ചില ചിത്രങ്ങള്‍ നമ്മെ വേട്ടയാടും. ജീവന് വേണ്ടിയുള്ള പോരാട്ടത്തിന്റെ വേദനയുടെ ആഴം കാണുന്നവരിലേക്കും പകരുന്ന ചിത്രങ്ങള്‍. അവയില്‍ പലതും യുദ്ധ ഭൂമിയില്‍നിന്നാണ്. ചിലതാകട്ടെ പ്രകൃതിദുരന്തങ്ങളുടെ അല്ലെങ്കില്‍ മനുഷ്യ നിര്‍മിത ദുരന്തങ്ങളുടെ  ബാക്കിപത്രങ്ങള്‍. ചരിത്രത്തിന്റെ ഭാഗമായി മരണമില്ലാതെ അതങ്ങനെ ബാക്കിനില്‍ക്കും. എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും അത് പിറകിലേക്ക് തിരിഞ്ഞുനോക്കാന്‍ നമ്മളെ പ്രേരിപ്പിക്കും. മനഃസാക്ഷിയെ മരവിപ്പിക്കും.

To advertise here,

കൊളംബിയയില്‍ പതിമൂന്ന് ഗ്രാമങ്ങളില്‍ ജീവിച്ചിരുന്ന ആയിരക്കണക്കിന് ജനങ്ങളെ കൂട്ടക്കുരുതിക്ക് ഇരയാക്കിയ ഒരു അഗ്നിപര്‍വ്വത സ്‌ഫോടന ദുരന്തത്തിന്റെ നേര്‍കാഴ്ചയാണ് മുകളില്‍ കാണുന്ന ചിത്രം. സ്‌ഫോടനം ക്രമേണ കടുത്ത മണ്ണടിച്ചിലിലേക്കും ഉരുള്‍പ്പൊട്ടലിലേക്കും നയിച്ചു. കൊളംബിയയിലെ തൊലിമയിലെ ആര്‍മെരോ എന്ന പ്രദേശത്തിന് മേല്‍ ഈ അവശിഷ്ടങ്ങള്‍ പതിച്ചു. അത്  ഇരുപതിനായിരത്തിലേറെജ ജീവനുകളെ ഭൂമുഖത്തുനിന്ന് തുടച്ചുമാറ്റി. 

അര്‍മാരോയില്‍നിന്ന് 48 കിലോ മീറ്റര്‍ ദൂരെയാണ് നവാഡോ ഡൊ റെയിത്ത് അഗ്നിപര്‍വത നിരകള്‍ സ്ഥിതി ചെയ്യുന്നത്. 1984. തീയും പുകയും സജീവമായതോടെ പര്‍വതത്തിന് താഴെ കിടക്കുന്ന പ്രദേശങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും ദുരന്തം സംഭവിക്കാമെന്നും ജനങ്ങളെ അവിടെനിന്ന് മാറ്റി പാര്‍പ്പിക്കണമെന്നും ഭൂഗര്‍ഭശാസ്ത്ര വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ അതിനെ ഗൗരവകരമായി എടുത്തില്ല. ഓരോ ദിവസം പിന്നിടുമ്പോഴും മര്‍ദ്ദമുയര്‍ന്ന് അഗ്നിപര്‍വതത്തിന്റെ പ്രഹരശേഷി വര്‍ധിക്കുകയായിരുന്നു. ഇതൊന്നും ജനങ്ങള്‍ അറിഞ്ഞില്ല.

പാബ്ലോ എസ്‌കോബാറും കൊളംബിയന്‍ സര്‍ക്കാറും

കൊളംബിയന്‍ അധോലോകത്തിന്റെയും ലഹരിമരുന്നുവ്യാപാര ശൃംഖലയുടെ അധിപനായിരുന്ന പാബ്ലോ എസ്‌കോബാര്‍ ഉയര്‍ന്നുവരുന്നത് 1970-കളിലാണ്. ലഹരിമരുന്നിന്റെ ലോകത്ത് എസ്‌കോബറിന്റെ അധികാരം ദിനംപ്രതി വര്‍ധിച്ചു വന്നു. കാലക്രമേണ അമേരിക്കയിലേ കൊക്കെയിന്‍ വ്യാപാരത്തിന്റെ 80 ശതമാനം നിയന്ത്രണവും എസ്‌കോബാറിന്റെ സംഘത്തിന്റേതായി. അതുകൊണ്ടു തന്നെ അയാളെ പിടിച്ചുകെട്ടാനുള്ള വ്യഗ്രതയിലായിരുന്നു അമേരിക്ക. എസ്‌കോബാറിനെ അമേരിക്കയുമായി കൈമാറാന്‍ കൊളംബിയയുമായി ധാരണയുണ്ടാക്കിയതും അക്കാലത്താണ്. തുടര്‍ന്ന് സര്‍ക്കാര്‍ സംവിധാനങ്ങളെ ഭയപ്പെടുത്താന്‍ എക്കോബാര്‍ കടുത്ത അക്രമണമാണ് പിന്നീട് അഴിച്ചുവിട്ടത്. അമേരിക്കയുമായുള്ള കരാര്‍ റദ്ദാക്കുന്നതായിരുന്നു എസ്‌കോബാറിന്റെ ആവശ്യം. അതിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുതല്‍ ന്യായാധിപന്‍മാരെ വരെ തന്റെ ആവശ്യം അറിയിക്കാന്‍ അനുയായികളെ അയച്ചു. പണം അല്ലെങ്കില്‍ വെടിയുണ്ട ഇതിലേത് വേണമെങ്കിലും സ്വീകരിക്കാം എന്നതായിരുന്നു എസ്‌കോബാറിന്റെ വാഗ്ദാനം. അതായത് ഒന്നുകില്‍ കൈക്കൂലി വാങ്ങി എസ്‌കോബാറിനെ പിന്തുണയ്ക്കാം അല്ലെങ്കില്‍ അയാളുടെ അനുയായികളുടെ തോക്കുകള്‍ ജീവനെടുക്കും. എസ്‌കോബാര്‍ വാക്കു പാലിച്ചു. അയാള്‍ക്കൊപ്പം നില്‍ക്കാത്തവരെ മാത്രമല്ല, അവരുടെ കുടുംബത്തെയും കുട്ടികളെയും വരെ നിര്‍ദ്ദാക്ഷിണ്യം കൊന്നൊടുക്കി.

placeholder
പാബ്ലോ എസ്‌കോബാര്‍

അമേരിക്കയിലേക്ക് നാടുകടത്താതിരിക്കാനും ജയിലിലേക്ക് പോകാതിരിക്കാനും തനിക്ക് മുന്നിലുള്ള ഏറ്റവും നല്ല വഴി രാഷ്ട്രീയമാണെന്ന് ഒരു ഘട്ടത്തില്‍ എസ്‌കോബാര്‍ തിരിച്ചറിയുന്നു. അങ്ങനെയാണ് അയാള്‍ 1982-ല്‍ കൊളംബിയന്‍ ലിബറല്‍ പാര്‍ട്ടിയുടെ രൂപീകരണത്തിന് പിന്തുണയുമായി രംഗത്ത് വന്നത്. പിന്നീട് കൊളംബിയന്‍ കോണ്‍ഗ്രസില്‍ അംഗമായി. അത് തന്നെയായിരുന്നു എസ്‌കോബാറിന്റെ ആവശ്യം. കോണ്‍ഗ്രസില്‍ പ്രതിനിധിയായതോടെ എസ്‌കോബാറിനെ നാടുകടത്തുന്നത് അസാധ്യമായി. രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്റെ സ്വാധീനമുറപ്പിക്കാന്‍ എസ്‌കോബാര്‍ അവികസിതമായ പ്രദേശങ്ങളില്‍ ഒരുപാട് പണം നിക്ഷേപിച്ചുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി. അക്കാലത്ത് റോബിന്‍ ഹുഡ് ഓഫ് നോര്‍ത്തിസ്റ്റേണ്‍ കൊളംബിയ എന്ന പ്രതിച്ഛായയാണ് അയാള്‍ക്കുണ്ടായത്. പാവപ്പെട്ട ധനികരില്‍നിന്നും പണമീടാക്കി തങ്ങളിലെത്തിക്കുന്ന മഹാനാണ് എസ്‌കോബാര്‍ എന്ന് സാധാരണക്കാരില്‍ പലരും ധരിച്ചു. എന്നാല്‍, തന്റെ സ്വാധീനവും പദവിയും ജനങ്ങള്‍ക്കിടയില്‍ ഉറപ്പിക്കാനുള്ള എസ്‌കോബാറിന്റെ ബുദ്ധിപരമായ തന്ത്രമായിരുന്നു അത്. ഇതേ സമയത്തു തന്നെ സര്‍ക്കാറിനെതിരേയുള്ള ജനവികാരം സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനവും എസ്‌കോബാര്‍ ആരംഭിച്ചു. ബോംബാക്രമണമടക്കം ഒരുപാട് അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് അയാള്‍ നേതൃത്വം നല്‍കി. ഒട്ടേറെയാളുകളാണ് അതില്‍ കൊല്ലപ്പെട്ടത്. കൊളംബിയന്‍ സര്‍ക്കാറിന് എസ്‌കോബാര്‍ വലിയ തലവേദനയായി. അധികാരങ്ങളില്‍നിന്ന് അയാളെ പുറത്താക്കുന്നതായി സര്‍ക്കാറിന്റെ പ്രധാന ലക്ഷ്യം.

പാബ്ലോ എക്‌സോബറിന്റെ പട നീക്കം, ദുരന്തത്തിന്റെ മുന്‍സൂചനകളെ അവഗണിച്ച ഭരണകൂടം

1985 നവാഡോ ഡൊ റെയിത്തിന് സമീപമുള്ള നഗരങ്ങളില്‍ ഭൂമികുലുക്കമുണ്ടാകുന്നു. ഇത് ജനങ്ങളില്‍ കടുത്ത പരിഭ്രാന്തി സൃഷ്ടിക്കുന്നു. അധികം വൈകാത തന്നെ നവാഡോ ഡൊ റെയിത്ത് അപകടനിലയിലാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ കാലാവസ്ഥാ ഗവേഷകര്‍ നല്‍കി. കൂടാതെ അഗ്നിപര്‍വ്വത സ്‌ഫോടനമുണ്ടായാല്‍ ഏറ്റവും നാശനഷ്ടങ്ങളുണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളുടെ പേരുകളും സര്‍ക്കാറിന് കൈമാറി. എന്നാല്‍, ഭരണകൂടം അതിനെ ഗൗരവകരമായി എടുക്കുന്നില്ല. എസ്‌കോബാറുമായുള്ള പ്രശ്‌നങ്ങള്‍ക്കാണ് അവര്‍ കൂടുതല്‍ പ്രധാന്യം നല്‍കിയത്. 

അഗ്നിപര്‍വ്വത സ്‌ഫോടനമുണ്ടാകുമ്പോള്‍ ചാരവും ലാവയും മാത്രമല്ല ഉണ്ടാകുന്നത്. ലഹാറുകള്‍ രൂപപ്പെടാനുള്ള സാധ്യതയുണ്ട്. വിഷം കലര്‍ന്ന വാതകങ്ങള്‍, മാഗ്മ, വലിയ പാറക്കല്ലുകള്‍, മണ്ണ്, താപനില ഉയരുമ്പോള്‍ പര്‍വതത്തിന് മുകളിലുള്ള മഞ്ഞുരുകിയോ അല്ലെങ്കില്‍ കടുത്ത മഴയില്‍നിന്നോ ഉണ്ടാകുന്ന ജലം തുടങ്ങിയവ ചേര്‍ന്ന അപകടകരമായ പ്രവഹത്തെയാണ് ലഹാര്‍ എന്ന് പറയുന്നത്. അതിവേഗത്തില്‍ കുത്തിയൊലിക്കുന്ന ലഹാറുകള്‍ പ്രവഹിക്കുന്ന വഴിയിലെ വസ്തുക്കളെയെല്ലാം തുടച്ചെടുക്കും. അവ പതിച്ചാല്‍ നിമിഷങ്ങള്‍ മതി ഒരു പ്രദേശം പൂര്‍ണമായും നശിക്കാന്‍. ഒട്ടുമിക്ക സന്ദര്‍ഭങ്ങളിലും ലഹാറുകളുടെ പ്രവാഹം നേരത്തേ പ്രവചിക്കാന്‍ സാധിക്കും. അതുകൊണ്ടു തന്നെയാണ് ഭൂഗര്‍ഭശാസ്ത്ര വിദഗ്ധര്‍ അര്‍മെരോ അടക്കമുള്ള പ്രദേശങ്ങള്‍ അപകടത്തിലാണെന്നും ജനങ്ങളെ ഒഴിപ്പിക്കണമെന്നും സര്‍ക്കാറിന് നേരത്തേ നിര്‍ദ്ദേശം നല്‍കിയത്.

എന്നാല്‍, സര്‍ക്കാര്‍ മാത്രമല്ല അവിടെയുണ്ടായിരുന്ന ഫാക്ടറി നടത്തിപ്പുകാരും ഈ നിര്‍ദ്ദേശത്തെ പാടെ അവഗണിച്ചു. ജനങ്ങളെ മാറ്റിയാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുമെന്നും അതുവഴി വലിയ സാമ്പത്തികനഷ്ടം സംഭവിക്കുമെന്നും അവര്‍ വാദിച്ചു. എന്നിരുന്നാലും പ്രാദേശിക ദിനപത്രങ്ങളിലെല്ലാം വരാനിരിക്കുന്ന വിപത്തിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു വന്നു. പക്ഷേ, ഏത് പ്രദേശങ്ങളാണ് ഏറ്റവും ഭീഷണി നേരിടുന്നത് എന്നതിനെക്കുറിച്ചൊന്നും അതില്‍ സൂചന ഉണ്ടായിരുന്നില്ല. തങ്ങള്‍ ജീവിക്കുന്ന ഇടം സുരക്ഷിതമാണെന്ന് ജനങ്ങള്‍ വിശ്വസിച്ചു. അഗ്‌നിപര്‍വ്വത സ്ഫോടനത്തിന് സാധ്യതയില്ലെന്നും ഭൂഗര്‍ഭശാസ്ത്ര വിദഗ്ധര്‍ ജനങ്ങളെ വെറുതെ പരിഭ്രാന്തരാക്കുന്നുവെന്നും കൊളംബിയന്‍ കോണ്‍ഗ്രസ് വിമര്‍ശനമുയര്‍ത്തി.

അതിനിടെ 1985 നവംബര്‍ ആറിന് പാബ്ലോ എക്സോബര്‍ നിയന്ത്രിച്ചിരുന്ന ഗൊറില്ല പോരാളികള്‍ സുപ്രീം കോടതിയില്‍ അതിക്രമിച്ച് കയറി ഒരുപാട് ആളുകളെ ബന്ദിയാക്കി വച്ചു. തനിക്കെതിരേയുള്ള വിചാരണ മുടക്കുന്നതിനും അമേരിക്കയ്ക്ക് കൈമാറുന്നത് തടയാനുമായിരുന്നു എസ്‌കോബാറിന്റെ നീക്കം. ഒടുവില്‍ മിലിറ്ററി ഓപ്പറേഷന്‍ നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിടുന്നു. ഗറില്ലകളും മിലിറ്ററിയും തമ്മിലുള്ള പോരാട്ടത്തില്‍ പന്ത്രണ്ടോളം മജിസ്‌ട്രേറ്റുമാരാണ് കൊല്ലപ്പെട്ടത്. കൂടാതെ പൗരന്‍മാരും റിബലുകളും പട്ടാളക്കാരും നിയമവിദ്യാര്‍ഥികളും കോടതി ജീവിനക്കാരുമടങ്ങുന്ന 86 പേര്‍ അക്രമത്തില്‍ കൊലപ്പെട്ടു. 11 ആളുകളെ കാണാതായി. സുപ്രീം കോടതിയിലെ സംഭവവികാസങ്ങള്‍ കൊളംബിയയില്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. സ്വാഭാവികമായും സര്‍ക്കാറിന്റെ ശ്രദ്ധ പൂര്‍ണമായും അതിലേക്ക് തിരിഞ്ഞു. ഇതെല്ലാം നടക്കുന്നതിനിടെയാണ് പ്രവചനങ്ങളെ ശരിവച്ച് കൊണ്ട് നവംബര്‍ 13-ന് ആ വലിയ ദുരന്തം കൊളംബിയക്ക് മേല്‍ പെയ്തിറങ്ങുന്നത്.

പ്രവചനം യാഥാര്‍ഥ്യമാകുമ്പോള്‍

നവംബര്‍ 13-ന്‌ വൈകീട്ട് മൂന്നു മണിയോടെ നവാഡോ ഡൊ റെയിത്തിലെ അഗ്‌നിപര്‍വ്വതം അതിന്റെ ഉഗ്രരൂപത്തിലെത്തി. അല്‍പ്പസമയത്തിനുള്ളില്‍ ചാരവും പൊടിയും പ്രവഹിക്കാന്‍ തുടങ്ങി. ഈ സമയത്ത് ജനങ്ങളെ അവിടെനിന്ന് ഒഴിപ്പിക്കുന്നത് ശ്രമകരമാണ്. അതിനാല്‍ വീടുകള്‍ അടച്ച് സുരക്ഷിതരായി ഇരിക്കാനായിരുന്നു നിര്‍ദ്ദേശം നല്‍കിയത്. രാത്രിയായതോടെ അന്തരീക്ഷം മാറിമറിഞ്ഞു. വൈദ്യുതി പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടു. ഏതാണ്ട് 11: 30 ആയതോടെ സംഹാരഭാവത്തോടെ ലഹാറുകള്‍ പ്രവഹിക്കാന്‍ ആരംഭിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ അര്‍മെരോയിലെ ഏതാനും പ്രദേശങ്ങള്‍ തുടച്ചു നീക്കപ്പെട്ടു. ആദ്യപ്രവാഹത്തോടെ എല്ലാം അടങ്ങിയെന്ന് വിചാരിച്ചിരിക്കുമ്പോള്‍ രണ്ടം ഘട്ട പ്രവാഹം ആരംഭിക്കുന്നു. ആദ്യത്തേക്കാള്‍ അപകടമായിരുന്നു ഇത്തവണത്തേത്. നഗരത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ലഹാറുകള്‍ വിഴുങ്ങി.  ചെളിയും വെള്ളവും പാറകളും നിറഞ്ഞ വസ്തു മേല്‍ക്കൂരകള്‍ക്ക് മേല്‍ പതിച്ചപ്പോള്‍ നിസ്സഹായരായി നോക്കിനില്‍ക്കാന്‍ മാത്രമേ ജനങ്ങള്‍ക്ക് സാധിച്ചുള്ളൂ. രണ്ടു മണിക്കൂറോളം നീണ്ട പ്രവാഹത്തില്‍ ഒട്ടുമിക്കവരും ശ്വാസം മുട്ടിമരിച്ചു. മറ്റു ചിലരാകട്ടെ കനത്ത പാറകള്‍ക്കടിയില്‍ കിടന്ന് ഞെരിഞ്ഞ് ഇല്ലാതായി.

ശവശരീരങ്ങള്‍ നിറഞ്ഞ പ്രേതഭൂമി

അര്‍മാരോയിലെ സംഭവിച്ച ദുരന്തത്തിന്റെ ആഴം ലോകത്തിന് മനസ്സിലാകുന്നത് രക്ഷാപ്രവര്‍ത്തകര്‍ എത്തിയപ്പോഴാണ്. ആയിരക്കണക്കിന് ശവശരീരങ്ങള്‍, ചെളിയുടെ ഉപരിതലത്തില്‍ മേല്‍ പലരുടെയും  മരവിച്ച കൈകള്‍  മാത്രം കാണാം. പരിക്ക് പറ്റി ജീവനോട് മല്ലിടുന്നവര്‍, രക്ഷാപ്രവര്‍ത്തകരെ കണ്ടപ്പോള്‍ സഹായത്തിന് വേണ്ടി വിളിച്ചു കൂവുന്നവര്‍. അതിഭീകരമായിരുന്നു ആ കാഴ്ചകള്‍. റോഡുകളും ആശുപത്രികളും നശിച്ചിരുന്നു. നഗരത്തില്‍ ജീവിക്കുകയും ആശുപത്രിയില്‍ ജോലി ചെയ്യുകയും ചെയ്തിരുന്ന ആരോഗ്യ പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും കൊല്ലപ്പെട്ടു. അവരില്‍ അപകടത്തെ അതിജീവിച്ചവരുടെ പലരുടെയും പരിക്ക് ഗുരുതരമാണ്. ഈ വെല്ലുവിളികളെയെല്ലാം അതിജീവിച്ച് വേണം രക്ഷാപ്രവര്‍ത്തനം നടത്താന്‍. ഒരുഭാഗത്ത് പരിക്കേറ്റവരെ  ഓരോരുത്തരെയായി രക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ മറുഭാഗത്ത് പിടിച്ചു നില്‍ക്കാനാകാതെ പലരും മരണത്തിന് കീഴടങ്ങുന്ന കാഴ്ച. 

ദുരന്തത്തിന്റെ മുഖമായി ആ പതിമൂന്നുകാരി

ഇതുവരെ പറഞ്ഞത് അര്‍മെരോ ദുരന്തത്തിന്റെ ചരിത്രം. ഇനിയാണ് ലോകത്തിലെ ഏറ്റവും ദുഃഖം നിറഞ്ഞ ചിത്രത്തിലെ നായികയുടെ കഥയിലേക്ക് വരുന്നത്. അവളുടെ പേരാണ് ഒമൈറ സാന്‍ഷേ. അര്‍മാരോയിലെ ഒരു ദരിദ്ര കുടുംബത്തിലെ പെണ്‍കുട്ടി. 1972 ആഗസ്റ്റ് മാസത്തിലാണ് ജനനം. ധാന്യങ്ങള്‍ ശേഖരിച്ച് വില്‍ക്കുന്ന ചെറുകിട കച്ചവടമായിരുന്നു മാതാപിതാക്കള്‍ക്ക്. കൂടാതെ ഒരു സഹോദരനും പിതാവിന്റെ സഹോദരി (അമ്മായി) കൂടി അടങ്ങുന്നതാണ് കുടുംബം. അന്തരീക്ഷത്തില്‍ പൊടിയും പുകയും പരന്നതോടെ  ഒമൈറയും പിതാവും സഹോദരനും അമ്മായിയും അവരുടെ കൊച്ചുവീടിനുള്ളില്‍ അഭയം തേടി. അവളുടെ അമ്മ മറ്റൊരു പട്ടണത്തില്‍ ജോലിയുമായി ബന്ധപ്പെട്ട ആവശ്യത്തിന് പോയിരിക്കുകയായിരുന്നു. താഴ്വാരങ്ങളിലൂടെ ഇരച്ചുവന്ന ലഹാര്‍ അവരുടെ വീടിന്റെ മേല്‍വന്നു പതിക്കാന്‍ അധികസമയമൊന്നും വേണ്ടിവന്നില്ല. 

രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യദിനം

ആയിരക്കണക്കിന് ശവശരീരങ്ങള്‍ക്കും ടണ്‍ കണക്കിന് കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കും ഇടയിലൂടെ നടക്കുമ്പോഴാണ്  ഒരു ചെറിയ പെണ്‍കുട്ടിയുടെ കൈകളും തലയും രക്ഷാപ്രവര്‍ത്തകര്‍ കാണുന്നത്. അത് ഒമൈറയായിരുന്നു. അവള്‍ക്ക് ചുറ്റും ചെളിനിറഞ്ഞ വെള്ളമാണ്. അവസ്ഥ ദയനീയമായിരുന്നുവെങ്കിലും തന്നെ ജീവനോടെ കണ്ടെത്തിയതിന്റെ പ്രത്യാശ അവളുടെ നോട്ടത്തിലുണ്ടായിരുന്നു. കൈകളില്‍ പിടിച്ച് അവളെ മുകളിലേക്ക് ഉയര്‍ത്താനാണ് രക്ഷാപ്രവര്‍ത്തകര്‍ ആദ്യം ശ്രമിച്ചത്. എന്നാല്‍ തന്റെ നെഞ്ചിന് താഴെയുള്ള ഭാഗം എവിടെയോ കുടുങ്ങി കിടക്കുകയാണെന്ന് വലിക്കരുതെന്നും അവള്‍ പറഞ്ഞു.

അവശിഷ്ടങ്ങള്‍ പൊളിച്ചെടുത്ത് അവളെ പുറത്തേക്ക് എടുക്കാനായിരുന്നു അടുത്ത ശ്രമം. എന്നാല്‍, കനത്ത കോണ്‍ക്രീറ്റ് പാളികളും അവശിഷ്ടങ്ങളും എടുത്ത് മാറ്റുന്നത് അത്ര പ്രായോഗികമായിരുന്നില്ല. രക്ഷാപ്രവര്‍ത്തകരുടെ കയ്യില്‍ അതിനുതകുന്ന കട്ടറുകളോ മെഷീനുകളോ ഇല്ലായിരുന്നു. തങ്ങളുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങള്‍ കൊണ്ട് അവര്‍ ശ്രമം ആരംഭിച്ചു. അതിനിടെ ദുരന്തഭൂമിയിലെത്തിയ മാധ്യമപ്രവര്‍ത്തകനായ ജെമന്‍ സാന്ത മരിയ ബാരഗാങ്ങിനോട് ഒമൈറ സംസാരിക്കാന്‍ തയ്യാറാണെന്ന് പറയുന്നു. ഒമൈറ മയക്കത്തിലേക്ക് പോകാതിരിക്കാന്‍ സംസാരിക്കുന്നത് സഹായിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍.

ഒമൈറയ്ക്ക് താഴെ എന്താണെന്നറിയാന്‍ ചെളിവെള്ളത്തിലേക്ക് ഊളിയിട്ട രക്ഷാപ്രവര്‍ത്തകര്‍ കോണ്‍ക്രീറ്റ് പാളികളും ശവശരീരങ്ങളും തൊട്ടറിഞ്ഞു. കോണ്‍ക്രീറ്റ് പാളികള്‍ക്കിടയില്‍ ഒമൈറയുടെ അരയ്ക്കു താഴെയുള്ള ഭാഗം എവിടെയെന്ന് കണ്ടെത്താനായില്ല. സാര്‍ ഞാന്‍ നില്‍ക്കുന്നത് മാംസത്തിന് മുകളിലാണെന്ന് തോന്നുന്നു- അവള്‍ പറഞ്ഞു. ഒമൈറയുടെ കൈകള്‍ പിടിച്ച് ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ കോണ്‍ക്രീറ്റുപാളികള്‍ക്കുള്ളിലുണ്ടായിരുന്ന ചെളിവെള്ളത്തിന്റെ നിരപ്പ് ഉയര്‍ന്നുകൊണ്ടേയിരുന്നു. ഇനിയും അത് തുടര്‍ന്നാല്‍ ഒരു പക്ഷേ അവള്‍ മുങ്ങിപ്പോകും. അതുകൊണ്ട് ആ ശ്രമവും ഉപേക്ഷിക്കേണ്ടി വന്നു. 

ഒമൈറയെ പുറത്തെടുക്കാന്‍ മറ്റു വഴികള്‍ ഉണ്ടോ എന്ന് ആലോചിച്ചുകൊണ്ടിരിക്കുമ്പോഴേക്കും നേരം ഇരുട്ടി. രാത്രി കൂടുതല്‍ ഒന്നും സാധ്യമല്ലാത്തതിനാല്‍ ജീവന്‍ നിലനിര്‍ത്താനുള്ള  ലഘുഭക്ഷണവും മരുന്നും നല്‍കി അവര്‍ അവളെ ഒറ്റയ്ക്കു വിടാതെ രാത്രി മുഴുവന്‍ കൂട്ടിരുന്നു. ആ രാത്രി ഓമൈറ ഉറങ്ങിയില്ല. രക്ഷാപ്രവര്‍ത്തകരോട് തന്റെ കുടുംബത്തെക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചും സംസാരിച്ചുകൊണ്ടേയിരുന്നു. ഇടയ്ക്കിടെ പാട്ടുപാടി, തമാശകള്‍ പറഞ്ഞു. ആത്മവിശ്വാസം കൈവിടില്ലെന്ന അവളുടെ പ്രഖ്യാപനമായിരുന്നു അത്. നേരം വെളുത്തപ്പോള്‍ അവള്‍ ചോദിച്ചു, ഇന്ന് എന്താണ് ദിവസം. വെള്ളിയാഴ്ചയാണെന്ന മറുപടി കേട്ടപ്പോള്‍ അവള്‍ പറഞ്ഞു, ഓ, ഇന്നെന്റെ കണക്ക് പരീക്ഷയാണ്, അതെഴുതിയില്ലെങ്കില്‍ തോല്‍ക്കും. ഒമൈറയുടെ സ്ഥലകാല ബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന സത്യം അപ്പോഴാണ് രക്ഷാപ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞത്. സമയം മുന്നോട്ട് പോകവെ ഒമൈറയുടെ കണ്ണുകളുടെ ഉള്‍വശം കട്ടച്ചോര നിറമായി. മുഖത്തും കൈകളിലുമെല്ലാ നീര് വന്ന് നിറഞ്ഞു.എന്നിട്ടും അവള്‍ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല.

രക്ഷാപ്രവര്‍ത്തനത്തിന്റെ രണ്ടാം ദിനം

അവള്‍ക്ക് ചുറ്റമുള്ള വെള്ളം ഒരു മോട്ടോര്‍ പമ്പിന്റെ സഹായത്തോടെ പുറത്തേക്ക് അടിച്ചുകളഞ്ഞ് കോണ്‍ക്രീറ്റ് തകര്‍ക്കാനായിരുന്നു അടുത്ത നീക്കം. എന്നാല്‍ രക്ഷാപ്രവര്‍ത്തകരുടെ കൈവശം ഒരു മോട്ടോര്‍ പമ്പ് ഉണ്ടായിരുന്നില്ല. അടുത്ത നഗരത്തില്‍നിന്ന് അതെത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും കാലാവസ്ഥ മോശമായതിനാല്‍ അതിന് സാധിച്ചില്ല. 

ഈ സമയത്ത് ഒമൈറ പറഞ്ഞ വാക്കുകള്‍ ഇങ്ങനെ: ''ഞാന്‍ പുറത്തത്തിയാല്‍ ക്യാമറയില്‍ എന്റെ ഒരു ചിത്രമെടുക്കണം. ഞാന്‍ ജയിച്ചത് എനിക്ക് കാണണം. എന്റെ കൂട്ടുകാര്‍ക്ക് കാണിച്ചു കൊടുക്കണം.''

മണിക്കൂറുകള്‍ പോകെ പോകെ ഒമൈറയുടെ അവസ്ഥ വീണ്ടും ഗുരുതരമായി. അപ്പോള്‍ അവള്‍ പറഞ്ഞു: "എനിക്ക് വേദനിക്കുന്നില്ല, ശരീരം തണുക്കുന്ന പോലെ തോന്നുന്നു." ഇടയ്ക്കിടെ ഒമൈറ മയക്കത്തിലേക്ക് പോയി. ഉണര്‍ന്നപ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ അവര്‍ക്ക് ശുദ്ധജലം കൊടുത്തുകൊണ്ടേയിരുന്നു. രക്ഷാപ്രവര്‍ത്തകരോട് അവള്‍ വീണ്ടും പറഞ്ഞു: "നിങ്ങള്‍ പോയി കുറച്ച് സമയം റെസ്റ്റ് എടുക്കൂ, എന്നിട്ട് എന്നെ രക്ഷിച്ചാല്‍ മതി." 

രക്ഷാപ്രവര്‍ത്തനത്തിന്റെ മൂന്നാം ദിനം

ബൊഗാട്ടയില്‍നിന്ന് മോട്ടോര്‍ പമ്പ് എത്തിയപ്പോഴേക്കും ഒമൈറയ്ക്ക് അനക്കമില്ലാതായി. എല്ലാം സജ്ജമാക്കി വെള്ളം അടിച്ചുകളനായുള്ള ശ്രമം പുരോഗമിച്ചുകൊണ്ടിരിക്കേ, അവള്‍ പതിയെ മയക്കമുണര്‍ന്നു. എന്നിട്ട് ഇങ്ങനെ പറഞ്ഞു:

placeholder
Omayra Sánchez

''മാമാ (അമ്മ), ഇത് കേള്‍ക്കുന്നെങ്കില്‍, എനിക്ക് വേണ്ടി പ്രാര്‍ഥിക്കണം. ഇവരെല്ലാം എന്നെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. മാമയെയും പാപ്പയെയും അനിയനെയും ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു. ഗുഡ് ബൈ മാമ.'' 

1985, നവംബര്‍ 16-ന് രാവിലെ പത്തു മണിക്ക്‌ ചേതനയറ്റ ആ കുഞ്ഞുശരീരം മാത്രം ബാക്കിയായി. ആ മുഖത്ത് ചിരിയില്ല, പ്രതീക്ഷകളില്ല, നിസ്സംഗത മാത്രം. 60 മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ വിഫലമായി അവള്‍ യാത്രയായി. ഇനിയൊരു തിരിച്ചുവരവില്ലാത്ത യാത്ര. 

അവസാനചിത്രത്തിന് പിന്നില്‍

അര്‍മാരോ ദുരന്തത്തിന്റെ മുഖചിത്രമാണ് ഒമൈറ. ഫ്രഞ്ച് ഫോട്ടോഗ്രാഫര്‍ ഫ്രാങ്ക് ഫൗര്‍നിയര്‍ അവളുടെ അന്ത്യനിമിഷത്തില്‍ ഈ ചിത്രം പകര്‍ത്തിയത്. ഈ ചിത്രത്തിന്റെ പേരില്‍ തന്നെ വിമര്‍ശിച്ചവരോട് ഫൗര്‍നിയര്‍ പറഞ്ഞത്: ''ഒരു പെണ്‍കുട്ടിയുടെ സഹനത്തിന്റെയും ധൈര്യത്തിന്റെയും ചിത്രമാണ് ഞാന്‍ ലോകത്തിന് മുന്നിലെത്തിച്ചത്. ദുരന്തത്തെ അതിജീവിച്ചവര്‍ക്ക് ലോകമെമ്പാടുനിന്നും സഹായം ലഭിക്കാന്‍ ഈ ചിത്രം സഹായകരമായി. കൊളംബിയന്‍ സര്‍ക്കാറിന്റെ ജാഗ്രതക്കുറവ് നല്‍കിയ വില എന്തെന്ന് പുറംലോകത്ത് എത്തിക്കാനായി. എനിക്ക് ദുഃഖമുണ്ട്. പക്ഷേ, നിങ്ങള്‍ക്ക് എന്നെ വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമുണ്ട്...... ''

ഒമൈയുടെ ചിത്രം പാരിസ് മാര്‍ച്ച് എന്ന മാസികയിലാണ് പ്രസിദ്ധീകരിച്ചത്. 1986-ല്‍ ഫൗര്‍നിയറിന് വേള്‍ഡ് പ്രസ് ഫോട്ടോ ഓഫ് ദ ഇയര്‍ പുരസ്‌കാരം ലഭിച്ചു. 

അര്‍മാരോ ദുരന്തത്തില്‍  ജീവന്‍ നഷ്ടപ്പെട്ടവര്‍ 23,000-ലേറെയാണ്. അതില്‍ ഒരാള്‍ മാത്രമായിരുന്നു ഒമൈറ. എന്നാല്‍ ആ ദുരന്തത്തിന്റെ കഥ വിസ്മൃതിയിലേക്ക് പോകാതിരിക്കാന്‍ ഒമൈറയുടെ പോരാട്ടം നിമിത്തമായി. ഈ ചിത്രവും.