലെ നെട്ടോട്ടമോടുകയാണ്. അവർക്ക് സംഗ്രഹം വായിച്ചാൽ പോര, മുഴുവൻ പുസ്തകവും വായിക്കണം എന്ന് നിർബന്ധമാണ്, അതും ഹോമറിന്റെ 'ഒഡീസ്സി'യും ജെയിംസ് ജോയ്‌സിന്റെ 'യുളിസീസും' പോലുള്ള ഗഹനമായ ക്ലാസിക്കുകൾ!

To advertise here,

ഹാർവാർഡിന്റെ 'ഹ്യൂമാനിറ്റീസ് 10' ചുരുക്കത്തിൽ 'ഹും 10' എന്ന കോഴ്‌സാണ് ഇപ്പോൾ ക്യാമ്പസിൽ സൂപ്പർ ഹിറ്റ്. വായിച്ചാലും പഠിച്ചാലും തീരാത്ത കോഴ്‌സ് എന്ന ആക്ഷേപം ഉണ്ടെങ്കിലും ഈ കോഴ്‌സിലേക്ക് പ്രവേശനം തേടിയുള്ള വിദ്യാർഥികളുടെ തിരക്ക് മുൻപത്തേക്കാൾ 40 ശതമാനം വർധിച്ചു. 90 സീറ്റുകൾ മാത്രമുള്ള പരിമിത ബാച്ചിലേക്ക് അപേക്ഷയുമായി എത്തിയത് ഇത്തവണ 180-ലധികം പുതിയ വിദ്യാർഥികളാണ്.

എന്തുകൊണ്ടാണ് ഡിജിറ്റൽ യുഗത്തിൽ വിദ്യാർഥികൾ ക്ലാസിക്കുകളിലേക്ക് തിരികെ നടക്കുന്നത്? എഐയുടെ സഹായത്തോടെ ചാറ്റ് ചെയ്ത് പുസ്തകങ്ങൾ വായിച്ചുതീർക്കാമെന്ന എളുപ്പവഴികളെ വിദ്യാർഥികൾ ഇവിടെ തള്ളിക്കളയുകയാണ്. 'ഈ ക്ലാസിൽ നിന്ന് എന്തെങ്കിലും ലഭിക്കണമെങ്കിൽ എഐ ഉപയോഗിക്കാതിരിക്കുക മാത്രമാണ് ഏക വഴി,' പെഗ്ഗി ഉർഡാൻ എന്ന വിദ്യാർത്ഥി വാൾ സ്ട്രീറ്റ് ജേണലിനോട് പറഞ്ഞു. എഐക്ക് നൽകാനാവാത്ത വായനയുടെ അനുഭവമാണ് കോഴ്‌സ് വാഗ്ദാനം ചെയ്യുന്നത്.

മാർക്ക് എളുപ്പത്തിൽ വാരിക്കൂട്ടാൻ സഹായിക്കുന്ന ഒരു കോഴ്‌സല്ല ഇത്. ക്ലാസ് മുറികളിൽ മൊബൈൽ ഫോണോ മറ്റ് ഡിജിറ്റൽ ഉപകരണങ്ങളോ കർശനമായി നിരോധിച്ചിരിക്കുന്നു. ഓരോ ക്ലാസിലും ഹാജർ നിർബന്ധമാണ്. ആഴ്ചയിൽ ഒരു ക്ലാസിക് പുസ്തകം വായിച്ച് തീർക്കണം!

ഹോമർ മുതൽ ഡാന്റെയും ജെയ്ൻ ഓസ്റ്റിനും ജെയിംസ് ബാൾഡ്വിനും വരെയുള്ളവരുടെ കൃതികളിലൂടെയുള്ള വിസ്മയകരമായ യാത്രയാണ് കോഴ്‌സ്. 'ഹും അലംസ്' (Hum Alums) എന്ന് സ്വയം വിശേഷിപ്പിക്കുന്ന മുൻ വിദ്യാർഥികൾ സോഷ്യൽ മീഡിയയിലൂടെ കോഴ്‌സിനെക്കുറിച്ച് വാചാലരാകുന്നതും കോഴ്‌സിന്റെ ഡിമാൻഡ് കുത്തനെ ഉയരാൻ കാരണമായി.