21 നവംബര്‍ 2013, മുപ്പത് വര്‍ഷത്തോളം ഒരാളുടെ അടിമയായി പുറംലോകത്തില്‍നിന്ന്‌ അകന്ന്‌ ജീവിച്ച മൂന്ന് സ്ത്രീകളെ സൗത്ത് ലണ്ടനിലെ ലാംബത്തിലെ ഒരു വീട്ടില്‍നിന്ന് മെട്രോപോളിറ്റന്‍ പോലീസ് രക്ഷപ്പെടുത്തുന്നു. അറുപത്തിയൊന്‍പത് വയസ്സുള്ള മലേഷ്യന്‍ വനിതയാണ് അതിലൊരാള്‍. മറ്റൊരാള്‍ നോര്‍ത്തേണ്‍ ഐറിഷ് സ്വദേശിയായ അന്‍പത്തിയേഴുകാരിയും. കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ മുപ്പതുകാരിയായ കാറ്റി മോര്‍ഗന്‍ ഡേവിസ് എന്ന യുവതിയായിരുന്നു മുന്നാമത്തേയാള്‍. പോലീസ് മോചിപ്പിച്ച ആ ദിവസത്തിലാണ് കാറ്റി ആദ്യമായി പുറംലോകത്തോട് ഇടപെടുന്നത്. കാരണം തന്റെ ജനനം മുതല്‍ ഈ മൂന്ന് പതിറ്റാണ്ടുകള്‍ അടിമയായി ജീവിക്കുകയായിരുന്നു കാറ്റി. ആരാണിവരെ അടിമകളാക്കി വച്ചത്? എന്തിന്? എന്തുകൊണ്ട് ഇത്രയും കാലം പുറംലോകം ഇതൊന്നും അറിഞ്ഞില്ല? ഈ ചോദ്യങ്ങളിലേക്ക് കടന്നു ചെല്ലുമ്പോള്‍ നമ്മള്‍ എത്തിച്ചേരുക കൊല്ലം സ്വദേശിയായ  അരവിന്ദന്‍ ബാലകൃഷ്ണന്‍ എന്ന വ്യക്തിയിലേക്കാണ്. തെക്കന്‍ ലണ്ടനിലെ അതിഭയാനകമായ ഒരു കള്‍ട്ടിന്റെ കഥ ചുരുളയിഴുന്നത് കോമ്രേഡ്‌ ബാല എന്നറിയപ്പെടുന്ന ഇയാളുടെ ജീവിതത്തിലൂടെയാണ്.

To advertise here,
placeholder
ലാംബത്തിലെ ബാലയുടെ വീട്ടില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ | Photo: Getty Images

ആരാണ് കോമറേഡ് ബാല?

placeholder
കോമ്രേഡ്‌ ബാല | Photo: Public Domain

കൊല്ലം ജില്ലയിലെ മയ്യനാടായിരുന്നു അരവിന്ദന്‍ ബാലകൃഷ്ണന്റെ ജനനം. പിതാവ് സിംഗപ്പൂരിലെ ബ്രിട്ടീഷ് ആര്‍മിയിലായിരുന്നു ജോലി ചെയ്തിരുന്നത്. പത്താം വയസ്സില്‍ പിതാവിനൊപ്പം കേരളത്തില്‍നിന്ന് സിംഗപ്പൂരിലേക്ക് കുടിയേറി. പിന്നീടങ്ങോട്ട് 1963 വരെ സിംഗപ്പൂരില്‍ തന്നെയായിരുന്നു ബാലകൃഷ്ണന്റെ ജീവിതം. റാഫിള്‍സ് ഇന്‍സ്റ്റിറ്റിയൂഷന്‍, യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂര്‍ എന്നിവിടങ്ങളിലായിരുന്നു പഠനം. വായനയില്‍ തല്‍പ്പരമായ ബാല കൗമാരകാലം മുതല്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായിരുന്നു. എന്നാല്‍, ആശയവും പ്രവര്‍ത്തനങ്ങളുമായി സിംഗപ്പൂരില്‍ തുടര്‍ന്നാല്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഭയന്ന ബാല യു.കെ. ഒരു ഫാസ്റ്റിസ്റ്റ് രാജ്യമാണെന്ന് ഉറച്ചു വിശ്വസിച്ചിരുന്നിട്ടും ലണ്ടനിലേയ്ക്ക് കുടിയേറുന്നു. 1948 മുതല്‍ 1960 വരെയുള്ള കാലഘട്ടത്തിലെ സിംഗപ്പൂരില്‍ നടന്ന ബ്രിട്ടീഷ് വിരുദ്ധ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ബാലകൃഷ്ണന്‍ യു.കെ. ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകനായത്.  1963-ല്‍ ലണ്ടനിലെത്തിയ, പഠനത്തില്‍ സമര്‍ഥനായ ബാലകൃഷ്ണന്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്ണോമിക്സില്‍ പഠനം പൂര്‍ത്തിയാക്കുന്നു. ലണ്ടനില്‍ പൗരത്വമുണ്ടായിരുന്ന ചന്ദാ പാറ്റിനി എന്ന യുവതിയെ വിവാഹം കഴിക്കുന്നു. 

placeholder
ചന്ദാ പാറ്റിനി | Photo: Getty Images

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇംഗ്ലണ്ടില്‍നിന്ന് പുറത്താക്കപ്പെടുന്ന ബാല

ലണ്ടനിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ സജീവമായിരുന്നു ബാലകൃഷ്ണന്‍. അവര്‍ നടത്തുന്ന പ്രകടനങ്ങളിലും പ്രതിഷേധങ്ങളിലുമെല്ലാം മാവോ സേ ദുങിന്റെ പോസ്റ്ററുമായി ഇയാള്‍ പങ്കെടുക്കാനെത്തുമായിരുന്നു. എന്നാല്‍ 1974-ല്‍ ബാലയെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇംഗ്ലണ്ട് പുറത്താക്കി. പാര്‍ട്ടിക്കും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിനുമെതിരെ അപവാദങ്ങള്‍ പ്രചരിപ്പിച്ചതിനും ഫാസ്റ്റിസ്റ്റ് മനോഭാവത്തോടെ പെരുമാറിയതിനും പാര്‍ട്ടിയുടെ അച്ചടക്കം ലംഘിച്ചതിനുമായിരുന്നു ബാലയ്ക്കെതിരേയുള്ള നടപടി. ഇതില്‍ പ്രകോപിതനായ ബാല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇംഗ്ലണ്ടിനെ സാമ്രാജ്യത്വത്തിന്റെ ഏജന്റുകള്‍ എന്നാക്ഷേപിച്ചുകൊണ്ട് സ്വന്തം നിലയില്‍ ബുള്ളറ്റിനുകള്‍ പ്രസിദ്ധീകരിച്ചു. 1976-ലാണ് ബാല വര്‍ക്കേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാര്‍ക്സിസം ലെനിനിസം മാവോ സെ ദുങ് തോട്ട് എന്ന പേരില്‍ ഒരു കൂട്ടായ്മ ബ്രിക്‌സ്റ്റണില്‍ രൂപീകരിക്കുന്നത്. ഇതിന് തൊട്ടുപിന്നാലെ അന്നത്തെ പ്രധാനമന്ത്രി ലി ക്വാന്‍ യൂവിന്റെ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ബാലയടക്കം ഒരു കൂട്ടമാളുകളുടെ പൗരത്വം സിംഗപ്പൂര്‍ സര്‍ക്കാര്‍ റദ്ദാക്കുകയും ചെയ്തു 

placeholder

ബാലയുടെ സൗഹൃദവലയത്തിലുണ്ടായിരുന്ന ജനാധിപത്യമൂല്യങ്ങളില്‍ വിശ്വസിച്ചിരുന്ന കമ്മ്യൂണിസ്റ്റ് ചിന്തകര്‍ ഈ പ്രസ്ഥാനത്തില്‍നിന്ന് അകലം പാലിച്ചിരുന്നു. ആദ്യഘട്ടത്തില്‍ പതിമൂന്ന്‌ അംഗങ്ങളാണ് ഈ കൂട്ടായ്മയില്‍ ഉണ്ടായിരുന്നത്. ബ്രിട്ടണിലെ ഫാസിസ്റ്റ് സര്‍ക്കാറിനെ വിപ്ലവത്തിലൂടെ അട്ടിമറിച്ച്, ഭരണം പിടിക്കുന്നതുവരെ താന്‍ വിശ്രമിക്കില്ലെന്നാണ് ബാല അനുയായികളോട് പറഞ്ഞത്. 1978-ലാണ്  വര്‍ക്കേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാര്‍ക്സിസം ലെനിനിസം മാവോ സെ ദുങ് തോട്ട് പോലീസിന്റെ റഡാറില്‍ വരുന്നത്. ലഹരിമരുന്ന് ഇടപാടിന്റെ പേരില്‍ പാര്‍ട്ടിയുടെ കേന്ദ്രത്തില്‍ റെയ്ഡു നടന്നുവെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ റെയ്ഡിനിടെ പോലീസിനെ അക്രമിച്ചതിന്റെ പേരില്‍ ബാലയടക്കം ഒന്‍പത് പേര്‍ അറസ്റ്റിലായി. കുറച്ച് ആഴ്ചകള്‍ അവര്‍ ജയിലില്‍ കിടക്കുകയും ചെയ്തു.

ജയിലില്‍നിന്ന് ഇറങ്ങിയതിന് ശേഷം പലരും പാര്‍ട്ടി വിട്ടുപോയി. ഇനി പൊതുരംഗത്ത് നില്‍ക്കുന്നത് അപകടം വരുത്തിവയ്ക്കുമെന്ന് മനസ്സിലാക്കിയ ബാല തന്റെ പ്രവര്‍ത്തനങ്ങള്‍ അണ്ടര്‍ഗ്രൗണ്ടില്‍ തുടരാന്‍ തീരുമാനിക്കുന്നത് അതിന് ശേഷമാണ്. ഏഴ് വനിതകളാണ് അന്ന് ബാലയ്ക്കൊപ്പം ഉണ്ടായിരുന്നത്. എല്ലാവരും ഒരുമിച്ചായിരുന്നു താമസം. സ്ഥിരമായി ഒരിടത്ത് താമസിയ്ക്കുന്ന പതിവ് ബാലയ്ക്കും സംഘത്തിനും ഇല്ലായിരുന്നു. താമസസ്ഥലങ്ങള്‍ ഇടയ്ക്കിടെ മാറികൊണ്ടേയിരുന്നു. കൂട്ടായ്മ നിലനിന്നുപോകുന്നതിനുള്ള ചെലവിനായി ചില അംഗങ്ങളെ  ജോലിയ്ക്ക് പറഞ്ഞുവിട്ടു. ബാക്കിയുള്ളവര്‍ മുഴുവന്‍ സമയവും 'വിപ്ലവ പ്രവര്‍ത്തനങ്ങളില്‍' മുഴുകി. തങ്ങളുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ അറിയാതിരിക്കാന്‍ പുറംലോകവുമായി പരമാവധി അകലം പാലിക്കാന്‍ ബാല അനുയായികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈ ലോകം സുരക്ഷിതമല്ലെന്ന് ചിന്ത ഇയാള്‍ അവരുടെ മനസ്സില്‍ അടിച്ചേല്‍പ്പിച്ചുകൊണ്ടേയിരുന്നു. 

ജാക്കി (JACKIE) എന്ന കള്‍ട്ടിന്റെ പിറവി

placeholder
ബാലയും അനുയായികളും | Photograph: Metropolitan Police

ഒരു കള്‍ട്ട് തലവനിലേക്കുള്ള ബാലയുടെ പരിണാമം പൂര്‍ണതയിലെത്തിയത് ജാക്കി എന്ന പേരില്‍ ഒരു മതം സ്ഥാപിച്ചതിലൂടെയായിരുന്നു. യഹോവ, അള്ളാഹു, ക്രിസ്തു, കൃഷ്ണന്‍, ഇമ്മോര്‍ട്ടല്‍ ഈശ്വരന്‍ തുടങ്ങിയവയുടെ ആദ്യാക്ഷരത്തില്‍നിന്നാണ് ജാക്കി എന്ന പേര് രൂപീകരിച്ചത്. ഈ ലോകത്തിലെ എല്ലാം നിയന്ത്രണവും തന്റെ കൈകളിലാണെന്ന് ബാല അനുയായികളെ വിശ്വസിപ്പിച്ചിരുന്നത്. സൂര്യന്‍, ചന്ദ്രന്‍, കാറ്റ് ഇവയുടെയെല്ലാം കടിഞ്ഞാണ് തന്റെ കൈവശമാണ്.  ഈ ലോകത്തെ ഏത് സര്‍ക്കാറിനെയും അട്ടിമറിക്കാനും പാരിസ്ഥിതിക ദുരന്തങ്ങള്‍ സൃഷ്ടിക്കാനും തനിക്ക് സാധിക്കും. എന്തിന്, ആര്, എപ്പോള്‍ ജനിക്കണമെന്നും മരിക്കണമെന്നും തനിക്ക് തീരുമാനിക്കാന്‍ സാധിക്കും. ഇതൊക്കെയായിരുന്നു ബാലയുടെ അവകാശവാദങ്ങള്‍. 

ലൈംഗിക പീഡനം ലഹരിയാക്കിയ ബാല

placeholder
സിയാന്‍ ഡേവിസ്

1979 മുതലാണ് ബാല തന്റെ അനുയികളെ ലൈംഗികമായി ഉപദ്രവിക്കാന്‍ തുടങ്ങിയത് അതിക്രൂരമായിരുന്നു അയാളുടെ രീതികള്‍. ലൈംഗികബന്ധത്തിനിടെ അടിക്കുകയും ശ്വാസം മുട്ടിക്കുകയും ചെയ്യും. തന്റെ ശുക്ലം അമൂല്യമാണെന്നും ഒരുപാട് ഔഷധഗുണങ്ങളുണ്ടെന്ന് പറഞ്ഞ് ബലപ്രയോഗത്തിലൂടെ അനുയായികളെ അത് കുടിപ്പിക്കുമായിരുന്നു. 

ബാലയുടെ ഇരകളില്‍ എടുത്ത് പറയേണ്ടത് സിയാന്‍ ഡേവിസ്, കാറ്റി മോര്‍ഗന്‍ ഡേവിസ് എന്ന രണ്ടു വ്യക്തികളെക്കുറിച്ചാണ്. ബാലയ്ക്ക് സിയാന്‍ ഡേവിസിൽ പിറന്ന മകളാണ് കാറ്റി. 1980-ലാണ് സിയാന്‍ ഡേവിസ് ബാലയുടെ കള്‍ട്ടില്‍ അംഗമാകുന്നത്. 1983-ലാണ് സിയാന്‍ കാറ്റിക്കു ജന്മം നല്‍കുന്നത്. എന്നാല്‍, ബാലയും സിയാനും തന്റെ മാതാപിതാക്കളാണെന്ന് കാറ്റിക്കറിയുമായിരുന്നില്ല. താന്‍ അനാഥയാണെന്നും ബാലയും അനുയായികളും തന്നെ എടുത്ത് വളര്‍ത്തിയതാണെന്നും അവര്‍ വിശ്വസിച്ചു പോന്നു.

ഓര്‍മവച്ച കാലം മുതല്‍ സിയാനെ  ബാല ക്രൂരമായി പീഡിപ്പിക്കുന്നതിന് കാറ്റി ദൃക്സാക്ഷിയായിരുന്നു. ഒരിക്കല്‍ കള്‍ട്ടില്‍നിന്ന് ഓടിരക്ഷപ്പെടാന്‍ നോക്കിയ സിയാനെ ബാലയും മറ്റുള്ളവരും ചേര്‍ന്ന് പിടികൂടി കെട്ടിയിട്ട് ബോധംകെട്ടു വീഴുന്നതു വരെ മര്‍ദ്ദിച്ചുവെന്ന് കാറ്റി ഓര്‍ക്കുന്നു. കുറച്ച് നാളുകള്‍ക്ക് ശേഷം സിയാന് വീടിന്റെ മുകള്‍ നിലയില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേല്‍ക്കുന്നു. ആശുപത്രിയില്‍ ചികിത്സ തേടിയതിനാല്‍ രക്ഷപ്പെട്ടുവെങ്കിലും മാനസികമായി സിയാന്‍ പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലെത്തി.

ആശുപത്രി വിട്ട സിയാന്‍ ക്രമേണ കോമയിലേക്കു പോവുകയും എട്ടു മാസത്തിനുള്ളില്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. സിയാന്‍ ഇന്ത്യയിലേക്ക് പോയിരിക്കുകയാണെന്നാണ് ഇവരെക്കുറിച്ച് ചോദിച്ചവരോടെല്ലാം ബാല പറഞ്ഞത്. കള്‍ട്ടിനുള്ളില്‍ ജനിച്ച കാറ്റിക്കു പുറംലോകവുമായി ബന്ധമുണ്ടായിരുന്നില്ല. സ്‌കൂളില്‍ പോകാത്ത കാറ്റിയെ എഴുതാനും വായിക്കാനും പഠിപ്പിച്ചത് ബാലയുടെ അനുയായികള്‍ തന്നെയായിരുന്നു.

ഭയമായിരുന്നു എന്നെ നിയന്ത്രിച്ചിരുന്നത്. വളരെ അപൂര്‍വ്വമായാണ് ഞാന്‍ പുറത്ത് പോയിരുന്നത്. അതും ഒറ്റയ്ക്കല്ല, അവിടുത്തെ സ്ത്രീകള്‍ ആരെങ്കിലും എല്ലായ്പ്പോഴും ഒപ്പമുണ്ടായിരിക്കും. പുറത്തേക്ക് ഇറങ്ങിയാലും ആരോടും സംസാരിക്കാന്‍ പാടില്ല. പുറംലോകവുമായി ഒരു ബന്ധവും ഇല്ലായിരുന്നു. എന്റെ പ്രായത്തിലുള്ള കുട്ടികള്‍ മാതാപിതാക്കള്‍ക്കൊപ്പം സന്തോഷത്തോടെ സമയം ചെലവിടുന്ന കാഴ്ച ഞാന്‍ കാണുമ്പോള്‍ എനിക്ക് സങ്കടം തോന്നാറുണ്ടായിരുന്നു. എന്റെ മാതാപിതാക്കള്‍ ആരാണെന്ന ചോദ്യത്തിന് താന്‍ അനാഥയാണെന്ന മറുപടിയാണ് ലഭിച്ചുകൊണ്ടിരുന്നത്. സിയാന്‍ മരിക്കുന്നത് വരെ അവര്‍ എന്റെ അമ്മയാണെന്ന് അറിയുമായിരുന്നില്ല. അവര്‍ ജീവിച്ചിരുന്നപ്പോള്‍ എന്നോട് മോശമായാണ് പെരുമാറിയിരുന്നത്. എന്റെ എല്ലാ പ്രവൃത്തികളും നിരീക്ഷിച്ച് ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്തുവെന്ന് തോന്നിയാല്‍ ഒറ്റിക്കൊടുക്കുമായിരുന്നു. സിയാനും കടുത്ത പീഡനത്തിന് ഇരയാകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

placeholder
കാറ്റി മോര്‍ഗന്‍ ഡേവിസ് | Photo: BBC documentry |https://www.youtube.com/watch?v=eFPKllrXYBE

കള്‍ട്ടില്‍നിന്ന് പുറത്ത് പോയാല്‍ മരണമായിരിക്കും ഫലമെന്ന് ബാല എല്ലായ്‌പ്പോഴും ഭീഷണിപ്പെടുത്തി കൊണ്ടേയിരുന്നു. ഒരിക്കല്‍ രക്ഷപ്പെട്ട് പുറത്ത് പോകുന്നതില്‍ ഞാന്‍ വിജയിച്ചു. പക്ഷേ ഭയംമൂലം മനസ്സുമാറിയ ഞാന്‍ വീണ്ടും അവിടേയ്ക്കു തന്നെ തിരികെപ്പോയി. പിന്നീട് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യഥാര്‍ഥത്തില്‍ രക്ഷപ്പെട്ട് പുറത്ത് പോകാനായത്- ബി.ബി.സിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കാറ്റി പറഞ്ഞത് ഇങ്ങനെയായിരുന്നു.

ഒരു ഫോണ്‍കോള്‍, അതിസാഹസികമായ രക്ഷപ്പെടല്‍

2013 ഒക്ടോബര്‍ മാസത്തില്‍ സന്നദ്ധ സംഘടനയായ ഫ്രീഡം ചാരിറ്റിയിലേക്ക് ഒരു സ്ത്രീയുടെ ഫോണ്‍ കോള്‍ വരുന്നു. നിര്‍ബന്ധിത വിവാഹത്തിനെതിരേയുള്ള ഒരു ഡോക്യുമെന്ററി ഐ.ടി.വി. എന്ന ടെലിവിഷന്‍ ചാനലില്‍ സംപ്രേഷണം ചെയ്തതിന് ശേഷമായിരുന്നു ആ സംഭവം. ഫ്രീഡം ചാരിറ്റിയുടെ സ്ഥാപകയായ അനിറ്റ പ്രേമിന്റെ അഭിമുഖം ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കൂടാതെ ഹെല്‍പ്പ്‌ലൈന്‍ നമ്പറും അതില്‍ രേഖപ്പെടുത്തിയിരുന്നു. അതു കണ്ടതുകൊണ്ടാണ് വിളിച്ചതെന്ന് ആ സ്ത്രീ അനീറ്റയോട് പറഞ്ഞു. പിന്നീട് അവര്‍ പറഞ്ഞത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളായിരുന്നു.

മുപ്പത് വര്‍ഷമായി താനടക്കമുള്ള മൂന്ന് സ്ത്രീകള്‍ ഒരു കള്‍ട്ടിന്റെ ഭാഗമായി അടിമകളാക്കപ്പെട്ട് ജീവിക്കുകയാണെന്നും രക്ഷിക്കണമെന്നുമാണ് അവര്‍ പറഞ്ഞത്. ഈ വിവരം അനീറ്റ പ്രേം ഉടനെ തന്നെ പോലീസിനെ വിളിച്ച് അറിയിച്ചു. തുടര്‍ന്നാണ് ബാലയും ഭാര്യ ചന്ദ്രയും അറസ്റ്റിലാകുന്നത്. കാറ്റി ഡേവിസ്, ഐഷ വഹാബ്, ജോസഫൈന്‍ ഹെരിവേല്‍ എന്നിവരെ പോലീസ് മോചിപ്പിക്കുകയും ചെയ്തു. ജോസഫൈന്‍ ഹെരിവേല്‍ ആണ് ഫ്രീഡം ചാരിറ്റിയുമായി ബന്ധപ്പെട്ടത്. കാറ്റിക്കു അപകടമാം വിധത്തില്‍ ഭാരം കുറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു ജോസഫൈന്‍ അങ്ങനെയൊരു നീക്കം നടത്തിയത്. യാതൊരു കാരണവശാലും ചികിത്സ തേടരുത് എന്ന് ബാല കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. കാറ്റിക്കു ചികിത്സ ഉറപ്പാക്കാനാണ് താന്‍ ഈ സാഹസത്തിന് മുതിര്‍ന്നതെന്ന് ജോസഫൈന്‍ പോലീസിനോട് പറഞ്ഞു. 

placeholder
അനീറ്റ പ്രേം

അറസ്റ്റിന് ശേഷമാണ് കോമറേഡ് ബാലയുടെ കഥ വലിയ കോളിളക്കം സൃഷ്ടിച്ചു. കള്‍ട്ട് തുടങ്ങിയ കാലം മുതല്‍ ഏതാണ്ട് പതിമൂന്നോളം വീടുകളിലാണ് ബാലയും അനുയായികളും മാറി മാറി താമസിച്ചത്. ഒരാള്‍ക്ക് പോലും ഇവരുടെ പെരുമാറ്റത്തില്‍ ദുരൂഹത തോന്നാതിരുന്നത് എന്തുകൊണ്ടാണെന്ന് ചോദ്യത്തിന് ഇന്നും ഉത്തരമില്ല.

നാടകീയമായ വിചാരണ, ഒടുവില്‍ 23 വര്‍ഷത്തെ തടവ്

placeholder
കോമ്രേഡ്‌ ബാല വിചാരണ വേളയില്‍ | Photo: Getty Images

ഏതാണ്ട് ഒരു വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷമാണ് ബാലയും ചന്ദ പാറ്റിനിയും ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത്. ചന്ദ പാറ്റ്‌നിയ്‌ക്കെതിരേയുള്ള നടപടിയ്ക്ക് ആവശ്യത്തിനുള്ള തെളിവുകള്‍ ഇല്ലായിരുന്നു. 2015 നവംബര്‍ 11-നാണ്‌ കേസിന്റെ വിചാരണ ആരംഭിക്കുന്നത്. വളരെ വിചിത്രമായ വാദങ്ങളാണ് ബാല കോടതിയില്‍ ഉന്നയിച്ചത്. തന്റെ നേതൃത്വത്തോടുള്ള സര്‍ക്കാറിന്റെ വെല്ലുവിളി 1986-ലെ സ്പേസ് ഷട്ടില്‍ ചലഞ്ചര്‍ ദുരന്തത്തില്‍ കലാശിച്ചു. മാത്രവുമല്ല, ഒരു മലേഷ്യന്‍ പ്രധാനമന്ത്രിയുടെ മരണത്തിലും ലണ്ടനിലെ ലേബര്‍ പാര്‍ട്ടിയുടെ സാരഥ്യത്തിലേക്ക് ജെറമി കോര്‍ബനെ തിരഞ്ഞെടുത്തതിനും പിറകില്‍ 'ജാക്കി'യാണെന്ന് ബാല അവകാശപ്പെട്ടു.

ബാലയ്‌ക്കെതിരേ ശക്തമായ തെളിവുകളുണ്ടായിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു അയാളുടെ രക്തത്തില്‍ പിറന്ന കാറ്റിയുടെ മൊഴി. ജനിച്ചനാള്‍ മുതല്‍ മുപ്പത് വയസ്സുവരെ താന്‍ അനുഭവിച്ച പീഡനങ്ങള്‍ കാറ്റി വിശദീകരിച്ചപ്പോള്‍ വിചാരണയില്‍ പങ്കെടുത്തവര്‍ വികാരാധീനരായി. ഇത്രയും കാലം അതിഗുരുതരമായ കുറ്റം ചെയ്തുപോന്നിട്ടും ഇന്നും നിങ്ങള്‍ക്ക് കുറ്റബോധമില്ല. സ്വന്തം മകളെ ഒരു പരീക്ഷണവസ്തുവായി ഉപയോഗിച്ചു. ശാരീരികവും മാനസികവുമായി പീഡിപ്പിക്കാന്‍ പറ്റുന്നതിന്റെ പരമാവധി ആ പെണ്‍കുട്ടിയോട് നിങ്ങള്‍ ചെയ്തു. നിങ്ങള്‍ ഒരു ദയയില്ലാത്ത മനുഷ്യനാണെന്ന് തെളിഞ്ഞിരിക്കുന്നു എന്നാണ് ജഡ്ജ് ഡെബോറ ടെയ്‌ലര്‍ ബാലയോട് പറഞ്ഞത്.

ബാലയ്ക്ക് ഗുരുതരമായ നാര്‍സിസിസ്റ്റിക് പേഴ്‌സണാലിറ്റി ഡിസോഡര്‍ ഉണ്ടെന്ന് പരിശോധിച്ച മനഃശാസ്ത്രജ്ഞരും റിപ്പോര്‍ട്ട് നല്‍കി. ബലാത്സംഗം, ശാരീരിക പീഡനം, അനധികൃതമായി തടങ്കലില്‍ വയ്ക്കല്‍, ബാലപീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തപ്പെട്ട് 2016 ജനുവരി 29-ന് ബാലയ്ക്ക് 23 വര്‍ഷം തടവ് നല്‍കികൊണ്ടുള്ള വിധി വന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ എട്ടിന്‌ ബാല വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ജയിലില്‍ മരിച്ചു. 

placeholder
ജോസഫൈന്‍ ഹെരിവേല്‍

കള്‍ട്ടില്‍നിന്ന് രക്ഷപ്പെടുന്നതിന് ഫ്രീഡം ചാരിറ്റിയുമായി ബന്ധപ്പെട്ട് നേതൃത്വം നല്‍കിയ ജോസഫൈന്‍ ഹെരിവേല്‍ പിന്നീട് ബാലയെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ബാലയെ പോലീസ് കുടുക്കിയതാണ്. നാല്‍പ്പതോളം വര്‍ഷമായി എനിക്ക് അദ്ദേഹത്തെ അറിയാം. അദ്ദേഹം നല്ല മനുഷ്യനാണ്. മറ്റുള്ളവരുടെ കാര്യത്തില്‍ വലിയ കരുതലായിരുന്നു. ബാലയുടെ മകള്‍ പറഞ്ഞതെല്ലാം അസത്യമാണ്- ഇതായിരുന്നു ജോസഫൈന്റെ വാദം. 

താന്‍ കടന്നുപോയ അതിപൈശാചികമായ ജീവിതാനുഭവങ്ങളെക്കുറിച്ച് കാറ്റി പിന്നീട് കേജ്ഡ് ബേര്‍ഡ്, ഫോര്‍ 30 ഇയേഴ്‌സ് ഐ വാസ് കെപ്റ്റ് ഹിഡന്‍ ഫ്രം ദ വേള്‍ഡ്, ദ ഗേള്‍ ഇന്ഡ ദ ഷാഡോ; മൈ ലൈഫ് ഇന്‍ എ കള്‍ട്ട് എന്നിങ്ങനെ രണ്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. വെസ്റ്റ് യോക്ക്‌ഷെയറിലെ ലീഡ്‌സ് കോളേജില്‍ വിദ്യാര്‍ഥിയാണ് കാറ്റിയിപ്പോള്‍. സ്വാതന്ത്ര്യത്തിന്റെ ഓരോ നിമിഷവും ആസ്വദിക്കുകയാണെന്നാണ് കാറ്റി പറയുന്നത്. തന്റെ ജീവിതം അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് പ്രചോദനമായേക്കും. തന്നെപ്പോലെ ഇരകളായവര്‍ക്ക് കൈത്താങ്ങാകാന്‍ തനിക്ക് കഴിയുമെങ്കില്‍ അതില്‍പ്പരം ഒന്നും നേടാനില്ല- പുതിയ ജീവിതത്തെക്കുറിച്ച് കാറ്റി പറയുന്നത് ഇങ്ങനെയാണ്.