''സ്വയംരക്ഷക്കാണ് ഞാനത് ചെയ്തത്. അല്ലെങ്കില്‍ അയാളുടെ കൈകളാല്‍ കൊല്ലപ്പെടുമായിരുന്നു. ദൈവം എന്നോട് ക്ഷമിച്ചുകഴിഞ്ഞു. എനിക്കിന്ന് ആരോടും പകയോ ദേഷ്യമോ ഇല്ല. ഞാന്‍ പോകാന്‍ തയ്യാറാണ്. എനിക്കെന്റെ ദൈവത്തെ കാണണം''

ഇലക്ട്രിക് ചെയറില്‍ തന്റെ ജീവനൊടുങ്ങും എന്ന് ഉറപ്പായിട്ടും ലെന ബെക്കര്‍ നിശ്ചയദാര്‍ഢ്യത്തോടെ പറഞ്ഞത് ഈ വാക്കുകളായിരുന്നു. കടുത്ത വിവേചനവും ദാരിദ്ര്യവും പീഡനവും നേരിട്ട് ജീവിതത്തോട് പോരാടിയ ഈ സ്ത്രീക്ക് 45-ാം വയസ്സില്‍ നീതിന്യായ വ്യവസ്ഥയുടെ പിടിപ്പുകേടില്‍ രക്തസാക്ഷിയാകേണ്ടി വന്നു. അതും കാലങ്ങളായി തന്നെ അടിമയയാക്കി വച്ച് കടുത്ത പീഡനത്തിനിരയാക്കിയ ഒരാളെ സ്വയംരക്ഷയ്ക്കായി കൊലപ്പെടുത്തിയതിന്. എന്നാല്‍ അക്കാലത്തെ നിയമപാലകരുടെയും ജൂറിയുടെയും കോടതിയുടെയും കണ്ണില്‍ അവള്‍ മാത്രമായിരുന്നു തെറ്റുകാരി. ഒടുവില്‍ ആറ് പതിറ്റാണ്ടുകള്‍ക്കപ്പുറം കോടതിക്ക് ഉറക്കെ പറയേണ്ടി വന്നു. ലെനയോട് കാണിച്ചത് അനീതിയാണെന്ന്......

To advertise here,

ആരാണ് ലെന ബെക്കര്‍? എന്താണ് അവര്‍ ചെയ്ത തെറ്റ്?  ഈ ചോദ്യങ്ങളിലേക്കുള്ള ഉത്തരം വെളിച്ചം വീശുന്നത് ലെന എന്ന വ്യക്തിയിലേക്ക് മാത്രമല്ല, മനുഷ്യാവകാശ പോരാട്ടങ്ങളുടെ ചരിത്രത്തിലേക്ക് കൂടിയാണ്. 

placeholder
1900 ല്‍ ജോര്‍ജിയയിലെ ഒരു ദരിദ്ര കുടുംബത്തിലായിരുന്നു ലെനയുടെ ജനനം. കൂലിപ്പണിക്കാരായിരുന്നു മാതാപിതാക്കള്‍. മൂന്ന് സഹോദരങ്ങളടങ്ങിയ കുടുംബമായിരുന്നു ലെനയുടേത്. പ്രാഥമിക വിദ്യാഭ്യാസം നേടാനുള്ള സാഹചര്യമൊന്നും ലെനയ്ക്കുണ്ടായിരുന്നില്ല. കടുത്ത വംശീയ വിവേചനം നിലനിന്നിരുന്നതില്‍ കറുത്ത വര്‍ഗത്തില്‍പ്പെട്ടവരും വെളുത്ത വര്‍ഗത്തില്‍പ്പെട്ടവരും പരസ്പരം അടുത്ത് ഇടപഴകിയിരുന്നില്ല. കറുത്തവര്‍ഗത്തിലുള്ളവരെ രണ്ടാംകിട പൗരന്‍മാരായി  കണക്കാക്കിയിരുന്നതിനാല്‍ സ്‌കൂള്‍ പഠനം ലെനയെ സംബന്ധിച്ച് വിദൂര സ്വപ്നം കൂടിയായിരുന്നു. വിശപ്പടക്കുകയായിരുന്നു ലെനയുടെ കുടുംബത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി. ബാല്യകാലം മുതല്‍ തന്നെ ലെന കൃഷിടങ്ങളിൽ കൂലിപ്പണിക്ക് പോയി. പക്ഷേ, കാര്യമായ പ്രതിഫലമൊന്നും ലഭിച്ചില്ല. എങ്കിലും ജീവിക്കാന്‍ മറ്റൊരു മാര്‍ഗവുമുണ്ടായിരുന്നില്ല. കൗമാരക്കാലം കഴിഞ്ഞപ്പോഴേക്കും ലെനയുടെ വിവാഹം കഴിഞ്ഞു. ആ ബന്ധത്തില്‍ മൂന്ന് മക്കള്‍ ജനിച്ചു. കുട്ടികള്‍ വളരുന്നതിനനുസരിച്ച് ചെലവ് കൂട്ടിമുട്ടിക്കുന്നതിന്റെ ഭാഗമായി അവര്‍ക്ക് മറ്റു ജോലികള്‍ കൂടി നോക്കേണ്ടി വന്നു. പ്രദേശത്തെ സമ്പന്നരായ വ്യക്തികളുടെ വീട്ടില്‍ പണിയെടുക്കാന്‍ ലെന ആരംഭിക്കുന്നത് അങ്ങനെയാണ്.

ജോലി ചെയ്യുന്നിടത്ത് നിന്ന് നല്ല അനുഭവമല്ല ലെനയ്ക്ക് നേരിടേണ്ടി വന്നിരുന്നത്. കറുത്തവര്‍ഗക്കാരെ അടിമകളായി കാണുന്ന മനോഭാവമുള്ള ഒട്ടനവധി പേരുണ്ടായിരുന്നു. കൂലി ലഭിച്ചിരുന്നെങ്കിലും ജോലി ചെയ്യേണ്ട സമയം മുൻകൂറായി നിശ്ചയിച്ചതു പോലെയായിരുന്നില്ല. ചില സമയം ജോലി മണിക്കൂറുകളോളം നീളും. 

ഒരു പരിചയക്കാരന്‍ പറഞ്ഞതുപ്രകാരം ധനികനായ ഒരാളുടെ പരിചരണത്തിന് വേണ്ടി ഹോം നഴ്‌സായി കയറിയതു മുതലാണ് ലെനയുടെ ജീവിതം കീഴ്‌മേല്‍ മറിയുന്നത്. ഏണസ്റ്റ് നൈറ്റ് എന്നായിരുന്നു അയാളുടെ പേര്. എഴുപതിനടുത്ത് പ്രായമുള്ള വെളുത്തവര്‍ഗക്കാരനായിരുന്നു അയാള്‍. ഒരു അപകടത്തില്‍ കാലൊടിഞ്ഞതിനാല്‍ അയാള്‍ക്ക് സ്വന്തം കാര്യങ്ങള്‍ നടക്കണമെങ്കില്‍ പരസഹായം കൂടിയേ തീരൂ അങ്ങനെയാണ് ലെന അയാളുടെ വീട്ടിലെത്തി ചേരുന്നത്. തുടക്കത്തിലെല്ലാം ജോലി കുഴപ്പമില്ലാതെ മുന്നോട്ടുപോയി. ആരോഗ്യം മെച്ചപ്പെടും തോറും ഏണസ്റ്റോയുടെ സ്വഭാവത്തില്‍ മാറ്റം വരാന്‍ തുടങ്ങി. ലെനയെ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നു ആദ്യ പടി. വിസമ്മതിച്ചപ്പോള്‍ അയാളുടെ ഭാവം മാറി. ശാരീരികമായി പീഡിപ്പിക്കാന്‍ തുടങ്ങി. ഒരു അടിമയെപ്പോലെ കരുതാനും തോന്നുമ്പോഴെല്ലാം ഉപദ്രവിച്ചുകൊണ്ടേയിരുന്നു. ദിവസങ്ങള്‍ മുന്നോട്ടുപോയപ്പോള്‍ നാട്ടില്‍ പ്രചരിച്ചത് മറ്റൊരു കഥയായിരുന്നു. സാമ്പത്തിക നേട്ടത്തിനായി ലെന ഏണസ്റ്റോയ്‌ക്കൊപ്പം താമസിക്കുകയാണെന്നും അതല്ല പ്രണയമാണെന്നും പലരും പറഞ്ഞു നടന്നു. ഇതറിഞ്ഞ എണസ്റ്റോയുടെ മകന്‍ ലെനയെ ഭീഷണിപ്പെടുത്തി. തന്റെ പിതാവുമായുള്ള ബന്ധം അവസാനിപ്പിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇനി ഏണസ്റ്റോയുമായി ബന്ധപ്പെട്ടാല്‍ അറസ്റ്റ് ചെയ്ത് തടവിലാക്കുമെന്നാണ് കൗണ്ടി ഷെരീഫ് ലെനയോട് പറഞ്ഞത്. എല്ലാവരാലും ലെന തെറ്റിദ്ധരിക്കപ്പെട്ടു. ആ പാവം സ്ത്രീ അനുഭവിക്കുന്ന നിസ്സഹായാവസ്ഥയോ ഭീതിയോ ആര്‍ക്കും മനസ്സിലായില്ല.

placeholder
ലെന ബെക്കറിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഹോപ്പ് ആന്റ് റിഡംപ്ഷന്‍ എന്ന സിനിമയിലെ രംഗം

ഒരിക്കല്‍ ഏണസ്റ്റോയുടെ മകന്‍ ലെനയെ മര്‍ദിച്ചു. അന്ന് രാത്രി ഇറങ്ങിയോടിയ ലെന കാട്ടിലെ മരങ്ങള്‍ക്കിടയില്‍  ഒളിച്ചിരുന്നു. പിറ്റേ ദിവസം നഗരത്തിലെത്തിയ ലെനയെ ഏണസ്റ്റോ പിടിച്ചുകൊണ്ടുപോവുകയും അയാളുടെ ധാന്യമില്ലില്‍ പൂട്ടിയിടുകയും ചെയ്തു. അവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിടികൂടി അയാള്‍ തല്ലിച്ചതച്ചു. തൊട്ടുപിന്നാലെ ഒരു ഇരുമ്പുദണ്ഡ് ഉപയോഗിച്ച് അയാള്‍ ലെനയുടെ തല തല്ലിത്തകര്‍ക്കാന്‍ ശ്രമിച്ചു. വസ്ത്രത്തിന്റെ പോക്കറ്റില്‍ ഏണസ്റ്റോ ഒരു തോക്കു വച്ചിട്ടുണ്ടെന്ന് ലെനയ്ക്ക് അറിയാമായിരുന്നു. അത് കൈവശപ്പെടുത്തിയ അവള്‍ അയാള്‍ക്കുനേരേ നിറയൊഴിച്ചു. അധികം വൈകയില്ല ഏണസ്റ്റോ അവിടെ ചോരയൊലിപ്പിച്ച് മരിച്ചു വീണു. 

കൊലപാതകത്തിന് ശേഷം ലെന ഓടിയൊളിച്ചില്ല. ഏണസ്റ്റോയുടെ വീട്ടില്‍ ജോലിക്ക് എത്തുന്നതിന് മുന്‍പ് ഒരു നിയമവിദഗ്ധന്റെ അടുത്ത് അവര്‍ ജോലി ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വീട്ടിലെത്തിയ ലെന എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു. പിന്നീട് പോലീസില്‍ കീഴടങ്ങി അറസ്റ്റ് വരിച്ചു. 

1944 ലാണ് ലെനയുടെ വിചാരണ തുടങ്ങിയത്. സ്വാധീനമില്ല, പണമില്ല, പദവിയില്ല. പറക്കമുറ്റാത്ത മക്കളും ദരിദ്രനായ ഭര്‍ത്താവും. അതുകൊണ്ടു തന്നെ പ്രതിക്ക് വേണ്ടിയുള്ള അഭിഭാഷകനെ സര്‍ക്കാര്‍ നിയോഗിക്കുകയായിരുന്നു. ജൂറിയിലുള്ളവരെല്ലാം വെളുത്തവര്‍ഗത്തിലുള്ളവരായിരുന്നു. വംശീയ വിവേചനം നിലനില്‍ക്കുന്ന സാഹചര്യമായതിനാല്‍ കറുത്തവര്‍ഗത്തില്‍പ്പെട്ടവരെ കൂടെ ജൂറിയില്‍ ഉള്‍പ്പെടുത്തുന്നതായിരുന്നു നീതി. വംശീയമായ വിവേചനം മൂലം കറുത്തവര്‍ഗത്തില്‍പ്പെട്ടവരെ പ്രതിയാക്കുന്ന സംഭവങ്ങള്‍ ധാരാളമുണ്ടായിരുന്നു. അങ്ങനെയൊരു സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ കറുത്തവര്‍ഗത്തിലുള്ളവരെയും ജൂറിയില്‍ ഉള്‍പ്പെടുത്തുന്നതായിരുന്നു കീഴ്​വഴക്കം. എന്നാല്‍ അതൊന്നും ലെനയുടെ കേസില്‍ പരിഗണിച്ചില്ല. 

സാമൂഹിക പദവിയുടെയും പണത്തിന്റെയും പിന്‍ബലത്തില്‍ ബലമായി പിടിച്ചുവച്ച് ഏണസ്റ്റോ ഉപദ്രവിച്ചു. അയാളുടെ ഇംഗിതത്തിന് വഴങ്ങാതെ രക്ഷപ്പെടാന്‍ ശ്രമിച്ചു. കലിപൂണ്ട ഏണസ്റ്റോ ഇരുമ്പ് ദണ്ഡുമായി പാഞ്ഞടുത്തു. ഇതേത്തുടര്‍ന്നുണ്ടായ മല്‍പ്പിടുത്തത്തില്‍ അയാളുടെ കോട്ടില്‍ ഉണ്ടായിരുന്ന തോക്ക് കൈക്കലാക്കി വെടിയുതിര്‍ത്തു. സ്വയം പ്രതിരോധമായിരുന്നു. കൊലപ്പെടുത്തണമെന്ന് കരുതിയില്ല- അതായിരുന്നു ലെനയുടെ വാദം. 

placeholder
ലെന ബെക്കറിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഹോപ്പ് ആന്റ് റിഡംപ്ഷന്‍ എന്ന സിനിമയിലെ രംഗം

ക്രൂരമായ കൊലപാതകത്തിന് വധശിക്ഷ നല്‍കണമെന്നതായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. അതിനെ ഖണ്ഡിക്കാനായി ലെനയുടെ അഭിഭാഷകന്‍ കാര്യമായി ശ്രമിച്ചതുമില്ല. പിന്നീടങ്ങോട്ട് അത്ഭുതമൊന്നും സംഭവിച്ചില്ല. നാല് മണിക്കൂറുകള്‍ മാത്രം നീണ്ട വിചാരണയില്‍ ഏണസ്റ്റോ കൊലപാതകത്തില്‍ ലെനയ്ക്ക് വധശിക്ഷ ലഭിച്ചു. ശിക്ഷ കുറയ്ക്കാന്‍ ലെന അപ്പീല്‍ നല്‍കി. എന്നാല്‍ പ്രതിഭാഗം അഭിഭാഷകന്‍ കേസില്‍ നിന്ന് പിന്‍മാറിയതോടെ കാര്യങ്ങളെല്ലാം കുഴഞ്ഞു മറിഞ്ഞു. ലെനയുടെ അപ്പീല്‍ റിവ്യൂ ചെയ്യാന്‍ ബോര്‍ഡ് ഓഫ് പാര്‍ഡന്‍ ആന്റ് പരോളിന് ജോര്‍ജിയ ഗവര്‍ണര്‍ എല്ലിസ് അര്‍നാള്‍ 60 ദിവസം അനുവദിച്ചെങ്കിലും അവർ ഉഴപ്പി. 1945 ജനുവരി മാസത്തില്‍ ലെനയുടെ അപ്പീല്‍ തള്ളുകയും വധശിക്ഷ ശരിവയ്ക്കുകയും ചെയ്തു.

1945 മാര്‍ച്ച് 5, ജോര്‍ജിയ സ്റ്റേറ്റ് പ്രസിണില്‍ ലെനയുടെ വധശിക്ഷക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ നടക്കുന്നു. പതിവുപോലെ രാവിലെ ഉറക്കമുണര്‍ന്ന ലെന മരിക്കാന്‍ തയ്യാറെടുത്തു. അവരുടെ കണ്ണുകളില്‍ ഭയമില്ല, ദുഃഖമില്ല. ജയില്‍ അധികൃതര്‍ പറഞ്ഞതെല്ലാം അതേപടി അനുസരിച്ചു. എക്സിക്യൂഷന്‍ ചേമ്പറിലേക്ക് കയറുമ്പോള്‍ പോലും അവര്‍ പരിഭ്രമിച്ചില്ല. നാല്‍പ്പത്തിയഞ്ച് വര്‍ഷങ്ങള്‍ നീണ്ട ലെനയുടെ ജീവിതത്തിന് ഇലക്ട്രിക് ചെയറിലൂടെ പ്രവഹിച്ച വൈദ്യുതി പൂര്‍ണ വിരാമമിട്ടു. 

ചേതനയറ്റ ലെനയുടെ മൃതദേഹം കുടുംബം ഏറ്റുവാങ്ങി. പണ്ട് കൊയര്‍ പാടിയിരുന്ന മൗണ്ട് വെര്‍മന്‍ ചര്‍ച്ചിന്  പിറകിലുള്ള  സെമിത്തേരിയുടെ ഒരറ്റത്താണ് ലെനയുടെ മൃതദേഹം അടക്കിയത്. അവരുടെ ഓര്‍മക്ക് ഒരു സ്മാരകം പണിയാനുള്ള   പണമൊന്നും ആ ദരിദ്രകുടുംബത്തിനുണ്ടായിരുന്നില്ല. 

വര്‍ഷങ്ങള്‍ കടന്നുപോയിക്കൊണ്ടേയിരുന്നു. പക്ഷേ കാലത്തിനൊപ്പം ലെനയുടെ പേര് മാഞ്ഞുപോയില്ല. അങ്ങനെയൊരാള്‍ ജീവിച്ചിരുന്നുവെന്നും സമൂഹ്യ വ്യവസ്ഥ അവരോട് കാണിച്ച അനീതിയെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ കാലത്തെ അതിജീവിച്ചു. വര്‍ഷം 1998, ലെനയുടെ പിന്‍ഗാമികളും ഏതാനും നാട്ടുകാരും പള്ളിയില്‍ ഒത്തുചേര്‍ന്നു. ലെനയെ അടക്കം ചെയ്തിടത്ത് ഓര്‍മക്കായി ഒരു സ്റ്റോണ്‍ ബെഞ്ച് സ്ഥാപിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ദൗത്യം നിറവേറിയതിന് പിന്നാലെ അവരെ ഏതാനും മാധ്യമപ്രവര്‍ത്തകര്‍ സമീപിച്ചു. അങ്ങനെയാണ് ലെനയുടെ കഥ  പ്രസിദ്ധീകരിച്ചു വന്നതും പ്രശസ്തി നേടുന്നതും. ലെനയുടെ ഓര്‍മദിനത്തില്‍ ആളുകള്‍ ഒത്തുചേരാന്‍ തുടങ്ങി. അങ്ങനെ വംശീയ വിവേചനത്തിന്റെ പേരില്‍ ബലിയാടായ ലെന ബെക്കര്‍ എന്ന യുവതിയുടെ പേര് ജോര്‍ജിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രിസണ്‍ അഡ്വക്കസി ഗ്രൂപ്പിന്റെ മുന്നിലെത്തി. ലെനയുടെ സഹോദരന്റെ മകന്റെ മകന്‍ റൂസ്‌വെല്‍റ്റ് കറിയാണ് അതിന് മുന്‍കൈ എടുത്തത്. 1930 മുതല്‍ 1970 വരെയുള്ള കാലഘട്ടത്തില്‍ പോലീസിന്റെയും ന്യായാധിപരുടെയും വിവേചനം അല്ലെങ്കില്‍ അശ്രദ്ധ മൂലം കടുത്ത ശിക്ഷകള്‍ക്ക് ഇരയായവരെ ഓദ്യോഗികമായി കുറ്റവിമുക്തനാക്കുന്ന പ്രിസണ്‍ ആന്റ് ജയില്‍ പ്രൊജക്ടില്‍ ലെനയുടെ കേസ് പരിഗണിക്കുന്നു. കേസിലുടനീളം മനുഷ്യാവകാശ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ആധുനിക നിയമസംവിധാനത്തിന് അധികം സമയമൊന്നും വേണ്ടി വന്നില്ല. പുനര്‍വിചാരണ നടത്തിയതിന് പിന്നാലെ കോടതി ഏതാനും നിരീക്ഷണങ്ങള്‍ മുന്നോട്ടുവച്ചു. അവയില്‍ പ്രധാനപ്പെട്ടത് ഇവയായിരുന്നു.

placeholder
ലെന ബെക്കർ, ലെന ബെക്കറിന്റെ ശവക്കല്ലറ

കൊലപാതകത്തിന് ശേഷം ലെന കീഴടങ്ങി. അറസ്റ്റ് മുതല്‍ വധശിക്ഷവരെയുള്ള സംഭവവികാസങ്ങള്‍ പരിശോധിച്ചാല്‍ എല്ലായിടത്തും ലെനയുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന് കാണാം. നീതിപൂര്‍ണമായ വിചാരണ ഈ കേസില്‍ നടന്നില്ല. കുടുംബാംഗങ്ങളുമായി ചര്‍ച്ച ചെയ്ത് നിയമോപദേശം നേടാനുള്ള അവസരം ലഭിച്ചില്ല. ലെനയെ എണസ്‌റ്റോ അടിമയെപ്പോലെ കൈകാര്യം ചെയ്യുകയായിരുന്നുവെന്ന മൊഴിയുണ്ട്. പക്ഷേ, വിചാരണ നടക്കുമ്പോള്‍ അവരെ കോടതിയില്‍ വിളിപ്പിക്കുക പോലും ചെയ്തിട്ടില്ല. വധശിക്ഷ നല്‍കണമെന്ന് തുടക്കത്തില്‍ തന്നെ ജൂറി തീരുമാനിച്ചിരുന്നു. പ്രതിഭാഗം അഭിഭാഷകന്‍ കൊലപാതകത്തിലെത്തിയ കാരണങ്ങളെക്കുറിച്ച് കാര്യമായ വാദഗതികള്‍ ഉയര്‍ത്തിയില്ല. പരമാവധി 15 വര്‍ഷം ശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണ് ലെന ചെയ്തത്. എന്നാല്‍ അതിന് വിരുദ്ധമായി കൂട്ടായി തീരുമാനിച്ച അജണ്ട നടപ്പാക്കാന്‍ വധശിക്ഷ നല്‍കി. തെറ്റു പറ്റിയെങ്കില്‍ അത് തീരുത്തണം. അതാണ് നീതി. 

2005 ഓഗസ്റ്റ് 16 ന് ലെനയുടെ വധശിക്ഷയുടെ വിധി ജോര്‍ജിയ ബോര്‍ഡ് ഓഫ് പാര്‍ഡന്‍സ് ആന്റ് പരോള്‍ റദ്ദാക്കി. മാത്രവുമല്ല പൂര്‍ണവും നിരുപാധികവുമായ മരണാനന്തര മാപ്പ് നല്‍കുകയും ചെയ്തു. ലെന ബെക്കര്‍ അനുഭവിച്ച ക്രൂരതയും നീതിനിഷേധവും നികത്താന്‍ ഈ വിധി പര്യാപ്തമല്ല. എന്നിരുന്നാലും കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി നീതിന്യായ വ്യവസ്ഥയുടെ മേല്‍ അവശേഷച്ച കളങ്കംഈ ചരിത്രതീരുമാനത്തിലൂടെ അല്‍പ്പമെങ്കിലും മാച്ചുകളയാനായി.