2010 ഒക്ടോബറിലാണ് കൊല്ലങ്കോട്ട് പതിനൊന്നുകാരി മരിക്കുന്നത്. കുടുംബ കലഹത്തെ തുടർന്ന് അച്ഛനുമായി പിണങ്ങി കഴിയുകയായിരുന്ന അമ്മയും സഹോദരനുമായി അമ്മാവന്റെ വീട്ടിലായിരുന്നു പെൺകുട്ടിയുടെ താമസം. അമ്മാവന്റെ വീട്ടിലെത്തി മൂന്നാം മാസത്തിലാണ് കുട്ടി മരിക്കുന്നത്. പിന്നീട് നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് പീഡന വിവരം പുറത്ത് വരുന്നത്. പതിനൊന്നുകാരിയുടെ മരണത്തിനു പിന്നിലെ കാരണം ആത്മഹത്യ എന്ന് എഴുതിയ പോലീസ് റിപ്പോർട്ടിനു പിന്നാലെ വന്ന പോസ്റ്റ്മാർട്ടം റിപ്പോർട്ട് ഞെട്ടിക്കുന്നതായിരുന്നു. മരിക്കുന്നതിനു മുൻപ് പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ട് ജനനേന്ദ്രിയത്തിൽ മുറിവുകളും ചതവുകളും സ്വകാര്യഭാഗത്ത് ബീജത്തിന്റെ സാന്നിധ്യം ഇതെല്ലാം കൃത്യമായി പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു. ആത്മഹത്യ എന്ന് പോലീസ് റിപ്പോർട്ട് എഴുതിയ കേസിന്റെ അന്വേഷണത്തിൽ നിരവധി പാളിച്ചകൾ ഉണ്ടായതായി ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ നിന്ന് വ്യക്തമായതോടെയാണ് കേസ് ഇപ്പോൾ സിബിഐക്ക് വിട്ടിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് മരിച്ച പെൺകുട്ടിയുടെ അമ്മാവൻ മാതൃഭൂമി ഡോട്ട് കോമിനോട് അനുഭവം പങ്കുവെക്കുകയാണ്...
നിലവിൽ എന്റെ സഹോദരനേയും എന്റെ ഒരു ചെറിയച്ഛന്റെ മകനെയുമാണ് കേസിൽ പ്രതിചേർത്തിരിക്കുന്നത്. പക്ഷേ അത് നാളിതുവരെ തെളിയിക്കാൻ സാധിച്ചിട്ടില്ല. പോലീസിനും നിയമത്തിനും അവരുടെ ഭാഗത്ത് നിന്ന് എന്തൊക്കെ ചെയ്യാൻ പറ്റുമോ അതെല്ലാം ചെയ്തു കഴിഞ്ഞതാണ്. പോളിഗ്രാഫി, ബ്രെയിൻ മാപ്പിങ് എന്നിങ്ങനെ എല്ലാവരുടേയും എല്ലാ ടെസ്റ്റുകളും ചെയ്തതാണ്. ബ്രെയിൻ മാപ്പിങ്ങും മറ്റ് പരിശോധനകൾക്കുമായി ഗുജറാത്തുവരെ പോയിരുന്നു. പക്ഷേ അതിലൊന്നും ഇവരാണ് കുറ്റവാളികളെന്ന് തെളിയിക്കാനായി കഴിഞ്ഞില്ല.
ചെറിയച്ഛന്റെ മോൻ ഇടക്ക് വീട്ടിൽ വരാറുണ്ടായിരുന്നു. അനിയനും വീട്ടിൽ വന്ന് പോകാറുണ്ട്. ശനിയാഴ്ചകളിൽ വന്ന് തിങ്കളാഴ്ച രാവിലെ തിരികെ ജോലിക്ക് പോവുകയാണ് ചെയ്തിരുന്നത്. ഞാൻ അന്ന് തൃശൂരാണ് ജോലി ചെയ്തിരുന്നത്. അക്കാലത്ത് ഞാനും അങ്ങനെ തന്നെയായിരുന്നു. പക്ഷേ പോലീസിന് അവരെ സംശയം തോന്നാൻ കാരണമെന്താണെന്ന് അറിയില്ല. അവരുടെ സംസാരത്തിലോ പ്രവൃത്തിയിലോ എന്തോ സംശയം തോന്നിയിരിക്കാം.
കുടുംബകലഹത്തെ തുടർന്ന് അച്ഛനുമായി പിണങ്ങി കഴിയുകയായിരുന്ന അമ്മയും സഹോദരനുമായി അമ്മാവന്റെ വീട്ടിലായിരുന്നു പെൺകുട്ടിയുടെ താമസം. അമ്മാവന്റെ വീട്ടിലെത്തി മൂന്നാം മാസത്തിലാണ് കുട്ടി മരിക്കുന്നത്.
അന്നേ ദിവസം ഈ കുട്ടി ഭക്ഷണം കഴിച്ചിട്ട് ഉച്ച സമയത്ത് അവളുടെ റൂമിൽ കിടക്കുകയായിരുന്നു. ആ സമയത്ത് തന്നെ ചെറിയ സഹോദരിയുടെ മകളും തൊട്ടപ്പുറത്തെ റൂമിൽ ഉണ്ടായിരുന്നു. സഹോദരി അപ്പുറത്തെ റൂമിൽ കിടക്കുന്നുണ്ടായിരുന്നു. പിന്നീട് സഹോദരി പുറകിൽ ചെന്ന് തുണി അലക്കുന്ന സമയത്ത് ജനലിലൂടെ നോക്കിയപ്പോഴാണ് കുഞ്ഞ് തൂങ്ങി നിൽക്കുന്നത് കാണുന്നത്. ഇത് കണ്ട് അവൾ ഓടി വന്ന് കാലിൽ പിടിച്ച് കരയുകയും ആളുകളൊക്കെ ഓടികൂടുകയും കുഞ്ഞിനെ അഴിച്ച് നിലത്ത് കിടത്തുകയും ചെയ്തു. അത് കഴിഞ്ഞ് പിന്നീടാണ് ഹോസ്പിറ്റലിൽ കൊണ്ടു പോകുന്നത്. പിന്നീട് പകുതി എത്തിയപ്പോൾ തിരികെ മടക്കി കൊണ്ടുവരുകയും ചെയ്തു.
ഞങ്ങൾക്ക് വന്ന വിഷമം എന്താണെന്ന് വെച്ചാൽ ഞങ്ങൾക്ക് ഹോസ്പിറ്റലിൽ എത്തിക്കാനോ അതല്ലെങ്കിൽ ഒരു പോലീസ് പരാതി കൊടുക്കാനോ അന്നേരം സാധിച്ചില്ല. കാരണം നമ്മുടെ കുടുംബക്കാരും പ്രദേശവാസികളും ചെയ്തപ്പോൾ നമ്മൾ അതിനെകുറിച്ച് അത്ര ചിന്തിച്ചില്ല. എന്താണ് സംഭവിച്ചതെന്നറിയില്ല. പിന്നീട് നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നുള്ള കാര്യം പുറത്ത് വരുന്നത്.
കേസ് അന്വേഷണത്തിൽ നിരവധി പാളിച്ചകൾ ഉണ്ടായതായി ക്രൈം ബ്രാഞ്ച് റിപ്പോർട്ടിൽ നിന്ന് വ്യക്തമായതോടെയാണ് ഹൈക്കോടതി കേസ് സിബിഐക്ക് വിട്ടത്. കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ മുറുകി പെൺകുട്ടി മരിച്ചു എന്നായിരുന്നു അന്നത്തെ വാർത്തകൾ. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിട്ടുള്ള വിവരം പുറത്തുവന്നിട്ടും അൺഡിറ്റക്ടഡ് എന്ന ക്ലോഷർ റിപ്പോർട് ആണ് ക്രൈം ബ്രാഞ്ചിന് കോടതിയിൽ സമർപ്പിക്കാനായത്.
ഏകദേശം 2010ലാണ് സഹോദരി ഭർത്താവിന്റെ വീട്ടിൽ നിന്ന് പിണങ്ങിയിട്ട് രണ്ടു മക്കളുമായിട്ട് ഞങ്ങളുടെ വീട്ടിലേക്ക് വരുന്നത്. 11 വയസുള്ള കൊച്ച് എന്ന് പറഞ്ഞാൽ ചെറുതല്ലേ, അവൾക്ക് അങ്ങനെയൊക്കെ സംഭവിച്ചുവെന്ന് ചിന്തിക്കാൻ പോലും സാധിക്കില്ല. എന്ത് എവിടെ വെച്ച് എപ്പോൾ സംഭവിച്ചുവെന്നൊന്നും നമുക്ക് അറിയില്ല.
ഭർത്താവിന്റെ വീട്ടിൽ നിന്നും വളരെ മോശം സാഹചര്യത്തിലാണ് സഹോദരി കുട്ടികളുമായി വീട്ടിലേക്ക് വന്നത്. വരുമ്പോൾ തന്നെ സഹോദരിക്ക് പല കാര്യങ്ങളും കൃത്യമായി അറിയാത്ത തരത്തിലുള്ള മോശം മാനസികാവസ്ഥയിലായിരുന്നു. ശാരീരികമായും ഭർത്താവിന്റെ വീട്ടിൽ നിന്നും ഏറെ മർദ്ദനം ഏറ്റുവാങ്ങിയിരുന്നു. വീട്ടിലേക്ക് തിരിച്ചെത്തി സാധാരണ നിലയിലേക്ക് എത്തുന്നതിനിടെയാണ് മകളുടെ മരണം സംഭവിച്ചത്. പിന്നീട് വീണ്ടും സഹോദരിയുടെ അവസ്ഥ മോശമായി.
എറണാകുളത്ത് വെച്ച് നടത്തിയ ഒരു ചോദ്യം ചെയ്യലിലാണ് പെങ്ങൾ കൂടുതൽ മാനസികമായി തകർന്നു പോയത്. അന്ന് ഐപിഎസ് ഉള്ള ഒരു മേഡമാണ് കേസ് അന്വേഷിച്ചിരുന്നത്. അവർ വളരെ മോശമായാണ് പെങ്ങളോട് പെരുമാറിയത്. മകളെ കൊലപ്പെടുത്തിയത് അവളാണെന്നും കൂട്ടു നിന്ന് എന്നെല്ലാം അവർ അവളോട് പറഞ്ഞു. അതിൽ അവൾ ആകെ തകർന്നുപോയി. അത്രക്കും മാരകമായിട്ടായിരുന്നു ചോദ്യം ചെയ്യൽ. അവളെക്കൊണ്ട് കുറ്റം സമ്മതിപ്പിക്കുന്ന തരത്തിലാണ് പല കാര്യങ്ങളും അവളോട് ചോദിച്ചത്. അതോടെ മാനസികനില വളരെ മോശമായി. സ്വന്തം അമ്മയെ പോലും തിരിച്ചറിയാൻ കഴിയാത്ത നിലയിൽ അവളുടെ അവസ്ഥ മോശമായിരുന്നു. ഇതോടെ സഹോദരി ആത്മഹത്യ ചെയ്യുകയാണ് ഉണ്ടായത്. ഇതൊന്നും ഞങ്ങൾക്ക് ആരോടും പറയാൻ പറ്റിയില്ല, ഞങ്ങൾ മാത്രം അനുഭവിച്ച വേദനയാണ്.
പക്ഷേ ഇപ്പോൾ ഞാൻ മനസ്സിലാക്കുന്ന കാര്യം എന്താണെന്ന് വെച്ചാൽ കുഞ്ഞിന് അവളുടെ അച്ഛന്റെ വീട്ടിലേക്ക് തിരിച്ചു പോകാൻ പറ്റില്ല എന്നുള്ള അവസ്ഥയാണ് ഉണ്ടായിരുന്നത്. എന്റെ സഹോദരി പോലും അവിടെ അവളുടെ ഭർത്താവിന്റെ വീട്ടിൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. അങ്ങനെയുള്ള കുടുംബത്തിൽ ജനിക്കുന്ന ഈ കുഞ്ഞിന് പോലും എന്ത് സുരക്ഷ ഉള്ളതെന്ന് നമുക്ക് പിന്നീട് മനസ്സിലാക്കാൻ പറ്റി. പക്ഷേ അത് നമുക്ക് ചോദിക്കാനും പറയാനും പറ്റിയ ഒരു അവസ്ഥ അല്ലല്ലോ. കേൾക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് ഞങ്ങൾ കേട്ടത്. ഈ കുഞ്ഞു മക്കളെയും ഭാര്യയെയും നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേട്ടറിഞ്ഞത്. എന്റെ മോൾ പോലും അവിടെ സുരക്ഷിതയായിരുന്നില്ല. അവൾ വിഷമിച്ചിരിക്കുമ്പോഴൊക്കെ പഠിക്കാമെന്നും അതിനുള്ള സംവിധാനം ചെയ്യാമെന്നൊക്കെ പറഞ്ഞ് സമാധാനിപ്പിക്കുകയായിരുന്നു ചെയ്തത്. അവസാനം തിരിച്ചു പോകണം എന്നൊരു അവസ്ഥ വന്നപ്പോഴാണ് ഈ കുഞ്ഞ് ചെയ്തതാണ് ഞങ്ങൾ മനസ്സിലാക്കുന്ന കാര്യം.
370 സാക്ഷികൾ ഉണ്ടായ കേസിൽ പ്രതികൾ എന്ന് സംശയിച്ചവരെ ശാസ്ത്രീയ പരിശോധനകൾക്ക് ഉൾപ്പെടെ വിധേയമാക്കി. എന്നിട്ടും കുറ്റക്കാരെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
തുടക്കത്തിൽ ലോക്കൽ പോലീസിന്റെ അന്വേഷണം വളരെ ശക്തമായിരുന്നു. എന്നെ ഉൾപ്പെടെ ശാരീരിക പീഡനങ്ങൾ നടത്തി. അനുജനെ ഒരുപാട് മർദ്ദിക്കുകയുമെല്ലാം ചെയ്തിരുന്നു. പിന്നെയാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. പോളിഗ്രാഫി, ബ്രെയിൻ മാപ്പിങ് എന്നിങ്ങനെ എല്ലാവർക്കുമായി എല്ലാ ടെസ്റ്റുകളും ചെയ്തതാണ്. ബ്രെയിൻ മാപ്പിങ്ങും മറ്റ് പരിശോധനകൾക്കുമായി ഗുജറാത്ത് വരെ പോകേണ്ടി വന്നു. ഞങ്ങൾ തന്നെയാണ് കുറ്റക്കാരെന്ന് ഉറപ്പിച്ചായിരുന്നു അവർ അന്വേഷണമെല്ലാം നടത്തിയത്. പരിസരവാസികൾ ഉൾപ്പെടെ നിയമത്തിന്റെ പിൻബലം വെച്ച് എന്തൊക്കെ ചെയ്യാൻ പറ്റും അതെല്ലാം അവർ ചെയ്തു. തികച്ചും നാട്ടുംപുറത്തുകാരായ ഞങ്ങൾക്ക് പോലീസിനെക്കുറിച്ചോ പോലീസ് സ്റ്റേഷനെക്കുറിച്ചോ ഒന്നും അറിയില്ലായിരുന്നു. ആ ഞങ്ങൾ കൊല്ലങ്കോട് സ്റ്റേഷൻ മുതൽ പാലക്കാട്, തൃശ്ശൂർ, എറണാകുളം തിരുവനന്തപുരം അതുകഴിഞ്ഞ് മലപ്പുറം ഇത്രയും സ്റ്റേഷനുകളിലെല്ലാം ഇവർ വിളിക്കുമ്പോഴൊക്കെ ചോദ്യം ചെയ്യലിന് ചെല്ലണമായിരുന്നു.
ഇപ്പോൾ ഹൈക്കോടതി ഉത്തരവിന് പിന്നാലെ സിബിഐ ഉദ്യോഗസ്ഥർ ഞങ്ങളുടെ വീട്ടിലെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു പോയി. ഇതുവരേയും അവർ മാന്യമായിട്ടാണ് ഞങ്ങളോട് പെരുമാറിയത്. സിബിഐ അന്വേഷണത്തിലെങ്കിലും ഞങ്ങളുടെ കുട്ടിയുടെ മരണകാരണമെന്താണെന്ന് കണ്ടെത്താൻ കഴിയണം. കുറ്റവാളി ആരാണെങ്കിലും ശിക്ഷിക്കപ്പെടണം. ഞങ്ങളുടെ നാടിന് പോലും ഈ സംഭവം വലിയ നാണക്കേടാണ് ഉണ്ടാക്കിയത്.
പാലക്കാട് ജില്ലയിൽ മാത്രം 2010 മുതൽ 2023 വരെ 23 കുട്ടികളാണ് ആത്മഹത്യ ചെയ്തത്. പീഡനവിവരങ്ങൾ തുറന്നു കാട്ടുന്ന പോസ്റ്റ്മാർട്ടം റിപ്പോർട്ടുകൾ ഉണ്ടായിട്ട് പോലും കുട്ടികളുടെ മരണങ്ങളെല്ലാം ആത്മഹത്യയായി തന്നെ മാറി. നിയമം നോക്കുകുത്തിയാകുമ്പോൾ നമ്മുടെ കുഞ്ഞുങ്ങൾ വീടിനുള്ളിൽ തന്നെ പീഡിപ്പിക്കപ്പെടുകയാണ്.
Content Highlights: Investigation into the 2010 death of an 11-year-old girl in Kollangode., Post-mortem report revealed sexual assault, contradicting initial suicide reports., The case was handed over to the CBI following failures in the initial Crime Branch investigation., Family allegations of systemic abuse and police harassment during the investigation process.
Published: 17 Jul 2026, 08:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented