
ഫെയ്സ്ബുക്കിലെ ഒരു ഫ്രണ്ട് റിക്വസ്റ്റ്.. അതായിരുന്നു എല്ലാറ്റിന്റെയും തുടക്കം. കീരത് അസി എന്ന യുവതിയുടെ ജീവിതം കീഴ്മേല്‍ മറിയുന്നത് അവിടെ നിന്നാണ്. ഫെയ്സ്ബുക്കിലെ സൗഹൃദം പിന്നീട് പ്രണയമായി... എന്നാൽ, താന്‍ സ്നേഹിക്കുന്ന വ്യക്തിയെ ഒന്ന് നേരില്‍ കാണാന്‍ അവര്‍ക്ക് കാത്തിരിക്കേണ്ടി വന്നത് പത്ത് വര്‍ഷങ്ങളാണ്. ഒടുവില്‍ ഒരു സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങളാണ് കീരതിന്റെ ജീവിതത്തില്‍ അരങ്ങേറിയത്.
ലണ്ടനിലാണ് കഥ നടക്കുന്നത്. ബ്രൈറ്റണിലെ ഒരു പബ്ബില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവിടുകയായിരുന്നു 29 കാരിയായ കീരത്. പാട്ടും നൃത്തവുമൊക്കെയായി എല്ലാവരും ആഘോഷത്തിലാണ്. അതിനിടെയാണ് പബ്ബിന്റെ പ്രധാനകവാടത്തിലൂടെ ഒരാള്‍ പ്രവേശിക്കുന്നത് കീരതിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഏയ്... ഇയാളെ എനിക്ക് അറിയാമല്ലോ, ഇത് ബോബിയല്ലേ.. കഴിഞ്ഞ അഞ്ചു മാസമായി ഫെയ്സ്ബുക്കില്‍ തന്നോട് സംസാരിക്കുന്ന ബോബി. മാസങ്ങള്‍ക്ക് മുന്‍പാണ് കീരതിന് ബോബിയുടെ ഫ്രണ്ട് റിക്വസ്റ്റ് ലഭിക്കുന്നത്. ബന്ധുവായ സിമ്രാൻ ബോഗലിന്റെ മുന്‍കാമുകന്‍ ജെജെയുടെ സഹോദരനാണ് ബോബി. സിമ്രാനില്‍ നിന്നാണ് ബോബിയെക്കുറിച്ച് കീരത് അറിയുന്നത്. അയാളൊരു കാര്‍ഡിയോളജിസ്റ്റാണ്. ഫെയ്സ്ബുക്കില്‍ സുഹൃത്തുക്കളായതിനുശേഷം ബോബിയുമായി ഒരുപാട് സമയം ഓണ്‍ലൈനില്‍ ചെലഴവഴിക്കാറുണ്ട് കീരത്. എന്തും തുറന്ന് പറയാനുള്ള ഒരു അടുപ്പം അയാളുമായി കീരതിനുണ്ടായിരുന്നു. എന്താ ഇവിടെ, ഞാന്‍ കീരത് ആണ് എന്ന് പറഞ്ഞ് അവര്‍ ബോബിയുടെ അരികിലേക്ക് ഓടിച്ചെന്നു. എന്നാല്‍ കീരത് പ്രതീക്ഷിച്ചത് പോലെയായിരുന്നില്ല ബോബിയുടെ പ്രതികരണം. ഹായ് എന്ന് പറഞ്ഞുവെങ്കിലും ഒന്നും മനസ്സിലാകാത്തപോലെ അയാള്‍ അല്‍പ്പനേരം മിഴിച്ചു നിന്നു. ഏതാനും സെക്കന്റുകള്‍ മാത്രം നീണ്ട സംഭാഷണത്തിനുശേഷം കീരത് സുഹൃത്തുക്കള്‍ക്കരികിലേക്ക് നടന്നു. ബോബി എന്തുകൊണ്ട് നേരില്‍ കണ്ടപ്പോള്‍ തന്നോട് അടുപ്പം കാണിക്കുന്നില്ല എന്ന ചോദ്യം കീരതിനെ വല്ലാതെ അലട്ടി. ചിലപ്പോള്‍ മദ്യപിച്ചത് കൊണ്ടായിരിക്കാം. അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണമായിരിക്കാം. നൂറ് ന്യായങ്ങള്‍ നിരത്തി ആശ്വസിക്കാന്‍ ശ്രമിച്ചിട്ടും കീരതിന്റെ മനസ്സിനെ ബോബിയുടെ പെരുമാറ്റം അലട്ടിക്കൊണ്ടേയിരുന്നു.

കെനിയയില്‍ നിന്ന് ലണ്ടനിലേക്ക് കുടിയേറിയ ഒരു സിഖ് കുടുംബത്തിലാണ് കീരതിന്റെ ജനനം. കീരതിന്റെ മാതാപിതാക്കളുടെ കുടുംബവേരുകള്‍ ഇന്ത്യയിലാണ്. ദേശി റേഡിയോ എന്ന പഞ്ചാബി റേഡിയോ സ്റ്റേഷനിലെ ജോക്കിയായ കീരതിന് വലിയ സൗഹൃദവലയമുണ്ട്. പ്രായം ഇരുപതുകളുടെ അവസാനത്തിലെത്തിയപ്പോള്‍ തനിക്ക് ചേര്‍ന്നൊരു ജീവിതപങ്കാളിയെ കണ്ടെത്തി കുടുംബവും കുട്ടികളുമായി ജീവിക്കാനുമുള്ള ആഗ്രഹം കീരതിന്റെ മനസ്സില്‍ ഉടലെടുത്തു. ഒരു പ്രണയമുണ്ടായിരുന്നുവെങ്കിലും അത് തകര്‍ച്ചയുടെ വക്കിലായിരുന്നു. ഈ അവസരത്തിലാണ് 2010 ല്‍ കീരതിന് ബോബിയുടെ സന്ദേശം വരുന്നത്. വിവാഹിതനായി വളരെ സന്തോഷകരമായ കുടുംബം ജീവിതം നയിക്കുന്ന ഒരാളാണ് ബോബി. അതുകൊണ്ടു തന്നെ അയാളുമായുള്ള സൗഹൃദത്തില്‍ കീരതിന് മറ്റു ലക്ഷ്യങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ല. മാത്രവുമല്ല, ബോബിയുടെ ഭാര്യ സഞ്ജ് ജാണ്ഡു ഗര്‍ഭിണിയാണ്. തങ്ങളുടെ കുഞ്ഞിന് എന്ത് പേരിടണം എന്ന് പോലും ബോബി കീരതുമായി ചര്‍ച്ച ചെയ്തു. ആഴ്ചയില്‍ ഒന്നോ രണ്ടോ വട്ടമാണ് ബോബി സന്ദേശമയക്കുന്നത്. അവ പലപ്പോഴും ഒരു കത്ത് പോലെ ദീര്‍ഘമായിരിക്കും. കീരത് അതിന് സമയംപോലെ മറുപടി നല്‍കുകയും ചെയ്യും. കുഞ്ഞ് ജനിച്ചതിന് ഏതാനും മാസങ്ങള്‍ക്ക് ശേഷം ഭാര്യയുമായുള്ള ബന്ധത്തില്‍ താളപ്പിഴകള്‍ സംഭവിച്ചുവെന്ന് ബോബി പറഞ്ഞാണ് കീരത് അറിയുന്നത്. ഈ സമയത്തെല്ലാം ആശ്വാസവാക്കുകളുമായി കീരത് ബോബിക്കൊപ്പം നിന്നു. വിവാഹമോചനത്തിനുശേഷം ലണ്ടനില്‍ നിന്ന് ഓസ്ട്രേലിയയിലേക്ക് ബോബി താമസം മാറി. പതിയെ ഇരുവരും തമ്മില്‍ സന്ദേശം അയക്കുന്നത് കുറഞ്ഞു. ഒടുവില്‍ ഒട്ടുമില്ലാതായി. ആ സമയത്താണ് ഒരു ഓസ്ട്രേലിയന്‍ യുവതിയെ ബോബി വിവാഹം ചെയ്തുവെന്ന വിവരം സിമ്രാനില്‍ നിന്ന് കീരത് അറിയുന്നത്.

2013 നവംബര്‍, അതിരാവിലെയുള്ള ഒരു പ്രോഗ്രാമിനായി വീട്ടില്‍ നിന്ന് റേഡിയോ സ്റ്റേഷനിലേക്കുള്ള യാത്രയിലായിരുന്നു കീരത്. ഫെയ്സ്ബുക്കിലൂടെ കണ്ണോടിക്കുമ്പോള്‍ ഒരു ഞെട്ടിക്കുന്ന പോസ്റ്റ്റ്റ്, കെനിയയില്‍ വച്ച് ബോബിയ്ക്ക് വെടിയേറ്റിരിക്കുന്നു. ഫെയ്സ്ബുക്കില്‍ ബോബിയുടെയും കീരതിന്റെയും പൊതുസുഹൃത്തായ ഒരു വ്യക്തിയാണ് ഈ പോസ്റ്റ് ഇട്ടിരിക്കുന്നത്. സത്യമറിയാന്‍ കീരത് ഉടന്‍ സിമ്രാനെ ഫോണ്‍ ചെയ്തു. ഒരു വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി കെനിയയിലുണ്ടായിരുന്ന സിമ്രാന്‍ ആ വാര്‍ത്ത സ്ഥിരീകരിക്കുകയും ചെയ്തു. ബോബിയ്ക്ക് വെടിയേറ്റ വിവരം ആദ്യമായി ഫെയ്സ്ബുക്കില്‍ പങ്കുവച്ച സുഹൃത്തുമായി കീരത് ബന്ധപ്പെട്ടപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നത്. അയാള്‍ കീരതിനെ മുപ്പത്തിയൊമ്പത് പേര്‍ അടങ്ങുന്ന ഒരു ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ ചേർത്തു. ബോബിയുടെ വിവരങ്ങള്‍ പ്രിയപ്പെട്ടവരെ എത്രയും പെട്ടന്ന് അറിയിക്കാന്‍ വേണ്ടി മാത്രം ഉണ്ടാക്കിയ ഒരു ഗ്രൂപ്പായിരുന്നു അത്. ബോബിയുടെ ഭാര്യയടക്കം ആ ഗ്രൂപ്പിലെ അംഗങ്ങളായിരുന്നു.
അപകടനില തരണം ചെയ്തുവെങ്കിലും ബോബിയുടെ അവസ്ഥ വളരെ കഷ്ടത്തിലായിരുന്നു. എഴുന്നേറ്റ് നടക്കാന്‍ ശ്രമിക്കുമ്പോള്‍ അപസ്മാരം പോലുള്ള പ്രശ്നങ്ങള്‍ വന്ന് അബോധാവസ്ഥയിലേക്ക് പോകും. കീരതിനെ ഓര്‍മയുണ്ടെന്ന് ബോബി പറഞ്ഞതായി അയാളുടെ സുഹൃത്ത് ഗ്രൂപ്പില്‍ പങ്കുവച്ചു. ഇത് കേട്ടപ്പോള്‍ കീരതിന് സന്തോഷം തോന്നി. പക്ഷേ ഒരു ദിവസം ഞെട്ടിക്കുന്ന ഒരു വാര്‍ത്ത ബോബിയുടെ ഭാര്യ പങ്കുവച്ചു. ബോബി മരിച്ചു. അത് കീരതിന്റെ മനസ്സിനെ വല്ലാതെ ഉലച്ചു. ദിവസങ്ങള്‍ പിന്നിട്ടിട്ടും സ്വഭാവിക ജീവിതത്തിലേക്ക് മടങ്ങാന്‍ കീരത് ഒരുപാട് സമയമെടുത്തു.
ഒരു ദിവസം കീരതിന് അപ്രതീക്ഷിതമായി ഒരു സന്ദേശം ലഭിച്ചു. 'കീരത്... ഞാന്‍ ബോബിയാണ്. മരിച്ചുവെന്ന വാര്‍ത്ത സത്യമല്ലായിരുന്നു. ഞാന്‍ ന്യൂയോര്‍ക്കില്‍ സ്‌പെഷ്യല്‍ വിറ്റ്നസ് പ്രോഗ്രാമിലാണ് (ഇരയുടെ ജീവന് ഭീഷണിയുണ്ടെങ്കില്‍ സര്‍ക്കാറിന്റെ സംരക്ഷണത്തില്‍ ഒരു കാലയളവ് വരെ രഹസ്യമായി ജീവിക്കുന്ന സംവിധാനം). ഈ കാരണത്താല്‍ ഭാര്യ വിട്ടുപോയി. ജീവിതം തകര്‍ന്ന അവസ്ഥയിലാണ്. ഒരുപാട് അസുഖങ്ങളുണ്ട്. സ്വാഭാവിക ജീവിതത്തിലേക്ക് എന്ന് മടങ്ങുമെന്ന് അറിയില്ല. ആത്മഹത്യ ചെയ്യാന്‍ തോന്നുന്നു.'' ബോബിയുടെ വാക്കുകള്‍ കീരതിന്റെ വല്ലാതെ സങ്കടത്തിലാഴ്ത്തി. എന്തു വന്നാലും താന്‍ നല്ല സുഹൃത്തായി ഒപ്പമുണ്ടായിരിക്കുമെന്ന് വാക്ക് നല്‍കി. ദിവസങ്ങള്‍ മുന്നോട്ട് പോകെ കീരതും ബോബിയും തമ്മിലുള്ള അടുപ്പം വര്‍ധിച്ചു.
വര്‍ഷം 2015, ഒരു ദിവസം ബോബി കീരതിനോട് പറഞ്ഞു, എത്രകാലം ഞാന്‍ ജീവിച്ചിരിക്കുമെന്ന് അറിയില്ല. എനിക്ക് നിന്നോട് പ്രണയം തോന്നുന്നു. ഇത് കീരതിനെ ആശയകുഴപ്പത്തിലാക്കി. ബോബിയെ ചികിത്സിയ്ക്കുന്ന സ്‌പെഷ്യല്‍ മെഡിക്കല്‍ ടീമിനോട് കീരത് അയാളുടെ ആരോഗ്യനിലയെക്കുറിച്ച് വിശദമായി സംസാരിച്ചു. ബോബി തന്നെയാണ് കീരത് അവരുമായി ഫോണില്‍ സംസാരിക്കണം എന്ന് നിര്‍ബന്ധം പിടിച്ചത്. തന്റെ സ്‌നേഹവും പിന്തുണയും ബോബിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ കഴിയുമെന്ന് കീരത് വിശ്വസിച്ചു. തനിക്കും പ്രണയം തോന്നുന്നുവെന്ന് തുറന്ന് പറഞ്ഞു. ബോബി ആരോഗ്യത്തോടെ തിരിച്ചുവന്നതിനുശേഷം ഒരുമിച്ചുള്ള മനോഹരമായ ജീവിതം സ്വപ്നം കണ്ടു.

അകലെയാണെങ്കിലും ബോബിയ്‌ക്കൊപ്പം തന്നെയാണ് പിന്നീടുള്ള കാലം കീരത് മാനസികമായി ജീവിക്കുന്നത്. എല്ലായ്‌പ്പോഴും സന്ദേശങ്ങള്‍ അയക്കും. സ്‌കൈപ്പിലൂടെ ചാറ്റ് ചെയ്യും. വീഡിയോ കോളില്‍ വരും. എന്നാല്‍ ഒരിക്കല്‍ പോലും ബോബി ക്യാമറ ഓണാക്കിയിരുന്നില്ല. സുരക്ഷാ ഭീഷണിയുള്ളതുകൊണ്ട് തനിക്കതിന് അനുവാദമില്ലെന്ന് ബോബി പറഞ്ഞു. കീരതിന് അതില്‍ അസ്വാഭാവികമായി ഒന്നും തോന്നിയില്ല. മാത്രവുമല്ല, ബോബിയുടെ ആരോഗ്യനില നന്നായി മെച്ചപ്പെടുകയും ചെയ്തു.
വര്‍ഷങ്ങള്‍ കടന്നുപോകുന്നത് കീരത് അറിഞ്ഞില്ല. ബോബിയുമൊത്ത് ജീവിക്കുക, അതായിരുന്നു അവരുടെ ഏറ്റവും വലിയ സ്വപ്നം. ഒരു ദിവസം ബോബി പറഞ്ഞു, അമേരിക്കയില്‍ നിന്ന് തന്നെ ലണ്ടനിലെ ഒരു ആശുപത്രിയിലേക്ക് മാറ്റുകയാണ്. ഇത് കേട്ടതോടെ കീരത് സന്തോഷത്തിന്റെ കൊടുമുടിയിലെത്തി. വര്‍ഷങ്ങളായുള്ള തന്റെ കാത്തിരിപ്പ് പരിസമാപ്തിയിലെത്തിയിരിക്കുന്നു.
ലണ്ടനിലേക്ക് വരുമെന്ന് പറഞ്ഞതിന്റെ തലേദിവസം ബോബി കീരതിന്റെ സന്ദേശങ്ങളോട് പ്രതികരിക്കുന്നില്ല. യാത്രയുടെ ഒരുക്കങ്ങളുടെ തിരക്കിലായിക്കാം എന്ന് വിശ്വിസിച്ചു. എന്നാല്‍, പിറ്റേദിവസം നിരാശയിലാഴ്ത്തുന്ന ഒരു സന്ദേശമാണ് കീരതിനെ തേടിയെത്തിയത്. ബോബിയുടെ യാത്ര താല്‍ക്കാലികമായി റദ്ദാക്കി. ഇനിയും മാസങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്ന്. മനസ്സു തളര്‍ന്നുപോയെങ്കിലും കീരത് അതിനോട് പൊരുത്തപ്പെട്ടു. എന്നാല്‍, ലണ്ടനിലേക്ക് വരികയാണെന്ന് ബോബി ഇടയ്ക്കിടെ പറഞ്ഞുകൊണ്ടേയിരുന്നു. അവസാന നിമിഷത്തില്‍ യാത്ര റദ്ദാകും. ഇതൊരു പതിവ് സംഭവമായപ്പോള്‍ കീരത് ഒരു ദിവസം ബോബിയോട് ദേഷ്യപ്പെട്ടു. അതിന് പിന്നാലെ ബോബിയ്ക്ക് ഹൃദയാഘാതമുണ്ടായി എന്ന വാര്‍ത്തയാണ് കീരതിനെ തേടിയെത്തിയത്. ബോബിയുടെ ഒരു കസിനാണ് വിവരം കീരതിനെ വിളിച്ചറിയിക്കുന്നത്. കുറ്റബോധം കൊണ്ട് മനസ്സുതകര്‍ന്ന കീരത് അമേരിക്കയിലേക്ക് പുറപ്പെട്ട് ബോബിയെ നേരില്‍ കാണാന്‍ തീരുമാനിച്ചു. എന്നാല്‍ ഇപ്പോഴത് വേണ്ടെന്നും സുരക്ഷാപ്രശ്‌നങ്ങള്‍ കാരണം അനുവാദം ലഭിക്കില്ലെന്നും പറഞ്ഞ് ബന്ധു കീരതിനെ പിന്തിരിപ്പിച്ചു. ബോബിയുടെ ബന്ധുക്കളില്‍ പലരും കീരതിനെ ഫോണില്‍ ബന്ധപ്പെട്ടു. ചിലരെല്ലാം വളരെ മോശമായാണ് സംസാരിച്ചത്. ബോബിയുടെ വിവാഹ ജീവിതം നശിക്കാന്‍ കാരണം കീരത് ആണെന്ന് പറഞ്ഞ് കുറ്റപ്പെടുത്തി. കീരതിന്റെ ബന്ധുവായ സിമ്രാന് അവരില്‍ പലരെയും നേരിട്ടറിയം. ഒരിക്കല്‍ കീരതിനെ സന്ദര്‍ശിക്കാന്‍ ലണ്ടനിലെത്തിയ സിമ്രാനോട് അതെല്ലാം തുറന്ന് പറഞ്ഞു. താന്‍ അവരില്‍ പലരെയും ഫോണിലൂടെ ബന്ധപ്പെട്ട് ദേഷ്യപ്പെട്ടുവെന്നും ഇനി കീരതിനെ ഉപദ്രവിക്കരുതെന്നും പറഞ്ഞ് താക്കീത് ചെയ്തുവെന്നും സിമ്രാന്‍ പറഞ്ഞു.
ബോബിയോടുള്ള സ്‌നേഹം കീരതിനെ ക്രമേണ ഭ്രാന്തമായ ഒരു അവസ്ഥയിലെത്തിച്ചു. മനസ്സിന്റെ കടിഞ്ഞാണ്‍ പൂര്‍ണമായും ബോബിയുടെ കയ്യിലായി. ഒരു ദിവസം എന്തെല്ലാം ചെയ്യുന്നുവെന്ന് കീരത് ബോബിയെ അറിയിച്ചുകൊണ്ടേയിരിക്കണം. ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിക്കുകയാണെന്ന് അറിഞ്ഞാല്‍ ബോബി ദേഷ്യപ്പെടും. ഒരു അസുഖം വന്നാല്‍ കീരത് സമീപിക്കുന്നത് ഒരു പുരുഷ ഡോക്ടറെ ആണെന്ന് അറിഞ്ഞാല്‍ ബോബിയുടെ സമനില തെറ്റും. അയാളെ വേദനിപ്പിക്കേണ്ട എന്ന് കരുതി കീരത് തന്റെ സുഹൃത്തുക്കളില്‍ നിന്ന് അകലം പാലിക്കാന്‍ തുടങ്ങി. അതോടെ കീരതിന്റെ മാനസികാരോഗ്യം കാര്യമായി ക്ഷയിക്കാന്‍ തുടങ്ങി. ശരീരഭാരം അപകടകരമാം വിധത്തില്‍ കുറഞ്ഞു. ജോലിയില്‍ ശ്രദ്ധിക്കാനാകാത്ത വിധത്തില്‍ ഇടയ്ക്കിടെ രോഗങ്ങള്‍ പിടിപെട്ടു.
ഫെബ്രുവരി 2018, ഒടുവില്‍ ബോബി ലണ്ടനിലേക്ക്
വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ബോബി ലണ്ടനിലേക്ക് തിരികെയെത്തുകയാണ്. കടുത്ത സുരക്ഷാസന്നാഹങ്ങളുള്ളതിനാല്‍ തന്നെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ വരേണ്ടതില്ലെന്ന് ആദ്യമെ ബോബി ചട്ടം കെട്ടിയിരുന്നു. ലണ്ടനിലെത്തി ഒരാഴ്ച പിന്നിട്ടിട്ടും ബോബി കീരതിനെ കാണാന്‍ വരുന്നില്ല. എന്താണ് കാരണമെന്ന് ചോദിക്കുമ്പോള്‍ മുത്തശ്ശി മരിക്കാറായ അവസ്ഥയിലാണെന്നും അവര്‍ക്കൊപ്പം സമയം ചെലവഴിക്കുകയാണെന്നും പറഞ്ഞു. ദിവസങ്ങള്‍ പിന്നിടുമ്പോഴും ഒരോ കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ബോബി. ഒടുവില്‍ ക്ഷമ നശിച്ച കീരത് ബോബിയുടെ മേല്‍വിലാസം കണ്ടുപിടിക്കാന്‍ ഒരു പ്രൈവറ്റ് ഡിക്ടറ്റീവിനെ ചുമതലപ്പെടുത്തി. കീരതിനെ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് അന്വേഷണസംഘം വെളിപ്പെടുത്തിയത്. കുറേക്കാലമായി അയാള്‍ ബ്രൈറ്റണിലാണ് താമസിക്കുന്നത്. അതും ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം. വിവാഹമോചിതനായി എന്ന കഥ വാസ്തവമില്ല. പത്ത് വര്‍ഷമായി അയാള്‍ കീരതിനോട് പറഞ്ഞതില്‍ ഭൂരിഭാഗവും പച്ചക്കള്ളമായിരുന്നു.
മനസ്സു തകര്‍ന്ന കീരത് തന്റെ കാറില്‍ ബോബിയുടെ ബ്രൈറ്റണിലെ വീട്ടിലേക്ക് തിരിച്ചു. കോളിങ് ബെല്‍ അടിച്ചപ്പോള്‍ ഒരു യുവാവ് പുറത്തേക്ക് ഇറങ്ങി വന്നു. അയാള്‍ ബോബി തന്നെയായിരുന്നു. കീരതിനെ കണ്ടപ്പോള്‍ ബോബിയുടെ മുഖത്ത് കാര്യമായ ഭാവവ്യത്യാസമുണ്ടായില്ലെന്ന് മാത്രമല്ല ആരാണ് എന്ന ചോദ്യമാണ് അയാളില്‍ നിന്ന് ഉയര്‍ന്നത്. തന്നെ മനസ്സിലായില്ല അല്ലേ എന്ന് ചോദിച്ച് കീരത് ഉറക്കെ ബഹളം വച്ചു. ഇത്രയും കാലം തന്നെ സ്നേഹിച്ച് വഞ്ചിച്ചത് എന്തിന് വേണ്ടിയായിരുന്നുവെന്ന് പൊട്ടിത്തെറിച്ചുകൊണ്ട് അവര്‍ ബോബിയോട് ചോദിച്ചു. ഒന്നും മനസ്സിലാകാതെ ഞെട്ടിത്തരിച്ച ഭാവത്തോടെയാണ് ബോബി ഇതെല്ലാം കേട്ട് നിന്നത്. പുറത്തെ ബഹളം കേട്ട് ബോബിയുടെ ഭാര്യ വീടിന് പുറത്തേക്ക് കടന്നു വന്നു. തനിക്ക് കീരതിനെ അറിയില്ലെന്ന ബോബിയുടെ വാദത്തെ പിന്തുണച്ചുകൊണ്ടാണ് ഭാര്യയും സംസാരിച്ചത്. തന്റെ പേരില്‍ ബന്ധപ്പെടുന്ന ഫോണ്‍ നമ്പര്‍ കാണിച്ചു തരാന്‍ ബോബി കീരതിനോട് ആവശ്യപ്പെട്ടു. നമ്പര്‍ പരിശോധിച്ചപ്പോള്‍ അത് തന്റേതല്ല. ഭാര്യയും അത് സ്ഥിരീകരിച്ചതോടെ കീരത് ആശയക്കുഴപ്പത്തിലായി. ബോബിയുമായി മുഖത്തോട് മുഖം നോക്കി സംസാരിക്കവെയാണ് കീരതിന്റെ ഫോണ്‍ പെട്ടന്ന് റിങ് ചെയ്യുന്നത്. മറു തലയ്ക്കല്‍ നിന്ന് സംസാരിക്കുന്നത് മറ്റാരും ആയിരുന്നില്ല. കീരതിന്റെ കഥയിലെ നായകന്‍ സാക്ഷാല്‍ ബോബി. എന്താണ് നടക്കുന്നത് എന്ന് മനസ്സിലാകാതെ കീരത് ഞെട്ടിത്തരിച്ച് നില്‍ക്കുകയാണ്. ഹൃദയം തകര്‍ന്ന് ബോബിയുടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ കീരത് സിമ്രാനെ ഫോണില്‍ ബന്ധപ്പെട്ടു. ഭാര്യ അടുത്തുള്ളതുകൊണ്ടായിരിക്കാം അങ്ങനെ പ്രതികരിച്ചത് എന്ന് പറഞ്ഞ് സിമ്രാന്‍ കീരതിനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ബോബിയുമായി നേരില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തനിക്കെങ്ങനെ ബോബിയുടെ ഫോണ്‍കോള്‍ വന്നു എന്ന കീരതിന്റെ ന്യായമായ സംശയത്തിന് സിമ്രാന് മറുപടി നല്‍കാനായില്ല. ഇതിന് പിന്നില്‍ എന്തോ ദുരൂഹതയുണ്ട്, അന്വേഷിക്കണം എന്ന് പറഞ്ഞ് സിമ്രാന്‍ ഫോണ്‍ വച്ചു.
പോലീസില്‍ പരാതിപ്പെടണമോ അതോ കുറച്ചുകൂടി കാത്തിരിക്കണോ, കൃത്യമായി ചിന്തിക്കാനോ തീരുമാനമെടുക്കാനോ കീരതിന് സാധിക്കുന്നില്ല. ഒരു ഭാഗത്ത് ബോബിയാല്‍ ചതിക്കപ്പെട്ടതിന്റെ വിഷമമാണെങ്കില്‍ തന്നെ മറ്റാരെങ്കിലും കബളിക്കുകയാണോ എന്ന സംശയം മറുവശത്ത്.
സിമ്രാന്റെ ഫോണ്‍ കോളിനെ തുടര്‍ന്നാണ് കീരത് പിറ്റേ ദിവസം പുലര്‍ച്ചെ ഉറക്കമുണരുന്നത്. താന്‍ വീടിന് പുറത്തുണ്ടെന്ന് കുറച്ച് സംസാരിക്കാനുണ്ടെന്നും സിമ്രാന്‍ കീരതിനോട് പറഞ്ഞു. വാതില്‍ തുറന്നപ്പോള്‍ ആകെ വിളറി വെളുത്തിരിക്കുകയാണ് സിമ്രാന്‍. അകത്തേക്ക് പ്രവേശിച്ചതിനുശേഷം ഏതാനും നിമിഷങ്ങള്‍ക്കുശേഷം സിമ്രാന്‍ പറഞ്ഞു, കീരത് ഒരുകാര്യം പറയാനുണ്ട്. വൈകാരികമായി പ്രതികരിക്കരുത്. ബോബി ഞാനായിരുന്നു. ഇത്രയും കാലം ബോബി എന്ന പേരില്‍ നിന്നോട് ചാറ്റ് ചെയ്തതും സംസാരിച്ചതുമെല്ലാം ഞാനാണ്.

സിമ്രാന് പറഞ്ഞവസാനിപ്പിച്ചപ്പോള്‍ തനിക്ക് ചുറ്റമുള്ളതെല്ലാം തകര്‍ന്നടിഞ്ഞത് പോലെ കീരതിന് തോന്നി. എന്നാലും ഒരുപാട് സംശയങ്ങള്‍ അവരുടെ മനസ്സില്‍ ബാക്കിയായിരുന്നു. ബോബിയുടെ കുടുംബം എന്ന പേരില്‍ താനുമായി ചാറ്റ് ചെയ്തവരോ, തന്നെ ഫോണില്‍ വിളിച്ച് സംസാരിച്ചവരോ അവരെല്ലാം ആരാണ്. എല്ലാത്തിനും സിമ്രാന് ഉത്തരമുണ്ടായിരുന്നു. അതെല്ലാം താനായിരുന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു തമാശയെന്നോണമാണ് സിമ്രാന്‍ എല്ലാം തുടങ്ങിവച്ചത്. എന്നാല്‍ ദിവസങ്ങള്‍ പോകെ കീരതിനെ കബളിപ്പിക്കുന്നത് സിമ്രാന് ലഹരിയായി. ബോബിയുടെ കുടുംബാംഗങ്ങളുടെ പേരില്‍ മുപ്പത്തിയൊൻപതോളം അംഗങ്ങളുണ്ടായിരുന്ന ഗ്രൂപ്പ് ചാറ്റിലെ ഓരോരുത്തരുമായി അഭിനയിച്ചത് സിമ്രാനായിരുന്നു. അത്രയും വിദഗ്ധമായായിരുന്നു തട്ടിപ്പ്. വോയ്‌സ് ചെയ്ഞ്ചര്‍ സോഫ്റ്റ്വെയറിന്റെ സഹായത്തോടെയാണ് പല പേരുകളിലും കീരതിനെ സിമ്രാന്‍ ഫോണ്‍ ചെയ്തുകൊണ്ടിരുന്നത്. ബോബിയ്ക്ക് വേണ്ടി എത്ര സമയം കീരത് ചെലവഴിച്ചുവോ അത്രയും സമയം സിമ്രാന്‍ ബോബിയായും അയാളുടെ ബന്ധുക്കളായും സുഹൃത്തുക്കളായും വേഷംമാറി. സ്വന്തം സഹോദരിയായി കരുതിയിരുന്ന സിമ്രാന്‍ തന്റെ ജീവിതം ഇങ്ങനെ നശിപ്പിക്കുമെന്ന് കീരത് ഒരിക്കലും കരുതിയില്ല. ഭര്‍ത്താവും കുട്ടികളുമായുള്ള ഒരു ജീവിതം സ്വപ്നം കണ്ട സിമ്രാന്‍ അവരുടെ യൗവനത്തിന്റെ പത്ത് വര്‍ഷങ്ങള്‍ കാണാമറയത്തിരുന്ന കാമുകനോടുള്ള ആത്മാര്‍ഥപ്രണയത്തിനായി ബലി കഴിച്ചു.
സിമ്രാനെതിരേ കീരത് പരാതി നല്‍കിയെങ്കിലും കാര്യമായ നടപടികളൊന്നും തന്നെയുണ്ടായില്ല. മറ്റൊരാളുടെ വ്യക്തിത്വം തട്ടിയെടുത്ത് സിമ്രാന്‍ കീരതിനെ ചതിച്ചുവെങ്കിലും സാമ്പത്തികമായ തട്ടിപ്പുകളൊന്നും നടത്തിയിട്ടില്ലെന്നതായിരുന്നു അതിന് കാരണം. പ്രണയത്തിന്റെ പേരില്‍ പത്ത് വര്‍ഷങ്ങളോളം വൈകാരികമായി ചൂഷണം ചെയ്യപ്പെട്ട കീരതിനെ സഹായിക്കാനും നീതിനേടിക്കൊടുക്കാനും നിയമവ്യവസ്ഥയ്ക്ക് ഇതുവരെ സാധിച്ചില്ല എന്നതാണ് ഏറ്റവും ദുഃഖകരമായ സംഗതി.
Content Highlights: How Radio presenter Kirat Assi was catfished for nine years, Fake account, Cyber safety
Published: 18 Jan 2025, 12:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented