
കോഴിക്കോട്: കോഴിക്കോട്ട് പത്തുകോടി രൂപ വിലവരുന്ന മൂന്നര കിലോ എംഡിഎംഎ പിടികൂടിയ സംഭവത്തിൽ അന്വേഷണം ശക്തമാക്കി എക്‌സൈസ്. പ്രത്യേക അന്വേഷണസംഘത്തിലെ (എസ്‌ഐടി) ഉദ്യോഗസ്ഥർ സംസ്ഥാനത്തിന് പുറത്തുതന്നെ കൂടുതൽ പ്രതികൾക്കായി തിരിച്ചിൽ തുടരുകയാണെന്ന് കോഴിക്കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ജിമ്മി ജോസഫ് മാതൃഭൂമി ഡോട്‌കോമിനോട് പ്രതികരിച്ചു. ഇനിയും കൂടുതൽ പേർ വലയിലാകുമെന്നും എല്ലാവരേയും പിടികൂടിയിട്ടേ ദൗത്യം അവസാനിപ്പിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
'നിലവിൽ ഒൻപത് പേരെയാണ് അറസ്റ്റുചെയ്തത്. ഇവർക്കെതിരെ ഉടൻ കുറ്റപത്രം സമർപ്പിക്കേണ്ടതുണ്ട്. ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. കുറ്റപത്രം നൽകാൻ വൈകിയാൽ സ്വാഭാവികമായും പ്രതികൾക്ക് ജാമ്യം ലഭിക്കും. ഒരു കാരണവശാലും അത് സംഭവിക്കാൻ പാടില്ല. അതിനാൽ ഊർജിതമായ നീക്കങ്ങളാണ് നടത്തുന്നത്. സംസ്ഥാനത്തിന് പുറത്തുപോയ സംഘത്തെ കൂടാതെ, കോഴിക്കോട് കേന്ദ്രീകരിച്ചും എസ്‌ഐടിയിലെ ഉദ്യോഗസ്ഥർ അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണം അതീവരഹസ്യമായതിനാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ കഴിയില്ല', അദ്ദേഹം പറഞ്ഞു.
കേരളത്തെ ഞെട്ടിച്ച ലഹരി മരുന്നുവേട്ട
കോഴിക്കോട് ദേശീയപാത 66-ൽ ഒളവണ്ണ ടോൾ പ്ലാസയ്ക്ക് സമീപം ഏകദേശം പത്തുകോടി രൂപ വിലവരുന്ന മൂന്നര കിലോയോളം എംഡിഎംഎ പിടികൂടിയതോടെയാണ് രാജ്യത്തെ തന്നെ ഏറ്റവും വലിയ ലഹരിസംഘത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്. കൊണ്ടോട്ടി സ്വദേശിയായ ഷഫീഖ് പി.കെ. (36), കോഴിക്കോട് അടിവാരം സ്വദേശിനിയും യൂട്യൂബ് ഇൻഫ്‌ളുവൻസറുമായ ഫാത്തിമ നസ്‌റിൻ (20) എന്നിവരെയും ഇവർ സഞ്ചരിച്ചിരുന്ന ഹ്യുണ്ടായ് ക്രെറ്റ കാറും കോഴിക്കോട് എക്‌സൈസ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡാണ് പിടികൂടിയത്.
പിന്നീട് എക്‌സൈസ് നടത്തിയ അതിസാഹസിക ദൗത്യവും അതിലൂടെ കണ്ടെത്തിയ വിവരങ്ങളും ഞെട്ടിക്കുന്നതായിരുന്നു. തായ്‌വാനിൽനിന്ന് വീര്യംകൂടിയ എംഡിഎംഎ എത്തിച്ച നൈജീരിയൻ സ്വദേശിയുടെ വിവരങ്ങളും എക്‌സൈസ് തിരിച്ചറിഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഒൻപത് പ്രതികളെയാണ് ഇതുവരെ പിടികൂടിയത്. നൈജീരിയൻ പൗരൻ ഇമ്മാനുവൽ അഫാം ഉൾപ്പെടെ കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് എസ്‌ഐടി.
അതിസാഹസം, കഠിനം; പ്രതികളെ തേടി എസ്‌ഐടിയുടെ യാത്ര
17 സംസ്ഥാന അതിർത്തികളിലൂടെ 116 ദിവസം നീണ്ട യാത്ര. പ്രതികളിലേക്കെത്താൻ മൊത്തം താണ്ടിയത് 15,000 കിലോമീറ്റർ. ഒരു തവണ പശ്ചിമ ബംഗാളിലെ സിലിഗുരി, രണ്ട് തവണ രാജസ്ഥാനിലെ ജയ്പുർ, മൂന്ന് തവണ മഹാരാഷ്ട്രയിലെ കൺകാവലി, മൂന്ന് തവണ ബെംഗളൂരു, ഒരു തവണ തെങ്കാശി എന്നിങ്ങനെ നീളുന്നു ഈ അന്വേഷണ യാത്ര. വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സംഘത്തെ വഴികളിൽ കാത്തിരുന്നത് വലിയ വെല്ലുവിളികളായിരുന്നു. ഭക്ഷണം കിട്ടാതെയും വാഹനത്തിൽ കിടന്നുറങ്ങിയും ദിവസങ്ങൾനീണ്ട ദുരിതയാത്ര. ആ യാത്രയുടെ നാൾവഴികളിലൂടെ...
1. 2026 ഏപ്രിൽ 23-ന് കോഴിക്കോട് ദേശീയപാത 66ൽ ഒളവണ്ണ ടോൾ പ്ലാസയ്ക്ക് സമീപം മൂന്നര കിലോയോളം എംഡിഎംഎയുമായി ഷഫീഖും ഫാത്തിമ നസ്‌റിനും പിടിലിയാകുന്നു.
2. കോഴിക്കോട്, വയനാട് അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർമാരെ തലവന്മാരാക്കി കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി 11 അംഗ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് (എസ്‌ഐടി) രൂപം നൽകി.
3. ഹ്യുണ്ടായ് കാറിന്റെ ആർസി ഉടമ മലപ്പുറം കുഴിമണ്ണ സ്വദേശിയായ ഉമ്മർ ഫാറൂഖി(36)നെ ഏപ്രിൽ 28-ന് രാത്രി മൂന്നാം പ്രതിയായി അറസ്റ്റ് ചെയ്തു.
4. ലഹരിക്കടത്തിന്റെ ബുദ്ധികേന്ദ്രമായി പ്രവർത്തിക്കുന്ന മലപ്പുറം തിരൂർ സ്വദേശിയായ മുഹമ്മദ് മുസ്തഫ എന്ന ബിലാലി(28)നെ പിടികൂടാനായി ആറംഗ സംഘം ട്രെയിനിലും ജീപ്പിലുമായി ഗോവയിലേക്ക്. ഡൽഹിയിലേക്ക് കടക്കാനായി റെയിൽവേ സ്റ്റേഷനിൽ എത്തിയ ബിലാലിനെ നാലാം പ്രതിയായി അറസ്റ്റ് ചെയ്ത് കോഴിക്കോട് എത്തിച്ചു.
5. ബിലാൽ, ഷഫീഖ് എന്നീ പ്രതികളെയുംകൊണ്ട് മയക്കുമരുന്ന് ലഭിച്ചതായി പറയുന്ന രാജസ്ഥാനിലെ ജയ്പുരിലേക്ക് ഒൻപത് അംഗ എസ്‌ഐടി സംഘം രണ്ട് വാഹനങ്ങളിലായി 2026 മേയ് അഞ്ചിന് യാത്ര തിരിച്ചു.
6. എംഡിഎംഎ എടുക്കുന്നതിനായി പ്രതികൾ പോയ വഴികളിലെ ടോൾ പ്ലാസകളിലെയും താമസിച്ച ലോഡ്ജുകളിലെയും രേഖകളും സിസിടിവി ദൃശ്യങ്ങളും കണ്ടെത്തി.
7. ജയ്പുരിലെ മാനസരോവറിൽ മയക്കുമരുന്നിന്റെ വലിയ ബിസിനസുകാരനായ ആലപ്പുഴ കാർത്തികപ്പള്ളി ചേറാവള്ളി സ്വദേശി ഹിരൺ കാർത്തികേയന്റെ ഒളിത്താവളമായ ഫ്‌ലാറ്റ് രാത്രി റെയ്ഡ് ചെയ്ത് വിവരങ്ങൾ കണ്ടെത്തി.
8. മൂന്നംഗ എസ്‌ഐടി സംഘം വിമാനത്തിൽ പശ്ചിമബംഗാളിലെ സിലിഗുരിയിലേക്ക്. വിനോദസഞ്ചാര മേഖലയായ ഗ്രീൻ പാർക്ക് എന്ന സ്ഥലത്ത് ടൂറിസ്റ്റുകളെന്ന വ്യാജേന ചുറ്റിക്കറങ്ങി ഹിരൺ കാർത്തികേയ(31)നും സഹായി ആരോമൽ എന്ന ഗഗ(22)നും തങ്ങിയ ഹോസ്റ്റൽ കണ്ടെത്തി. മേയ് 12-ാം തീയതി ഇരുവരെയും അറസ്റ്റ് ചെയ്ത് കോഴിക്കോട്ടെത്തിച്ചു.
9. ഒന്നാം പ്രതി ഷഫീഖ് മയക്കുമരുന്ന് ഇടപാടുകൾക്കായി ഉപയോഗിക്കുന്നത് തമിഴ്‌നാട് സ്വദേശിനിയും ഇയാളുടെ ലിവിങ് ടുഗതർ പങ്കാളിയും വിവാഹമോചിതയുമായ റംസിയ (26) എന്ന യുവതിയുടെ സിം കാർഡും ആക്‌സിസ് ബാങ്ക് അക്കൗണ്ടും ആണെന്ന് കണ്ടെത്തി. തുടർന്ന് വനിതാ എക്‌സൈസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട അഞ്ചംഗ സംഘം മൊബൈൽ ലൊക്കേഷൻ ട്രാക്ക് ചെയ്ത് തമിഴ്‌നാട്ടിലെ തെങ്കാശിയിൽ എത്തി. വിവാഹമോചിതർക്ക് ധനസഹായം നൽകുന്ന തമിഴ്‌നാട് സർക്കാർ ഉദ്യോഗസ്ഥർ എന്ന വ്യാജേന മഫ്ടിയിൽചെന്ന വനിതാ എക്‌സൈസ് ഉദ്യോഗസ്ഥർ ജൂൺ അഞ്ചിന് യുവതിയെ അറസ്റ്റുചെയ്തശേഷം കോഴിക്കോട്ടെത്തിച്ചു.
10. ജൂൺ 19-ന് അഞ്ചാം പ്രതി ഹിരൺ കാർത്തികേയനെ വീണ്ടും ജയ്പുരിൽ എത്തിച്ച് ഇയാളുടെ ഫ്‌ലാറ്റ് പരിശോധിച്ചു. ഇവിടെ നിന്നും എംഡിഎംഎയും മറ്റ് തെളിവുകളും കണ്ടെത്തി.
11. അഞ്ചാം പ്രതി ഹിരൺ കാർത്തികേയന് മയക്കുമരുന്ന് നൽകിയത് ഇയാൾ മറ്റൊരു എൻഡിപിഎസ് കേസിൽ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ റിമാൻഡിൽ കഴിഞ്ഞ സമയത്ത് അവിടെയുണ്ടായിരുന്ന നൈജീരിയൻ സ്വദേശി ഫ്രാങ്ക് മാക്‌സിനിൽ നിന്നാണെന്ന് വെളിപ്പെട്ടു. ഹിരൺ കാർത്തികേയനുമായി അന്വേഷണസംഘം പരപ്പന അഗ്രഹാര ജയിലിലേക്ക്. നൈജീരിയൻ തടവുകാരുടെ ഫോട്ടോകൾ കാണിച്ചതിൽ മയക്കുമരുന്ന് നൽകിയ ആളെ തിരിച്ചറിയുകയും ഇയാളുടെ യഥാർഥ പേര് ഇമ്മാനുവൽ അഫാം (46) എന്നാണെന്ന് കണ്ടെത്തുകയും ചെയ്തു. രാജ്യം വിട്ടുപോകാതിരിക്കാൻ ഇയാളെ എട്ടാം പ്രതിയായി ചേർത്ത് അറസ്റ്റ് വാറന്റ് വാങ്ങി ബ്യൂറോ ഓഫ് ഇമിഗ്രേഷൻവഴി ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു.
12. ഒന്നാം പ്രതി ഷഫീഖിന്റെയും നാലാം പ്രതി ഉമ്മർ ഫാറൂഖിന്റെയും കൈയിൽനിന്ന് എംഡിഎംഎ വാങ്ങുകയും അതിന്റെ പണം ഏഴാം പ്രതി റംസിയയുടെ അക്കൗണ്ടിലേക്ക് അയക്കുകയും ചെയ്ത കോഴിക്കോട് കൊടിയത്തൂർ സ്വദേശി നൗഷാദി(49)നെ എസ്‌ഐടി ജൂലായ് മൂന്നിന് ഒമ്പതാം പ്രതിയായി അറസ്റ്റ് ചെയ്തു.
13. മയക്കുമരുന്ന് കടത്തുന്നതിനായി ഹ്യുണ്ടായ് ക്രെറ്റ കാറിൽ രഹസ്യ അറ നിർമിച്ചത് മഹാരാഷ്ട്രയിലെ കൺകാവലി എന്ന സ്ഥലത്തുള്ള സന്ദേശ് മോഹൻ വാൽക്കെ എന്നയാളുടെ കാർ വർക്ക്ഷോപ്പിൽ വെച്ചാണെന്ന് വിവരം ലഭിച്ചു. വാഹന മോഡിഫിക്കേഷന് വേണ്ടിയെന്ന വ്യാജേന കൺകാവലിയിൽ എത്തിയ അന്വേഷണ സംഘം സന്ദേശ് മോഹൻ വാൽക്കെ(27)യെ അറസ്റ്റ് ചെയ്തു.
നീക്കങ്ങൾ തന്ത്രപരം, അതീവരഹസ്യം
ഒന്നും രണ്ടും പ്രതികളെ അറസ്റ്റുചെയ്തശേഷം അന്വേഷണ മധ്യേ ഇതുവരെ നടന്ന ഏഴ് അറസ്റ്റുകളും അനുബന്ധ വിവരങ്ങളും എസ്‌ഐടി പുറത്തുവിട്ടിരുന്നില്ല. അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ഒരു പ്രതിയിൽനിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണിൽ, ഒന്നും രണ്ടും പ്രതികളെ അറസ്റ്റുചെയ്ത സമയത്തെ ഉദ്യോഗസ്ഥരുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് ഇയാൾ സേവ് ചെയ്ത് വെച്ചതായി കണ്ടെത്തിയതായിരുന്നു ഇതിനു കാരണം.
ഈ ഉദ്യോഗസ്ഥരാരെങ്കിലും തന്റെ ഒളിത്താവളത്തിലേക്ക് വരുന്നുണ്ടെങ്കിൽ തിരിച്ചറിഞ്ഞ് രക്ഷപ്പെടാനായിരുന്നു ഇയാൾ ഫോട്ടോ സൂക്ഷിച്ചുവെച്ചത്. കൂടാതെ നേപ്പാളിലേക്ക് കടക്കാൻ ശ്രമിച്ച അഞ്ചും ആറും പ്രതികൾ ഇന്ത്യയിൽ തന്നെ തങ്ങിയതും തുടരന്വേഷണം സംബന്ധിച്ച വാർത്തകൾ ലഭിക്കാത്തതിനാലായിരുന്നു.
പ്രതികളിൽ ചിലർ യുഎഇ മൊബൈൽ നമ്പറിൽ രജിസ്റ്റർ ചെയ്ത വാട്‌സാപ് ഉപയോഗിച്ചുള്ള കോളുകളും ചാറ്റുകളും വഴിയാണ് മയക്കുമരുന്ന് വിൽപന നടത്തിയിരുന്നത്. ഫോണിൽ സിം കാർഡ് ഉപയോഗിക്കാത്തതിനാൽ ടവർ ലൊക്കേഷനും കോൾ വിവരങ്ങളും കണ്ടെത്താൻ കഴിഞ്ഞില്ല. പിടികൂടിയ പ്രതികളുടെ വാട്‌സാപ് സന്ദേശങ്ങളാണ് ടവർ ലൊക്കേഷൻ കണ്ടെത്താൻ സഹായിച്ചത്. ഇവർ മൊബൈൽ ഫോണിൽ അർമേനിയൻ നമ്പറിൽ റജിസ്റ്റർ ചെയ്ത വാട്സ്ആപ്പിലൂടെയാണ് ആശയവിനിമയം നടത്തിയത്.
പിന്നീട് റോഡ് മാർഗവും റെയിൽ മാർഗവും വിമാനമാർഗവുമാണ് പ്രധാന പ്രതികളിലേക്ക് എത്തിയത്. 63 മൊബൈൽ ഫോണുകളാണ് സംഘം പിടിച്ചെടുത്തത്. 8,000-ത്തോളം ഫോൺ കോളുകൾ, 160 ഓളം ടവർ ലൊക്കേഷനുകൾ, 30-ലേറെ ബാങ്ക് അക്കൗണ്ടുകൾ, 10 ടോൾ പ്ലാസകൾ, നൂറോളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ പരിശോധിച്ചു. അഞ്ച് ലോഡ്ജുകളും എട്ട് വീടുകളും റെയ്ഡ് ചെയ്തു. നാല് സി.സി.ടി.വി ഹാർഡ് ഡിസ്‌കുകൾ, 50 ഓളം തെളിവ് രേഖകൾ, 24 ഗ്രാം എംഡിഎംഎ എന്നിവ പിടിച്ചെടുത്തു.
അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടവർ
മലപ്പുറം സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എൻ. നൗഫൽ, മലപ്പുറം റേഞ്ച് ഇൻസ്‌പെക്ടർ പി.എം. ഷൈലേഷ്, കോഴിക്കോട് ഐ.ബി. ഇൻസ്‌പെക്ടർ ടി. ഷിജുമോൻ, തിരൂർ സർക്കിളിലെ ഇൻസ്‌പെക്ടർ സി. സന്തോഷ് കുമാർ, കോഴിക്കോട് എക്‌സൈസ് ക്രൈം ബ്രാഞ്ചിലെ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ പി. സജീവ്, മലപ്പുറം എക്സൈ സ് സൈബർ സെല്ലിലെ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ കെ . ഷിബു ശങ്കർ, കോഴിക്കോട് സ്‌പെഷ്യൽ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസർ സി.പി. ഷാജു, ഫറോക്ക് റേഞ്ചിലെ വനിതാ സിവിൽ എക്‌സൈസ് ഓഫീസർ എൻ. മഞ്ജുള, കോഴിക്കോട് എക്‌സൈസ് സൈബർ സെല്ലിലെ കെ. ദീപക്, കോഴിക്കോട് സ്‌പെഷ്യൽ സ്‌ക്വാഡിലെ സിവിൽ എക്‌സൈസ് ഓഫീസർ പി.കെ. ജിത്തു, താമരശ്ശേരി റേഞ്ചിലെ വനിതാ സിവിൽ എക്‌സൈസ് ഓഫീസർ എം.കെ. അഞ്ജില ഷെറിൻ, അസി.എക്‌സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ (ഗ്രേഡ്) പി. സന്തോഷ് കുമാർ, ഡ്രൈവർ (ഗ്രേഡ്-I) കെ.പി. ബീരാൻ കോയ.
Content Highlights: Excise SIT has arrested 9 suspects so far in the 10-crore MDMA drug bust case. The investigation spanned across 17 state borders, covering 15,000 km over 116 days. Operations tracked suspects through Jaipur, Siliguri, Kankavali, Tenkasi, and Bengaluru. Strict actions are underway to file chargesheets and prevent bails for the arrested culprits.
Published: 22 Aug 2026, 05:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented