വര്‍ഷം 2012, കല്യാണ ആഘോഷത്തില്‍ പങ്കെടുക്കാനായി ഒരു വീട്ടില്‍ ഒത്തുചേര്‍ന്നതായിരുന്നു കുറച്ചുപേര്‍. കൂട്ടത്തിലെ അഞ്ചു സ്ത്രീകള്‍ ഒരു മുറിയില്‍ തറയിലിരുന്ന് കൈകൊട്ടി ഏതോ നാടന്‍ പാട്ടുപാടുകയാണ്. ഒരു യുവാവ് താളത്തില്‍ ചുവടുവയ്ക്കുന്നു. മറ്റൊരാള്‍ ഫോണില്‍ അതിന്റെ വീഡിയോ എടുക്കുന്നു. നൃത്തവും പാട്ടുമൊക്കെ  കല്യാണച്ചടങ്ങില്‍ സ്വാഭാവികമാണ്. എന്നാല്‍ ഫോണില്‍ പകര്‍ത്തിയ ഈ ചെറിയ വീഡിയോ ക്ലിപ്പ് പിന്നീട് വഴിവെച്ചത് അഞ്ചു പെണ്‍കുട്ടികളുടേതടക്കം ഒരു കൂട്ടം മനുഷ്യരുടെ മരണത്തിലാണ്. 2012 കൊഹിസ്താന്‍ വീഡിയോ കേസ് എന്നറിയപ്പെടുന്ന പാകിസ്താനെ നടുക്കിയ അതിഭീകരമായ സംഭവം. എന്തായിരുന്നു ഇവര്‍ ചെയ്ത തെറ്റ്? പാടുന്നതും നൃത്തം ചെയ്യുന്നതും അത്രയും മോശമായ സംഗതിയാണോ? എങ്ങിനെയാണ് ഈ സംഭവം പുറംലോകം അറിഞ്ഞത്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം മനസാക്ഷിയെ മരവിപ്പിക്കുന്നതാണ്.

To advertise here,

മനോഹരമായ കൊഹിസ്താനും കുപ്രസിദ്ധമായ ആചാരങ്ങളും

പാകിസ്താനിലെ, പ്രകൃതിവിഭവങ്ങളാൽ വേണ്ടുവോളം അനുഗ്രഹിക്കപ്പെട്ട, ഒരു ജില്ലയാണ് കൊഹിസ്താന്‍. കുന്നുകളും താഴ്വരകളും അതിമനോഹരമായ അരുവികളും കൊഹിസ്താനിലുണ്ട്. കന്നുകാലി വളര്‍ത്തലും കൃഷിയുമായി ജീവിക്കുന്ന ഏതാനും ഗോത്രവിഭാഗങ്ങളാണ് കൊഹിസ്താന്‍ നിവാസികള്‍. സാക്ഷരത കാര്യമായില്ല. വിദ്യാഭ്യാസത്തിന് വലിയ പ്രധാന്യവും അവര്‍ നല്‍കുന്നില്ല. വീട്ടുജോലികള്‍ ചെയ്ത് ഒതുങ്ങിക്കൂടുന്നവരാണ് അവിടുത്തെ സ്ത്രീകള്‍. പുറത്തിറങ്ങി ജോലി ചെയ്യാനോ കുടുംബത്തിന് പുറത്തുള്ള പുരുഷന്‍മാരുമായി സമ്പര്‍ക്കം പുലര്‍ത്താനോ അവര്‍ക്ക് അനുവാദമില്ല. ആചാരങ്ങളെ വളരെ ഗൗരവത്തോടെ കാണുന്ന ഈ പ്രദേശത്ത് സര്‍ക്കാരിന്റെ നിയന്ത്രണം വളരെ പിരിമിതമാണ്. ജിര്‍ഗ എന്നറിയപ്പെടുന്ന ഗോത്രത്തലവന്‍മാരാണ് നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കുന്നത്. സമാന്തരമായി ഒരു ഭരണസംവിധാനം പ്രവര്‍ത്തിക്കുന്നതിനാല്‍ ദുരഭിമാനക്കൊലയുടെ പേരില്‍ കുപ്രസിദ്ധിയുള്ള ഒരു പ്രദേശം കൂടിയാണ് കൊഹിസ്താന്‍. 

ബസീഗ, സറീന്‍ ജാന്‍, ബീഗം ജാന്‍, ആമിന, ഷഹീന്‍ എന്നീ അഞ്ചു യുവതികളും യാസിര്‍ എന്ന യുവാവും അദ്ദേഹത്തിന്റെ സഹോദരന്‍ നാസറുമാണ് ഈ വിവാദ വീഡിയോ ക്ലിപ്പിലെ കഥാപാത്രങ്ങള്‍. നാസറിന്റെ ഫോണില്‍ നിന്ന് ഈ വീഡിയോ പ്രചരിച്ചതോടെയാണ് എല്ലാം കീഴ്‌മേല്‍ മറയുന്നത്. ദൃശ്യങ്ങള്‍ ചര്‍ച്ചയായതോടെ ജിര്‍ഗ പെണ്‍കുട്ടികളെ വിചാരണ ചെയ്ത് വകവരുത്തുമെന്നും ആണ്‍കുട്ടികളെ കടുത്ത ശിക്ഷയ്ക്കോ ചിലപ്പോള്‍ വധശിക്ഷയ്ക്കോ വിധേയമാക്കുമെന്നുമുള്ള വാര്‍ത്തകള്‍ പരന്നു. ഇതോടെ നാസറും യാസിറും ജീവന്‍ ഭയന്ന് കൊഹിസ്താനില്‍ നിന്ന് പലായനം ചെയ്തു. 

ജിര്‍ഗയുടെ വിചാരണരീതികള്‍ അതിക്രൂരമാണ്. തെറ്റു ചെയ്തവര്‍ സ്ത്രീകളാണെങ്കില്‍ അവരെ ദിവസങ്ങളോളം കെട്ടിയിടുകയും മര്‍ദിക്കുകയും ചുടുവെള്ളം മുഖത്തൊഴിച്ച് പൊള്ളിക്കുകയും ചെയ്യും. ജിര്‍ഗയുടെ നിര്‍ദ്ദേശപ്രകാരം കുടുംബാംഗങ്ങളാണ് അതിന് നേതൃത്വം നല്‍കുന്നത്. മാനുഷിക മൂല്യങ്ങള്‍ക്കൊന്നും അവിടെ പ്രസക്തിയില്ല. ഇവരെ കൊലപ്പെടുത്തുമ്പോള്‍ മാത്രമാണ് കുടുംബത്തിന് നഷ്ടപ്പെട്ട അഭിമാനം തിരിച്ചുപിടിക്കാന്‍ സാധിക്കുന്നതെന്ന് അവർ വിശ്വസിക്കുന്നു. 

placeholder
അഫ്‌സല്‍ കൊഹിസ്താനി| https://en.wikipedia.org

അഫ്സലിന്റെ വാർത്താസമ്മേളനവും സുപ്രീം കോടതിയുടെ ഇടപെടലും

എട്ട് മക്കളുള്ള കുടുംബമാണ് നാസറിന്റെതും യാസിറിന്റേതും. മൂത്തമകന്‍ അഫ്സലാണ് ഈ കഥയിലെ നായകന്‍. സഹോദരങ്ങളെ കാണാതാകുന്നതോടെ അഫ്സല്‍ പോലീസില്‍ പരാതി നല്‍കി. പരാതി വാങ്ങിവച്ചുവെങ്കിലും പോലീസ് യാതൊരു നടപടിക്കും മുതിര്‍ന്നില്ല. ജിര്‍ഗയുടെ തീരുമാനങ്ങള്‍ക്ക് മുന്‍പില്‍ കണ്ണടച്ച് പ്രവര്‍ത്തിക്കുന്നവരാണ് അവിടുത്തെ ലോക്കല്‍ പോലീസ്. അവരെ സമീപിച്ചതുകൊണ്ട് യാതൊരു പ്രയോജനമില്ലെന്ന് മനസ്സിലാക്കിയ അഫ്സല്‍ 250 കിലോമീറ്ററോളം സഞ്ചരിച്ച് അബോട്ടാബാദില്‍ എത്തുകയാണ്. അവിടെവച്ച് അയാള്‍ ഒരു വാര്‍ത്താസമ്മേളനം നടത്തുന്നതോടെയാണ് കേസിന്റെ ഗതിമാറുന്നത്.   

2012 ജൂലായ് മാസത്തിലായിരുന്നു അഫ്സലിന്റെ വാര്‍ത്താസമ്മേളനം. വീഡിയോ ക്ലിപ്പ് നാട്ടില്‍ ഉണ്ടാക്കിയ പ്രശ്നങ്ങളെക്കുറിച്ചും പെണ്‍കുട്ടികളുടെയും സഹോദരങ്ങളുടെയും തിരോധാനത്തെക്കുറിച്ചും ഇയാള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

''സമൂഹത്തിന് ചീത്തപ്പേരുണ്ടാക്കി എന്നാരോപിച്ച്  എന്റെ സഹോദരങ്ങളെ ശിക്ഷിക്കാനും ആ പെണ്‍കുട്ടികളെ കൊല്ലാനും ജിര്‍ഗ തീരുമാനിച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്ക് അവിടെ നിന്ന് രക്ഷപ്പെടാനാകില്ല അവര്‍ കൊല്ലപ്പെട്ടിരിക്കാം. ജീവന്‍ ഭയന്ന് എന്റെ സഹോദരങ്ങള്‍ ഒളിച്ചോടിയിരിക്കുകയാണ്. സര്‍ക്കാര്‍ ഇടപെടണം, കോടതി ഇടപെടണം. ഞങ്ങള്‍ അപകടത്തിലാണ്. സഹായിക്കണം''- അഫ്സല്‍ കൂട്ടിച്ചേര്‍ത്തു. 

പത്രസമ്മേളനത്തിന് ശേഷം അഫ്സല്‍ വെറുതെയിരുന്നില്ല. സഹോദരങ്ങള്‍ക്കും പെണ്‍കുട്ടികള്‍ക്കും നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് അയാള്‍ തെരുവില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പാകിസ്താനിലെ മനുഷ്യാവകാശ പ്രവര്‍ത്തകരും പിന്തുണ പ്രഖ്യാപിച്ച് പ്രതിഷേധത്തിന്റെ ഭാഗമായി. ഇതോടെ കൊഹിസ്താനിലെ ഈ കേസ് ദേശീയ മാധ്യമങ്ങളില്‍ വലിയ പ്രാധാന്യം നേടി. സുപ്രീം കോടതി ഇടപെടുകയും പാകിസ്താന്‍ സര്‍ക്കാരിനോട്  നടപടിയെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പെണ്‍കുട്ടികള്‍ ജീവനോടെ ഇരിപ്പുണ്ടോ എന്ന് പരിശോധിക്കണമെന്നും അവരെ കോടതിയില്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി. തൊട്ടുപിന്നാലെ രാജ്യത്തെ മനുഷ്യാവകാശ പ്രവര്‍ത്തകരുമായി നിയമപാലകര്‍ കൂടിക്കാഴ്ച നടത്തി. കൊഹിസ്താന്‍ അടിയന്തരമായി സന്ദര്‍ശിച്ച് അഫ്സലിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട സത്യാവസ്ഥ  പരിശോധിക്കണമെന്നും തീരുമാനമായി.

പാകിസ്താനിലെ ഫെഡറല്‍ ഇന്‍വസ്റ്റിഗേഷന്‍ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന മന്ത്രി അബ്ദുൾ റഹ്‌മാന്‍ മാലിക്കിനായിരുന്നു അന്വേഷണച്ചുമതല. കൊഹിസ്താന്‍ നേരിട്ട് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്താനായിരുന്നു അദ്ദേഹത്തിന് ലഭിച്ച നിര്‍ദ്ദേശം. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഡോ. ഫര്‍സാന ബാരി, റിഫാത് ഭട്ട്, ഫൗസിയ സയീദ്, ഷബീന അയാസ് എന്നിവരും റഹ്‌മാന്‍ മാലിക്കിന്റെ സംഘത്തിന്റെ ഭാഗമായി. മണിക്കൂറുകള്ളില്‍ ഇവര്‍ കൊഹിസ്താനിലെത്തണം. വളരെ രഹസ്യസ്വഭാവമുള്ള ഒരു ദൗത്യം കൂടിയായിരുന്നു അത്. അധികൃതര്‍ അവിടെയെത്തുമെന്ന വിവരം മുന്‍കൂട്ടി ലഭിച്ചാല്‍ ഈ പെണ്‍കുട്ടികളെ കണ്ടെത്താനാവില്ല. അവിടുത്തെ പരമാധികാരികളായ ജിര്‍ഗ നാടകം കളിക്കും. ഇവിടെ യാതൊരു പ്രശ്‌നമില്ലെന്നും അഫ്‌സലിന്റേത് കള്ളക്കഥയാണെന്നും സ്ഥാപിക്കാന്‍ ശ്രമിക്കും. അതിനാല്‍ സമയമൊട്ടുമില്ല. ഇസ്ലാമാബാദില്‍ നിന്ന് ഒരു സംഘം ഹെലികോപ്റ്ററില്‍ കൊഹിസ്ഥാനിലേക്ക് പുറപ്പെട്ടു. 

placeholder
ഡോ. ഫർസാന ബാരി, അബ്ദുൾ റഹ്മാൻ മാലിക്

പെൺകുട്ടികളെ തേടി അന്വേഷണസംഘം കൊഹിസ്താനിൽ

കൊഹിസ്താനില്‍ ഇറങ്ങിയ സംഘം ആദ്യം സമീപിച്ചത് ലോക്കല്‍ പോലീസിനെയായിരുന്നു. അഫ്സല്‍ പറഞ്ഞ സംഭവത്തിലെ പെണ്‍കുട്ടികളുടെ തിരിച്ചറിയുന്നതിന് അവരുടെ ഫോട്ടോകള്‍ ലഭിക്കണം. അതിനായി പോലീസിന്റെ സഹായം തേടിയപ്പോള്‍ തങ്ങള്‍ക്ക് ഈ കേസിനെക്കുറിച്ചോ ആ പെണ്‍കുട്ടികളെക്കുറിച്ചോ അറിയില്ലെന്നായിരുന്നു മറുപടി. വീഡിയോയിലെ ദൃശ്യങ്ങള്‍ മാത്രമാണ് പെണ്‍കുട്ടികളെ കണ്ടെത്താനുണ്ടായിരുന്ന ആശ്രയം. ഈ സംഭവം നടക്കുന്നത് 2012 ല്‍ ആയിരുന്നതിനാല്‍ സ്‌ക്രീന്‍ ഷോട്ട് എടുക്കാനോ അതില്‍ നിന്ന് ഡവലപ്പ് ചെയ്യുന്ന ചിത്രങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ തിരിച്ചറിയാനോ ഉള്ള സാങ്കേതികവിദ്യ പാകിസ്താനില്‍ ഇല്ലായിരുന്നു. ഷിന ഭാഷയാണ് കൊഹിസ്താനി ജനത സംസാരിക്കുന്നത്. അതുകൊണ്ടു തന്നെ ഒരു ദ്വിഭാഷിയുടെ സഹായമില്ലാതെ അവരുമായി സംവദിക്കുന്നത് അസാധ്യമായിരുന്നു. ഹിന്ദിയും ഷിനയും അറിയാവുന്ന പ്രദേശവാസിയായ ഒരാളെ വിവര്‍ത്തകനായി ചുമതലപ്പെടുത്തി. മൗലാന ജാവേദ് എന്ന നാട്ടിലെ പ്രമുഖനായ ഒരു വ്യക്തിയും അവര്‍ക്കൊപ്പം ചേര്‍ന്നു (ജിര്‍ഗയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്ന വ്യക്തികളില്‍ ഒരാളാണ് മൗലാന ജാവേദ് എന്ന ആരോപണം പിന്നീടുയര്‍ന്നു).

ഒരു വലിയ വെെക്കോൽക്കൂനയില്‍ നിന്ന് സൂചി കണ്ടെടുക്കുന്നതുപോലെയുള്ള ദുഷ്‌കരമാണ് പെണ്‍കുട്ടികളെ കണ്ടെത്തുന്ന ജോലിയെന്ന് അന്വേഷണസംഘം പിറ്റേ ദിവസം തന്നെ തിരിച്ചറിഞ്ഞു. ഭാഷയോ വഴിയോ അറിയാത്ത ഒരു പ്രദേശം. താഴ്വരയില്‍ ധാരാളം ചെറിയ വീടുകളുണ്ട്. പക്ഷേ മിക്കവയിലും ആള്‍ത്താമസമില്ല. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ തങ്ങള്‍ക്ക് അറിയില്ലെന്നും കാലാവസ്ഥ മാറിയപ്പോള്‍ അവര്‍ മലമുകളിലേക്ക് താമസം മാറിയിട്ടുണ്ടാകാമെന്ന ആത്മാര്‍ഥത ലവലേശമില്ലാത്ത മറുപടിയാണ് ലഭിച്ചത്. എന്നാല്‍, അന്വേഷണസംഘം പിന്‍മാറിയില്ല. മലമുകളിലേക്ക് കൃത്യമായ പാതയില്ലാത്തതിനാല്‍ നടന്നു കയറാനായിരുന്നു അവരുടെ തീരുമാനം. 

ഏതാനും കിലോമീറ്ററുകള്‍ പിന്നിട്ടപ്പോള്‍ അന്വേഷണം സംഘം ഒരു ചെറിയ വീടിന് മുന്നിലെത്തി. ഈ കാണുന്ന വീട് വീഡിയോയിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയുടേതാണെന്ന് വിവര്‍ത്തകന്‍ പറഞ്ഞു. അതികം വൈകാതെ അകത്തു നിന്ന് ഒരു പെണ്‍കുട്ടി ഇറങ്ങി വന്നു. തന്റെ പേര് ആമിന എന്നാണെന്നും  പ്രസ്തുത വീഡിയോ തന്റെ അറിവില്ലാതെ പകര്‍ത്തിയതാണെന്നുമാണ് പെണ്‍കുട്ടി പറഞ്ഞത്. മാത്രവുമല്ല ആ ദൃശ്യങ്ങളില്‍ കണ്ട അതേ വസ്ത്രം തന്നെയാണ് ഈ പെണ്‍കുട്ടി ധരിച്ചിരുന്നത്. മറ്റു പെണ്‍കുട്ടികള്‍ താമസിക്കുന്നത് എവിടെയാണെന്ന് ചോദിച്ചപ്പോള്‍ വളരെ ദൂരെ സ്ഥിതി ചെയ്യുന്ന മൂന്ന് മലമുകളിലായിട്ടാണെന്ന് വിവര്‍ത്തകന്‍ പറഞ്ഞു. ഇവരെ കാണണമെങ്കില്‍ മണിക്കൂറുകള്‍ നടക്കണം. മാത്രവുമല്ല ഈ മൂന്ന് മലകളും അടുത്തല്ല സ്ഥിതി ചെയ്യുന്നത്. ഇനി എന്തു ചെയ്യുമെന്ന് ആശയകുഴപ്പത്തിലായിരുന്നു അന്വേഷണസംഘം. സമയം സന്ധ്യ കഴിഞ്ഞതിനാല്‍ ഇനി യാത്ര സാധ്യവുമല്ല. അന്ന് രാത്രി കൊഹിസ്താനില്‍ താമസിച്ച് പിറ്റേ ദിവസം അന്വേഷണം തുടരാം എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ തീരുമാനം. എന്നാല്‍ അവിടം സുരക്ഷിതമല്ലെന്ന് ലോക്കല്‍ പോലീസ് പറഞ്ഞത് പ്രകാരം ഇസ്ലാമാബാദിലേക്ക് തന്നെ മടങ്ങിപ്പോയി.

കൊല്ലപ്പെട്ട പെൺകുട്ടികൾ 'ഹാജരാകുന്നു'

ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് അന്വേഷണസംഘം വീണ്ടും കൊഹിസ്താനിലെത്തുന്നത്. ഡോ ഫര്‍സാന ബാരിയ്‌ക്കൊപ്പം രാഷ്ട്രീയപ്രവര്‍ത്തക ബുഷ്ര ഗോഹര്‍, ജസ്റ്റിന് മുനീറ അബ്ബാസി തുടങ്ങിയവരും സുരക്ഷാസേനയും ഈ സംഘത്തിലുണ്ടായിരുന്നു. താഴ്‌വരയിലെ ഒരു കാമ്പിലായിരുന്നു നാട്ടുകാരും അന്വേഷണസംഘവും കൂടിക്കാഴ്ച നടത്തിയത്. വീഡിയോയിലുണ്ടായിരുന്ന സറീന്‍ ജാന്‍, ബീഗം ജാന്‍, ഷഹീന്‍ എന്നിവരാണെന്ന് അവകാശപ്പെട്ട് മൂന്ന് പെണ്‍കുട്ടികള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. മറ്റൊരു യുവതിയായ ബസീഗ ഗര്‍ഭിണിയാണെന്നും യാത്ര ചെയ്യാനാകില്ലെന്നുമായിരുന്നു നാട്ടുകാരുടെ വാദം. ഇവിടെ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും അഫ്‌സല്‍ കള്ളം പറഞ്ഞതാണെന്നും അവകാശപ്പെട്ടു. വീഡിയോയിലെ പെണ്‍കുട്ടികളുമായി സാമ്യം തോന്നിയെങ്കിലും ഡോ ഫര്‍സാന ബാരിയുടെ മനസ്സില്‍ ഒരുപാട് സംശയങ്ങളുണ്ടായിരുന്നു. അന്വേഷണസംഘം ഈ പെണ്‍കുട്ടികളുടെ ചിത്രം പകര്‍ത്തുകയും വിരലടയാളം എടുക്കുകയും ചെയ്തു. പെണ്‍കുട്ടികളെ സുപ്രീം കോടതിയില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ നാട്ടുകാര്‍ എതിര്‍ത്തു. തങ്ങളുടെ നാട്ടിലെ പെണ്‍കുട്ടികള്‍ക്ക് കോടതിയില്‍ കയറാന്‍ താല്‍പര്യമില്ലെന്നായിരുന്നു അവരുടെ വാദം. 

ഇസ്ലാമാബാദിലേക്ക് മടങ്ങിയ അന്വേഷണസംഘം കോടതിയ്ക്ക് മുന്നില്‍ അവിടെ നടന്ന സംഭവങ്ങള്‍ വിശദീകരിച്ചു. കാണാതായ പെണ്‍കുട്ടികളെയല്ല തങ്ങള്‍ക്ക് മുന്നില്‍ നാട്ടുകാര്‍ ഹാജരാക്കിയതെന്നും ആള്‍മാറാട്ടം നടത്തിയതാണെന്നും ഡോ ഫര്‍സാന ബാരി ഉറപ്പിച്ചു പറഞ്ഞു. പെണ്‍കുട്ടികളുടെ ചിത്രം കണ്ട അഫ്‌സലിനും അതേ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. എന്നാല്‍ സംഘത്തിലെ മറ്റംഗങ്ങള്‍ നാട്ടുകാരുടെ വാദത്തോട് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഒടുവില്‍ അന്വേഷണം ഔദ്യോഗികമായി അവസാനിപ്പിച്ചതായി കോടതി ഉത്തരവ് പുറപ്പെടുവിച്ചു. 

അഫ്സലിനെ വേട്ടയാടുന്ന ജിർ​ഗ

നടപടികള്‍ അവസാനിച്ചതോടെ അഫ്‌സലിനെ വളരെ സംശയത്തോടെയാണ് പലരും നോക്കി കണ്ടത്. ജനശ്രദ്ധ നേടാനായി ഇയാള്‍ കള്ളം പറഞ്ഞതാണെന്നും വ്യാജ ആരോപണത്തിന്റെ പേരില്‍ ജയിലില്‍ അടയ്ക്കണമെന്നും ആവശ്യമുയര്‍ന്നു. എന്നാല്‍ 2013 ജനുവരി മാസത്തില്‍ അഫ്‌സലിനെ തേടി ഒരു ദുരന്തവാര്‍ത്തയെത്തി. കൊഹിസ്താനില്‍ ജീവിച്ചിരുന്ന അഫ്‌സലിന്റെ മൂന്ന് സഹോദരങ്ങള്‍ കൊലപ്പെട്ടിരിക്കുന്നു. വീഡിയോയുമായി യാതൊരു ബന്ധമില്ലാത്തവരായിരുന്നു കൊല്ലപ്പെട്ട മൂന്ന് പേരും. ജിര്‍ഗയുടെ നിര്‍ദ്ദേശപ്രകാരം പെണ്‍കുട്ടികളുടെ വീട്ടുകാരാണ് അവരെ കൊലപ്പെടുത്തിയതെന്ന് ആരോപണം ഉയര്‍ന്നു. വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം നാടന്‍ തോക്ക് കൊണ്ട് അവരെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. കൊലപ്പെടുത്തുന്നതിന് മുന്നോടിയായി ക്രൂരമായി തല്ലിച്ചതയ്ക്കുകയും ചെയ്തു. കൊലപതാകവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികളുടെ ആറ് ബന്ധുക്കള്‍ അറസ്റ്റിലാവുകയും ചെയ്തു.

ആൾമാറാട്ടമോ യാഥാർഥ്യമോ?

സഹോദരങ്ങളുടെ കൊലപാതകവുമായി ബന്ധപ്പെട്ട അറസ്റ്റ് നടന്നെങ്കിലും പെണ്‍കുട്ടികളുടെ കേസ് മുന്നോട്ടുപോയില്ല. ഇതു ചൂണ്ടിക്കാട്ടി കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അഫ്‌സല്‍ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. യാതൊരു നിവൃത്തിയുമില്ലാതെ വന്നപ്പോള്‍ അഫ്‌സല്‍ ഇസ്ലാമാദിലെ റോയിറ്റേഴ്‌സ് ഓഫീസിലേക്ക് കയറിച്ചെന്നു. പാകിസ്താനിലെ ദുരഭിമാനക്കൊലകളെക്കുറിച്ച് റോയിറ്റേഴ്‌സ് ധാരാളം വാര്‍ത്തകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവിടെയുള്ള ആര്‍ക്കെങ്കിലും തന്നെ സഹായിക്കാന്‍ സാധിക്കുമെന്ന് അഫ്‌സല്‍ കണക്കുകൂട്ടി. അവിടെ വച്ചാണ് പാകിസ്താനിലെ കറസ്‌പോണ്ടന്റ് കാതറിന്‍ ഹൗറേല്‍ഡിനെ കണ്ടുമുട്ടിയത്. ബ്രിട്ടീഷ് സ്വദേശിയായ കാതറിന്‍ വര്‍ഷങ്ങളായി പാകിസ്താനിലാണ് ജീവിക്കുന്നത്. അഫ്‌സലിനെക്കുറിച്ച് കാതറീന്‍ കേട്ടിട്ടുണ്ടെങ്കിലും നേരില്‍ കാണുന്നത് ആദ്യമായാണ്. വിശദമായ ചര്‍ച്ചയ്ക്ക് ശേഷം ഇയാള്‍ പറയുന്നതെല്ലാം സത്യമാണെന്ന് കാതറിന്‍ മനസ്സിലാക്കുന്നു. 

placeholder
കാതറിന്‍ ഹൗറേല്‍ഡ്| Photo: https://twitter.com/khoureld?lang=en

സത്യം കണ്ടെത്താനുള്ള കാതറിന്റെ ദൗത്യം ആരംഭിക്കുന്നത് അവിടെ നിന്നാണ്. രണ്ടാമത്തെ അന്വേഷണസംഘം പകര്‍ത്തിയ പെണ്‍കുട്ടികളുടെ ചിത്രവും വിരലടയാളവും സംഘടിപ്പിക്കുകയാണ് കാതറിന്‍ ആദ്യം ചെയ്തത്.  കൊഹിസ്താന്‍ സ്വദേശിയായ ഒരാള്‍ ഇവരെ സഹായിക്കാന്‍ മുന്നോട്ട് വന്നതാണ് അന്വേഷണത്തില്‍ വഴിത്തിരിവാകുന്നത്. പെണ്‍കുട്ടികളുടെ നാദ്ര കാര്‍ഡിന്റെ (ഇന്ത്യയിലെ ആധാര്‍ കാര്‍ഡിന് സമാനമാണ് പാകിസ്താനിലെ നാദ്ര കാര്‍ഡ) വിവരങ്ങള്‍ ഇയാള്‍ കാതറിന് അയച്ചുകൊടുക്കുന്നു. വ്യക്തിയുടെ ചിത്രവും വിരയടയാളവും അടങ്ങിയ വിവരങ്ങള്‍ നാദ്ര കാര്‍ഡില്‍ നിന്ന് ലഭിക്കും. അന്വേഷണ സംഘം സംഘടിപ്പിച്ച ചിത്രങ്ങളും വിരലടയാളവും നാദ്ര കാര്‍ഡിലെ വിവരവും തമ്മില്‍ യാതൊരു സാമ്യവുമുണ്ടായിരുന്നില്ല. ശാസ്ത്രീയമായി അത് തെളിയിച്ചെങ്കില്‍ മാത്രമേ അധികൃതര്‍ ഇവരുടെ കണ്ടെത്തലിനെ ഗൗരവകരമായി എടുക്കൂ. അതിന്റെ ഭാഗമായി നാദ്ര കാര്‍ഡിലെ വിവരങ്ങളും അന്വേഷണ സംഘം കണ്ടെത്തിയ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും വിദഗ്ധ പരിശോധനയ്ക്കായി ബ്രിട്ടണിലെ ഒരു സയന്റിഫിക് അനാലിസിസ് ഏജന്‍സിയെ ഏല്‍പ്പിച്ചു. അഫ്‌സലും കാതറീനും പ്രതീക്ഷിച്ച ഫലം തന്നെയാണ് പുറത്തുവന്നത്. നാദ്ര കാര്‍ഡിലെയും വീഡിയോയിലെ പെണ്‍കുട്ടികളും ഒന്നു തന്നെയാണ്. എന്നാല്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കിയ പെണ്‍കുട്ടികള്‍ ആള്‍മാറാട്ടം നടത്തിയവരാണ്. 

placeholder
അന്വേഷണ സംഘം പകർത്തിയ ചിത്രവും നാദ്ര കാർഡിലെ ചിത്രവും

ശാസ്ത്രീയ പരിശോധനാഫലം പുറത്തുവന്നതിന് ശേഷം 2014 ഫെബ്രുവരി മാസത്തില്‍ അഫ്‌സല്‍ കൊഹിസ്താനിലെ ജില്ലാ മജിസ്‌ട്രേറ്റില്‍ ഒരു ഹര്‍ജി സമര്‍പ്പിച്ചു. സയന്റിക് ഫലങ്ങള്‍ സമര്‍പ്പിച്ച അഫ്‌സല്‍, പെണ്‍കുട്ടികളെ കോടതിയില്‍ വിളിച്ചു വരുത്തി നാദ്ര കാര്‍ഡിലെ വിരലയടയാളവുമായി താരതമ്യം ചെയ്യണമെന്ന് അപേക്ഷിച്ചു. അഫ്‌സലിന്റെ ആവശ്യം കോടതി അംഗീകരിച്ചു. എന്നാല്‍ പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ കോടതിയുടെ ഉത്തരവ് അംഗീകരിക്കാന്‍ തയ്യാറായില്ല. തങ്ങളുടെ ആചാരം അനുസരിച്ച് പെണ്‍കുട്ടികളെ കോടതിയില്‍ കൊണ്ടുവരുതില്‍ വിലക്കുണ്ടെന്ന വാദം അവര്‍ ഉന്നയിച്ചുകൊണ്ടേയിരുന്നു. നടപടികള്‍ നീണ്ടുപോകുന്ന സാഹചര്യത്തില്‍ അഫ്‌സല്‍ സുപ്രീം കോടതിയെ സമീപിച്ചു. എന്നാല്‍ പെണ്‍കുട്ടികളെ ഹാജരാക്കാതിരുന്നതോടെ കേസ് അനിശ്ചിതത്വത്തിലായി. ഈ സമയത്താണ് കാതറീന് പാകിസ്താനില്‍ നിന്ന് കെനിയയിലേക്ക് മാറ്റം ലഭിക്കുന്നത്. അഫ്‌സലുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നുവെങ്കിലും കെനിയയില്‍ നിന്ന് കാതറീന് പ്രത്യേകിച്ചൊന്നും ചെയ്യാനായില്ല. നടപടികള്‍ മുന്നോട്ട് പോകാതെയായപ്പോള്‍ അഫ്‌സലിന് പിന്തുണ പ്രഖ്യാപിച്ചിരുന്ന സംഘടനകളും രാഷ്ട്രീയപ്രവര്‍ത്തകരും മറ്റുപ്രവര്‍ത്തനങ്ങളിലേക്ക് ചുവടുമാറി. ഇതോടെ അയാളുടെ പോരാട്ടം ഒറ്റയ്ക്കായി. അതിനിടെ അഫ്‌സലിന്റെ സഹോദരങ്ങളുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ആറ് പ്രതികളെയും പെഷവാര്‍ ഹൈക്കോടതി തെളിവില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വിട്ടയച്ചു. 

ഏഴ് വർഷത്തെ പോരാട്ടം ഒടുവിൽ അഫ്സലിന് സംഭവിക്കുന്നത്

വര്‍ഷം 2019, നീതിക്കുവേണ്ടിയുള്ള അഫ്‌സലിന്റെ പോരാട്ടം തുടങ്ങി ഏകദേശം ഏതാണ്ട് എഴ് വര്‍ഷം പിന്നിടുകയാണ്. ഈ കാലയളവിലെല്ലാം അയാള്‍ നിരവധി കോടതികളെ സമീപിച്ചു, ഒട്ടേറെ മനുഷ്യവകാശ പ്രവര്‍ത്തകരുടെയും രാഷ്ട്രീയനേതാക്കളുടെയും സഹായം അഭ്യര്‍ഥിച്ചു. പെണ്‍കുട്ടികള്‍ക്കും തന്റെ കൊല്ലപ്പെട്ടതും കാണാതെ പോയതുമായ സഹോദരങ്ങളുടെ കേസ് ഫയലുകളുമായി അയാള്‍ ഒരുപാടലഞ്ഞു.

മാര്‍ച്ച് 6, അബോട്ടാബാദിലെ സര്‍ബാന്‍ മാര്‍ക്കറ്റില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഒരു വാനില്‍ ഇരിക്കുകയാണ് അഫ്‌സല്‍. അനന്തിരവന്‍ ഫായിസ് റഹ്‌മാനും അയാള്‍ക്കൊപ്പമുണ്ടായിരുന്നു. രാവിലെ പത്ത് മണിയോടെ  തെരുവില്‍ പ്രത്യക്ഷപ്പെട്ട മൂന്ന് പേര്‍ അഫ്‌സലിന്റെ വാനിനെ ലക്ഷ്യമാക്കി വെടിയുതിര്‍ത്തു. തൊട്ടുപിന്നാലെ ഒരു തോക്കുമായി ഫായിസ് റഹ്‌മാന്‍ വാനില്‍ നിന്ന് പുറത്തേക്ക് ഓടി. നാട്ടുകാര്‍ ചുറ്റും കൂടിയപ്പോഴേക്കും വെടിയേറ്റ് ചോരയില്‍ കുളിച്ചുകിടന്നിരുന്ന അഫ്‌സല്‍ മരണത്തോട് കീഴടങ്ങിയിരുന്നു.  അഫ്‌സലിന്റെ മരണവാര്‍ത്ത കാട്ടുതീ പോലെയാണ് പടര്‍ന്നുപിടിച്ചത്. മണിക്കൂറുകള്‍ക്കകം ഫായിസ് റഹ്‌മാനെയടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അമ്മാവനെ കൊലപ്പെടുത്താനല്ല രക്ഷപ്പെടുത്താനാണ് താന്‍ ശ്രമിച്ചതെന്ന് ഫായിസ് പോലീസിനോട് പറഞ്ഞു. ജീവന് കടുത്ത ഭീഷണിയുണ്ടായിരുന്നതിനാല്‍ അഫ്‌സലിന്റെ പക്കല്‍ ഒരു കൈതോക്ക് ഉണ്ടായിരുന്നു. അഫ്‌സല്‍ വെടിയേറ്റു വീണപ്പോള്‍ അദ്ദേഹത്തിന്റെ പോക്കറ്റില്‍ നിന്ന് തോക്കെടുത്ത് താന്‍ കൊലയാളികളെ പിന്തുടര്‍ന്നതായിരുന്നുവെന്നാണ് ഫായിസ് പോലീസിനോട് പറഞ്ഞത്. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെ പിടികൂടിയെങ്കിലും വിചാരണയോ മറ്റു നടപടികളോ ഇതുവരെ ആരംഭിച്ചിട്ടില്ല. 

കൊഹിസ്താന്‍ ദുരഭിമാന കേസ് പലരും വിചാരിച്ചപ്പോലെ അഫ്‌സലിനൊപ്പം മൃതിയടഞ്ഞില്ല. പകരം അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം വലിയ കോളിളക്കം സൃഷ്ടിച്ചതോടെ അവഗണിക്കാന്‍ സാധിക്കാത്ത നിലയില്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയായി. മാധ്യമങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും വീണ്ടും ഉണര്‍ന്നു പ്രവര്‍ത്തിച്ചതോടെ ദുരഭിമാന കൊലയ്ക്ക് ഇരയായ പെണ്‍കുട്ടികളുടെ നീതിക്കായി അഫ്‌സല്‍ നടത്തിയ പോരാട്ടം അന്തിമഘട്ടത്തിലെത്തി. ദുരഭിമാനക്കൊലയില്‍ എട്ടോളം പേരാണ് അറസ്റ്റിലായത്. പെണ്‍കുട്ടികളെ കൊലപ്പെടുത്തിയതായി അവര്‍ കുറ്റസ്സമ്മതം നടത്തി. ബസീഗ, സറീന്‍ ജാന്‍ എന്നിവരുടെ പിതാക്കന്‍മാര്‍ക്കും ബീഗം ജാനിന്റെ സഹോദരനും കൊലപാതകത്തില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ചു. അഞ്ച് പേരെ കോടതി വെറുതെ വിടുകയും ചെയ്തു. അഫ്‌സലിന്റെ മരണത്തിന് പിന്നാലെ ആള്‍ക്കൂട്ട വിചാരണയെ ഭയന്ന് പലായനം ചെയ്ത നാസറും യാസിറും പൊതുസമൂഹത്തിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ദുരഭിമാനക്കൊലയ്‌ക്കെതിരേ തനിച്ച് പോരാട്ടം നടത്തി ജീവന്‍ നഷ്ടമായ തന്റെ സഹോദരന്റെ നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ് ഇന്ന് നാസറും യാസിറും.