
1944 ജൂണ്‍ 16. സൗത്ത് കരോളിന പെനിന്‍ഷ്യറിയില്‍ ജോര്‍ജ്ജ് സ്റ്റിന്നി എന്ന ആഫ്രോ അമേരിക്കന്‍ ബാലനെ മരണമുഖത്തേക്കു കൈപിടിച്ചു കൊണ്ടുപോവുകയാണ് ജയില്‍ അധികൃതര്‍. വെറും പതിനാല് വയസ്സു മാത്രമാണ് അവന്റെ പ്രായം. ഞാന്‍ ആരെയും കൊന്നിട്ടില്ല, എന്നെ ഒന്നും ചെയ്യരുതേ, എന്നവന്‍ വഴിനീളെ യാചിക്കുന്നുണ്ടായിരുന്നു. ബൈബിള്‍ അവന്‍ നെഞ്ചോട് ചേര്‍ത്തിരുന്നു. അവന്റെ കുഞ്ഞുമുഖത്ത് ചോര വറ്റിയിരുന്നു കണ്ണീര്‍ ധാരയായി ഒഴുകി, ശരീരം കുഴഞ്ഞു. ഈ കാഴ്ച ജയില്‍ അധികൃതരുടെ മനസ്സിനെ ഉലച്ചുവോ എന്നറിയില്ല. അഥവാ അവരെ സങ്കടത്തിലാഴ്ത്തിയെങ്കില്‍ പോലും കോടതിവിധി മറികടക്കാന്‍ ഒരാള്‍ക്കും സാധിക്കുകയില്ല.
വൈകാതെ അവനെ മരണത്തിന്റെ ഗന്ധം നിറഞ്ഞു നില്‍ക്കുന്ന എക്‌സിക്യൂഷന്‍ ചേമ്പറിലേക്ക് കടത്തിവിട്ടു, പിന്നാലെ ജയില്‍ അധികൃതരും. വൈദ്യുതക്കസേരയില്‍ അവനെ ബന്ധിക്കാന്‍ ശ്രമിച്ചു. മുതിര്‍ന്നവര്‍ക്ക് വേണ്ടി രൂപകല്‍പ്പന ചെയ്ത വൈദ്യുത കസേരയില്‍ അവനെ ബന്ധിച്ച സ്ട്രാപ്പുകള്‍ അയഞ്ഞുകിടക്കുകയാണ് ചെയ്തത്. മുഖം മൂടാന്‍ ഉപയോഗിക്കുന്ന മാസ്‌കിലേക്ക് അവന്റെ തല എത്തുന്നുണ്ടായിരുന്നില്ല. അതു പരിഹരിക്കാന്‍ അവന്‍ നെഞ്ചോട് ചേര്‍ത്ത് വച്ച ബൈബിള്‍ എടുത്ത് കസേരയില്‍ വച്ച് അവനെ അതിന് മുകളിലിരുത്തി. പിന്നീട് അധികം താമസിച്ചില്ല. 2400 വോള്‍ട്ട് കറന്റ് അവന്റെ ശരീരത്തിലേക്ക് കടത്തിവിട്ടു. ആ കുഞ്ഞു ദേഹം നിശ്ചലമാകാന്‍ അധികം നിമിഷങ്ങള്‍ എടുത്തില്ല. മാസ്‌ക് വേര്‍പെട്ട നിലയില്‍, വായില്‍നിന്ന് പതയൊലിച്ച്, ശൂന്യതയിലേക്ക് കണ്ണുകള്‍ പാകി വിറങ്ങലിച്ചു കിടക്കുകയായിരുന്നു അവന്റെ ശരീരം.
Also Read
വധശിക്ഷ നല്‍കാന്‍ മാത്രം എന്തായിരുന്നു ഈ പതിനാലുകാരന്‍ ചെയ്ത കുറ്റം? എങ്ങനെയാണ് അവന്റെ മരണം ലോകമെങ്ങും പിന്നീട് ചര്‍ച്ചയായത്? അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ മനഃസാക്ഷിയെ മരവിപ്പിക്കുന്നതാണ്.
തെക്കന്‍ കരോലിനയിലെ പൈന്‍വുഡില്‍ 1929-ലാണ് ജോര്‍ജ്ജ് സ്റ്റിന്നി ജനിച്ചത്. അല്‍ക്കോളുവിലെ ഫാക്ടറി ജീവനക്കരായ എയ്മേ, ജോര്‍ജ്ജ് സ്റ്റിന്നി സീനിയര്‍ എന്നിവരായിരുന്നു മാതാപിതാക്കള്‍. തികച്ചും ദരിദ്രമായ ചുറ്റുപാടിലായിരുന്നു സ്റ്റിന്നിയും സഹോദരങ്ങളും വളര്‍ന്നത്. അക്കാലത്ത് കടുത്ത വംശീയ വിവേചനം നിലനിന്നിരുന്നതില്‍ ആ പ്രദേശത്ത് ഒരു റെയിൽവേ ട്രാക്കിന് അപ്പുറത്തും ഇപ്പുറത്തുമായാണ് കറുത്ത വര്‍ഗത്തില്‍പ്പെട്ടവരും വെളുത്ത വര്‍ഗത്തില്‍പ്പെട്ടവരും താമസിച്ചിരുന്നത്. ഇരുകൂട്ടരും പരസ്പരം അടുത്ത് ഇടപഴകിയിരുന്നില്ല.
1944, മാര്‍ച്ച് മാസത്തിലാണ് പതിന്നാലു വയസ്സുമാത്രം പ്രായമുള്ള ജോര്‍ജിന്റെ ജീവിതം കീഴ്‌മേല്‍ മറിയുന്നത്. വീടിന് പരിസരത്ത് സഹോദരി എയ്മിക്കൊപ്പം കളിക്കുകയായിരുന്നു ജോര്‍ജ്. റെയില്‍ ട്രാക്കിന് എതിര്‍വശത്തെ പ്രദേശത്ത് താമസിച്ചിരുന്ന പതിനൊന്നുകാരി ബെറ്റി ജൂണ്‍ ബിന്നിക്കറും ഏഴു വയസ്സുകാരി മേരി എമ്മ തോംസും ആ സമയത്താണ് അവിടെയെത്തുന്നത്. മെയ്‌പോപ്പ് പൂക്കള്‍ തേടിയായിരുന്നു പെണ്‍കുട്ടികളെത്തിയത്. പൂക്കളെ കുറിച്ച് പെണ്‍കുട്ടികള്‍ ജോര്‍ജിനോടും എയ്മിയോടും ചോദിച്ചു. പക്ഷേ, ആ പൂക്കളെവിടെ കിട്ടുമെന്ന് തങ്ങള്‍ക്കറിയില്ലെന്ന് ജോര്‍ജും എയ്മിയും മറുപടി നല്‍കി. ഇതുകേട്ടപാടെ പെണ്‍കുട്ടികള്‍ സൈക്കിളുന്തി മുന്നോട്ടുനടന്നു.

ബെറ്റിയെയും മേരിയെയും കാണാനില്ലെന്ന വാര്‍ത്തയാണ് പിന്നീട് കേട്ടത്. സംഭവം കാട്ടുതീ പോലെ പടര്‍ന്നു. അന്വേഷണ ഉദ്യോഗസ്ഥരും നാട്ടുകാരും സമീപപ്രദേശങ്ങള്‍ അരിച്ചുപെറുക്കി. വൈകാതെ എല്ലാവരുടെയും പ്രതീക്ഷകളെ തകിടം മറിച്ച് വെള്ളം നിറഞ്ഞ കുഴിയില്‍നിന്ന് ചേതനയറ്റ രണ്ടു പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായിരുന്നു മരണകാരണം. ഇരുമ്പ് ദണ്ഡിന് സമാനമായ എന്തോ ഒരു വസ്തുകൊണ്ട് പെണ്‍കുട്ടികളുടെ തലയ്ക്ക് അടി കിട്ടിയിരുന്നു. ശക്തമായ പ്രഹരത്തില്‍ തലയോട്ടി തകര്‍ന്നിരുന്നു. വൈകാതെ, പോലീസ് അന്വേഷണം പ്രഖ്യാപിച്ചു.
അന്വേഷണം ജോര്‍ജിലേക്ക്, ഒടുവില്‍ അറസ്റ്റ്
ആരാണ് പെണ്‍കുട്ടികളെ അവസാനമായി കണ്ടതെന്ന ചോദ്യം ചെന്നവസാനിച്ചത് ജോര്‍ജിന്റെ വീടിനു മുന്നിലാണ്. എയ്മിക്കൊപ്പം വീടിന് മുന്നില്‍ കളിയിലേര്‍പ്പെട്ടിരിക്കുകയായിരുന്നു ജോര്‍ജ്. തോക്കുധാരികളായ പോലീസിനെ കണ്ടയുടന്‍ ഭയന്ന എയ്മി വീടിന് പിറകില്‍ ഒളിച്ചു. ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടികളെ കണ്ടിരുന്നുവെന്നും അവര്‍ പൂക്കളെക്കുറിച്ച് ചോദിച്ചുവെന്നും ജോര്‍ജ് പോലീസിനോട് പറഞ്ഞു. ആ സമയത്ത് അവരുടെ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല.

ട്രിപ്പിള്‍ ട്രാജഡി ഇന്‍ അല്‍ക്കോളു എന്ന പുസ്തകം
പിന്നീടുണ്ടായത് അപ്രതീക്ഷിത നീക്കമായിരുന്നു. പോലീസ് ജോര്‍ജിനെയും സഹോദരന്‍ ജോണിനെയും കസ്റ്റഡിയില്‍ എടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. പോലീസ് ബലമായി കൈകളില്‍ വിലങ്ങണിയിച്ചപ്പോള്‍ ജോര്‍ജും ജോണും ഉറക്കെ കരഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നതിന് മുന്‍പുതന്നെ പോലീസ് രണ്ടു ബാലന്മാരെയും വലിച്ചിഴച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതോടെ ജോര്‍ജിന്റെ വീടിന് മുന്നില്‍ ജനങ്ങള്‍ തടിച്ചുകൂടി. പ്രതിഷേധങ്ങളും ആക്രോശങ്ങളും ഉയര്‍ന്നു. നിസ്സഹായരായി എല്ലാം നോക്കി നില്‍ക്കാനെ സ്റ്റിന്നി കുടുംബത്തിന് സാധിച്ചുള്ളൂ. തങ്ങള്‍ ആക്രമിക്കപ്പെടുമോയെന്ന് ഭയന്ന് അവര്‍ അവിടെനിന്ന് പലായനം ചെയ്തു. വംശീയ വെറി പ്രകടമായിരുന്ന അന്നത്തെ കാലത്ത് കറുത്ത വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന സാമൂഹ്യപ്രത്യാഘാതങ്ങള്‍ വലുതായിരുന്നു. അതിനെ നേരിടാനുള്ള മനക്കരുത്ത് പാവപ്പെട്ട ആ മാതാപിതാക്കള്‍ക്ക് ഉണ്ടായിരുന്നില്ല.
വിശദമായ ചോദ്യംചെയ്യലിന് ശേഷം ജോര്‍ജിന്റെ സഹോദരന്‍ ജോണിനെ പോലീസ് വിട്ടയച്ചു. ജോണ്‍ നിരപരാധിയാണെന്നും ജോര്‍ജ് പ്രതിയാണെന്നും അവര്‍ പ്രഖ്യാപിച്ചു. ഇവരെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥന്‍ എച്ച്.എസ്. ന്യൂമാന്‍ നല്‍കിയ പ്രസ്താവന ഇങ്ങനെയായിരുന്നു: 'ജോര്‍ജ് സ്റ്റിന്നി എന്ന ആണ്‍കുട്ടിയെ ഞാന്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലില്‍, പെണ്‍കുട്ടികളെ കൊലപ്പെടുത്തിയത് താനാണെന്ന് സമ്മതിച്ചിരിക്കുകയാണ്. അവരെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം എവിടെയാണ് ഒളിപ്പിച്ചതെന്ന് പറഞ്ഞു തന്നിട്ടുണ്ട്. ഉടന്‍ തന്നെ കോടതി നടപടികള്‍ ആരംഭിക്കും.'
ജോര്‍ജിനെ ജീവനോടെ വിട്ടുകൊടുത്താല്‍ കൊത്തിപ്പറിക്കാന്‍ നില്‍ക്കുന്ന ഒരു വലിയ ജനക്കൂട്ടം പുറത്തുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അല്‍ക്കോളുവില്‍ നിന്ന് 80 കിലോ മീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന കൊളംബിയയിലെ ഒരു ജയിലിലാണ് താമസിപ്പിച്ചിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ചോദ്യംചെയ്യുമ്പോള്‍ പാലിക്കേണ്ട നിബന്ധനകളെല്ലാം ജോര്‍ജിന്റെ കേസില്‍ അട്ടിമറിക്കപ്പെട്ടു. മാതപിതാക്കളുടെയും വക്കീലിന്റെയും അസാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്തിരുന്നത്.
രണ്ടു മണിക്കൂര്‍ വിചാരണ, പത്തു മിനിറ്റിനുള്ളില്‍ വിധി
ജോര്‍ജിന്റെ അറസ്റ്റിന് ശേഷം ഏതാണ്ട് ഒരു മാസം പിന്നിട്ടപ്പോള്‍ വിചാരണയ്ക്ക് വേണ്ട ജൂറി രൂപീകരിച്ചു. ജോര്‍ജ്ജിന് വേണ്ടി വാദിക്കാന്‍ അഭിഭാഷകനെ നിയോഗിക്കാനുള്ള സാമ്പത്തികശേഷിയൊന്നും കുടുംബത്തിനില്ലായിരുന്നു. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ നിയോഗിച്ച ചാള്‍സ് പ്ലോവ്ഡെനാണ് ജോര്‍ജിന് വേണ്ടി ഹാജരായത്. ജോര്‍ജിന്റെ കേസില്‍ പ്ലോവ്ഡെന്‍ കാര്യമായ ആത്മാര്‍ഥത പുലര്‍ത്തിയില്ല. കോടതിയില്‍ പോലീസിന്റെ വാദം ഇങ്ങനെയായിരുന്നു: 'പതിനൊന്ന് വയസ്സുകാരിയായ ബെറ്റിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ജോര്‍ജ് ആഗ്രഹിച്ചു. എന്നാല്‍, ബെറ്റി വിസമ്മതിച്ചു. ആ ദേഷ്യത്തിലാണ് ബെറ്റിയെയും എമ്മയെയും ജോര്‍ജ് കൊലപ്പെടുത്തിയത്. ചോദ്യം ചെയ്യലില്‍ ജോര്‍ജ് ഇതെല്ലാം സമ്മതിച്ചതാണ്.'
പോലീസിന്റെയും പബ്ലിക് പ്രോസിക്യൂട്ടറിന്റെയും വാദങ്ങളെ ഖണ്ഡിക്കാന്‍ പ്ലോവ്ഡെന്‍ ഒരു ശ്രമവും നടത്തിയില്ല. കൊലപാതകത്തെ സംബന്ധിച്ച് പോസിക്യൂഷന്റെയും പോലീസിന്റെയും വിവരണങ്ങളില്‍ വൈരുധ്യങ്ങള്‍ ഒട്ടേറെയുണ്ടായിരുന്നു. അതൊന്നും പ്രതിഭാഗം അഭിഭാഷന്‍ ചോദ്യം ചെയ്തില്ല. പെണ്‍കുട്ടികളെ ആദ്യമായി കണ്ട ഒരാളും പോസ്റ്റമോര്‍ട്ടം ചെയ്ത രണ്ട് ഡോക്ടര്‍മാരുമായിരുന്നു പോസിക്യൂഷന്റെ സാക്ഷികള്‍. ബെറ്റിയുടെ സ്വാകാര്യഭാഗത്ത് ഉരഞ്ഞ പാടുകള്‍ ഉണ്ടായിരുന്നുവെന്നും അതു ചിലപ്പോള്‍ ബലാത്സംഗം ചെയ്യപ്പെട്ടതു കൊണ്ടായിരിക്കാമെന്നും ഡോക്ടര്‍മാര്‍ മൊഴി നല്‍കി. സാക്ഷികളെ വിസ്തരിക്കാനും പ്ലോവ്ഡെന്‍ മെനക്കെട്ടില്ല. അങ്ങനെ വെറും രണ്ടേ രണ്ടു മണിക്കൂറുകള്‍ കൊണ്ട് പ്രമാദമായ ഒരു കൊലപാതകക്കേസിന്റെ വിചാരണ അവസാനിച്ചു. വെറും പത്ത് മിനിറ്റുകള്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷം ജൂറി വിധി പറഞ്ഞു.
ബെറ്റി ജൂണ്‍ ബിന്നിക്കര്‍, ഏഴ് വയസ്സുകാരിയായ മേരി എമ്മ തേംസ് എന്നിവരുടെ കൊലപാതകങ്ങളില്‍ ജോര്‍ജ് സ്റ്റിന്നി കുറ്റക്കാരനാണെന്ന് സംശയാതീതമായി തെളിഞ്ഞിരിക്കുന്നു. തികച്ചും പൈശാചികമായാണ് ഇയാള്‍ പെണ്‍കുട്ടികളെ കൊലപ്പെടുത്തിയത്. വധശിക്ഷയില്‍ കുറഞ്ഞ ശിക്ഷ പ്രതി അര്‍ഹിക്കുന്നില്ല- ഇതായിരുന്നു വിധിയുടെ ഉള്ളടക്കം.
ജോര്‍ജിന്റെ വിചാരണ കാണാന്‍ ആയിരക്കണക്കിന് ആളുകളാണ് കോടതിക്കു മുന്നില്‍ തടിച്ചുകൂടിയത്. കറുത്തവര്‍ഗത്തിലുള്ള ഒരാളെയും കോടതിയില്‍ പ്രവേശിപ്പിച്ചില്ല. അന്തിമവിധിയില്‍ ജനക്കൂട്ടം ആര്‍ത്തുവിളിച്ചു. കൊലയാളിക്കു പരമാവധി ശിക്ഷ നല്‍കിയതില്‍ ജൂറിയെ അഭിനന്ദിച്ചു. കോടതിയുടെ തീരുമാനം പ്രതികൂലമായിട്ടും ജോര്‍ജിന്റെ അഭിഭാഷകന് യാതൊരു വിഷമവും ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ ജോര്‍ജിന്റെ വധശിക്ഷ റദ്ദാക്കാന്‍ അപ്പീല്‍ നല്‍കാന്‍ ആരും മുന്‍കൈ എടുത്തില്ല.
അറസ്റ്റിന് ശേഷം മാതാപിതാക്കളെ കാണാന്‍ ഒരിക്കല്‍ പോലും ജോര്‍ജിനെ പോലീസ് അനുവദിച്ചിരുന്നില്ല. ഒടുവില്‍ വിചാരണയ്ക്കും വധശിക്ഷയ്ക്കും ഇടയിലുള്ള ഒരു ദിവസം മരണത്തിലേക്ക് അടുത്തുകൊണ്ടിരുന്ന മകനെ ഒരുനോക്ക് കാണാന്‍ മാതാപിതാക്കള്‍ക്ക് അവസരം നല്‍കി. ഒടുവില്‍ 1944 ജൂണ്‍ 16-ന് ജോര്‍ജ് ഇലക്ട്രിക് ചെയറിലേക്ക്.
ജോര്‍ജ് ഉയര്‍ത്തെഴുന്നേല്‍ക്കുന്നു
2004-ലാണ് വിസ്മൃതിയിലാണ്ടുപോയ ജോര്‍ജിന്റെ കേസ് ഉയര്‍ത്തെഴുന്നേല്‍ക്കുന്നത്. അതിന് കാരണക്കാരനായത് അല്‍ക്കോളുവിലെ ജോര്‍ജ് ഫ്രയര്‍സണെന്ന
ചരിത്രാന്വേഷകനായിരുന്നു. ജോര്‍ജിന്റെ കേസ് സംബന്ധിച്ച ഒരു പഴയ പത്രവാര്‍ത്ത ഫ്രയര്‍സണിന്റെ ശ്രദ്ധയില്‍പ്പെട്ടതാണ് അതിന് നിമിത്തമായത്. ജോര്‍ജിന്റെ വിചാരണ നീതിപൂര്‍വ്വമായിരുന്നില്ലെന്ന് മനസ്സിലായ ഫ്രയര്‍സണ്‍ ഈ കേസില്‍ ആഴത്തില്‍ ഗവേഷണം നടത്തി. സൗത്ത് കരോലിനയിലെ ഒട്ടേറെ നിയമവിദഗ്ധരുടെ ശ്രദ്ധ നേടി. തുടര്‍ന്ന് ബോസ്റ്റണിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി ഓഫ് ലോയിലെ സിവില്‍ റൈറ്റ്‌സ് ആന്റ് റിസ്റ്റോററ്റീവ് ജസ്റ്റിസ് പ്രൊജക്ട് ജോര്‍ജിന്റെ കേസ് പരിഗണിക്കുന്നു. വംശീയ വിവേചനത്തെ തുടര്‍ന്ന് 1930 മുതല്‍ 1970 വരെയുള്ള കാലഘട്ടത്തില്‍ തെക്കന്‍ അമേരിക്കയില്‍ ഇരയായവരുടെ ജീവിതം ആധുനിക സമൂഹത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിന് വേണ്ടിയാണ് സിവില്‍ റൈറ്റ്‌സ് ആന്റ് റിസ്റ്റോററ്റീവ് ജസ്റ്റിസ് പ്രൊജക്ട് എന്ന പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

2013-ല്‍ ജോര്‍ജിന്റെ സഹോദരി എയ്മിയും മറ്റു കുടുംബാംഗങ്ങളും ചേര്‍ന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷനുമായ സ്റ്റീവ് മെക്കന്‍സിയുടെ നിര്‍ദ്ദേശപ്രകാരം കേസ് പുനരന്വേഷിക്കുന്നതിനുവേണ്ടിയുള്ള ഹര്‍ജി സമര്‍പ്പിച്ചു. 2014 ജനുവരി മാസത്തില്‍ പുനര്‍വിചാരണ ആരംഭിച്ചു. അതില്‍ നിര്‍ണായകമായ ഒട്ടേറെ വിവരങ്ങളാണ് പുറത്തുവന്നത്.
സഹോദരങ്ങളുടെ മൊഴിയനുസരിച്ച് പെണ്‍കുട്ടികളുടെ കൊലപാതകം നടന്നുവെന്ന് പറയുന്ന സമയത്ത് ജോര്‍ജ് സ്റ്റിന്നി വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. തലയോട്ടി പൊട്ടി ഗുരുതരമായ രക്തസ്രാവമുണ്ടായിട്ടും പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെത്തിയ കുഴിയില്‍ അധികം രക്തം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അവരെ മറ്റൊരിടത്തുവച്ച് കൊലപ്പെടുത്തി അവിടെ കൊണ്ടിട്ടതായിരിക്കാനാണ് സാധ്യത. അതെക്കുറിച്ചൊന്നും പോലീസ് രേഖകളില്‍ പരാമര്‍ശമില്ല. പതിന്നാല്
വയസ്സു മാത്രം പ്രായമുണ്ടായിരുന്ന ജോര്‍ജിനെ യാതൊരു പ്രകോപനവുമില്ലാതെ അറസ്റ്റ് ചെയ്തു. ജോര്‍ജിനെതിരേ സാക്ഷികളായി ആരെങ്കിലും രംഗത്ത് വന്നതായി പോലീസ് റെക്കോഡുകളില്ല.
കാണാതാകുന്നതിന് മുന്‍പ് പെണ്‍കുട്ടികളെ തങ്ങള്‍ കണ്ടിരുന്നുവെന്ന് വെളിപ്പെടുത്തിയതാണ് കേസില്‍ ജോര്‍ജിനെ പ്രതിയാക്കുന്നതിലേക്ക് പോലീസിനെ നയിച്ചത്. ജനരോഷം ശക്തമായതോടെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഒരാളെ കേസില്‍ കുടുക്കുകയായിരുന്നു. വംശീയമായ വേര്‍തിരിവുകള്‍ അനുഭവിക്കുന്ന വിഭാഗത്തില്‍ നിന്നുള്ള ദരിദ്രനായ ഒരു ബാലനെ പ്രതിയാക്കിയാല്‍ ആരും ചോദിക്കാന്‍ വരില്ലെന്ന ബോധ്യവും പോലീസിന് ധൈര്യം പകര്‍ന്നു. അറസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം ഒരിക്കല്‍ പോലും ജോര്‍ജിനെ കുടുംബത്തെ കാണാന്‍ അനുവദിച്ചില്ല. ജോര്‍ജ് കുറ്റസമ്മതം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ വിചാരണ നടപടികള്‍ ആരംഭിച്ചു. ഏകപക്ഷീയമായ വിചാരണയില്‍ ജോര്‍ജ് കുറ്റക്കാരനാണെന്ന് കോടതി വിധിയെഴുതി. അങ്ങനെ എല്ലാ വിധത്തിലും ജോര്‍ജിനെതിരേ കെട്ടിച്ചമച്ച കേസ്.
വധശിക്ഷയ്ക്ക് കൊണ്ടുപോകുന്നതിന് തൊട്ടുമുന്‍പ് വരെ നിരപരാധിയാണെന്ന് ജോര്‍ജ് തന്നോട് പറഞ്ഞതായി സഹതടവുകാരനായ ഒരു വ്യക്തി കോടതിയില്‍ മൊഴിനല്‍കുകയും ചെയ്തു. കേസില്‍ ജോര്‍ജിനെ കുറ്റവിമുക്തനാക്കരുതെന്ന് ആവശ്യപ്പെട്ട് സൗത്ത് കരോളിന സ്റ്റേറ്റിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ വാദിച്ചു. 2014 ഡിസംബര്‍ 16-ന് കാര്‍മെന്‍ ടി. മുള്ളന്‍ കേസിലെ അന്തിമവിധി പ്രഖ്യാപിച്ചു. അറസ്റ്റ് മുതല്‍ വധശിക്ഷവരെയുള്ള സംഭവവികാസങ്ങള്‍ പരിശോധിച്ചാല്‍ എല്ലായിടത്തും ജോര്‍ജ് സ്റ്റിന്നിയുടെ അവകാശങ്ങള്‍ ഉടനീളം ലംഘിക്കപ്പെട്ടു. നീതിപൂര്‍ണമായ വിചാരണ ഈ കേസില്‍ നടന്നില്ല. പതിനാല് വയസ്സുള്ള ഈ കുട്ടിയ്ക്ക് നേരിടേണ്ടി വന്നത് ക്രൂരവും അസാധാരണവുമായ ശിക്ഷയാണ്. 70 വര്‍ഷത്തിനുശേഷം ജോര്‍ജിനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള കോടതി വിധിയുടെ ഉള്ളടക്കം ഇങ്ങനെയായിരുന്നു.
പ്രതി ജോര്‍ജ് ബുര്‍ക്ക് ജൂനിയറോ?
ജോര്‍ജിനെ കുറ്റവിമുക്തനാക്കിയതിന് ശേഷം കേസിലെ പ്രതി ആരാണ് എന്നതിനെ സംബന്ധിച്ച് അന്വേഷണങ്ങള്‍ നടന്നു. അല്‍ക്കോളുവിലെ ധനികവ്യവസായിയായ ജോര്‍ജ് ബുര്‍ക്ക് സീനിയറുടെ മകന്‍ ജോര്‍ജ് ബുര്‍ക്ക് ജൂനിയറാണ് പെണ്‍കുട്ടികളുടെ കൊലപാതകി എന്ന് സംശയിക്കപ്പെടുന്നു. ജോര്‍ജ് സ്റ്റിന്നിയ്ക്ക് വധശിക്ഷ നല്‍കിയ ജൂറിയിലെ പ്രധാന അംഗങ്ങളിലൊരാളു കൂടിയായിരുന്നു ജോര്‍ജ് ബുര്‍ക്ക് സീനിയര്‍
ജോര്‍ജ് സ്റ്റിന്നിയുടെ അമ്മ കുറച്ച് കാലം ജോര്‍ജ് ബുര്‍ക്ക് സീനിയറുടെ വസതിയില്‍ ജോലിയ്ക്ക് പോയിരുന്നു. ജോര്‍ജ് ബുര്‍ക്ക് സീനിയര്‍ ഒരിക്കല്‍ ദുരുദ്ദേശ്യത്തോടെ പെരുമാറിയപ്പോള്‍ അമ്മ അവിടുത്തെ ജോലി എന്നന്നേക്കുമായി അവസാനിപ്പിച്ചു. അതിന്റെ പേരില്‍ ഇയാള്‍ക്ക് സ്റ്റിന്നി കുടുംബത്തിനോട് വൈരാഗ്യമുണ്ടായി.
നാട്ടില്‍ സ്ത്രീലമ്പടനായി അറിയപ്പെട്ടിരുന്ന ബുര്‍ക്ക് ജൂനിയര്‍ പെണ്‍കുട്ടികളെ കൊലപ്പെടുത്തിയെന്നും മകനെ രക്ഷിക്കാനായി പിതാവ് ജോര്‍ജ് ബുര്‍ക്ക് സീനിയര്‍ ജോര്‍ജ് സ്റ്റിന്നിയെ പ്രതിയാക്കിയെന്നുമാണ് പ്രധാന ആരോപണം. പെണ്‍കുട്ടികളുടെ മൃതദേഹം ലഭിച്ചത് ജോര്‍ജ് ബുര്‍ക്ക് സീനിയറിന് സ്വന്തമായുണ്ടായിരുന്ന സ്ഥലത്തിനു സമീപത്തുനിന്നാണ്. ഇതെല്ലാം അയാളിലേക്കും മകനിലേക്കും വീരല്‍ചുണ്ടുന്നു. ജോര്‍ജ് സ്റ്റിന്നിയെ വധശിക്ഷയ്ക്ക് വിധേയനാക്കി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ജോര്‍ജ് ബുര്‍ക്ക് ജൂനിയര്‍ മരിച്ചു.
ജോര്‍ജ് സ്റ്റിന്നി ഫണ്ട്
2022 ജനുവരിയില്‍ ജോര്‍ജ് സ്റ്റിന്നിയുടെ പേരില്‍ സൗത്ത് കരോലിനയില്‍ ഒരു ബില്ല് പാസാക്കി. നിരപരാധിയായിരുന്നിട്ടും വധശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പത്ത് മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് നിയമം വന്നത് ആ ബില്ല് പാസായതിന് ശേഷമാണ്. ആ തുക ജോര്‍ജ് സ്റ്റിന്നി ഫണ്ട് എന്ന പേരിലാണ് അറിയപ്പെടുന്നത്.
ജോര്‍ജ് സ്റ്റിന്നി സിനിമയിലും പുസ്തകങ്ങളിലും

ജോര്‍ജ് സ്റ്റിന്നിയുടെ ജീവിതത്തെ ആസ്പദമാക്കി ഏതാനും പുസ്തകങ്ങള്‍ രചിക്കപ്പെടുകയും സിനിമകള്‍ നിര്‍മിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഡേവിഡ് സ്റ്റൗട്ട് രചിച്ച കരോലിന സ്‌കെല്‍ട്ടന്‍സ് (1988), ആല്‍ബര്‍ട്ട് ഫെഞ്ചിന്റെ ബില്ലി (1993), കെന്റാല്‍ ബെല്ലിന്റെ ട്രിപ്പിള്‍ ട്രാജഡി ഇന്‍ അല്‍ക്കോളു (2020) എന്നിവ അതിന് ഉദാഹരണങ്ങളാണ്. 1991 കരോലിന സ്‌കെല്‍ട്ടന്‍സ് സിനിമയായി. 1999 ല്‍ പുറത്തിറങ്ങിയ ഗ്രീന്‍മൈല്‍ എന്ന സിനിമയ്ക്ക് ജോര്‍ജ്ജ് സ്റ്റിന്നിയുടെ കഥയുമായി വിദൂര സാമ്യമുണ്ട്. മൈക്കിള്‍ ക്ലാര്‍ക്ക് ഡന്‍കന്‍, ടോം ഹാങ്ക്‌സ് എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദ കറന്റ്; ദ സ്റ്റോറി ഓഫ് ജോര്‍ജ് സ്റ്റിന്നി, 83 ഡേയ്‌സ് എന്നിങ്ങനെ രണ്ട് ഹ്രസ്വചിത്രങ്ങും ജോര്‍ജ് സ്റ്റിന്നിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിക്കപ്പെട്ടു. മികച്ച അഭിപ്രായങ്ങളാണ് ഈ രണ്ടു ചിത്രങ്ങള്‍ക്കും ലഭിച്ചത്.
Content Highlights: george stinney, wrongful punishment, injustice, US criminal laws, victim of racism
Published: 02 Aug 2023, 10:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented