ദക്ഷിണേന്ത്യൻ സിനിമാ മേഖലയിലേക്ക് ചുവടുവെക്കാനൊരുങ്ങി നിർമാതാവ് പ്രദീപ് കുമാർ നന്തിയുടെ നന്തി മൂവീസ്. ബംഗാളി സിനിമാ മേഖലയിൽ ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ സാന്നിധ്യമറിയിച്ച നന്തി മൂവീസ്, ആദ്യമായി മലയാള സിനിമയിലേക്ക് എത്തുകയാണ്. എ2വി നെറ്റ്വർക്ക്‌സ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവരുമായി ചേർന്നാണ് നന്തി മൂവീസിന്റെ ആദ്യചിത്രം മലയാളത്തിൽ ഒരുങ്ങുന്നത്. നവാഗതനായ സൂരജ് സോമചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും. പ്രദീപ് കുമാർ നന്തി, നിതിൻ കുമാർ, അലോക് കുമാർ, സുജിത് ജെ. നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

To advertise here,

ഗാർമെന്റ് നിർമാണ രംഗത്തെ വിജയകരമായ സംരംഭകത്വത്തിന് ശേഷം സിനിമാ നിർമാണത്തിലേക്ക് എത്തിയ പ്രദീപ് കുമാർ നന്തി, വ്യത്യസ്തമായ കഥകളും പ്രേക്ഷകരുമായി ആഴത്തിൽ സംവദിക്കുന്ന സിനിമകളും ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സിനിമാ മേഖലയിലേക്ക് കടന്നുവന്നത്. സിനിമയോടുള്ള തന്റെ ആഴത്തിലുള്ള അഭിനിവേശവും സംരംഭക മികവും ഒരുമിപ്പിച്ചാണ് അദ്ദേഹം നിർമാണ രംഗത്ത് പുതിയ ചുവടുകൾ വെക്കുന്നത്.

മലയാള സിനിമയിലെ മുൻനിര നിർമാണ- വിതരണ സ്ഥാപനങ്ങളിലൊന്നായ ഡ്രീം ബിഗ് ഫിലിംസിന്റെ സഹകരണവും പ്രൊജക്ടിന്റെ പ്രത്യേകതയാണ്. മികച്ച സിനിമകൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ സജീവമായ ഡ്രീം ബിഗ് ഫിലിംസിനൊപ്പം നന്തി മൂവീസ് മലയാളത്തിലേക്ക് എത്തുമ്പോൾ പുതിയൊരു നിർമാണ കൂട്ടുകെട്ടിനാണ് തുടക്കമാകുന്നത്.

'ഭാഗ്യോലോക്കി', 'റന്ന ബാത്തി', 'മാഡം സെൻഗുപ്ത', 'ബിബി പായ്‌റ', 'ഫെരാ', 'കേ ബോലെ ബിപ്ലോബി, കേ ബോലെ ഡാക്കത്' തുടങ്ങിയ ശ്രദ്ധേയമായ ഒരുപിടി ചിത്രങ്ങളിലൂടെ ബംഗാളി സിനിമയിൽ സാന്നിധ്യമറിയിച്ച നിർമാണ സ്ഥാപനമാണ് നന്തി മൂവീസ്.

ഹൊറർ വിഭാഗത്തിൽ ഒരുക്കുന്ന ചിത്രം പ്രദീപ് കുമാർ നന്തിയുടെ മലയാള സിനിമയിലേക്കുള്ള ആദ്യ ചുവടുവെപ്പെന്ന നിലയിൽ തന്നെ ശ്രദ്ധേയമാകുകയാണ്. ചിത്രത്തിന്റെ താരനിര, കഥ, മറ്റ് അണിയറപ്രവർത്തകർ തുടങ്ങിയ കൂടുതൽ വിവരങ്ങൾ ഔദ്യോഗിക പ്രഖ്യാപനത്തിനൊപ്പം പുറത്തുവരും.