തൃശ്ശൂർ: കുറ്റാന്വേഷണം കൂടുതൽ സുഗമവും കൃത്യവുമാക്കാനുതകുന്ന പരിസ്ഥിതിസൗഹൃദ സാങ്കേതികവിദ്യ വികസിപ്പിച്ച കേരളത്തിലെ സംഘത്തിന് പേറ്റന്റ്. ജൈവവസ്തുക്കളാൽ നിർമിച്ച ഫിംഗർപ്രിന്റിങ് പൗഡറിന് കൈവിരലടയാളം കണ്ടെത്താൻ മാത്രമല്ല അതിലൂടെ ഡി.എൻ.എ.യും കണ്ടെത്താനാകും.

To advertise here,

കേരള പോലീസ് അക്കാദമിയിലെ കാലിക്കറ്റ് സർവകലാശാലയുടെ ഫൊറൻസിക് സയൻസ് പഠനവകുപ്പും സുവോളജി പഠനവകുപ്പും മഹാത്മാഗാന്ധി സർവകലാശാലയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയൻസ് ആൻഡ് ടെക്‌നോളജിയുമായി ചേർന്നാണ് പുതിയരീതി വികസിപ്പിച്ചത്.

മുള്ളാത്തപ്പഴത്തിന്റെ തൊലിയുപയോഗിച്ചാണ് നാനോ സിൽവർ ഫിംഗർപ്രിന്റിങ് പൗഡർ വികസിപ്പിച്ചത്. ഇത് ഉപയോഗിക്കാനുള്ള സാങ്കേതികവിദ്യയും വികസിപ്പിച്ചു. ഇവയ്ക്കാണ് പേറ്റന്റ്. ഒരു വസ്തുവിനെ സ്പർശിക്കുമ്പോൾ അവിടെ സൂക്ഷ്മമായ ത്വക്ക് കോശങ്ങൾ അവശേഷിക്കും. ഈ കോശങ്ങളിലെ ഡി.എൻ.എ. കണ്ടെത്തുന്ന രീതിയെയാണ് ടച്ച് ഡി.എൻ.എ.

പരിസ്ഥിതിസൗഹൃദമായ നാനോ-സിൽവർ ഘടകങ്ങൾ ഉപയോഗിച്ച് വികസിപ്പിച്ച പ്രത്യേക ഡി.എൻ.എ. ഫിംഗർപ്രിന്റിങ് പൗഡർ വഴി, ഇത്തരം അദൃശ്യ ഡി.എൻ.എ. തെളിവുകൾ കൂടുതൽ കൃത്യതയോടെ കണ്ടെത്താൻകഴിയും.

സാധാരണ രീതികളെക്കാൾ പത്തുമടങ്ങ് കൂടുതൽ 'ടച്ച് ഡി.എൻ.എ.' ലഭ്യമാക്കാൻ കഴിയുന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകതയെന്ന് ഗവേഷകർ പറയുന്നു. കുറ്റാന്വേഷണശാസ്ത്രത്തിൽ വിരലടയാളങ്ങൾ കണ്ടെത്തുന്നതിനും ആളെ തിരിച്ചറിയുന്നതിനും ഈ സാങ്കേതികവിദ്യ നിർണായകസഹായം നൽകുമെന്ന് അവർ അവകാശപ്പെട്ടു. എം.ജി. സർവകലാശാലയിലെ ഡോ. ഷാരൽ റെബല്ലോ, ഡോ. എം.എസ്. ജിഷ, കാലിക്കറ്റ് സർവകലാശാലയിലെ ഡോ. എം.എസ്. ശിവപ്രസാദ്, ഡോ. ഇ.എം. അനീഷ്, ആർ. സുവിത, നാഷണൽ ഫൊറൻസിക് സയൻസ് സർവകലാശാലയിലെ ശ്രുതി ജയൻ എന്നിവരടങ്ങുന്നതാണ് ഗവേഷകസംഘം.