
1979, ഡിസംബര്‍ ക്രിസ്മസ് ഷോപ്പിങ്ങിനായി സന്തോഷത്തോടെ നഗരത്തിലേക്ക് ഇറങ്ങിയതാണ് ഐവോയിലെ മിഷേല്‍ മാര്‍ട്ടിന്‍കോ. സുഹൃത്തുക്കള്‍ക്കൊപ്പം വെസ്റ്റഡേല്‍ മാളില്‍ ഒരു കറക്കം, ചെറിയ ഷോപ്പിങ്. അതു കഴിഞ്ഞാല്‍ വീട്ടിൽ തിരികെയെത്താമെന്ന് മാതാപിതാക്കള്‍ക്ക് വാക്ക് നല്‍കിയാണ് മിഷേല്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഡ്രൈവിങ് നന്നായി വശമുണ്ടായിരുന്ന മിഷേല്‍ മാതാപിതാക്കളുടെ ബുവേക്ക് ഇലക്ട്ര കാറിലാണ് പുറപ്പെട്ടത്. നിറഞ്ഞ ചിരിയോടെ കൈവീശി യാത്ര പറഞ്ഞ് അവള്‍ ഗേറ്റ് കടന്ന് പോയി.
ക്രിസ്മസിനായി വീട് അലങ്കരിക്കുകയാണ് മിഷേലിന്റെ മാതാപിതാക്കളായ ജാനറ്റും ആല്‍ബര്‍ട്ടും. രാത്രി 10 മണി കഴിഞ്ഞിട്ടും മകളെ കാണാനില്ല. മനസ്സില്‍ അല്‍പ്പം ആശങ്ക തോന്നിയെങ്കിലും സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിക്കുകയാണെന്ന് കരുതി ആല്‍ബര്‍ട്ടും ജാനറ്റും ആശ്വസിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പിറ്റേ ദിവസം രാവിലെ രണ്ടു മണിയായിട്ടും മിഷേലിന്റെ വിവരമൊന്നുമില്ല. പിതാവ് ആല്‍ബര്‍ട്ട് രണ്ട് സുഹൃത്തുക്കളെയും കൂട്ടി മിഷേലിനെ അന്വേഷിച്ച് നഗരത്തിലേക്ക് പുറപ്പെട്ടു. മിഷേലിന്റെ സുഹൃത്തുക്കളോട് വിവരം ചോദിച്ചപ്പോള്‍ അതില്‍ ഏതാനും ചിലര്‍ ഷോപ്പിങ്ങിന് പോകാന്‍ പദ്ധതിയിട്ടിരുന്നുവെന്നും എന്നാല്‍ പിന്നീട് വേണ്ടെന്നുവച്ചുവെന്നും മറുപടി പറഞ്ഞു. ആല്‍ബര്‍ട്ട് ഉടന്‍ തന്നെ മകളെ കാണാതായ വിവരം പോലീസിനെ അറിയിച്ചു. മാളില്‍ മിഷേലിന്റെ പരിയചക്കാന്‍ ജോലി ചെയ്തിരുന്നു. മിഷേല്‍ വന്നത് ഒറ്റയ്ക്കാണെന്നും തങ്ങളോട് സംസാരിച്ചുവെന്നും അവര്‍ പറഞ്ഞു. ഒടുവില്‍ പാര്‍ക്കിങ് ലോട്ടിലെത്തിയ പോലീസ് മിഷേല്‍ ഡ്രൈവ് ചെയ്തിരുന്ന പച്ച നിറത്തിലുള്ള ബുവേക്ക് ഇലക്ട്ര കാര്‍ ഒരു മൂലയില്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ടു. കാറിലെത്തിയ പോലീസ് സ്തബ്ധരായി, ഡ്രൈവറുടെ സീറ്റില്‍ ചേതനയറ്റ മിഷേലിന്റെ ശരീരം ചോരയില്‍ കുളിച്ചു കിടക്കുന്നു. ശരീരമാകെ കുത്തേറ്റതിന്റെ ലക്ഷണം. മുഖത്തും നെഞ്ചത്തുമെല്ലാം കുത്തേറ്റ പാടുകളുണ്ട്. കൈകളില്‍ ആക്രമണത്തെ പ്രതിരോധിച്ചതിന്റെ മുറിവുകള്‍ കാണാം. കാറിന് പുറത്തോ പരിസര പ്രദേശങ്ങളിലോ രക്തം കാണാനില്ല. അതുകൊണ്ടു തന്നെ കാറിനകത്ത് വച്ചു തന്നയാണ് മിഷേലിനെ കൊലപ്പെടുത്തിയത് എന്ന് സ്ഥിരീകരിച്ചു. മോഷണശ്രമമാണെന്ന നിഗമനത്തിലാണ് പോലീസ് ആദ്യമെത്തിയത്.
Also Read
മിഷേലിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് കൊണ്ടുപോയതിന് ശേഷം ഫോറന്‍സിക് വിദഗ്ധര്‍ കാര്‍ വിശദമായി പരിശോധിച്ചു. ഒരു വിരലടയാളം പോലും കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. മാത്രമല്ല, പണമടങ്ങിയ പെഴ്സ് കാറില്‍ നിന്ന് കണ്ടെടുത്തു. അതുകൊണ്ടു തന്നെ അതൊരു മോഷണമല്ല. മിഷേലിന്റെ ദേഹത്ത് എല്ലാ വസ്ത്രങ്ങളുമുണ്ടായിരുന്നതിനാല്‍ ലൈംഗികാതിക്രമണത്തിന് വേണ്ടിയായിരുന്നില്ല കൊലപാതകമെന്ന് പോലീസ് നിഗമനത്തിലെത്തി. 29 കുത്തുകളാണ് മിഷേലിന്റെ ശരീരത്തിലാകെ ഏറ്റിരുന്നത്. വ്യക്തിവൈരാഗ്യം കൊണ്ടുള്ള കൊലപാതകങ്ങളില്‍ മാത്രമേ ഇങ്ങനെ സംഭവിക്കൂ. മിഷേലിനോട് ആര്‍ക്കാണ് ഇത്രയും വൈരാഗ്യം? ഈ ചോദ്യത്തെ ചുറ്റിപ്പറ്റിയാണ് പിന്നീട് പോലീസ് ഓരോ ചുവടും വച്ചത്.

1961 ല്‍ ഐവോയിലെ സീഡോ റാപഡ്സിലായിരുന്നു മിഷേലിന്റെ ജനനം. പഠനത്തിലും നൃത്തത്തിലുമെല്ലാം മികവ് കാണിച്ചിരുന്ന മിഷേല്‍ സ്‌കൂളില്‍ എല്ലാവര്‍ക്കുമറിയുന്ന കുട്ടിയായിരുന്നു. സ്വര്‍ണനിറത്തിലുള്ള തലമുടിയും തിളങ്ങുന്ന കണ്ണുകളും ഭംഗിയുള്ള ചിരിയും മിഷേലിന്റെ സവിശേഷതകളായിരുന്നു. വളരെ സ്റ്റെലിഷായ വസ്ത്രധാരണം മിഷേലിനെ ആള്‍ക്കൂട്ടത്തില്‍ നിന്ന് വേറിട്ട് നിര്‍ത്തി. ഒരുപാട് അടുത്ത സുഹൃത്തുക്കളൊന്നുമില്ലായിരുന്നു മിഷേലിന്. രണ്ടോ മൂന്നോ പ്രണയബന്ധങ്ങളും മിഷേലിന് ഉണ്ടായിട്ടുണ്ട്. സ്‌കൂള്‍ പഠനത്തിനുശേഷം ഐവോയിലെ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ ഇന്റീരിയര്‍ ഡിസൈനിങ് പഠിക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് അക്രമിയുടെ കത്തിയില്‍ മിഷേലിന്റെ ജീവിതം ഒടുങ്ങിയത്.
അന്വേഷണം ആരംഭിച്ച ഘട്ടത്തില്‍ പോലീസിന് ഒട്ടേറെ വിവരങ്ങള്‍ ലഭിച്ചു. മൂന്നൂറിലേറെ ആളുകളാണ് പോലീസുമായി സഹകരിച്ച് പ്രവര്‍ത്തിച്ചത്. സംശയമുള്ളവരെയെല്ലാം പോലീസ് ചോദ്യം ചെയ്തു. മോഷണമല്ലെന്ന നിഗമനത്തിലെത്തിയിട്ടും സ്ഥലത്തെ സ്ഥിരം മോഷ്ടാക്കളെയും പോലീസ് ചോദ്യം ചെയ്യാതെ വെറുതെ വിട്ടില്ല. ഷോപ്പിങ് മാളിലെ ജീവനക്കാരെ ഓരോരുത്തരെയും വിളിച്ച് വിസ്തരിച്ചു. അവരില്‍ പലരും മിഷേലിനെ കണ്ടിട്ടുണ്ട് എന്നല്ലാതെ മറ്റു വിവരങ്ങളൊന്നും ലഭിച്ചില്ല. സംശയം തോന്നിയ പലരെയും നുണപരിശോധന നടത്തിയെങ്കിലും കസ്റ്റഡിയിലെടുക്കുന്നതിന് പര്യാപ്തമായ തെളിവുകളൊന്നും ലഭിച്ചില്ല
അന്വേഷണം മുന്‍കാമുകന്മാരിലേയ്ക്ക്
പ്രണയത്തകര്‍ച്ചയെ പക്വതയോടെ നേരിടാന്‍ എല്ലാവര്‍ക്കും സാധിക്കാറില്ല. ചിലരില്‍ നിരാശയും സങ്കടവും വര്‍ധിച്ച് അത് സ്വയം നാശത്തിലേക്ക് നയിക്കും. മറ്റുചിലരില്‍ കടുത്ത പകയും വിദ്വേഷവും ജനിക്കും. അത് കൊലപാതകങ്ങളില്‍ ചെന്ന് കലാശിക്കാറുണ്ട്. മിഷേലിന്റെ മരണത്തില്‍ ഈ സാധ്യതയിലേക്ക് ഇറങ്ങിച്ചെല്ലാതിരിക്കാന്‍ പോലീസിന് സാധിച്ചില്ല. മിഷേലിന്റെ രണ്ടു പ്രണയബന്ധങ്ങള്‍ പരസ്പരധാരണയോടെ പിരിഞ്ഞതായിരുന്നു. പക്ഷേ മൂന്നാമത്തെ പ്രണയം അങ്ങനെയായിരുന്നില്ല. ഒത്തുപോകാനാകാത്ത സാഹചര്യത്തില്‍ മിഷേല്‍ പിന്‍മാറിപ്പോള്‍ അത് വിവേകത്തോടെ സ്വീകരിക്കാന്‍ കാമുകനായിരുന്ന ആന്‍ഡി തയ്യാറായില്ല. മിഷേലിനെ പിന്തുടരുകയും ചെയ്തുപോയ തെറ്റുകള്‍ക്ക് മാപ്പപേക്ഷിക്കുകയും ചെയ്തു. മിഷേല്‍ തിരിച്ചുവരണമെന്നതായിരുന്നു ആന്‍ഡിയുടെ ആഗ്രഹം. പക്ഷേ അവള്‍ തന്റെ തീരുമാനത്തില്‍ നിന്ന് പിന്‍മാറിയില്ല. ഇതിന്റെ പേരില്‍ ആന്‍ഡിയും മിഷേലുമായി വാക്ക് തര്‍ക്കമുണ്ടായിട്ടുണ്ട്. അതിന് സാക്ഷികളുമുണ്ടായിരുന്നു. ശവസംസ്‌കാരച്ചടങ്ങില്‍ മിഷേലിന്റെ മൃതദേഹത്തിനടുത്തിരുന്ന് ഇയാള്‍ ഭ്രാന്തമായി കരഞ്ഞു. മിഷേല്‍ മരിക്കുന്ന സമയത്ത് എന്നെയല്ലാതെ മറ്റാരെയെങ്കിലും സ്നേഹിച്ചിരുന്നുവോ എന്ന് പിറുപിറുത്ത് അയാള്‍ കരഞ്ഞതും നേരത്തേയുണ്ടായ സംഭവവികാസങ്ങളും ബന്ധുക്കള്‍ക്കിടയിലും സുഹൃത്തുക്കള്‍ക്കിടയിലും സംശയം ജനിപ്പിച്ചു. അവരത് പോലീസിനെ അറിയിക്കുകയും ചെയ്തു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ മിഷേല്‍ കൊല്ലപ്പെട്ട ദിവസം വീട്ടിലുണ്ടായിരുന്നുവെന്നും പുറത്ത് പോയില്ലെന്നും ആന്‍ഡി പറഞ്ഞു. ഇയാളുടെ അമ്മ അത് ശരിവച്ചുവെങ്കിലും പോലീസിന് അത് മുഖവിലയ്ക്ക് എടുക്കാനായില്ല. ആന്‍ഡിയിലേക്ക് നയിക്കുന്ന യാതൊരു തെളിവുകളും കണ്ടെടുക്കാനാകെ വന്നപ്പോള്‍ പോലീസിന് അയാളെ വെറുതേ വിടേണ്ടി വന്നു. ഇയാള്‍ തന്നെയാണ് മിഷേലിനെ കൊന്നതെന്ന് മാതാപിതാക്കളും സഹോദരങ്ങളും ഉറച്ചു വിശ്വസിച്ചു. പക്ഷേ തെളിവുകളില്ലാതെ പോലീസ് ഇരുട്ടില്‍ തപ്പി.

കൊലപാതകം കഴിഞ്ഞ് അഞ്ച് മാസം പിന്നിട്ടിരിക്കുന്നു. അതിനിടെ ഒരു സ്ത്രീ പെട്ടന്ന് പോലീസിനെ സമീപിച്ച് ഒരു കാര്യം വെളിപ്പെടുത്തു. തന്റെ മകള്‍ മിഷേല്‍ കൊല്ലപ്പെട്ട ഷോപ്പിങ് മാളിലാണ് ജോലി ചെയ്യുന്നത്. പാര്‍ക്കിങ് ലോട്ടിലേക്ക് പോകുന്ന വഴി രണ്ടു കാറുകള്‍ രണ്ടു. അതിലൊന്ന് പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച മിഷേലിന്റെ കാറായിരുന്നു. അതിന് സമീപം ഒരു പുരുഷന്‍ നില്‍ക്കുന്നത് കണ്ടു. കൊലപാതകം അറിഞ്ഞതിനുശേഷം ഈ വിവരം പബ്ലിക് സേഫ്റ്റി കമ്മീഷണറെ അറിയിച്ചു. അദ്ദേഹം അത് പോലീസിനെ അറിയിക്കുമെന്നാണ് കരുതിയിത്. മിഷേലിന്റെ കൊലപാതകത്തെക്കുറിച്ച് എന്തെങ്കിലും വിവരമുണ്ടെങ്കില്‍ ജനങ്ങൾ രംഗത്ത് വരണമെന്ന് പറഞ്ഞുകൊണ്ടുള്ള പത്രപരസ്യം കണ്ടത് കൊണ്ടാണ് ഞാനിപ്പോള്‍ പോലീസിനെ ബന്ധപ്പെട്ടത്- അവര്‍ പറഞ്ഞു. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പ്രതിയെന്ന് സംശയിക്കപ്പെടുന്നയാളുടെ രേഖാചിത്രമുണ്ടാക്കി. ഇരുപതുകളില്‍ എത്തിനില്‍ക്കുന്ന വെളുത്ത വര്‍ഗക്കാരനായ യുവാവ്, ആറടി ഉയരം, ബ്രൗണ്‍ നിറത്തിലുള്ള കൃഷണമണികളും മുടിയും. രേഖാചിത്രത്തിന്റെ അടിസ്ഥാനത്തില്‍ നൂറോളം യുവാക്കളെ പോലീസ് ചോദ്യം ചെയ്തുവെങ്കിലും കൊലപാതകവുമായി ഇവര്‍ക്ക് എന്തെങ്കിലും ബന്ധമുണ്ടെന്ന് കണ്ടെത്താന്‍ സാധിച്ചില്ല.
പൊതുജനങ്ങളിലും നിന്നും സര്‍ക്കാരില്‍ നിന്നും മിഷേലിന്റെ കുടുംബത്തില്‍ നിന്നുമെല്ലാം കടുത്ത സമ്മര്‍ദം. പക്ഷേ പോലീസിന് വ്യക്തമായ ഉത്തരം നല്‍കാനോ കുറഞ്ഞത് ഒരാളെ അറസ്റ്റ് ചെയ്യാന്‍ പോലും സാധിക്കുന്നില്ല. ഒടുവില്‍ കോള്‍ഡ് കേസുകളുടെ (തെളിയിക്കാനാകെ വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന കേസുകള്‍) കൂട്ടത്തില്‍ മിഷേലിന്റെ ഫയലും വിശ്രമത്തിലാണ്ടു. എല്ലാവരുടെയും ആവേശം തണുത്തു, മിഷേലിന്റെ കുടുംബത്തിന്റേതൊഴികേ...
സഹപാഠിയും മുൻ ഡിറ്റക്ടീവിന്റെ മകനും വരുമ്പോൾ

വര്‍ഷം 2006, മിഷേല്‍ കൊല്ലപ്പെട്ട് 27 വര്‍ഷങ്ങള്‍ തികയുന്നു, സീഡോ റാപഡ്സിലെ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റൈ തലവനായി ഡിറ്റക്ടീവ് ഡഗ് ലാരിസണ്‍ ചുമതലയേല്‍ക്കുന്നു. മിഷേലിന്റെ കേസ് ഫയല്‍ പൊടി തട്ടിയെടുത്ത് ലാരിസണ്‍ പുനരന്വേഷണം പ്രഖ്യാപിക്കുന്നു. മിഷേലുമായി ബന്ധപ്പെട്ട് ലാരിസണ് ഒരു ഭൂതകാലമുണ്ടായിരുന്നു. ഹൈസ്‌കൂളില്‍ ലാരിസണിന്റെ സഹപാഠിയായിരുന്നു മിഷേല്‍. പരസ്പരം അറിയാമെങ്കിലും മിഷേലുമായി ലാരിസണ് സൗഹൃദമുണ്ടായിരുന്നില്ല. പക്ഷേ മിഷേലിന്റെ മരണം മാനസികമായി ഉലച്ച സഹപാഠികളും ലാരസണുമുണ്ടായിരുന്നു. പോലീസ് ഡിപ്പാര്‍മെന്റില്‍ ജോലിയ്ക്ക് കയറിയ കാലം മിഷേലിന്റെ കേസിന്റൈ ഫയല്‍ എന്നെങ്കിലും തനിക്കു മുന്നില്‍ വന്നുപെട്ടുവെങ്കില്‍ എന്ന് ലാരിസണ്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചിട്ടുണ്ട്. സീഡോ റാപഡ്സിലെ പോലീസ് ചീഫായി ചുമതലയെടുത്തത് മുതല്‍ മിഷേലിന്റെ കൊലപാകതയിലെ കണ്ടെത്തുമെന്ന് മനസ്സിലുറപ്പിച്ചു.
ലാരിസണ് മുന്നില്‍ വെല്ലുവിളികള്‍ ഏറെയാണ്. ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകള്‍ തികയാറായ കേസാണ് മുന്നിലുള്ളത്. അക്കാലത്ത് പോലീസിന് മൊഴിനല്‍കിയ പലരും ഇന്ന് ജീവിച്ചിരിപ്പില്ല.വിരലാടയാളമോ മറ്റു രേഖകളോ ലഭ്യമല്ല. എന്നാല്‍ കേസ് ഫയലില്‍ മറ്റൊരു പ്രധാനപ്പെട്ട വിവരമുണ്ടായിരുന്നു. മിഷേലിന്റ കാറിലെ ഗിയര്‍ ഷിഫ്റ്റില്‍ നിന്ന് കണ്ടെടുത്ത രക്തം സ്‌ക്രാപ്പ് ചെയ്ത് പരിശോധനയ്ക്ക് അയച്ചു കൊടുത്തിരുന്നു. അതില്‍ രണ്ട് ബ്ലഡ് ഗ്രൂപ്പുകളുണ്ടായിരുന്നു. ഒന്ന് മിഷേലിന്റേതാണെന്ന് സ്ഥിരീകരിച്ചിരുന്നു. മറ്റൊന്ന് ഒരു പുരുഷന്റേതായിരുന്നു. അക്കാലത്ത് കുറ്റാന്വേഷണത്തില്‍ ഡി.എന്‍.എ സാങ്കേതികവിദ്യ ഉപയോഗിച്ച് തുടങ്ങിയിട്ടില്ല. അതുകൊണ്ടു തന്നെയാണ് അന്വേഷണം ആ വഴിയ്ക്ക് തിരിയാതിരുന്നത്. കൊലപാകതവുമായി ബന്ധപ്പെട്ട തെളിവുകളെല്ലാം ഭദ്രമായി പോലീസ് സൂക്ഷിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ മിഷേല്‍ കൊല്ലപ്പെട്ട ദിവസം ധരിച്ച വസ്ത്രവുമുണ്ടായിരുന്നു. വിദഗ്ധമായ പരിശോധനയില്‍ നേരത്തേ കണ്ടെത്തിയ അതേ ബ്ലഡ് സാമ്പിള്‍ വസ്ത്രത്തില്‍ നിന്ന് കണ്ടെക്കാനായി. അതില്‍ നിന്ന് ഒരു ഡി.എന്‍.എ പ്രൊഫൈല്‍ വികസിപ്പിച്ചെടുക്കാന്‍ സാധിച്ചു. അങ്ങനെ കേസന്വേഷണം വഴിത്തിരിവിലേക്ക്.
ലാരിസണൊപ്പം ഈ കേസില്‍ പങ്കാളിയായ മറ്റൊരു ഉദ്യോഗസ്ഥനായിരുന്നു മാത്യു ഡെന്‍ലിങ്കര്‍. മിഷേല്‍ കൊല്ലപ്പെടുമ്പോള്‍ ഡെന്‍ലിങ്കറിന് പ്രായം വെറും അഞ്ച് വയസ്സ് മാത്രം. പക്ഷേ മിഷേലിന്റെ കേസുമായി ഇദ്ദേഹത്തിന് ഒരു വലിയ ബന്ധമുണ്ടായിരുന്നു. ഡെന്‍ലിങ്കറിന്റെ പിതാവ് ഹാര്‍വി ഡെന്‍ലിങ്കര്‍ മിഷേലിന്റെ കൊലപാകതം മുതല്‍ അന്വേഷണ സംഘത്തിലെ ഒരു അംഗമായിരുന്നു. കൊലയാളിയെ തേടിയുള്ള പിതാവിന്റെ അലച്ചിലും അദ്ദേഹം അനുഭവിച്ച മാനസിക സംഘര്‍ഷവുമെല്ലാം കണ്ടുവളര്‍ന്ന വ്യക്തിയാണ് ഡെന്‍ലിങ്കര്‍. പോലീസിലെത്തിയ ശേഷം തന്റെ പിതാവിന് വേണ്ടി എന്നെങ്കിലും താന്‍ ഈ കേസ് തെളിയിക്കുമെന്ന് ഡെന്‍ലിങ്കര്‍ മനസ്സിലുറപ്പിച്ചിരുന്നു. അതിനുള്ള അവസരമൊരുങ്ങിയത് ലാരിസണിന്റെ വരവോടു കൂടിയാണ്.
തുടക്കം മുതല്‍ സംശയത്തിന്റെ മുനയില്‍ ജീവിക്കുകയാണ് മിഷേലിന്റെ മുന്‍കാമുകന്‍ ആന്‍ഡി. അയാൾ തന്നെയാണ് പ്രതിയെന്ന് മനസ്സിലുറപ്പിച്ചിരുന്നു. മിഷേലിന്റെ മാതാപിതാക്കളടക്കം. മിഷേലിന്റെ മരണത്തിന് ശേഷം ആന്‍ഡി പഠനവും ജോലിയുമായി ബന്ധപ്പെട്ട് ഐവോയുടെ പുറത്തായിരുന്നു ദീര്‍ഘകാലം ജീവിച്ചത്. കേസിന് വീണ്ടും ജീവിച്ചതോടെ ഡിറ്റക്ടീവുമാരായ ലാരിസണും ഡെന്‍ലിങ്കറും ആന്‍ഡിയെ വീണ്ടും സമീപിക്കുകയാണ്. ചോദ്യമോ ഉത്തരമോ ഇല്ല, പ്രത്യേകിച്ച് മറ്റൊന്നും പറയാനില്ല, ഡിഎന്‍എ ടെസ്റ്റിന് വിധേയനാകണം. ഇത്രയും കാലം തെറ്റിദ്ധരിച്ചവര്‍ക്ക് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാം. ഇത്രയും മാത്രം. ലാരിസണിന്റെയും ഡെന്‍ലിങ്കറിന്റെയും വാക്കുകള്‍ക്ക് മുന്നില്‍ യാതൊരു പതറിച്ചയുമില്ലാതെ ആന്‍ഡി, തയ്യാറാണെന്ന് മറുപടി പറഞ്ഞു. ഡി.എന്‍.എ ടെസ്റ്റിന്റെ ഫലം വന്നപ്പോള്‍ പോലീസിന്റെ പക്കലുള്ളതുമായി ആന്‍ഡിയുടേത് മാച്ച് ചെയ്തില്ല. പതിറ്റാണ്ടുകള്‍ സംശയത്തിന്റെ നിഴലില്‍ ജീവിച്ചശേഷം ആന്‍ഡി കുറ്റവിമുക്തനായി. പക്ഷേ അപ്പോഴേക്കും മിഷേലിന്റെ മാതാപിതാക്കള്‍ മരിച്ചു. മരിക്കുന്നതുവരെ ആന്‍ഡി തന്നെയായിരുന്നു അവരുടെ മനസ്സിലെ കൊലയാളി.
ഡിഎന്‍എ ഫീനോടൈപ്പിങ്
2015 ല്‍ ഈ കേസിന്റെ അന്വേഷണം പൂര്‍ണമായും മാത്യു ഡെന്‍ലിങ്കര്‍ ഏറ്റെടുത്തു. അപ്പോഴേക്കും ഡിഎന്‍എ പ്രൊഫൈലിങ് വളരെ മുന്നേറിയിരുന്നു. ലഭ്യമായ ഡി.എന്‍.എയുടെ അടിസ്ഥാനത്തില്‍ വ്യക്തിയുടെ ശാരീരിക പ്രത്യേകതകള്‍ കണ്ടെത്താന്‍ സാധിക്കുന്ന ഡിഎന്‍എ ഫീനോടൈപ്പിങ് എന്ന സാങ്കേതിക വിദ്യയാണിത്. അതിലൂടെ ലഭിച്ച പ്രതിയുടെ വിവരങ്ങള്‍ ഇങ്ങനെയായിരുന്നു, വെളുത്ത വര്‍ഗത്തില്‍പ്പെട്ട, ചെമ്പന്‍ മുടിയുള്ള, നീലയോ പച്ചയോ കണ്ണുകളുള്ള ഒരു യുവാവ്. തുടര്‍ന്ന് അയാളുടെ അല്‍പ്പം കൂടി മികച്ച പോര്‍ട്രെയ്റ്റ് തയ്യാറാക്കാൻ സാധിച്ചു. വര്‍ത്തമാനകാലത്ത് അയാള്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ ഏകദേശ പ്രായം കണക്കാക്കി വിവിധ ഹെയര്‍സ്‌റ്റൈലുകളുള്ള ചിത്രങ്ങളും തയ്യാറാക്കി. ജീനിയോളജി വെബ്സൈറ്റുകളുടെ സാധ്യത കൂടി പരിശോധിക്കാനായി ജി.ഇ.ഡി മാച്ച് എന്ന വെബ്‌സൈറ്റില്‍ ഡി.എന്‍.എയുടെയും ഡിഎന്‍എ ഫീനോടൈപ്പിങ്ങിന്റെയും വിവരങ്ങള്‍ നല്‍കി.

എന്താണ് ജീനിയോളജി വെബ്‌സൈറ്റുകള്‍
2000 ങ്ങളുടെ തുടക്കത്തിലാണ് ജെനറ്റിക് ജീനിയോളജി വെബ്‌സൈറ്റുകള്‍ ലോകമൊട്ടാകെ ശ്രദ്ധനേടുന്നത്. വ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങള്‍ നിര്‍ണയിക്കുന്നതിനും ജനിതക പൊരുത്തങ്ങള്‍ കണ്ടെത്തുന്നതിനും ഒരാളുടെ വംശപരമ്പര കണ്ടെത്തുന്നതിനുമുള്ള ഡിഎന്‍എ പരിശോധന ഉപയോഗപ്പെടുത്തുന്ന രീതിയാണിത്. തങ്ങളുടെ അകന്ന ബന്ധുക്കളെ കണ്ടെത്തുന്നുന്നതിന് ആളുകള്‍ സ്വമേധായ ഡി.എന്‍.എ പ്രൊഫൈലുകള്‍ ഇവിടെ സമര്‍പ്പിക്കും. സമാനമായ പ്രൊഫൈലുകള്‍ ഇതിലൂടെ കണ്ടെത്താന്‍ സാധിക്കും. താരതമ്യേന ചെലവ് കുറഞ്ഞ മാര്‍ഗമായതിനാല്‍ ഒട്ടേറെയാളുകള്‍ ഈ സാധ്യത ഉപയോഗപ്പെടുത്താന്‍ ആരംഭിച്ചു. അതോടെ ജെനറ്റിക് ജീനിയോളജി വെബ്‌സൈറ്റുകള്‍ കൂടുതല്‍ ജനപ്രിയമാവുകയും ചെയ്തു.

ജിനിയോളജി വെബ്സൈറ്റിൽ വന്ന ഫലമനുസരിച്ച് ഒരു സ്ത്രീയുടെ ഡി.എന്‍.എയുമായി കില്ലറുടെ ഡി.എന്‍.എയ്ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തി. അവരെ കണ്ടെത്തിയതിന് ശേഷം ഫാമിലി ട്രീ (കുടുംബ ശാഖകള്‍) രൂപീകരിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ രൂപീകരിച്ച ഫാമിലി ട്രീകളില്‍ ആകെ ഒരുപാട് അംഗങ്ങളുണ്ടായിരുന്നു. അതില്‍ ഫിനോടൈപ്പിങ്ങില്‍ നിന്ന് ലഭിച്ച ഫലവും പ്രായവുമായി ഒത്തുപോകുന്നവരുടെ പട്ടിക തയ്യറാക്കി. അതില്‍ മൂന്ന് പുരുഷന്‍മാരാണ് അവശേഷിച്ചത്. അതിലൊരാള്‍ ഐവോയില്‍ താമസിച്ചിരുന്ന വ്യക്തിയായിരുന്നു. അയാളെ പിന്തുടര്‍പ്പോള്‍ ലഭിച്ച ഒരു സ്‌ട്രോ, ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയമാക്കി. അങ്ങനെ 27 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം. അയാളായിരുന്നു ജെറി ലിന്‍ ബേണ്‍സ്.
അറസ്റ്റും വിചാരണയും
യാതൊരു ക്രിമിനല്‍ പശ്ചാത്തലവുമില്ലാത്ത ഒരാളായിരുന്നു ജെറി ലിന്‍ ബേണ്‍സ്. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ അയാള്‍ ഒരു വ്യവസായിയായിരുന്നു. ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തോടൊപ്പം നല്ല രീതിയില്‍ ജീവിക്കുന്നു. പ്രാഥമിക ചോദ്യം ചെയ്യലില്‍ അയാള്‍ കുറ്റം നിഷേധിച്ചു. എന്നാല്‍ അറസ്റ്റ് ചെയ്ത് കാറില്‍ കയറ്റിയപ്പോള്‍ ഡിറ്റക്ടീവുമായി നടന്ന സംഭാഷണത്തില്‍ എനിക്കൊന്നും ഓര്‍മയില്ല എന്നായിരുന്നു ബേണ്‍സ് പറഞ്ഞത്. അയാളുടെ ലാപ്ടോപ്പ്, മൊബൈല്‍ ഫോണുകള്‍ എന്നിവ പരിശോധനയ്ക്ക് വിധേയമാക്കി. പോണ്‍ സൈറ്റുകളില്‍ അയാള്‍ ബ്ലോന്‍ഡ് വിമണുകളുമായും (സ്വര്‍ണ നിറത്തിലോ, വെള്ളിനിറത്തിലോ മുടികളുള്ള വെളുത്ത സ്ത്രീകള്‍) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായും ബന്ധപ്പെട്ട വീഡിയോകള്‍ക്ക് വേണ്ടിയുള്ള സെര്‍ച്ചുകള്‍ പതിവായി നടത്തുന്നതായി കണ്ടെത്തി. അവരെ പിഡിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ അടങ്ങിയ അശ്ലീല സിനിമകളാണ് അയാള്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. എന്നിരുന്നാലും വിചാരണവേളയില്‍ ബേണ്‍സിന്റെ ഇന്റര്‍നെറ്റ് ഹിസ്റ്ററി കോടതി തെളിവായി പരിഗണിച്ചില്ല. അന്ന് പ്രതിഭാഗം പ്രധാനമായി മുന്നോട്ട് വച്ച വാദങ്ങള്‍ ഇവയൊക്കെയായിരുന്നു, മിഷേല്‍ ധരിച്ച വസ്ത്രങ്ങള്‍ പോലീസ് സൂക്ഷിച്ചതും കൈകാര്യം ചെയ്തത് നിരുത്തരവാദിത്തപരമായാണ്. ക്രിസ്മസ് സീസണായിരുന്നു. തിരക്കുള്ള മാളില്‍ ഒരാളുടെ ശരീരത്തില്‍ മറ്റൊരാളുടെ ഡി.എന്‍.എ ഉണ്ടാകുന്നത് സ്വാഭാവികമാണ്. പോലീസ് കണ്ടെത്തിയ തെളിവുകള്‍ ബേണ്‍സ് കുറ്റവാളിയാണെന്ന് തെളിയിക്കാന്‍ പര്യാപ്തമല്ല.

പ്രോസിക്യൂഷന്റെ കേസ് ഇങ്ങനെയായിരുന്നു, മാളിന്റെ പാര്‍ക്കിങ്ങില്‍ മിഷേലിനെ തനിയെ കണ്ടപ്പോള്‍ ലൈംഗികമായി ഉപദ്രവിക്കുക എന്നത് തന്നെയായിരുന്നു ബേണ്‍സിന്റെ ഉദ്ദേശം. മിഷേലിന്റെ കാറിന് അരകില്‍ തന്നെ ബേണ്‍സ് സ്വന്തം കാര്‍ നിര്‍ത്തി. മിഷേലിനെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാന്‍ ശ്രമിച്ചു. എന്നാല്‍ തന്റെ ഇംഗിതത്തിന് യാതൊരു കാരണവശാലും ആ പെണ്‍കുട്ടി വഴങ്ങില്ലെന്ന് വന്നപ്പോള്‍ കയ്യില്‍ കരുതിയിരുന്ന മൂര്‍ച്ചയുള്ള കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. മിഷേല്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോള്‍ ബേണ്‍സിന്റെ കൈകളും മുറിഞ്ഞു. കടുത്ത ശൈത്യമായതുകൊണ്ട് ഗ്ലൗസുകള്‍ ധരിച്ചിതിനാലായിരിക്കാം ബേണ്‍സ് വിരലടയാളങ്ങള്‍ അവശേഷിപ്പിക്കാഞ്ഞത്. ആ ദിവസം താന്‍ മാളില്‍ പോയിട്ടേ ഇല്ലെന്നാണ് ബേണ്‍സ് ആദ്യം പോലീസിനോട് പറഞ്ഞത്. ഈ സാഹചര്യത്തില്‍ എങ്ങനെ ഇയാളുടെ ഡി.എന്‍.എ മിഷേലിന്റ വസ്ത്രത്തിലെത്തി. അറസ്റ്റ് ചെയ്യുന്ന സമയത്ത് നിരപരാധിതത്വം ഉറപ്പിച്ച് പറഞ്ഞ ബേണ്‍സ് പിന്നീട് തനിക്ക് ഒന്നും ഓര്‍മയില്ലെന്നാണ് പറഞ്ഞത്. ഇതിനെ സാധൂകരിക്കുന്ന വീഡിയോ ദൃശ്യങ്ങളും പ്രോസിക്യൂഷന്‍ ഹാജരാക്കി (ഇന്ററോഗേഷന്‍ വീഡിയോ). കാറിനുള്ളിലെ ഗിയര്‍ ഷിഫ്റ്റില്‍ എങ്ങിനെ ബേണ്‍സിന്റെ രക്തം വന്നുവെന്നും അതിലെ ഡി.എന്‍.എയും വസ്ത്രത്തിലെ ഡി.എന്‍.എയും എങ്ങനെ മാച്ചായെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഒരു ഘട്ടത്തില്‍ വിചാരണയെ അസാധുവായി പ്രഖ്യാപിക്കണമെന്നും പുതിയ വിചാരണ നടത്തണമെന്നും പ്രതിഭാഗം വാദിച്ചുവെങ്കിലും അതും കോടതി തള്ളിക്കളഞ്ഞു. 2020 ഫെബ്രുവരി 24, മൂന്ന് മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷം ജെറി ലിന്‍ ബേണ്‍സ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. ഏകദേശം ആറ് മാസങ്ങള്‍ തികയാറായപ്പോള്‍ ആഗസ്റ്റ് 7, 2020 നാണ് ശിക്ഷ വിധിച്ചത്. അങ്ങനെ നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം മിഷേല്‍ മാര്‍ട്ടിന്‍കോയുടെ കൊലപാതകത്തിന്റെ അന്വേഷണത്തിന്റെ അവസാനം നീതിപൂര്‍വം അവസാനിച്ചു. പ്രതിയായ ബേണ്‍സിന് പരോളില്ലാതെ ജീവപര്യന്തം ശിക്ഷ.
ഡി.എന്‍.എയുടെ സാന്നിധ്യം പല കൊലപാതക കേസുകളിലും ഇരകള്‍ക്ക് നീതി ലഭിക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. യാതൊരു ഗതിയുമില്ലാതെ അന്വേഷണം വഴിമുട്ടിയ പലകേസുകള്‍ക്കും പുത്തനുണര്‍വ് വന്നത് ഡി.എന്‍.എ സാങ്കേതിക വിദ്യയുടെ സാധ്യത ഉപയോഗിക്കാന്‍ തുടങ്ങിയ ശേഷമാണ്. 1974 മുതല്‍ 1986 വരെയുള്ള കാലഘട്ടത്തില്‍ കാലിഫോര്‍ണിയയിലെ വിവിധ നഗരങ്ങളിലെ ജനങ്ങളെ വിറപ്പിച്ചുകൊണ്ട് അയാള്‍ നരനായാട്ട് നടത്തിയ കുപ്രസിദ്ധ സീരിയല്‍ കില്ലറായ ഗോള്‍ഡന്‍ സ്‌റ്റേറ്റ് കില്ലറെ പിടികൂടുന്നത് നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഡി.എന്‍.എ സാമ്പിളിന്റെ വെളിച്ചത്തിലാണ്.
Content Highlights: michelle martinko killing, investigation, DNA Phenotyping, solved cases, sins and sorrows
Published: 16 Feb 2024, 10:50 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented