
1989 ഓഗസ്റ്റ് 20, കാലിഫോർണിയയിലെ ബെവേളി ഹിൽസിലെ എമർജൻസി നമ്പറിലേക്ക് ഒരു കോൾ വന്നു. മറുതലയ്ക്കൽ ഒരു യുവാവിന്റെ ഭയാനകമായ കരച്ചിൽ. ലെയ്ൽ മെൻഡസ് എന്ന് സ്വയം പരിചയപ്പെടുത്തിയ യുവാവ് വിറയ്ക്കുന്ന ശബ്ദത്തോടെ പറഞ്ഞു: 'രക്ഷിക്കൂ, ആരോ ഞങ്ങളുടെ മാതാപിതാക്കളെ കൊലപ്പെടുത്തിയിരിക്കുന്നു.' ബെവേളി ഹിൽസിലെ പ്രമുഖ വ്യവസായി ഹൊസേ മെൻഡസിന്റെ വീട്ടിൽ നിന്നായിരുന്നു കോൾ. വിളിച്ചത് മക്കളിലൊരാൾ. സമയമൊട്ടും കളയാതെ പോലീസും പാരാ മെഡിക്കൽ സംഘവും എത്തിയപ്പോൾ അലറിക്കരഞ്ഞ് വീടിന് പുറത്തേക്കിറങ്ങിയ ലൈലിനെയും ഹൊസേ മെൻഡസിനെയും മറ്റൊരു മകനായ എറിക്കിനെയുമാണ് കണ്ടത്. വീടിനകത്ത് പ്രവേശിച്ചപ്പോൾ അതിഭീകരമായ കാഴ്ചയാണ് പോലീസിനെ വരവേറ്റത്. ടിവി മുറിയിൽ ശരീരം മുഴുവൻ വെടിയേറ്റ് പരിക്കേറ്റ ഹൊസേ മെൻഡസും ഭാര്യ കിറ്റി മെൻഡസും. മുറിയാകെ രക്തം, തല മരവിക്കുന്ന രൂക്ഷഗന്ധം. തലയോട്ടി തകർന്ന് നിലത്ത് തലച്ചോറ് ചിതറിക്കിടക്കുന്നു. കയ്യിലും കഴുത്തിലും കാലിലുമെല്ലാം വെടിയേറ്റിട്ടുണ്ട്. സംഭവം നടക്കുമ്പോൾ ലൈലും എറിക്കും വീട്ടിൽ ഇല്ലായിരുന്നുവെന്നാണ് പറഞ്ഞത്. സിനിമ കാണാൻ പോയതായിരുന്നു ഇരുവരും. നഗരത്തിലെ വൻകിട വ്യവസായിയായ ഹൊസേ മെൻഡസിന് ഒട്ടേറെ ബിസിനസ് എതിരാളികളുണ്ട്. ക്രൈം സീനിന്റെ അവസ്ഥ കണ്ടാൽ ഒരു മാഫിയാ ആക്രമണം പോലെയാണ് പോലീസിന് തോന്നിയത്. ഈ ഒരു സൂചനയിലാണ് അന്വേഷണം ആരംഭിച്ചത്.
മാതാപിതാക്കളുടെ മരണശേഷം ജീവിതം തിരിച്ചുപിടിക്കുന്ന എറിക്കിനെയും ലെയ്‌ലിനെയുമാണ് പൊതുസമൂഹം പിന്നീട് കാണുന്നത്. ലയലിന് 21 വയസ്സാണ് പ്രായം. എറിക്കിന് 18 ഉം. ചെറുപ്രായത്തിൽ ഒരു വലിയ ദുരന്തത്തിന് സാക്ഷിയാകേണ്ടി വന്നതിനാൽ ഇരുവരുടെയും മാനസികാവസ്ഥയിൽ എല്ലാവർക്കും ആശങ്കയുണ്ടായിരുന്നു. പിതാവിന്റെ ബിസിനസിന്റെ ചുമതല ഏറ്റെടുക്കുന്നതിൽ ഇരുവരും താൽപര്യം കാണിച്ചു. പ്രത്യേകിച്ച് ലയൽ.
ഹൊസേ മെൻഡസിന്റെയും കിറ്റി മെൻഡസിന്റെയും കൊലപാതകികളെ തേടി അലയുകയാണ് പോലീസ് ഒരു വശത്ത്. സമ്പന്നർ താമസിക്കുന്ന ബെവേളി ഹിൽസിൽ വീടുകളിൽ അതിക്രമിച്ചു കയറിയുള്ള മോഷണങ്ങൾ ധാരാളം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ സ്വാഭാവികമായും പോലീസിന്റെ അന്വേഷണം ആ വഴിയിലേക്ക് സഞ്ചരിച്ചു. ഹൊസെ മെൻഡിസിന്റെ വീട്ടിൽ നിന്ന് കാര്യമായൊന്നും മോഷണം പോയിട്ടില്ല. അതുകൊണ്ടു തന്നെ മാഫിയാ ആക്രമണത്തിനാണ് കൂടുതൽ സാധ്യത കൽപിച്ചത്.
കോടിക്കണക്കിന് സ്വത്തുക്കളുടെ അവകാശികളാണ് ലയലും എറിക്കും. മാതാപിതാക്കളുടെ മരണം നടന്ന് ഒരു മാസത്തിന് ശേഷം ലെയ്‌ലും എറിക്കും അത്യാഡംബരത്തിൽ മുഴുകി. ഇഷ്ടംപോലെ പണം. മറ്റ് അവകാശികളില്ല. ലക്ഷങ്ങൾ പൊടിപൊടിച്ചുള്ള പാർട്ടികൾ വിദേശയാത്രകളും പതിവായി. ആഡംബര കാറുകളോടും വാച്ചുകളോടും സഹോദരൻമാർക്ക് വലിയ ഭ്രമമായിരുന്നു. പോർഷെ, റോളക്‌സ് തുടങ്ങിയ ബ്രാൻഡുകളായിരുന്നു അവർക്കേറെ പ്രിയം. ബാല്യകാലം മുതൽ ടെന്നീസിനോടായിരുന്നു എറിക്കിന് താൽപര്യം. പഠനത്തിനിടയിലും ടെന്നീസ് കളിക്കുകയും പരിശീലിക്കുകയും ചെയ്തിരുന്നു. സ്ഥിരമായി ഒരു കോച്ചിനെ വച്ച് എറിക് പരിശീലനം ആരംഭിച്ചു. അമേരിക്കയിലും വിദേശത്തും ഒട്ടേറെ ടൂർണമെന്റുകളിൽ പങ്കെടുത്തു. ബെവേളി ഹിൽസിലെ വീട്ടിൽ അവർ ഭൂരിഭാഗം സമയവും ഉണ്ടായിരുന്നില്ല. മറിനാഡെൽ റേയിലെ ഒരു വസതിയിലായിരുന്നു ഏറെയും താമസം. അവിടെ സുഹൃത്തുക്കൾക്കൊപ്പം പാർട്ടികൾ നടത്തിയും യാത്ര ചെയ്തും സ്വപ്നതുല്യമായ ജീവിതമായിരുന്നു അവർ നയിച്ചത്.
മാസങ്ങൾ പിന്നിട്ടിട്ടും അന്വേഷണം എവിടെയും എത്തിയില്ല. മരിച്ചത് സാധാരണക്കാരല്ല, അതുകൊണ്ടു തന്നെ ചുറ്റുപാടും നിന്ന് പോലീസിന് സമ്മർദ്ദമേറി. കൊലപാതകത്തിൽ മാഫിയ ബന്ധം ആരോപിക്കുന്നുണ്ടെങ്കിൽ അതിനുതകുന്ന യാതൊരു തെളിവുകളും കണ്ടെത്താനായില്ല. ഹൊസേ മെൻഡസിനെ ഇഷ്ടമില്ലാത്തവർ ധാരാളമുണ്ടായിരുന്നു. പക്ഷേ, അവരിൽ ആർക്കും കൊല്ലാനുള്ള പകയൊന്നും ഉണ്ടായിരുന്നില്ല. കൊലപാതകത്തിന് ശേഷം ആദ്യമാസങ്ങളിൽ ലെയ്‌ലും എറിക്കും കേസിന്റെ വിവരങ്ങൾ അറിയാൻ വരുമായിരുന്നു. കാലക്രമേണ അത് കുറഞ്ഞു. മാതാപിതാക്കളുടെ കൊലപാതകിയെ കണ്ടെത്താൻ ഏറ്റവും ഉത്സാഹം കാണിക്കേണ്ടത് സ്വാഭാവികമായും മക്കളായിരുന്നു. പക്ഷേ, അതുണ്ടായില്ല. അതിനിടയിലാണ് സഹോദരൻമാരുടെ ആഡംബര ജീവിതത്തെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥർ മനസ്സിലാക്കുന്നത്. ഏതാണ്ട്ആറ് കോടിയോളം രൂപയാണ് അവർ മാതാപിതാക്കളുടെ മരണത്തിന് ശേഷം ചെലവാക്കിയത്. അക്കാലത്ത് അത് വലിയ തുകയായിരുന്നു.
ഒരു ദിവസം എറിക്കിന്റെ സുഹൃത്താണ് എന്ന് പരിചയപ്പെടുത്തി ക്രെയ്ഗ് സിനാറെലി എന്നൊരു യുവാവ് അന്വേഷണ ഉദ്യോഗസ്ഥരെ തേടിയെത്തി. മാതാപിതാക്കളെ കൊന്നത് തങ്ങളാണെന്ന് എറിക്ക് തന്നോട് തുറന്ന് പറഞ്ഞു, എന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് അദ്ദേഹം പോലീസിന് കൈമാറിയത്. മറ്റൊരു കഥ കൂടി ക്രെയ്ഗ് പങ്കുവച്ചു, താനും എറിക്കും കൂടി ഒരു സിനിമാ തിരക്കഥയെഴുതി. സ്വത്തിന് വേണ്ടി മാതാപിതാക്കളെ കൊല്ലുന്ന ഒരു യുവാവിന്റെ കഥയായിരുന്നു അത്. കഥ പൂർണമായും എറിക്കിന്റേതായിരുന്നു. പക്ഷേ, അയാളുടെ മാതാപിതാക്കൾക്ക് ഇപ്പോൾ സംഭവിച്ച ദുരന്തവുമായി അത് ചേർത്ത് വായിച്ചപ്പോൾ പോലീസിന് എന്തോ ഒരു സംശയം തോന്നി.
ക്രെയ്ഗിന്റെ വെളിപ്പെടുത്തലിലെ സത്യമറിയാനായിരുന്നു പോലീസിന്റെ അടുത്ത നീക്കം. സഹോദരൻമാരെ പോലീസിന് നേരത്തേ സംശയം ഉണ്ടായിരുന്നുവെങ്കിൽ സാഹചര്യ തെളിവുകൾ പോലും പ്രതികൂലമായി നിൽക്കുകയായിരുന്നു. എറിക്കിന്റെ വായിൽ നിന്നു തന്നെ സത്യം അറിയണം. അതിനായി ക്രെയ്ഗിനെ ചൂണ്ടയാക്കി വയർ ടാപ്പിങ് നടത്താൻ തീരുമാനിച്ചു. പോലീസിന്റെ നിർദ്ദേശ പ്രകാരം ക്രെയ്ഗ് ഒരു റസ്റ്ററന്റിലേക്ക് എറിക്കിനെ വിളിച്ചുവരുത്തി. 'അന്ന് നീ പറഞ്ഞത് സത്യമാണോ? നീയാണോ മാതാപിതാക്കളെ കൊന്നത്?' എന്ന് ക്രെയ്ഗ് എറിക്കിനോട് ചോദിച്ചു. 'നീ ഭ്രാന്ത് പറയുകയാണോ? ഞാൻ അവരെ എന്തിന് കൊല്ലണം?' എന്നായിരുന്നു എറിക്കിന്റെ മറുപടി, എത്ര തവണ ചോദിച്ചിട്ടും എറിക് ആ മറുപടിയിൽ തന്നെ തന്നെ ഉറച്ചു നിന്നു. അതോടെ ആ ശ്രമം പരാജയപ്പെട്ടു.
സഹോദരൻമാരുടെ സുഹൃത്തുക്കളെ ഓരോരുത്തരെയും ഡിറ്റക്ടീവുമാർ കണ്ടുപിടിച്ച് അനൗദ്യോഗിക സംഭാഷണങ്ങളിൽ ഏർപ്പെട്ടുകൊണ്ടേയിരുന്നു. അക്കൂട്ടത്തിൽ ഗ്ലെൻ സ്റ്റീവ്സ് എന്ന യുവാവ് ഒരു ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി. മെൻഡസ് ദമ്പതികളുടെ മരണം നടന്ന് ഒരാഴ്ചയ്ക്കു ശേഷം മറ്റൊരു നഗരത്തിലായിരുന്ന ലെയ്ൽ പെട്ടന്ന് വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞു. തന്റെ പിതാവ് ഒരു പുതിയ വിൽപത്രം തയ്യാറാക്കി വച്ചിട്ടുണ്ട്. അതിൽ തങ്ങൾ മക്കൾക്ക് വളരെ കുറച്ച് സ്വത്ത് മാത്രമേ നീക്കി വച്ചിട്ടുള്ളൂ, അത് കണ്ടെടുത്ത് നശിപ്പിക്കണം. കമ്പ്യൂട്ടറിൽ നിന്ന് അത് എന്നന്നേക്കുമായി നശിപ്പിക്കാൻ ഒരു സാങ്കേതിക വിദഗ്ധനെ നിയോഗിക്കുകയും ചെയ്തു. ഇത് സത്യമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
അന്വേഷണത്തിലെ വഴിത്തിരിവ്
ലെയ്ലിനെപ്പോലെയായിരുന്നില്ല എറിക്. മാതാപിതാക്കളുടെ മരണത്തിനുശേഷം അയാൾ സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങിവരാൻ കഴിഞ്ഞില്ല. ആത്മവിശ്വാസം നഷ്ടപ്പെട്ടു, ദുഃസ്വപ്നങ്ങൾ അയാളെ വേട്ടയാടികൊണ്ടേയിരുന്നു. മാനസികനില താളം തെറ്റുന്നുവെന്ന് തോന്നിയതോടെ അയാൾ കുടുംബ ഡോക്ടറായ മനഃശാസ്ത്രജ്ഞൻ ജെറോം ഓസിലിനെ സമീപിക്കുന്നു. സംസാരിച്ചു തുടങ്ങിയപ്പോൾ എറിക് പരിഭ്രാന്തനായി, ഒരു കുഞ്ഞിനെപ്പോലെ കരഞ്ഞു, ഒടുവിൽ അയാൾ പറഞ്ഞു, ഞങ്ങളാണ് മാതാപിതാക്കളെ കൊന്നത്. ഉറങ്ങുമ്പോൾ അവരെയാണ് സ്വപ്നം കാണുന്നത്. സഹായിക്കണം. പുറമേയ്ക്ക് യാതൊരു ഭാവഭേദവും പ്രകടിപ്പിക്കാതെയാണ് ഡോക്ടർ ഇതെല്ലാം കേട്ടുകൊണ്ടിരുന്നത്. എന്നാൽ അദ്ദേഹത്തിന്റെ മനസ്സിൽ ഭയം നിറഞ്ഞു. ഒരു ഡോക്ടർ എന്ന നിലയിൽ രോഗിയുടെ വിവരങ്ങൾ പുറത്തുവിടാൻ പാടില്ല. പക്ഷേ, തന്റെ മുന്നിലിരിക്കുന്നത് ഒരു കൊലപാതകിയാണ്. മാസങ്ങളായി പോലീസ് തേടുന്ന കൊലപാതകി. ഒരു വൈകാരികതയുടെ പുറത്താണ് എറിക് ഇതെല്ലാം തുറന്ന് പറഞ്ഞത്. എന്നാൽ നാളെ അയാൾ അതിൽ നിന്ന് പുറത്ത് കടക്കുമ്പോൾ അയാൾക്ക് ഭയവും കുറ്റബോധവും തോന്നിയേക്കാം. സത്യം പുറത്ത് വരാതിരിക്കാൻ അയാൾ തന്നെയും തീർത്തുകളയുമോ എന്ന ഭയം ഡോക്ടറെ വേട്ടയാടി. ആശയകുഴപ്പത്തിലായ ഡോക്ടർ തന്റെ കാമുകിയായ ജുഡലോൺ സ്മിത്തിനോട് കാര്യങ്ങൾ തുറന്ന് പറഞ്ഞു. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ലോകം സത്യമറിയണം. കൂടാതെ തന്നെ കാണാൻ എറിക് വരുമ്പോൾ സംഭാഷണമെല്ലാം ഡോക്ടർ ടാപ്പ് ചെയ്ത് സൂക്ഷിച്ചു. എന്നിരുന്നാലും പോലീസിനെ അറിയിക്കാൻ അയാളുടെ മനസ്സനുവദിച്ചില്ല. പക്ഷേ, അതിനിടയിൽ മറ്റൊരു സംഭവവമുണ്ടായി. ഡോക്ടറും കാമുകി ജുഡലോൺ സ്മിത്തും തമ്മിൽ തല്ലിപ്പിരിഞ്ഞു. തൊട്ടുപിന്നാലെ പോലീസിനെ സമീപിക്കുകയാണ് ജുഡലോൺ സ്മിത്ത് ചെയ്തത്. തന്റെ കാമുകനായിരുന്ന ഡോക്ടറോട് സഹോദരൻമാരിൽ ഒരാൾ സത്യം തുറന്ന് പറഞ്ഞുവെന്നും അതിന്റെ വോയ്സ് റെക്കോഡുകൾ അയാളുടെ കൈവശമുണ്ടെന്നും അവർ പറഞ്ഞു. സമയമൊട്ടും പാഴാക്കാതെ പോലീസുകാർ ബെവേളി ഹിൽസിലെ ബംഗ്ലാവിൽ നിന്ന് ലെയ്ലിനെ പിടികൂടി. 1990 മാർച്ച് എട്ടിനായിരുന്നു അറസറ്റ്. ഈ സമയത്ത് എറിക് ഇസ്രയേലിലായിരുന്നു. സഹോദരൻ അറസ്റ്റിലായ വിവരം അറിഞ്ഞയുടൻ അയാൾ അമേരിക്കയിലേക്ക് മടങ്ങിയെത്തുകയും പോലീസിന് മുന്നിൽ കീഴടങ്ങുകയും ചെയ്തു.
ഹൊസേ മെൻഡസ്, കിറ്റി മെൻഡസ് ദമ്പതികളുടെ കൊലപാതകത്തിൽ സ്വന്തം മക്കൾ തന്നെ അറസ്റ്റിലായ വിവരം പൊതുസമൂഹത്തിൽ വളരെ ഞെട്ടലുണ്ടാക്കി. മാധ്യമങ്ങളിൽ പൊടിപ്പും തൊങ്ങലും വച്ച കഥകൾ പ്രചരിച്ചു. സഹോദർമാർക്ക് മാഫിയകളുമായി ബന്ധമുണ്ടെന്നും ദുർമന്ത്രവാദമുണ്ടെന്നും വരെയായി കഥകൾ. പണത്തിനോടുള്ള ദുരാഗ്രഹമാണ് അവരെ ഇവിട കൊണ്ടെത്തിച്ചതെന്ന് ഭൂരിഭാഗവും വിശ്വസിച്ചു. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയാണ് ഇരുവർക്കുമെതിരേ കേസെടുത്തത്.
1993 ലാണ് കേസിലെ വിചാരണ ആരംഭിക്കുന്നത്. ലെസ്ലി അബ്രാംസണായിരുന്നു എറിക്കിന്റെ അഭിഭാഷകൻ. ജിൽ ലാൻസിംഗ് ലെയ്‌ലിന് വേണ്ടി ഹാജരായി. മാസങ്ങൾ നീണ്ട ഗൂഢാലോചനയ്ക്കുശേഷം നടത്തിയ അതിക്രൂരമായ കൊലപാതകമെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. ഹൊസേ മെൻഡസിന്റെയും കിറ്റി മെൻഡസിന്റെയും കുടുംബം ലെയ്‌ലിനും എറിക്കിനുമെതിരേ ശക്തമായി നിലകൊണ്ടു.
എന്താണ് മെൻഡസ് സഹോദരൻമാർക്ക് പറയാനുള്ളത്?

പുറമേ നിന്നുള്ളവർ നോക്കുമ്പോൾ കാണുന്ന പെർഫക്ട് ഫാമിലിയല്ല തങ്ങളുടെ കുടുംബമെന്ന് അവർ പറഞ്ഞു. അതിന് അവർ പറഞ്ഞ കാര്യങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. ബാല്യകാലം മുതൽ മാനസികമായും ശാരീരികമായും മാതാപിതാക്കളുടെ പീഡനം അനുഭവിക്കേണ്ടി വന്നവരായിരുന്നു തങ്ങൾ. പിതാവ് ശാരീരികമായി ഉപദ്രവിക്കുമ്പോൾ മാതാവ് മാനസികമായി പീഡിപ്പിക്കും. അവർ ഒരിക്കൽ പോലും തങ്ങളോട് സ്‌നേഹത്തോടെ പെരുമാറിയ അനുഭവം പങ്കുവയ്ക്കാനില്ല. നാർസിസ്റ്റുകൾ (അവനവനോട് തന്നെ അമിതമായ ഇഷ്ടവും പ്രാധാന്യവും തോന്നുകയും അതിനെത്തുടർന്ന് മറ്റുള്ളവർക്ക് തീരെ മൂല്യം കൽപിക്കാതിരിക്കുകയുമെല്ലാം ചെയ്യുന്നവരെയാണ് പൊതുവേ നമ്മൾ 'നാർസിസ്റ്റു'കൾ എന്ന് വിളിക്കുന്നത്. ഒന്നുകൂടി ചുരുക്കിപ്പറഞ്ഞാൽ അമിത സ്വാർത്ഥത ഉള്ളവർ നാർസിസിസ്റ്റിക് പേഴ്‌സണാലിറ്റി ഡിസോർഡർ ഉള്ളവരെന്ന് വിശേഷിപ്പിക്കാം) എന്നാണ് എറിക്കും ലെയ്‌ലും സ്വന്തം മാതാപിതാക്കളെ വിശേഷിപ്പിച്ചത്. തങ്ങളുടെ മക്കൾ വലിയ തോൽവികളാണെന്ന് അവർ വിശ്വസിച്ചു. ഒന്നിനും കൊള്ളാത്തവരെന്ന് മുദ്രകുത്തി. താൻ ടെന്നീസ് മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ പിതാവ് കാണാൻ വരുമായിരുന്നു. മത്സരത്തിൽ തോറ്റുകഴിഞ്ഞാൽ കാണികളുടെ മുന്നിൽ വച്ച് രൂക്ഷമായി അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്യുമായിരുന്നുവെന്ന് എറിക് പറഞ്ഞു.
കുട്ടിക്കാലം മുതൽ തങ്ങളെ പിതാവ് ലൈംഗിക പീഡനത്തിനും വിധേയനാക്കി. ഒരുമിച്ച് കുളിക്കാൻ ക്ഷണിക്കുമായിരുന്നു. വിസമ്മതിച്ചാൽ ഭീഷണിപ്പെടുത്തും. മാതാവ് അതിനെല്ലാം സാക്ഷിയായിരുന്നിട്ടും പ്രതികരിക്കാറില്ല. മാത്രവുമല്ല പിതാവ് എന്ത് ദ്രോഹം ചെയ്താലും തങ്ങളായിരിക്കും കുറ്റക്കാർ. സ്‌നേഹം പ്രതീക്ഷിച്ച് ചെന്നപ്പോഴെല്ലാം അപമാനിക്കപ്പെടാനായിരുന്നു വിധി. പിതാവ് ഒരുപാട് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. അതെല്ലാം തന്റെ കുറവാണെന്നാണ് മാതാവ് ചിന്തിച്ചത്. പ്രായമേറുംതോറും യുവത്വം നിലനിർത്താൻ ഒരുപാട് കോസ്‌മെറ്റിക് ചികിത്സയിലൂടെ അവർ കടന്നുപോയി. എന്നിട്ടും പിതാവിന്റെ സ്വഭാവത്തിൽ മാറ്റം വന്നില്ല. ഒടുവിൽ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി. ഭർത്താവിനോടുള്ള ദേഷ്യമെല്ലാം കിറ്റി മെൻഡസ് മക്കളോടാണ് തീർത്തത്. അമിതമായ ഭയവും വിധേയത്വവും തങ്ങളുടെ വ്യക്തിത്വത്തെ ബാധിച്ചു. സുഹൃത്ത് ബന്ധങ്ങൾ കെട്ടിപ്പടുക്കാൻ അവർ തങ്ങളെ അനുവദിച്ചില്ല. പ്രണയിക്കാൻ അനുവദിച്ചില്ല. പെൺകുട്ടികളായ തങ്ങളുടെ സുഹൃത്തുക്കളെ അസഭ്യം പറഞ്ഞ് അപമാനിക്കുമായിരുന്നു. മെൻജഡസ് സഹോദരൻമാരുടെ വാദം സത്യമാണെന്ന് സ്ഥിരീകരിക്കുന്നതിന് അവരുടെ ബന്ധു മൊഴി നൽകി. അവധിക്കാലങ്ങളിൽ മെൻഡസ് കുടുംബത്തിൽ താമസിക്കാറുണ്ടെന്നും ഹോസേ മെൻഡസ് എറിക്കിനെയും ലെയ്‌ലിനെയും ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതിന് താൻ സാക്ഷിയായിരുന്നുവെന്നും അയാൾ പറഞ്ഞു.
മെൻഡസ് കുടുംബത്തിന്റെ കൈവശം ധാരാളം തോക്കുകൾ ഉണ്ടായിരുന്നു. എന്നാൽ, അവയിൽ ഏതെങ്കിലും ഉപയോഗിച്ചാൽ പോലീസ് എളുപ്പത്തിൽ പിടികൂടും. കൊലപാതകത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് സഹോദരൻമാർ തെക്കൻ കാലിഫോർണിയയിൽ നിന്ന് രണ്ട് ഷോട്ട് ഗണ്ണുകൾ വാങ്ങുകയായിരുന്നു. സുഹൃത്തിന്റെ ഡ്രൈവിങ് ലൈസൻസ് മോഷ്ടിച്ച് അത് രേഖയായി നൽകിയാണ് തോക്കുകൾ സംഘടിപ്പിച്ചത്.

ജോലിക്കാർ അവധിക്ക് പോയ ഒരു ദിവസമാണ് അവർ കൊലപാതകത്തിനായി തിരഞ്ഞെടുത്തത്. എല്ലാം ആസൂത്രണം ചെയ്ത് ആ ദിവസം വൈകുന്നേരം തോക്കുകളുമായി ബംഗ്ലാവിലേക്ക് പ്രവേശിച്ചു. ആ സമയത്ത് മാതാപിതാക്കൾ ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. യാതൊന്നും സംസാരിക്കാൻ നിൽക്കാതെ വെടിയുതിർത്തു. ഹൊസേ മെൻഡസിന് ആറ് വട്ടമാണ് വെടിയേറ്റത്. അതിൽ ഒരെണ്ണം തലയ്ക്ക് പിറകിലായിരുന്നു. കിറ്റി മെൻഡസിന്റെ കൈകളിലാണ് ആദ്യം വെടിയേറ്റത്. പിന്നീട് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും. പുറത്തിറങ്ങി കാറിൽ സൂക്ഷിച്ചിരുന്ന വെടിയുണ്ടകൾ റീലോഡ് ചെയ്ത് കിറ്റിയുടെ കഥയും അവർ തീർത്തു. വെടിയൊച്ച കേട്ട് അയൽക്കാർ വരുമെന്നും അപ്പോൾ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പോലീസിൽ കീഴടങ്ങാം എന്നതായിരുന്നു തങ്ങളുടെ പദ്ധതിയെന്ന് സഹോദർമാർ അവകാശപ്പെട്ടു. എന്നാൽ, ആരും വരാതായപ്പോൾ രക്തത്തിൽ കുളിച്ച വസ്ത്രങ്ങൾ മാറ്റി ശരീരം കഴുകി വൃത്തിയാക്കി വളരെ ദൂരെയുള്ള ആളൊഴിഞ്ഞ പ്രദേശത്ത് കുഴികുത്തി തോക്ക് ഒളിപ്പിച്ചു. ഈ സമയത്ത് തങ്ങൾ വീട്ടിലില്ലെന്ന് തെളിയിക്കാൻ ബാറ്റ്മാൻ സിനിമയുടെ ടിക്കറ്റുകൾ വാങ്ങി. അതും സിനിമ തുടങ്ങി പകുതി സമയം പിന്നിട്ട നേരത്ത്. നഗരത്തിൽ ഒരുപാട് സമയം കറങ്ങി നടന്നശേഷം ബംഗ്ലാവിലെത്തി. തങ്ങൾ തിരിച്ചുവരുന്നതിന് മുൻപ് ആരെങ്കിലും മാതാപിതാക്കളെ മരിച്ചനിലയിൽ കണ്ടെത്തുമെന്നാണ് അവർ പ്രതീക്ഷിച്ചത്. എന്നാൽ, അവർ മടങ്ങിയെത്തിയപ്പോൾ ആരുമില്ല. തങ്ങൾ പിടിക്കപ്പെടില്ല എന്ന ആത്മവിശ്വസത്തോടെ പിന്നീട് പോലീസിനെ വിളിക്കുകയായിരുന്നു.
സ്വത്തിനോടുള്ള സഹോദർമാരുടെ ആർത്തിയാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോസിക്യൂഷൻ വാദിച്ചു. ഇത്രയും കാലം കള്ളങ്ങൾ പറഞ്ഞ് പിടിച്ചുനിൽക്കാൻ അവർക്ക് സാധിച്ചുവെങ്കിൽ മാതാപിതാക്കൾക്കെതിരേയുള്ള പീഡനകഥ വ്യാജമാണെന്നായിരുന്നു പ്രോസിക്യൂഷന്റെ ന്യായം. കാര്യപ്രാപ്തിയില്ലാത്ത മക്കൾക്ക് കൂടുതൽ സ്വത്ത് നൽകാൻ ഹൊസേ മെൻഡസിന് ഭയമായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം വിൽപത്രം മാറ്റിയെഴുതിയത്. ഇതൊരു ബന്ധുവിൽ നിന്നറിഞ്ഞതിനുശേഷമാണ് സഹോദർമാർ കൊലപാതകം ആസൂത്രണം ചെയ്തത്.
എറിക്കിന്റെ തെറാപ്പിക്കിടെ ഡോ. ജെറോം ഓസ്ലർ റെക്കോഡ് ചെയ്ത സംഭാഷണങ്ങൾ കേസിൽ നിർണായകമായിരുന്നു. പണത്തിന് വേണ്ടിയായിരുന്നില്ല എറിക്കും ലെയ്‌ലും മാതാപിതാക്കളെ കൊന്നതെന്നും പകരം സ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നുവെന്നും ഡോക്ടർ മൊഴി നൽകി. എന്നാൽ കുറ്റം ഏറ്റു പറയുന്ന ആ ടേപ്പിൽ ലൈംഗിക പീഡനത്തെക്കുറിച്ച് എറിക് പരാമർശിക്കാതിരുന്നത് പ്രോസിക്യൂഷന് കച്ചിത്തുരുമ്പായി. വിചാരണയ്‌ക്കൊടുവിൽ ജൂറിയിലെ സ്ത്രീകൾക്ക് സഹോദരൻമാരോട് സഹതാപം തോന്നി. നരഹത്യാക്കുറ്റം ചുമത്തിയാൽ മതിയെന്നായിരുന്നു അവരുടെ വാദം. എന്നാൽ കൊലപാതകക്കുറ്റം ചുമത്തി പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു ജൂറിയിലെ പുരുഷൻമാരുടെ വാദം. ശിക്ഷയെ സംബന്ധിച്ച് രണ്ട് അഭിപ്രായങ്ങൾ ഉയർന്നതോടെ വിചാരണ അസാധുവായെന്ന് ജഡ്ജി പ്രഖ്യാപിച്ചു.
രണ്ടാംഘട്ട വിചാരണ നടന്നത് 1995-1997 കാലഘട്ടത്തിലാണ്. കോടതിയിൽ തനിക്ക് അനുകൂലമായ മൊഴി നൽകണമെന്ന് ലെയ്ൽ തന്നോട് ആവശ്യപ്പെട്ടുവെന്ന് മുൻകാമുകി പറഞ്ഞത് വലിയ തിരിച്ചടിയായി. മാതാപിതാക്കൾക്കെതിരേയുള്ള പീഡനാരോപണം തെളിയിക്കാൻ പ്രതിഭാഗത്തിന് സാധിക്കാതെ വന്നപ്പോൾ ഇരു സഹോദർമാർക്കും ജീവപര്യന്തം ശിക്ഷ നൽകിയാണ് വിചാരണ അവസാനിച്ചത്. അതും പരോളില്ലാതെ. വ്യത്യസ്ത ജയിലുകളിലാണ് സഹോദർമാരെ പാർപ്പിച്ചത്. 1998, 1999, 2003 വർഷങ്ങളിൽ ശിക്ഷയിൽ ഇളവു വരുത്തമെന്ന് ആവശ്യപ്പെട്ട് ലെയ്‌ലും എറിക്കും കോടതിൽ അപ്പീൽ നൽകിയെങ്കിൽ നിഷേധിക്കപ്പെട്ടു. തടവിൽ കഴിയുമ്പോൾ ലെയ്ൽ രണ്ടുതവണയും എറിക് ഒരു തവണയും വിവാഹിതരായി. തടവുകാർക്ക് ജീവിതപങ്കാളിക്കൊപ്പം സ്വകാര്യമായി സമയം ചെലവഴിക്കാനുള്ള അവകാശ പ്രകാരമായിരുന്നു (conjugal rights) വിവാഹം. അതിനിടെ ഇരുവരും വിദ്യാഭ്യാസം പൂർത്തിയാക്കുകയും ചെയ്തു.
ഈ വർഷം സെപ്തംബർ മാസത്തിൽ മെൻഡസ് സഹോദർമാരുടെ കേസ് വീണ്ടും വാർത്തകളിൽ ഇടം നേടി. മെനുഡോ ബോയ്‌സ് എന്ന സംഗീത ബാൻഡിലെ അംഗമായിരുന്ന ഗായകൻ റോയ് റൊസല്ലോയുടെ വെളിപ്പെടുത്തലാണ് അതിന് കാരണമായത്. തനിക്ക് പതിമൂന്ന് വയസ്സുള്ളപ്പോൾ ഹൊസേ മെൻഡസ് മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് റോയ് റൊസല്ലോയുടെ ആരോപണം. പിതാവ് ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്ന മെൻഡസ് സഹോദരൻമാരുടെ ആരോപണത്തെ ശരിവയ്ക്കുന്ന വെളിപ്പെടുത്തലാണിത്. ഇതിന്റെ പശ്ചാത്തലത്തിൽ വീണ്ടും അപ്പീലിന് ശ്രമിക്കുകയാണ് മെൻഡസ് സഹോദരൻമാർ.
Content Highlights: Double Murder, jose menendez, kitty, Investigation, Mendez Brothers, Toxic Parenting
Published: 22 Oct 2024, 11:00 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented