
വര്‍ഷം 2011 ഫെബ്രുവരി മാസം, വ്യവസായിയായിരുന്ന നാദിര്‍ ഷാ പട്ടേല്‍ മുംബൈ പോലീസിനെ സമീപിച്ച് ഒരു പരാതി നല്‍കി. തന്റെ മക്കളെയും മുന്‍ഭാര്യയെ ഷെലീനയെയുംക്കുറിച്ചും ജനുവരി മാസം മുതല്‍ യാതൊരു വിവരവുമില്ല. മുന്‍ഭാര്യയുമായി അകല്‍ച്ചയിലാണെങ്കിലും മൂത്തമകള്‍ ലൈലാ ഖാനടക്കമുള്ള മക്കളുമായി നാദിര്‍ ഷാ പട്ടേല്‍ ഫോണില്‍ സംസാരിക്കുന്ന പതിവുണ്ട്. പക്ഷേ, കഴിഞ്ഞ ഒരു മാസമായി മകളുമായി ബന്ധപ്പെടാനാകുന്നില്ല. ലൈല ബോളിവുഡില്‍ വളര്‍ന്ന് വരുന്ന അഭിനേത്രിയാണ്. പ്രശസ്തയാണ്. അതുകൊണ്ടു തന്നെ പോലീസിന് അപരിചിതയായിരുന്നില്ല.
പരാതിയില്‍ നാദിര്‍ രണ്ടു പേരെ താന്‍ സംശയിക്കുന്നതായി സൂചിപ്പിച്ചിരുന്നു. സെലീനയുടെ രണ്ടാമത്തെ ഭര്‍ത്താവ് ആസിഫ് ശൈഖ്, നിലവിലെ ഭര്‍ത്താവ് പര്‍വേസ് തക്ക് എന്നിവരായിരുന്നു അവര്‍. മാത്രവുമല്ല അതേ സമയത്ത് തന്നെയാണ് നടി രാഖി സാവന്തും സഹോദരന്‍ രാകേഷ് സാവന്തും ലൈലയെ കാണാനില്ലെന്ന് പറഞ്ഞ് പരാതി നല്‍കിയത്. രാകേഷ് സാവന്ത് സംവിധാനം ചെയ്യുന്ന ജിന്നത്ത് എന്ന സിനിമയില്‍ രാഖിയ്‌ക്കൊപ്പം ലൈലയും വേഷമിടുന്നുണ്ട്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കവെയാണ് ലൈലയെ കാണാതാകുന്നത്.
ആരാണ് ലൈലാ ഖാന്‍?
1961 ല്‍ മുംബൈ നഗരത്തിലെ ഒരു മധ്യവര്‍ഗ കുടുംബത്തിലായിരുന്നു ലൈലയുടെ മാതാവ് ഷെലീനയുടെ ജനനം. ഒരു നടനാകുക, പേരെടുക്കുക എന്ന സ്വപ്നങ്ങളുമായി ജീവിച്ചിരുന്ന പിതാവിനെയാണ് ഷെലീന ബാല്യകാലം മുതല്‍ കണ്ടുശീലിച്ചത്. ചേതന്‍ ആനന്ദിന്റെ സംവിധാനത്തില്‍ 1964 ല്‍ പുറത്തിറങ്ങിയ ഹഖീകത്ത് എന്ന സിനിമയിലെ ഒരു സൈനികന്റെ വേഷം മാത്രമാണ് അദ്ദേഹം ചെയ്ത സിനിമകളില്‍ എടുത്തു പറയാനുള്ളത്. അതും മിനിറ്റുകള്‍ മാത്രം ഒരു സിനീല്‍ വന്ന് പോകുന്ന ഒരു കഥാപാത്രം. സിനിമയില്‍ ഒന്നുമാകാന്‍ സാധിച്ചില്ലെങ്കിലും ഷെലീനയുടെ പിതാവ് തന്റെ മക്കളെ യാതൊരു കുറവുമില്ലാതെയാണ് വളര്‍ത്തിയത്. എന്നിരുന്നാലും കുറച്ച് കൂടി വലിയ സ്വപ്നങ്ങള്‍ കാണുന്ന ഷെലീന വളരുംതോറും തന്റെ ജീവിത സാഹചര്യത്തില്‍ അതൃപ്തയായിരുന്നു.

കൗമാരകാലത്തിന്റെ അവസാനത്തില്‍ ഷെലീന, നാദിര്‍ ഷാ പട്ടേല്‍ എന്ന യുവാവുമായി പ്രണയത്തിലായി വീട് വിട്ടിറങ്ങുന്നു. വിവാഹിതരായ ഇവര്‍ക്ക് നാല് മക്കള്‍ ജനിച്ചു. ഹഷ്മീന പട്ടേല്‍, രേഷ്മ പട്ടേല്‍, സാറാ പട്ടേല്‍, ഇമ്രാന്‍ പട്ടേല്‍ എന്നിറങ്ങനെയായിരുന്നു മക്കളുടെ പേര്. ഈ രേഷ്മ പട്ടേലാണ് പിന്നീട് ലൈലാ ഖാനായി മാറുന്നത്. വിവാഹം കഴിഞ്ഞ് ആദ്യ അഞ്ചു വര്‍ഷങ്ങളില്‍ ഷെലീനയും നാദിറും തമ്മിലുള്ള ബന്ധം വളരെ ഊഷ്മളമായിരുന്നു. മക്കളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് മാതാപിതാക്കള്‍ എന്ന നിലയില്‍ ഇരുവരും ആത്മാര്‍ഥമായി പരിശ്രമിച്ചു. എന്നാല്‍ വിവാഹജീവിതം അഞ്ച് വര്‍ഷം പിന്നിട്ടതോടെ ഷെലീനയും നാദിറും തമ്മില്‍ ചെറിയ പ്രശ്നങ്ങള്‍ ഉടലെടുക്കാന്‍ തുടങ്ങി. പത്ത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നതിന് തൊട്ടുമുന്‍പ് ഇരുവരും വേര്‍പിരിഞ്ഞു. നാദിറില്‍ നിന്ന് ഔദ്യോഗികമായി വിവാഹമോചനം നേടിയ ഷെലീന ആസിഫ് ഷെയ്ക്ക് എന്നൊരാളെ വിവാഹം ചെയ്തു. തൊട്ടുപിന്നാലെ ഒരു ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തില്‍ ഷെലീന ജോലിയില്‍ പ്രവേശിച്ചു. മക്കളെല്ലാവരും ഷെലീനയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. ജോലി സംബന്ധമായി ഒട്ടേറെ സാമൂഹ്യ ബന്ധങ്ങള്‍ നേടാന്‍ ഷെലീനയ്ക്ക് സാധിച്ചു. അതില്‍ സിനിമാ മേഖലയില്‍ നിന്നുള്ളവരുമുണ്ടായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് തന്റെ പെണ്‍മക്കളെ അഭിനേത്രികളാക്കാനുള്ള ആഗ്രഹം ഷെലീനയുടെ മനസ്സില്‍ മൊട്ടിടുന്നത്. മൂത്തമകള്‍ ഹഷ്മിനയാണ് ആദ്യം സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. രാകേഷ് സാവന്ത് സംവിധാനം ചെയ്ത ഹലോ കോന്‍ ഹേ എന്ന ചിത്രത്തിലൂടെ 2006 ലായിരുന്നു ഹഷ്മിനയുടെ സിനിമാപ്രവേശം.

രണ്ട് വര്‍ഷത്തിന് ശേഷം രാകേഷ് സാവന്തിന്റെ തന്നെ വഫാ എന്ന സിനിമയിലൂടെ ലൈലയും അരങ്ങേറ്റം കുറിച്ചു. ബോളിവുഡിലെ നിത്യഹരിത നായകന്‍ രാജേഷ് ഖന്നയായിരുന്നു ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. ബോക്സ് ഓഫീസില്‍ വന്‍ പരാജയമാണ് ചിത്രം ഏറ്റുവാങ്ങിയത്. ആദ്യ സിനിമയുടെ പരാജയം ലൈലയുടെ കരിയറിനെയും വല്ലാതെ ബാധിച്ചു. പിന്നീട് ശ്രദ്ധേയമായ സിനിമകളൊന്നും തന്നെ ലൈലയ്ക്ക് ലഭിച്ചില്ല. പക്ഷേ അവരുടെ സമ്പത്ത് കുമിഞ്ഞ് കൂടികൊണ്ടേയിരുന്നു. മുംബൈയില്‍ ആഡംബര വസതിയും നഗരത്തില്‍ നിന്ന് ദൂരെ ഫാം ഹൗസുമെല്ലാം അവര്‍ സ്വന്തമാക്കി. വിദേശരാജ്യങ്ങളിലായിരുന്നു അവധിയാഘോഷിച്ചിരുന്നത്. വരുമാനത്തില്‍ കവിഞ്ഞ ആഡംബര ജീവിതം നയിക്കുന്നതിനാല്‍ ലൈലയും കുടുംബവും പലപ്പോഴും സംശയത്തിന്റെ നിഴലിലായിട്ടുണ്ട്. തീവ്രവാദ സംഘടനകളുമായും ദാവൂദ് ഇബ്രാഹിം അടക്കമുള്ള അധോലോക രാജാക്കന്‍മാരുമായും ലൈലയ്ക്കും കുടുംബത്തിനും വഴിവിട്ട ബന്ധമുണ്ടെന്ന് അക്കാലത്ത് ആരോപിക്കപ്പെട്ടിരുന്നു. നിരോധിത ബംഗ്ലാദേശി സംഘടനയായ ഹര്‍ക്കത്തുല്‍ ജിഹാദ് അല്‍ ഇസ്ലാമിയിലെ അംഗമായ മുനീര്‍ ഖാനെ ലൈല വിവാഹം കഴിച്ചെന്നും പറയപ്പെടുന്നു. എന്നാല്‍ ലൈലയുടെ തിരോധാനത്തിനുശേഷം പിതാവ് അടക്കമുള്ള കുടുംബാംഗങ്ങള്‍ ഈ ആരോപണം നിഷേധിക്കുകയുണ്ടായി.

പ്രശസ്തിയും സമ്പത്തും ആവോളം ആസ്വദിച്ച് ജീവിതം ആഘോഷിക്കുകയാണ് ലൈലയും കുടുംബവും. അതിനിടെ ഷെലീനയുടെ (ലൈലയുടെ അമ്മ) ജീവിതത്തിലേക്ക് ഒരാള്‍ കടന്നുവരുന്നു. ജമ്മു കശ്മീരില്‍ നിന്നുള്ള പര്‍വേസ് ഇക്ബാല്‍ ടക്ക്. അത്യാഡംബരം നിറഞ്ഞ ജീവിത ശൈലിയായിരുന്നു പര്‍വേസിന്റേത്. രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ ഉന്നതരുമായി ഇദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. എന്തും നടത്തിയെടുക്കാനുള്ള പര്‍വേസിന്റെ സാമര്‍ഥ്യം ഷെലീനയെ വല്ലാതെ ആകര്‍ഷിച്ചു. അവരുടെ വീട്ടിലേക്ക് എപ്പോള്‍ വേണമെങ്കിലും പര്‍വേസിന് കടന്നുവരാനും കാറുകള്‍ ഉപയോഗിക്കാനും സ്വാതന്ത്ര്യം നല്‍കി. കുടുംബസമേതമുള്ള വിനോദയാത്രകളില്‍ പര്‍വേസ് സ്ഥിര സാന്നിധ്യമായി. അങ്ങനെ ദിവസങ്ങള്‍ മുന്നോട്ടുപോകവേ, പര്‍വേസുമായി ഷെലീനയുടെ സൗഹൃദം പ്രണയത്തിന് വഴിമാറി. എന്നാല്‍, എല്ലായ്‌പ്പോഴും ഷെലീനയ്‌ക്കൊപ്പമുണ്ടായിരുന്ന ഭര്‍ത്താവ് ആസിഫ് ഷെയ്ഖ് ഇതൊന്നും അറിഞ്ഞതേയില്ല. പര്‍വേസുമായും അദ്ദേഹത്തിന് സൗഹൃദമുണ്ടായിരുന്നു. ഒരു ദിവസം ഷെലീന ആസിഫിന് മുന്നിലെത്തി വിവാഹമോചനം ആവശ്യപ്പട്ടു. ഇതോടെയാണ് അദ്ദേഹം സത്യങ്ങളെല്ലാം അറിഞ്ഞത്. ആസിഫ് ഷെയ്ഖുമായുള്ള ബന്ധം അവസാനിച്ചതിന് തൊട്ടുപിന്നാലെ ഷെലീന പര്‍വേസിനെ വിവാഹം കഴിച്ചു.
പര്‍വേസുമായുള്ള ഷെലീനയുടെ വിവാഹജീവിതം തുടങ്ങി ഒരു വര്‍ഷം തികയുമ്പോഴായിരുന്നു തിരോധാനം. മുന്‍ഭാര്യയെയും മക്കളെയും കാണാനില്ലെന്ന നാദിര്‍ പട്ടേലിന്റെ പരാതി ആദ്യഘട്ടത്തില്‍ പോലീസ് ഗൗരവമായി എടുത്തുവെങ്കിലും പിന്നീട് ഉഴപ്പി. തീവ്രവാദ ബന്ധം ആരോപിക്കപ്പെട്ട കുടുംബമാണ് ലൈലയുടേത്. അതുകൊണ്ടു തന്നെ ഒട്ടേറെ കഥകള്‍ പ്രചരിച്ചു.
2011 ജനുവരി അവസാനം കാണാതാകുന്നതിന് ഒരു ദിവസം മുന്‍പ് ഷെലീന തന്റെ സഹോദരി മെഹര്‍ അക്തറിനെ ഫോണില്‍ വിളിച്ചിരുന്നു. ഇഗത്പുരിയിലെ ഫാം ഹൗസിന്റെ കച്ചവടവുമായി ബന്ധപ്പെട്ട് ഛണ്ഡീഗഢിലാണെന്നാണ് അവര്‍ പറഞ്ഞത്. തനിക്കൊപ്പം പര്‍വേസുമുണ്ടെന്ന് ഷെലീന പറഞ്ഞു. അതായിരുന്നു അവസാന കോള്‍. അതിനുശേഷം ഈ കുടുംബത്തിലെ ഒരംഗത്തെപ്പോലും ആരും കണ്ടിട്ടില്ല. അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് മനസ്സിലായ മെഹര്‍ ഇഗത്പുരിയിലെ ഫാം ഹൗസ് വരെ ചെന്ന് അന്വേഷിക്കാമെന്ന് തീരുമാനിക്കുന്നു. അവിടെയെത്തിയപ്പോള്‍ അവര്‍ കണ്ട കാഴ്ച അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു. ഫാം ഹൗസിന്റെ പല ഭാഗങ്ങളും തീപിടിച്ച് നശിച്ചിരിക്കുന്നു. ഇഗത്പുരിയിലെ ഒരു ഗ്രാമപ്രദേശത്താണ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. നാട്ടുകാര്‍ക്ക് ബംഗ്ലാവിന്റെ ഉടമയെക്കുറിച്ച് വലിയ ധാരണയൊന്നുമില്ലായിരുന്നു. പരിസരവാസികള്‍ ഓരോരുത്തരുടെയും വീടുകളിൽ കയറി ആര്‍ക്കെങ്കിലും എന്തെങ്കിലും അറിയാമോ എന്ന് മെഹര്‍ തിരക്കിക്കൊണ്ടേയിരുന്നു. അതിനിടെയാണ് ഒരു വീട്ടില്‍ തന്റെ സഹോദരിയുടെ മുംബൈയിലെ വസതിയിലുണ്ടായിരുന്ന ഫര്‍ണീച്ചറുകള്‍ ശ്രദ്ധയില്‍പ്പെടുന്നത്. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ ആസിഫ് ഷെയ്ഖ് എന്ന വ്യക്തി തങ്ങള്‍ക്ക് വിറ്റതാണെന്നാണ് അവര്‍ പറഞ്ഞത്. ആസിഫ് ഷെയ്ഖ് എന്നാല്‍ ഷെലീനയുടെ രണ്ടാമത്തെ ഭര്‍ത്താവ്. വില്‍പ്പന നടന്നിരിക്കുന്നത് ഷെലീനയെ കാണാതായതിനുശേഷമാണ്. ഇയാളെ വിവാഹമോചനം ചെയ്തതിന് ശേഷമാണ് പര്‍വേസിനെ ഷെലീന വിവാഹം ചെയ്തത്. സ്വാഭാവികമായും ഇഗത്പുരിയിലെ ഫാം ഹൗസില്‍ അയാള്‍ക്ക് അവകാശങ്ങളൊന്നുമില്ല. ഇത് മെഹറില്‍ കടുത്ത ആശങ്ക സൃഷ്ടിച്ചു. ഇക്കാര്യം പോലീസിനെ അറിയിക്കുകയും ചെയ്തു.

ഇനി ബാക്കിയുള്ള സംഭവങ്ങള്‍ അരങ്ങേറുന്നത് ജമ്മു-കശ്മീരിലാണ്. 2012 ജൂണില്‍ ലൈലാ ഖാന്റെ ഉടമസ്ഥതയിലുള്ള കാര്‍ കിഷ്ത്വാഡില്‍ നിന്ന് കണ്ടെടുക്കുന്നു. ഒളിവില്‍ പോയ നടി ലൈലാ ഖാന്റെ കാര്‍ കണ്ടെടുത്തിരിക്കുന്നു, എന്ന തരത്തില്‍ അക്കാലത്ത് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിട്ടുണ്ട്. കശ്മീരില്‍ നടന്ന ഒരു സ്ഫോടനവുമായി ആ കാറിന് ബന്ധമുണ്ടെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. തദ്ദേശവാസികളില്‍ നല്‍കിയ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തില്‍ പോലീസ് ചെന്നെത്തിയത് പര്‍വേസിലാണ്. വിരമിച്ച ഒരു സൈനികനെ കബളിപ്പിച്ച കേസിലടക്കം ഒരുപാട് കുറ്റകൃത്യങ്ങളിലെ കേസുകളിലെ പ്രതിയായിരുന്നു ഇയാള്‍. മുംബൈയിലേക്ക് കടന്നതിന് ശേഷം കശ്മീര്‍ പോലീസിന് ഇയാളുടെ ഒരു വിവരവുമുണ്ടായിരുന്നില്ല. അതിനിടെയാണ് ലൈലാ ഖാന്റെ കാര്‍ കേന്ദ്രീകരിതച്ചു നടത്തിയ അന്വേഷണം ആകസ്മികമായി ഇയാളിലെത്തിയത്. വൈകാതെ തന്നെ പോലീസ് പര്‍വേസിനെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ലൈലാ ഖാന്റെ കാറിനെ സംബന്ധിച്ച ചോദ്യത്തിന് ആദ്യമൊന്നും പര്‍വേസ് മറുപടി നല്‍കിയില്ല. പിന്നീടാണ് ലൈലയുടെ അമ്മ ഷെലീനയുടെ ഭര്‍ത്താവാണ് താനെന്ന് ഇയാള്‍ തുറന്ന് പറയുന്നത്. ലൈലയും കുടുംബവും എവിടെയെന്ന ചോദിച്ചപ്പോള്‍, മുംബൈയില്‍ തന്നെയുണ്ടെന്നും അതല്ല ദുബായിലാണെന്നുമൊക്കെ പരസ്പരവിരുദ്ധമായ മറുപടികളാണ് ഇയാള്‍ നല്‍കിയത്. എന്നാല്‍ പോലീസ് ഇയാളെ വിശ്വസിച്ചില്ല. സത്യം തുറന്ന് പറയാനാവശ്യപ്പെട്ട് കടുത്ത സമ്മര്‍ദം ചെലുത്തി. മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ പര്‍വേസ് പറഞ്ഞു, ലൈലാ ഖാനും കുടുംബവും ജീവിച്ചിരിപ്പില്ല. ഞാന്‍ അവരെ കൊന്നുകളഞ്ഞു. എവിടെ വച്ച് കൊന്നു, എന്തിന് കൊന്നു, മൃതദേഹങ്ങള്‍ എവിടെയാണ് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അയാള്‍ വിസമ്മതിച്ചു. പര്‍വേസിന്റെ അറസ്റ്റിന് തൊട്ടുപിന്നാലെ കസ്റ്റഡി കൈമാറാന്‍ കശ്മീര്‍ പോലീസ് മുംബൈ ക്രൈംബ്രാഞ്ചുമായി ധാരണയിലെത്തിയിരുന്നു. പിറ്റേദിവസം ഇയാള്‍ താന്‍ പറഞ്ഞതെല്ലാം മാറ്റിപ്പറഞ്ഞു. വൈകാതെ മുംബൈ ക്രൈംബ്രാഞ്ചിന് മുന്നില്‍ പര്‍വേസിനെ ഹാജരാക്കി. ചോദ്യം ചെയ്യലില്‍ പര്‍വേസ് പല അവസരങ്ങളില്‍ കുറ്റം സമ്മതിക്കുകയും അത് മാറ്റിപ്പറയുകയും ചെയ്തുകൊണ്ടേയിരുന്നു. ഒടുവില്‍ വിശദമായി തന്നെ പോലീസിന് മുന്നില്‍ തന്റെ രഹസ്യങ്ങളുടെ കെട്ടഴിച്ചു.
പണത്തിലും സ്വാധീനത്തിലും മയങ്ങിയാണ് ആസിഫ് ഷെയ്ഖിനെ ഒഴിവാക്കി ഷെലീന പര്‍വേസിനെ വിവാഹം ചെയ്യുന്നത്. എന്നാല്‍ വിവാഹത്തിനുശേഷമാണ് ഇയാള്‍ അവകാശപ്പെട്ടിരുന്ന പല കാര്യങ്ങളും പൊടിപ്പും തൊങ്ങലും വച്ച കള്ളക്കഥയാണെന്ന് ഷെലീന മനസ്സിലാക്കുന്നത്. അതിനുശേഷം പര്‍വേസിനോടുള്ള ഷെലീനയുടെ സമീപനം മാറി. ഭര്‍ത്താവായല്ല, ഒരു ജോലിക്കാരന്‍ മാത്രമായിരുന്നു ഷെലീനയ്ക്ക് പര്‍വേസ്. ഷെലീനയ്ക്കും മക്കള്‍ക്കും ആവശ്യമുള്ള സേവനങ്ങള്‍ ചെയ്തു നല്‍കിയില്ല എങ്കില്‍ പര്‍വേസിനെ അപമാനിക്കും. ഷെലീനയേക്കാള്‍ പതിനഞ്ച് വയസ്സിലേറെ ഇളയതായിരുന്നു പര്‍വേസ്. ഇയാള്‍ക്ക് പക്വതയില്ലെന്ന് പറഞ്ഞ് അതിരൂക്ഷമായി പരിഹസിച്ചിരുന്നു. ദുബായില്‍ കുടുംബസമേതം സ്ഥിരതാമസമാക്കാന്‍ ഷെലീന ഒരു ഘട്ടത്തില്‍ തീരുമാനിച്ചു. എന്നാല്‍, ഇക്കാര്യം പര്‍വേസില്‍ നിന്ന് മറച്ചുവച്ചു. അവസാനഘട്ടത്തിലാണ് ഇയാള്‍ ഇതെല്ലാം അറിയുന്നത്. ഇതേക്കുറിച്ച് ഷെലീനയോട് ചോദിച്ചപ്പോള്‍, നിങ്ങള്‍ക്ക് പാസ്‌പോര്‍ട്ടില്ലല്ലോ, അതുകൊണ്ട് പറഞ്ഞിട്ട് എന്ത് കാര്യമെന്നാണ് ഷെലീന ചോദിച്ചത്. ഇതിന്റെ പേരില്‍ ഷെലീനയും പര്‍വേസും അസാധാരണമായി വഴക്കിട്ടു.

ഇഗത്പൂരിയിലെ ഫാം ഹൗസില്‍ അവധിയാഘോഷിക്കാന്‍ ഷെലീന, ലൈല, ഷെലീനയുടെ മറ്റു മക്കളായ ഹഷ്മിന, ഇമ്രാന്‍, സാറ എന്നിവരും സഹോദരന്റെ മകളായ രേഷ്മയും യാത്ര പുറപ്പെടുന്നു. ദുബായിലേക്ക് താമസം മാറുന്നതിനാല്‍ ഫാം ഹൗസ് വിൽക്കാനായിരുന്നു അവരുടെ തീരുമാനം. രണ്ടു കാറുകളിലായിരുന്നു യാത്ര. ഒരു കാര്‍ ഓടിച്ചിരുന്നത് പര്‍വേസ് ആയിരുന്നു. പര്‍വേസിന്റെ വണ്ടിയില്‍ കയറാന്‍ ഷെലീന വിസമ്മതിച്ചു. തന്നെ പൂര്‍ണമായും ഒഴിവാക്കാനാണ് ഷെലീനയുടെ നീക്കമെന്ന് അയാള്‍ സംശയിച്ചു. മറ്റു പുരുഷന്‍മാരുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും ഇയാള്‍ സംശയിച്ചു. ഫാം ഹൗസില്‍ എത്തിയശേഷം കുടുംബാംഗങ്ങള്‍ ഒരു പാര്‍ട്ടി നടത്തി. അതിനുശേഷം ഷെലീനയും പര്‍വേസുമായി കടുത്ത തര്‍ക്കമുണ്ടായി. മുംബൈയിലെ തന്റെ സ്വത്തിന്റെ പവര്‍ ഓഫ് അറ്റോണി മുന്‍ഭര്‍ത്താവായ ആസിഫ് ഷെയ്ഖിനെ ഏല്‍പ്പിക്കുകയാണെന്ന് ഷെലീന പര്‍വേസിനോട് പറഞ്ഞു. ഇതില്‍ പ്രകോപിതനായ പര്‍വേസ് അലങ്കാരത്തിന് വച്ചിരുന്ന ലോഹത്തിന്റെ ഒരു പാത്രമെടുത്ത് ഷെലീനയുടെ തലയില്‍ അതിശക്തമായി ഇടിച്ചു. എന്നിട്ടും അരിശം തീരാതെ അയാള്‍ അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് ഷെലീനയെ മാരകമായി കുത്തി. അസാധാരണമായ ശബ്ദം കേട്ട് വീട്ടിലെ എല്ലാവരും ഓടിയെത്തി. ഫാം ഹൗസില്‍ നിന്നും പുറത്തേക്ക് ഓടിയ പര്‍വേസ് അയാളുടെ അനുയായിയായ വാച്ച്മാനെ ഉടന്‍ വിളിച്ചുകൊണ്ട് എല്ലാവരെയും അതിക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തുകയും ഫാം ഹൗസിന് പിന്നില്‍ മൃതദേഹങ്ങള്‍ കുഴിച്ചിടുകയും ചെയ്തു. പര്‍വേസിന്റെ മൊഴി സ്ഥിരീകരിക്കാന്‍ ഇഗ്ത്പുരിയിലെ ബംഗ്ലാവില്‍ തെളിവെടുപ്പ് നടത്തിയപ്പോള്‍ പിറക് വശത്തെ മുറ്റത്ത് നിന്ന് എല്ലാ മൃതദേഹങ്ങളും കണ്ടെടുത്തു. തലയോട്ടിയിലേറ്റ് മാരകപരിക്കുകളാണ് എല്ലാവരുടെയും മരണകാരണം.
കൊലപാതകത്തില്‍ ആസിഫ് ഷെയ്ഖിനും പങ്കുണ്ടെന്നായിരുന്നു പര്‍വേസിന്റെ ആരോപണം. ഇതേത്തുടര്‍ന്ന് പോലീസ് ബെംഗളൂരുവില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തു. ലൈലയുടെ പിതാവ് നാദിര്‍ ഷാ പട്ടേല്‍ ആദ്യം നല്‍കിയ പരാതിയില്‍ ആസിഫ് ഷെയ്ഖിനെതിരേ ആരോപണം ഉന്നയിക്കുകയുണ്ടായി. വിചാരണയില്‍ ആസിഫ് ഷെയ്ഖ് പ്രോസിക്യൂഷന്റെ സാക്ഷിയായിരുന്നു. ഇയാളാണ് ലൈലയെയും കുടുംബത്തെയും കൊലപ്പെടുത്തിയതെന്ന് പര്‍വേസിന്റെ അഭിഭാഷകന്‍ വാദിച്ചു. പക്ഷേ, തെളിവുകളെല്ലാം പര്‍വേസിന് എതിരായിരുന്നു.
13 വര്‍ഷത്തിനുശേഷം നടന്നത്

ലൈലാ ഖാന്റെയും കുടുംബത്തിന്റെയും കൊലപാതകത്തില്‍ ഈ വര്‍ഷം മെയ് മാസത്തില്‍ പര്‍വേസ് തക്കിന് വധശിക്ഷ ലഭിച്ചു. സംഭവം നടന്ന് 13 വര്‍ഷത്തിനുശേഷം മുംബൈ സെഷന്‍സ് കോടതിയുടേതായിരുന്നു വിധി. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് നിരീക്ഷിച്ച ജഡ്ജി എസ്.ബി. പവാര്‍ പര്‍വേസിനെ തൂക്കിലേറ്റാന്‍ വിധിക്കുകയായിരുന്നു. തെളിവ് നശിപ്പിച്ചതിന് ഏഴുവര്‍ഷത്തെ തടവും നല്‍കി. വധശിക്ഷ ഒഴിവാക്കാന്‍ പര്‍വേസ് മേല്‍ക്കോടതിയെ സമീപിച്ചേക്കും.
Content Highlights: laila khan, crime story, historical, high profile murder case, Indian Cinema, Laila khan life story
Published: 26 Sept 2024, 10:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented